Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ ഉറക്കം കെടുത്തിയ ആർ.ബി ശ്രീകുമാറിന്റെ രണ്ടു പുസ്തകങ്ങൾ

ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിൻ്റെ പിന്നാമ്പുറം തിരിഞ്ഞു കിട്ടണമെങ്കിൽ ആദ്യം അറിയേണ്ടത് ആർ.ബി ശ്രീകുമാറിനെയാണ്.

നീതിയോടുള്ള പ്രതിബദ്ധതയാണ് ആർ.ബി ശ്രീകുമാർ ഐ.പി.എസിൻ്റെ ഹൃദയമുദ്ര. നീതിബോധത്തിന് കരുത്ത് പകരുന്ന
രാകിക്കൂർപ്പിച്ച ധിഷണയും ആസൂത്രണ പാടവവും ഒത്തുചേർന്ന മലയാളത്തിൻ്റെ അഭിമാനമായ പൊലീസ് ഉദ്യോഗസ്ഥൻ!
മുൻ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റു സമീപനങ്ങൾക്കെതിരെ അതീവ ഇച്ചാശക്തിയോടെ മുഖാമുഖം പോരാടാൻ തൻ്റേടം കാട്ടി എന്നതു മാത്രമാണ് വംശഹത്യാ കാലത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ ചെയ്ത “കുറ്റം!”

ഉന്നത പൊലീസ് മേധാവികളുടെയും ഭരണകൂട നടത്തിപ്പുകാരുടെയും യോഗങ്ങളിലും സ്വകാര്യ ഉത്തരവുകളിലും മോദി പച്ചയായ വർഗീയത വിളമ്പിയപ്പോൾ നെഞ്ചുറപ്പോടെ അവയെ പ്രതിരോധിക്കുകയും ചെറുത്തു നിൽക്കുകയും ചെയ്ത ആർ.ബി ശ്രീകുമാറിൻ്റെ ഇതു സംബന്ധിയായ രണ്ടു പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാണ്.

ഇതിൽ ഒന്നാമത്തേത് Gujarat Behind the curtain എന്ന വിഖ്യാത രചനയാണ്. “ഗുജറാത്ത് തിരശ്ശീലക്കു പിന്നിൽ” എന്ന പേരിൽ ഈ കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് പ്രോഗ്രസ് പബ്ലിക്കേഷൻസ്, കോഴിക്കോട് ആണ്. വിവർത്തനം: എൻ.എസ് സജിത്.

13 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളുമായി 217 പേജുള്ള ഈ പുസ്തകം മോദിയുടെയും സ്തുതിപാഠകരുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെയും ഭീകരമുഖം അനാവരണം ചെയ്യുന്നു. പ്രധാനമന്ത്രിയായ ശേഷവും മാറ്റം വരാത്ത മോദിയുടെ ഹിംസാത്മക വംശീയ മനസ്സ് സഹിക്കവയ്യാതെ ഒരു ഘട്ടത്തിൽ ആർ.ബി ശ്രീകുമാർ മോദിക്ക് എഴുതിയ 10 പേജ് വരുന്ന കത്തിൻ്റെ കോപ്പിയും ഈ കൃതിയിൽ ചേർത്തിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭീകരമായ വ്യാപ്തി, സ്ത്രീകളോടു കാട്ടിയ ക്രൂരതകൾ, ബാബരി മസ്ജിദ് ധ്വംസനം, ജാതീയതയുടെ അപകടങ്ങൾ, മത സ്വാതന്ത്ര്യത്തിൻ്റെ മാനങ്ങൾ, യഥാർത്ഥ ഹിന്ദുധർമം എന്നിങ്ങനെ 24 ഉപ തലക്കെട്ടുകളുള്ള ഈ കത്ത് മോദിയുടെ ഹൃദയത്തിൽ സദാ സ്വന്തം കരങ്ങൾ ചെയ്തു കൂട്ടിയ പാപ കൃത്യങ്ങളുടെ തീക്കനലുകൾ കോരിയിട്ടു കൊണ്ടിരിക്കും!

ഗുജറാത്ത് മുസ് ലിം വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമീഷൻ മുമ്പാകെ ആർ.ബി ശ്രീകുമാർ നിർഭയം വെളിപ്പെടുത്തിയ നാനൂറിലധികം പേജ് വരുന്ന സത്യവാങ് മൂലത്തിൻ്റെ അതീവ സംഗ്രഹമാണ് രണ്ടാമത്തെ കൃതി.

“ഗുജറാത്ത് ആർ.ബി ശ്രീകുമാർ ഐ പി എസ്സിൻ്റെ വെളിപ്പെടുത്തൽ” എന്ന പേരിലുള്ള ഈ പുസ്തകത്തിൻ്റെ ചീഫ് എഡിറ്റർ ഭാസുരേന്ദ്രബാബുവാണ്. പരിഭാഷ നല്ല മുട്ടം പ്രസാദ്. പ്രസാധകർ സിത്താര ബുക്സ്, കായംകുളം.

തീയുമായി ഒരു തീവണ്ടി, ഏകാധിപത്യത്തിൻ്റെ ഇടപെടൽ, കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ, തെരഞ്ഞെടുപ്പു കമീഷനെ തെറ്റിദ്ധരിപ്പിക്കുന്നു, ടൈംസ് ഓഫ് ഇന്ത്യ, പിൻമാറ്റാൻ സമ്മർദ്ദതന്ത്രം, മോദി സർക്കാർ നൽകിയ കുറ്റപത്രം, കുറ്റപത്രത്തിനുള്ള മറുപടി, വീണ്ടും നാനാവതി കമീഷൻ മുമ്പാകെ, മോദി ഉയർത്തുന്ന അപായസൂചന എന്നിങ്ങനെ പത്ത് അധ്യായങ്ങളായാണ് സ്തോഭജനകമായ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്.

Related Articles