Current Date

Search
Close this search box.
Search
Close this search box.

പരലോകം- സ്വർഗം – നരകം ഹൈന്ദവ പ്രമാണങ്ങളിൽ!

മരണത്തിന്നപ്പുറം എന്ത്? എന്ന കഠിനമായ ചോദ്യത്തെ ആരും പ്രശ്നവത്കരിക്കാത്തതെന്ത്? എന്ന് വി.സി ശ്രീജൻ ഉത്കണ്ഠപ്പെടുന്നുണ്ട്( മരണം, അനന്തരം: പുറം: 38) പ്രാചീന തത്വചിന്തയിൽ ഏറ്റവും പ്രധാനമായിരുന്നു ഈ ചോദ്യമെന്നും അദ്ദേഹം പറയുന്നു.

(ശരിയാണ്… ഇന്നിപ്പോൾ ഭൗതിക ദർശനങ്ങളുടെ ഗ്രീഷ്മ നാക്കുകളും രാഷ്ട്രീയാതിപ്രസരങ്ങളും ആത്മീയതയുടെ സംഗീതം പൊഴിക്കുന്ന സർവ്വ മുളന്തണ്ടുകളെയും വീഴ്ത്തിക്കളഞ്ഞിരിക്കുന്നു!..)

യഥാർത്ഥത്തിൽ മരണമാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. പ്രവാചകന്മാരുടെ പ്രബോധനം അനുസരിച്ച് മരണത്തോടെയാണ് മനുഷ്യ സത്ത പൂർണത പ്രാപിക്കുന്നത്. മരണാതിർത്തിക്കപ്പുറമുള്ളത് നിഷ്കൃഷ്ടമായ നീതിയുടെ ലോകമാണ്. ഭൂമിയിൽ മൂല്യബോധത്തോടെ ജീവിതം നയിച്ചവർക്ക് ശാശ്വതമായ സ്വർലോകവും മറ്റുള്ളവരെ അക്രമിച്ചും ചതിച്ചും അഴിമതി നടത്തിയും ജീവിച്ചവർക്ക് ശിക്ഷയുടെ നരക ലോകവും!

(നമുക്ക് / നാമേ പണിവതു നാകം / നരകവും അതുപോലെ ) എന്ന് ഉള്ളൂർ.

ജനന മരണങ്ങളുടെ ഹ്രസ്വ കാലത്തിന്നിടയി ൽ തീരേണ്ടതല്ല മനുഷ്യ ജീവിതം! അത് കാലത്തിൻ്റെ അതിരുകൾ ഭേദിച്ച് അനശ്വരതയുടെ തുറസ്സുകളിലേക്ക് വികസിക്കേണ്ടതുണ്ട്.

എന്നാൽ സെമിറ്റിക് മതദർശനങ്ങളിൽ മാത്രമേ പരലോക വിശ്വാസമുള്ളൂ എന്നൊരു ധാരണ നിലവിലുണ്ട്. തിരുത്തപ്പെടേണ്ട താണത്.
പ്രമുഖ വേദ ചിന്തകൻ രാഹുൽസാം കൃത്യായൻ എഴുതുന്നു: “വേദത്തിലെ ഋഷിമാർ ഈ ലോകത്തിന് വിഭിന്നമായ മറ്റാരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സത്കർമികൾ പോകുക. അവർ അവിടെ ആനന്ദപൂർവ്വം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമായ നരക ലോകമാണ്. അവിടെ യാണ് ദുഷ്കർമകൾ പോകുന്നത് ” (വിശ്വദർ
ദർശനങ്ങൾ: 552)

ഡോ: എസ് രാധാകൃഷ്ണൻ മരണത്തിനു ശേഷം തങ്ങളിൽ നിന്ന് നേരത്തേ വേർപിരിഞ്ഞ ബന്ധുമിത്രാദികളുമായി കണ്ടുമുട്ടുമെന്നും അവരോടൊത്ത് വീണ്ടും ജീവിക്കാമെന്നും വൈദിക കാലത്തെ ആര്യന്മാർ വിശ്വസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് ( ഭാരതീയ ദർശനം: വാള്യം ഒന്ന്. മാതൃഭൂമി)

ഋഗ്വേദം: 1-35-6 പറയുന്നു: “സ്വർഗം, ഭൂമി, അന്തരീക്ഷം എന്നിങ്ങനെ പ്രകാശമാനങ്ങളായ ലോകങ്ങൾ മൂന്നുണ്ട്. അതിൽ ദ്യുലോകവും ഭൂലോകവും സൂര്യൻ്റെ സമീപ സ്ഥാനത്ത് വർത്തിക്കുന്നു. സൂര്യ നാൽ പ്രകാശിതങ്ങളുമാണ്. അന്തരീക്ഷ ലോകത്തിലൂടെയാണ് യമ ലോകത്തേക്ക് പോകാൻ പറ്റുന്ന മാർഗം…. ” (വേദ ദർശനം)

കഠോപനിഷത്ത്: 2:6 പറയുന്നു: “ഐശ്വര്യ മോഹത്താൽ വിവേചന ശക്തിയില്ലാത്തവരും പ്രമാദം പറയുന്നവരുമായ അജ്ഞന്മാർക്ക് പരലോകം പ്രാപിക്കാനുള്ള സാധനകളെപ്പറ്റിയൊന്നും അറിയുകയില്ല.
ഈ ലോകം മാത്രമേയുള്ളൂ. പരലോകമില്ല എന്ന് വിചാരിക്കുന്ന അവർ വീണ്ടും വീണ്ടും എൻ്റെ അധീനത്തിലേക്കു തന്നെ വരുന്നു” (വേദ ദർശനം)

ഭഗവദ് ഗീത 4:40 ഇങ്ങനെ: “അജ്ഞനും ജ്ഞാനമില്ലാത്തവനുമായ സംശയ മനസ്കൻ നശിച്ചു പോകുന്നു. സംശയ ബുദ്ധിയുള്ളവനും ഈ ലോകം ഇല്ല തന്നെ. അവർക്ക് പരലോകവുമില്ല. സുഖവുമില്ല” (വേദ ദർശനം)

ഇനി പുരാണങ്ങളിൽ നിന്ന്: “പരലോകജീവിതത്തിൽ നരകാർഹനാ വാതിരിക്കാൻ പത്മ പുരാണത്തിൽ നിരവധി താക്കീതുകളുണ്ട്. അന്യൻ്റെ ഭാര്യയെ അമ്മയായി കരുതുന്നവർ നരകത്തിൽ പ്രവേശിക്കുകയില്ല. പരസ്ത്രീ ഗമനം ചെയ്യാത്തവർ പരലോകത്ത് നിർഭയനും ദേവലോകം പ്രാപിക്കുന്നവനുമാണ്‌. കോപം നിയന്ത്രിക്കുന്നവനും ചാരിത്ര്യഭംഗം വരുത്താത്തവനും മരണാനന്തര ജീവിതത്തിൽ വിജയം പ്രാപിച്ചവരായി പുരാണങ്ങൾ സൂചിപ്പിക്കുന്നു (പത്മ പുരാണം: ഭാഗം: 1. പേജ്: 69. വിദ്യാർത്ഥി മിത്രം ബുക്സ് )

ഇത്തരം നിരവധി വചനങ്ങൾ പരലോകം, സ്വർഗം, നരകം സംബന്ധിയായി വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും ഭഗവദ് ഗീതയിൽ നിന്നും പുരാണങ്ങളിൽ നിന്നും ഉദ്ധരിക്കാൻ പറ്റും!

Related Articles