Current Date

Search
Close this search box.
Search
Close this search box.

ദൈവത്തിന്റെ തിരുത്ത്!

മല പുഴയെ ഗർഭം ധരിച്ചു. കാട്ടുചോലകളിൽ നിന്ന് ഉറവെടുത്ത വെള്ളം, കൊച്ചരുവികളായി പതിയെ താഴോട്ടൊഴുകി. അടിവാരത്തിൽ അവ സംഗമിച്ചു.  മല പുഴയെ പ്രസവിച്ചു. പിന്നെയൊരു ഒഴുക്കായിരുന്നു. അനേകായിരം മനുഷ്യരുടെ മണ്ണിൽ തൊട്ടും മനസ്സ് കുളിർപ്പിച്ചും പുഴയങ്ങനെ താളം പിടിച്ച് താഴോട്ട് പോയി. അതിൻ്റെ തഴുകലേറ്റ് എത്രയോ പേരുടെ കിനാവുകൾ പൂത്തു. അവരിൽ രാമനും മുഹമ്മദും ജോസഫും ഉണ്ടായിരുന്നു. കാർത്യായനിയും കദീജയും കത്രീനയും ഒരുമിച്ചായിരുന്നു. വെള്ളം നൽകുമ്പോഴും കക്ക കൊടുക്കുമ്പോഴും മീൻ പിടിക്കുമ്പോഴും പുഴ ആരുടേയും ജാതിയും മതവും സമുദായവും ചോദിച്ചില്ല. കാരണം പുഴയുടെയും മഴയുടേയും ഉടമസ്ഥൻ എല്ലാ മനുഷ്യരുടേയും ദൈവമാണല്ലോ! അവൻ്റെ കാരുണ്യം വിശ്വാസ വിവേചനമന്യെ സകല മനുഷ്യർക്കും ഉള്ളതു തന്നെ!

ഈ കാരുണ്യത്തിൻ്റെ വിശാലത വിശ്വാസികളെ ആവർത്തിച്ചു പഠിപ്പിച്ചിട്ടുണ്ട് ദൈവം. ചിലപ്പോൾ പ്രവാചകന്മാരെ തിരുത്തിയ ഇടപെടലുകളും ദൈവത്തിൽ നിന്നുണ്ടായി. രഹസ്യമായ ഉപദേശങ്ങളല്ല, പരസ്യമായ നിർദ്ദേശങ്ങൾ തന്നെ. കാലാകാലങ്ങളിൽ മനുഷ്യർക്ക് വായിക്കാനായി ആ തിരുത്തുകൾ സത്യവേദത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. കാരുണ്യത്തിൻ്റെ പ്രയോഗത്തിൽ വിശ്വാസത്തിൻ്റെയും മതത്തിൻ്റേയും പേരിൽ യാതൊരു വിവേചനവും കാണിക്കരുതെന്ന് ലോകാവസാനം വരെയുള്ള മനുഷ്യരെ പഠിപ്പിക്കാനാണിത്. ഇബ്റാഹീം പ്രവാചകൻ്റെ ഒരു പ്രാർത്ഥനയെ ദൈവം തിരുത്തിയത് ഇങ്ങനെയാണ്; “ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: ‘എന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍, ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ!’ മറുപടിയായി നാഥന്‍ അരുളി: ‘നിഷേധികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കുന്നതാകുന്നു.” രണ്ടാം അധ്യായത്തിലെ നൂറ്റി ഇരുപത്തിയാറാം വചനം. ‘വിശ്വസിച്ചവർക്ക് വിഭവങ്ങൾ നൽകണേ’ എന്ന പ്രാർത്ഥന ദൈവകാരുണ്യത്തിന് നിരക്കുന്നതല്ല. അതുകൊണ്ട്, ‘അങ്ങനെയല്ല’ എന്ന പ്രയോഗം വഴി ദൈവം ഇബ്റാഹീം പ്രവാചകനെ തിരുത്തി. ”ദൈവ ധിക്കാരികൾക്കും” ഭൂമിയിലെ വിഭവങ്ങൾ നൽകുമെന്ന് വിശദീകരിക്കുകയും ചെയ്തു. കാലങ്ങളിലേക്ക് നീളുന്ന ചരിത്രപരമായ തിരുത്താണിത്!

Also read: പരിസ്ഥിതി സംരക്ഷണം ഇസ്‌ലാമിൽ

ദൈവത്തിൻ്റെ കാരുണ്യം അനന്തമാണ്. പ്രപഞ്ചത്തിൽ അവനൊരുക്കിയ വിഭവങ്ങൾ അവനെ നിഷേധിക്കുന്നവർക്കും ധിക്കരിച്ച് താന്തോന്നികളായി ജീവിക്കുന്നവർക്കും വരെ അവൻ നൽകുന്നു. അന്നം, വായു, വെള്ളം, ഭൗതിക സൗകര്യങ്ങൾ എന്നിവയിൽ വിശ്വാസികളെയും അവിശ്വാസികളെയും ദൈവം വേർതിരിച്ചിട്ടില്ല, വിവേചനം കാണിക്കുകയോ, വിഭാഗീയതയുടെ ജാതി മതിലുകൾ കെട്ടിപ്പൊക്കുകയോ ചെയ്തിട്ടില്ല. അത്രയും വിശാലനാണ് സത്യവേദം പഠിപ്പിക്കുന്ന ദൈവം. ആ ദൈവത്തിൽ വിശ്വസിക്കുന്നവരും അവൻ്റെ സത്യവേദം പിന്തുടരുന്നവരും മനസ്സിലാക്കിക്കൊള്ളുക; ഭൂമിയിൽ മനുഷ്യർക്ക് നൽകേണ്ട കാരുണ്യം, സഹായം, ദാനധർമ്മങ്ങൾ, സേവനം തുടങ്ങിയവയിൽ ഏതെങ്കിലും വിധത്തിലുള്ള വിവേചനം കാണിക്കരുത്. നീതിയുടെ കണ്ണുകൊണ്ട് അർഹതപ്പെട്ടവനെ മാത്രം കാണുക. പട്ടിണി കിടക്കുന്നവൻ്റെ വിശപ്പിൻ്റെ വിളിയറിയുക, അവരുടെ പാർട്ടിയും മതവും നോക്കാതിരിക്കുക. ദാഹനീരിനായി കേഴുന്നവൻ്റെ തൊണ്ട നനക്കുക, ജാതി ചോദിക്കരുത്. മുറിവേറ്റവന് മരുന്ന് നൽകുക, വേദന ശമിപ്പിക്കുക. അവൻ്റെ മതം നോക്കി മരുന്ന് നിഷേധിക്കരുത്. ആവശ്യപ്പെട്ട ഭക്ഷണം വിതരണം ചെയ്യാനെത്തുന്നവൻ്റെ മതവും പേരും നോക്കുന്ന വർഗ്ഗീയത നിങ്ങൾക്ക് ചുറ്റും കണ്ടേക്കാം. അതേ ഭക്ഷ്യവിഭവം ദൈവം തനിക്ക് തരുന്നത് മതം നോക്കിയല്ലെന്ന് ചിന്തിക്കാനുള്ള വിശേഷബുദ്ധി അവരുടെ വംശവെറിയിൽ വെന്തുപോയിരിക്കുന്നു. ആ വർഗീയത കണ്ട് പഠിക്കുകയോ, പകർത്തുകയോ ചെയ്യരുത്. വർഗീയ വാദികളുടെ പൈശാചികതയല്ല, ദൈവത്തിൻ്റെ കാരുണ്യമാണ് നിങ്ങളിൽ തിളങ്ങേണ്ടത്. ഇതാണ് സത്യവേദം പഠിപ്പിക്കുന്നത്.

അയ്യായിരം വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം. മഹാനായ ഒരു പ്രവാചകൻ്റെ പ്രാർത്ഥനക്കിടയിൽ വന്നു പോയ ഒരു സ്ഖലിതം! ദൈവത്തിന് മാത്രമറിയുന്ന പരമരഹസ്യം! ഇതെന്തിന് ദൈവം പരസ്യമാക്കി, ലോകാവസാനം വരെയുള്ള മനുഷ്യരുടെ അറിവിലേക്കായി തുറന്നു വെച്ചു? വിഷയത്തിന് അത്രയും ഗൗരവമുണ്ട് എന്നർത്ഥം. മറ്റൊരു കാരണം കൂടിയുണ്ട്; തൊട്ടു മുമ്പൊരു പ്രാർത്ഥനയിൽ, തനിക്കു തന്ന നേതൃത്വം തന്റെ സന്തതികൾക്കു കൂടി നൽകണേ എന്ന് പറഞ്ഞപ്പോൾ ദൈവം അദ്ദേഹത്തെ തിരുത്തിയതാണ്; അക്രമികൾക്ക് നൽകില്ലെന്ന്. അതിനും മുമ്പ്, ധർമ്മധിക്കാരിയായ പിതാവിന് വേണ്ടി മോക്ഷം തേടിയപ്പോഴും അദ്ദേഹത്തെ തിരുത്തിയിട്ടുണ്ട്; ധിക്കാരിയും പാപിയുമായൊരാൾ, സ്വയം തെറ്റുകൾ തിരുത്തി നന്നാവാതെ, അയാൾക്ക് വേണ്ടി മോക്ഷപ്രാർത്ഥന നടത്തുന്നതിൽ കാര്യമില്ലെന്ന്! അയാൾതന്നെ നിഷേധിക്കുന്ന ദൈവത്തോട് അയാൾക്കു വേണ്ടിത്തന്നെ മോക്ഷം തേടുന്നതിൽ എന്തർത്ഥം! എന്നു മാത്രമല്ല, അക്രമവും ചൂഷണവും ജനദ്രോഹവും കൈമുതലായവർ ഭൂമിയിലല്ലെങ്കിൽ മറ്റൊരു ലോകത്ത് അതിന്റെ തിക്തഫലം അനുഭവിക്കണമല്ലോ! അതു കൊണ്ടാണ് ‘ധിക്കാരിക്കും ഭൂമിയിലെ വിഭവങ്ങൾ നൽകുമെന്ന്’ പറഞ്ഞ ശേഷം ഇങ്ങനെ കൂട്ടി ചേർത്തത്; “എന്നാല്‍, മറുലോകത്ത് അവരെ അഗ്നിപീഡനത്തിലേക്ക് തള്ളിവിടും. അത് എത്ര ദുഷിച്ച സങ്കേതം’! മർദ്ദിതർക്ക് നീതി ലഭിക്കുന്ന ഒരു മറുലോകമില്ലെങ്കിൽ, ഭൂമിയിൽ നടമാടുന്ന ഈ അനീതികളും അക്രമങ്ങളുമാണ് ശരിയെന്ന് വരില്ലേ! ജനങ്ങളുടെ കോടികൾ കട്ട് രക്ഷപ്പെട്ടവർ എവിടെയെങ്കിലുമൊന്ന് പിടിക്കപ്പെടേണ്ടതില്ലേ? ശാശ്വത നീതി പുലരുന്ന അത്തരമൊരു ലോകത്തെക്കുറിച്ച് സത്യവേദം സന്തോഷ വാർത്ത നൽകുന്നുണ്ട്.

അതു കൊണ്ട് മനുഷ്യരേ, ഭൂമിയിലെ കാരുണ്യത്തിനും സ്നേഹ, സേവനങ്ങൾക്കും വിവേചനത്തിൻ്റെ മതിലുകൾ പണിയാതിരിക്കുക. നന്മകൾ കൊണ്ട് മനുഷ്യ ജീവിതങ്ങളെ തഴുകിത്തലോടുന്ന പുഴകളായി ഒഴുകുക…..

Related Articles