Current Date

Search
Close this search box.
Search
Close this search box.

ദു:ഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്!

ഭൂമിയിലെ ഏറ്റവും ചൂടേറിയ അഗ്നിയാണ് നംറൂദ് ഇബ്രാഹിമിനു വേണ്ടി ഒരുക്കിയത് !പക്ഷെ നാം പറഞ്ഞു: “തീയേ, ഇബ്രാഹിമിനു നീ തണുപ്പും സമാധാനവുമാവുക!” (ഖുർ: 21: 69)
നൂഹിനു ശേഷം ഏറ്റവും പ്രക്ഷുബ്ധമായ കടലിലൂടെത്തന്നെയാണ് മൂസയും അനുയായികളും മറുകര പറ്റിയത്. മൂസ പറഞ്ഞു: “ഒരിക്കലുമില്ല, തീർച്ചയായും എന്നോടൊപ്പം എൻ്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് വഴികാട്ടും!” (ഖുർ:26:62)

മക്കയിൽ നിന്നുള്ള പലായനം നബിക്ക് മദീനാനഗരിയുടെ നേതൃസ്ഥാനം നൽകി!
പീഡനം ഇമാം ഇബ്നു ഹൻബലിനെ നബിചര്യയുടെ ഇമാമാക്കി!
തടവറ ഇബ്നു ത്തൈമിയയുടെ പാണ്ഡിത്യത്തിനു തികവേകി! തടവിലിട്ടപൊട്ടക്കിണറിലിരുന്നാണ് സറഖ്സി ജംഇയാതുൽ ഉസ്വൂൽ, അന്നിഹായ എന്നീ ഹദീസ് ഗ്രന്ഥങ്ങൾ എഴുതിയത്!
ബഗ്ദാദിൽ നിന്നു നാടുകടത്തിയ ഇബ്നുൽ ജൗസി ഖുർആൻ്റെ ഏഴ് പാരായണങ്ങളിലും പ്രഗത്ഭനായി!
മാലിക് ഇബ്നു റൈബ് തൻ്റെ ഏറ്റവും മനോഹരമായ കവിത രചിച്ചത് മരണശയ്യയിലാണ്!

അൽ അലാഅ ബ്നു ഹള്റമിയും നബിയുടെ ഏതാനും ശിഷ്യന്മാരും മരുഭൂമിയുടെ മധ്യേ കുടുങ്ങി. അവർക്കു കുടിവെള്ളം കിട്ടാതായി. എല്ലാവരും മരണത്തിൻ്റെ വക്കിലെത്തി.
അൽ അലാഅ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു:
“ഹേ! അത്യുന്നതാനയവനേ! ഏറ്റവും മഹത്വമുള്ളവനും മഹാ കാരുണികനുമായവനേ! ഏറ്റവും യുക്തിമാനും ഏറ്റവും ഉദാരനുമായവനേ!.” ആ നിമിഷം തന്നെ മഴ അവർക്കു മേൽ കുത്തിച്ചൊരിയാൻ തുടങ്ങി!

“അവൻ തന്നെയാണ് മനുഷ്യർ ഹതാശരായ ശേഷം മഴ പെയ്യിക്കുകയും തൻ്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാണ് സ്തുത്യർഹനായ രക്ഷകൻ ” (ഖുർ:42:28)

ജീവിതത്തിലെ തിളക്കമുള്ള വശമെടുക്കാനും ഇരുണ്ട വശം ഒഴിവാക്കാനും നമുക്ക് കഴിയണം. വിഷാദ ഹേതുക്കളെ ഒപ്പിയെടുക്കുന്ന ബ്ലോട്ടിംഗ് പേപ്പറാവരുത് നാം. വെളിച്ചത്തിലേക്കു മുഖം തിരിക്കുന്ന സൂര്യകാന്തിപ്പൂക്കളാവണം നാം!

നോക്കൂ! സന്തോഷിക്കുന്നവർക്കുള്ളതാണ് സ്വർഗം. ദു:ഖമാണ് നന്മയെങ്കിൽ സ്വർഗം ദുഃഖം കൊണ്ട് നിറയുമായിരുന്നു.
ഇസ് ലാം ദുഃഖവും വിലാപവും പരത്തുന്നില്ല. മനുഷ്യനെ ആദി പാപത്തിൻ്റെയും മുജ്ജന്മ പാപത്തിൻ്റെയും ശാപക്കഥകൾ പാടി വിഷാദ രോഗിയാക്കുന്നില്ല. ഫ്രത്യുത ഇസ് ലാം മനുഷ്യനെ ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കും മാനസികവും ഭൗതികവുമായ അടിമത്വത്തിൽ നിന്ന് വിമോചനത്തിലേക്കും നിരാശയിൽ നിന്ന് നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്നു!

(അവലംബം: പ്രശസ്ത അറേബ്യൻ ചിന്തകനും ഇസ് ലാമിക പ്രബോധകനുമായ ആയിദുൽ ഖർനിയുടെ “ലാ തഹ്സൻ, ഇന്നല്ലാഹ മഅന” എന്ന ഗ്രന്ഥം. വിവർത്തനം: കെ.ടി ഹനീഫ്. വിചാരം ബുക്സ്, തൃശൂർ)

Related Articles