Current Date

Search
Close this search box.
Search
Close this search box.

സമാനതകളില്ലാത്ത ഗ്രന്ഥം

ഖുർആൻറെ ഉള്ളടക്കം അനുവാചകരിൽ ഉൾക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യ നിരതമാക്കുന്നു. കരളിൽ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളിൽ മിന്നൽ പിണരുകൾ പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂർണമായി പരിവർത്തിപ്പിക്കുന്നു.

വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സ്വപ്നം, സങ്കല്പം- സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉൽകൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിൻറെയും വിട്ടുവീഴ്ചയുടെയും വികാരങ്ങൾ വളർത്തുന്നു. സ്ഥൈര്യത്തിൻറെയും ക്ഷമയുടെയും പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കർമങ്ങളെയും കോർത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയിൽ പെട്ടുഴലുന്ന മനുഷ്യൻറെ മുമ്പിൽ അഭൗതിക ജ്ഞാനത്തിൻറെ അറകൾ തുറന്നു വെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹ സംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയ ക്രമം, ഭരണനിർവഹണം- മുഴുവൻ മേഖലകളെയും ഖുർആൻ പുനസ്സംവിധാനിക്കുന്നു.

അത് സ്പർശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, സാമൂഹ്യശാസ്ത്രം,തത്വ ശാസ്ത്രം, മനശ്ശാസ്ത്രം, കുടുംബകാര്യങ്ങൾ, സാമ്പത്തിക ക്രമങ്ങൾ, രാഷ്ട്രീയ നിയമങ്ങൾ, സദാചാര മര്യാദകൾ, ധാർമിക തത്വങ്ങൾ, സാംസ്കാരിക വ്യവസ്ഥകൾ എല്ലാം ഖുർആനിലുണ്ട്. എന്നാൽ സാങ്കേതികാർത്ഥത്തിൽ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല.എല്ലാം അത് കൈകാര്യം ചെയ്യുന്നു.ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാർഗദർശനമാണത്. അതിനാൽ ഖുർആൻറെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവൻ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണ ശേഷം വരാനുള്ളവ വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നു.

അതിൻറെ അകം അറിവിൻറെ അതിരുകളില്ലാത്ത ലോകമാണ്. ഏത് സങ്കീർണ്ണ പ്രശ്നങ്ങൾക്കുമത് പരിഹാരം നിർദ്ദേശിക്കുന്നു. ഇരുൾമുറ്റിയ ജീവിത മേഖലകളിലെല്ലാം പ്രകാശം പരത്തുന്നു.സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി, എല്ലാറ്റിനെയും ദിവ്യ വെളിച്ചത്തിൽ വിലയിരുത്തുന്നു. മാതാപിതാക്കൾ, മക്കൾ, ഇണകൾ, അയൽക്കാർ, അഗതികൾ, ഭരണാധികാരികൾ, ഭരണീയർ എല്ലാവർക്കുമിടയിലെ പരസ്പരബന്ധം എങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ- ബാധ്യതകൾ നിർണയിക്കുന്നു.

അതിൽ ഇടം കിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുർആൻ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഈ ലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു.(ഖുർആൻ ലളിതസാരത്തിൻറെ ആമുഖത്തിൽ നിന്ന്.)

Related Articles