Current Date

Search
Close this search box.
Search
Close this search box.

ഹിജ്റകൾ അവസാനിക്കുന്നില്ല

ഹിജ്റ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. വെടിയുക എന്നതാണല്ലോ ഹിജ്റയുടെ അർത്ഥവും ആശയവും. എന്തൊക്കെയാണ് വെടിയേണ്ടത്? ഇഷ്ടപ്പെട്ടതെന്തും. ആർക്ക് വേണ്ടിയാണ് വെടിയേണ്ടത്? ഏറെ ഇഷ്ടപ്പെടുന്നവന്ന് വേണ്ടി. പ്രാണനാഥനായ അല്ലാഹുവിന്നുവേണ്ടി. സ്നേഹിക്കുന്നതും വെറുക്കുന്നതും നൽകുന്നതും നൽകാതിരിക്കുന്നതും എല്ലാം അവൻറെ പ്രീതി മാത്രം ആഗ്രഹിച്ച്. അങ്ങനെയാകുമ്പോൾ വിശ്വാസിയുടെ ജീവിതം മുഴുവൻ ഹിജറയാകും.

ഹിജ്റ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ മക്കയും മദീനയും വന്ന് നിറയും. ദേശത്യാഗത്തിന്റെ ഉജ്ജ്വല മാതൃകകൾ ഇതൾ വിരിയും. ശരിയാണ്, വിശ്വാസി കെട്ടിനിർത്തിയ ജലാശയം പോലെ ആകാൻ പാടില്ല. ചലിച്ചുകൊണ്ടിരിക്കണം. കർമ്മനിരതനാകണം. കെട്ടിക്കിടന്നാൽ പായലും പൂപ്പലും നിറഞ്ഞ് ദുർഗന്ധം വരും. ആ ജലം ഉപയോഗശൂന്യമാകും. അതിനാൽ നിരന്തരം ചലിക്കണം. അന്ന് ആ കപ്പലിൽ ഇളകിമറിയുന്ന ഒരു കൊച്ചു സംഘം മഹാ പ്രളയത്തെ അതിജീവിച്ച് ഒരു ഹിജ്റ നടത്തി. സത്യവെളിച്ചം നെഞ്ചേറ്റിയവർ കാറ്റിലും കോളിലും അണയാതെ മുങ്ങാതെ മറ്റെല്ലാം വെടിഞ്ഞ് ദിവ്യ സഹായത്താൽ നന്മയുടെ തീരത്തണഞ്ഞു. അതായിരിക്കാം ആദ്യ ഹിജ്റ. ഓരോ വെടിയലും നന്മയുടെ വിത്ത് പാകലാണ്. അതൊന്നും വെറുതെയാവില്ല. വിളവായി മാറുക തന്നെ ചെയ്യും.

Also read: സാംസ്കാരിക വ്യതിരിക്തതക്ക് ഇസ് ലാം നൽകുന്ന പ്രാധാന്യം

തുടർന്ന് ചരിത്രത്തിൽ നിരന്തരം ഹിജ്റകൾ നടന്നിട്ടുണ്ട്. ആദർശ പിതാവ് ഇബ്രാഹിം (അ)എങ്ങോട്ടായിരുന്നു ഹിജ്റ ചെയ്തത്? നാം പറയും ഇറാഖിലെ ഊർ പട്ടണത്തിൽ നിന്ന് ഫലസ്തീനിലേക്കും പിന്നെ മക്കയിലേക്കുമെന്ന്. നമുക്ക് ഹിജ്റക്ക്‌ രണ്ട് നാടുകൾ വേണം, പുറപ്പെടുന്ന നാടും ചെന്നണയുന്ന നാടും. പക്ഷേ ഇബ്രാഹിം (അ) യാത്ര ആരംഭിക്കുമ്പോൾ ജനത്തോട് പറഞ്ഞതെന്തെന്നറിയാമോ- “ഞാൻ എൻറെ നാഥനിലേക്ക് ഹിജ്റയാകുന്നവനാണ്” (അൽ അങ്കബൂത്-26). നാടുകൾ ഒരുപാട് താണ്ടിക്കടന്നിരിക്കാം. ത്യാഗത്തിന്റെ, സമർപ്പണത്തിന്റെ ഒട്ടേറെ അടയാളങ്ങൾ അവിടങ്ങളിൽ അവശേഷിപ്പിച്ചിരിക്കാം. പക്ഷേ ലക്ഷ്യം അല്ലാഹുവായിരുന്നു. മൂസ (അ) വടി അടിച്ച് ചെങ്കടൽ പിളരുന്നതിന്ന് മുമ്പ് പറഞ്ഞതും ഇതേ ശൈലിയിലായിരുന്നു: “എന്നോടൊപ്പം എൻറെ നാഥൻ ഉണ്ട്, അവൻ എന്നെ വഴി നടത്തും” (അശ്ശുഅറാ- 62). “സത്യത്തോടൊപ്പം എന്നെ നീ പ്രവേശിപ്പിക്കുകയും സത്യത്തോടൊപ്പം എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണമേ” (അൽ ഇസ്രാ- 80) എന്ന് ഹിജ്റയുടെ വേളയിൽ നബി പ്രാർത്ഥിച്ചതിലും ദേശത്യാഗത്തിനുമപ്പുറത്തുള്ള മഹത്തായ ചില ലക്ഷ്യങ്ങൾ ഹിജ്റക്കുണ്ടെന്ന് മനസ്സിലാക്കാം.

ഹിജ്റ വ്യക്തിയുടെ, കുടുംബത്തിൻറെ, സമൂഹത്തിൻറെ, രാഷ്ട്രത്തിൻറെ, നന്മയിലേക്കുള്ള നിലപാട് മാറലാണ്. സത്യത്തെ നട്ടു നനക്കാൻ പറ്റിയ വളക്കൂറുള്ള മണ്ണ് തേടിയുള്ള അലച്ചിലാണ്. ഓരോ മനസ്സും ഓരോ സാമ്രാജ്യമാണ്. നന്മ തിന്മകളുടെ സാമ്രാജ്യം. തിന്മയുടെ സാമ്രാജ്യത്തിൽ നിന്ന് നന്മയുടെ സാമ്രാജ്യത്തിലേക്ക് മാനസികമായി നടത്തേണ്ട ഒരു പടയോട്ടമാണ് ഹിജ്റ. അതുകൊണ്ട് കൂടിയാണ് നബി (സ) മുഹാജിറിനെപ്പറ്റി ഇങ്ങനെ വിശദീകരിച്ചത്- “അല്ലാഹു നിരോധിച്ചതിനെ വെടിയുന്നവനാണ് മുഹാജിർ” (ബുഖാരി). മനസ്സിനെ നന്മയിലേക്ക് സഞ്ചരിപ്പിക്കാത്ത ഒരാളുടെ ദേശ ത്യാഗം ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയുള്ള കാലുമാറ്റം മാത്രമാണ്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടി മദീനയിലേക്കുള്ള യാത്രാസംഘത്തിൽ ഉണ്ടെന്നറിഞ്ഞു ഹിജ്റ ചെയ്ത ഒരാളെപ്പറ്റി നബി (സ) പറഞ്ഞു തരുന്നുണ്ട്. അയാൾക്ക് ആ പെണ്ണിനെ വിവാഹം കഴിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഹിജ്റയുടെ പുണ്യം നേടാൻ കഴിയില്ല എന്ന്. കാരണം അയാളുടെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. നാടുകളുടെ അതിരടയാളങ്ങൾ മുറിച്ചു കടക്കും മുമ്പ് മനസ്സിലാണ് ഹിജ്റ നടക്കേണ്ടത്. തിന്മയിൽ നിന്ന് നന്മയിലേക്ക്, ദുശ്ശീലങ്ങളിൽ നിന്ന് സുശീലങ്ങളിലേക്ക്‌, പിശാചിൽ നിന്ന് അല്ലാഹുവിലേക്ക്, സകല അടിമത്തങ്ങളിൽ നിന്നും അല്ലാഹുവിന്റെ മാത്രം ഉടമത്തത്തിലേക്ക്‌, തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന നഫ്‌സുൽ അമ്മാറയിൽ നിന്ന് പ്രശാന്തിയുടെ നഫ്‌സുൽ മുത്മഇന്നയിലേക്ക്, പ്രതികരണങ്ങൾ നഷ്ടപെട്ട നിസ്സംഗ ഭാവത്തിൽ നിന്ന് ശക്തമായ പ്രതിരോധങ്ങൾ തീർക്കുന്ന സമര മുഖങ്ങളിലേക്ക്, നരക വഴിയിൽനിന്ന് സ്വർഗ്ഗ പാതയിലേക്ക്, ഇങ്ങനെ നിശബ്ദമായ ഒരു ഹിജ്റ ആദ്യം അകത്ത് നടക്കട്ടെ. ഹിജ്റ മുന്നോട്ടുവെക്കുന്ന വിമോചന സ്വപ്നങ്ങൾ വ്യക്തി വിശുദ്ധി യിൽ നിന്ന് തന്നെ ആരംഭിക്കണം.

Also read: വൈജ്ഞാനിക ഫലവും കായികബലവും

ഹിജ്റകൾ അവസാനിക്കുന്നില്ല. അത് അന്ത്യനാൾ വരേക്കും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും. കോവിഡ് കാലത്ത് സ്വയമറിയാതെ നമ്മിലൊരു ഹിജ്റ നടക്കുന്നുണ്ട്. ധൂർത്തിൽ നിന്ന് മിതവ്യയത്തിലേക്ക്‌, പൊങ്ങച്ചത്തിൽ നിന്ന് വിനയ ഭാവത്തിലേക്ക്, അകൽച്ചകളിൽ നിന്ന് മാനസിക അടുപ്പങ്ങളിലേക്ക്‌, ആലസ്യങ്ങളിൽ നിന്ന് സജീവതയിലേക്ക്‌, കേവല ഭൗതിക ചിന്തകളിൽ നിന്ന് പരലോക ചിന്തകളാൽ ഊട്ടപ്പെട്ട വിശാലമായ അനുഗ്രഹങ്ങളിലേക്ക്‌ അങ്ങനെയങ്ങനെ. ദേഹേച്ഛകളിൽ നിന്ന് ദൈവേച്ഛയിലേക്കുള്ള കൂടുമാറ്റമാണ് യഥാർത്ഥത്തിൽ ഹിജ്റ. പക്ഷേ ഇന്ന് യാത്രയ്ക്കിടയിൽ നാം ദുനിയാവിൻറെ മരച്ചില്ലയിൽ സ്വപ്നങ്ങളുടെ ഒരു തൊട്ടിൽ കെട്ടി. പിന്നെ അതിനു മേൽക്കൂരയൊരുക്കി. വീണ്ടും ഭദ്രമാക്കി. യാത്ര സുഖങ്ങളുടെ പിന്നാലെയായി. അങ്ങനെയങ്ങനെ നാടും വീടും നമുക്കൊരു ദൗർബല്യമായി. ഈ ലോകം ലക്ഷ്യമാക്കിയ യാത്രക്കാരായി. മരണയാത്രയെപ്പോലും ഭയന്നു തുടങ്ങി.

യഥാർത്ഥ ഹിജ്റക്ക്‌ ഭാരങ്ങളുടെ ഭാണ്ഡങ്ങൾ ആവശ്യമില്ല. ലഗേജുകൾ ലഘുവാകുമ്പോഴാണല്ലോ യാത്രകൾ എളുപ്പമാകുന്നത്. മനസ്സ് അല്ലാഹുവിൽ അർപ്പിച്ച് എന്തും വെടിയാനുള്ള സന്നദ്ധത നേടണം. അപ്പോഴാണ് ഭാരം പേറുന്നവൻറെ മുതുകിൽ നിന്നും നമുക്ക് ഭാണ്ഡങ്ങൾ ഇറക്കിവയ്ക്കാൻ കഴിയുക. ബന്ധനസ്ഥന്റെ ചങ്ങലക്കെട്ടുകൾ അഴിച്ചുമാറ്റാൻ കഴിയുക. ഒരുനാൾ ഈ നാടും വീടും ലോകവും വിട്ട് പോകേണ്ടവരാണ് നാം. ആ യാത്രയെ മുന്നിൽ കണ്ട് പാഥേയമൊരുക്കേണ്ട ഇടവേളയാണിത്. ഹിജ്റ ലക്ഷ്യം നേടുന്നത് ഉടയ തമ്പുരാന്റെ മുന്നിൽ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് അവൻ നൽകിയതെല്ലാം അവന്നായി സമർപ്പിച്ച് സ്വയം ഇല്ലാതെയാകുമ്പോഴാണ്. മുഹർറം നോമ്പനുഷഠിക്കുന്ന ഈ അനുഗ്രഹീത നിമിഷങ്ങളിൽ അല്ലാഹുവിലേക്ക് മനസ്സ് തുറന്ന് പ്രാർത്ഥനാ നിരതരായി മാറുക.

Related Articles