Current Date

Search
Close this search box.
Search
Close this search box.

ആരാധനകളിലെ ശ്രദ്ധ

ശ്രദ്ധ നാലു വിധമുണ്ട്. ഒരു ക്‌ളാസ്സിലെ കുട്ടികളെ മുന്നിൽ വെച്ച് ഇതു വിശദീകരിക്കാൻ പറ്റും. ടീച്ചർ പറയുന്നത് ഇവർ കേൾക്കുന്നുണ്ടാകും.. നോട്ടം മാഷ് എഴുതുന്ന ബോർഡി ലേക്കും ആയിരിക്കും. പക്ഷെ മനസ്സ് അവിടെ ഒന്നുമായിരിക്കില്ല. ഇതു ഒന്നാമത്തെ വിഭാഗം. കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടാകും. പക്ഷെ ഉൾകൊള്ളാൻ പറ്റുന്നില്ല. ഇതു രണ്ടാമത്തെ വിഭാഗം. കേൾക്കുകയും കാണുകയും ഉൾക്കൊള്ളുകയും ചെയ്യും. പക്ഷെ പിൻപറ്റാൻ തയാറല്ല. ഇതു മൂന്നാമത്തെ വിഭാഗം. നാലാമത്തെ വിഭാഗം കേൾക്കുകയും കാണുകയും ഉൾക്കൊള്ളുകയും അതു പിൻപറ്റി പ്രായോഗിക തലത്തിലേക്ക് കൊണ്ടു വരികയും ചെയ്യും.

ഈ നാലു വിഭാഗത്തിൽ നമ്മൾ ഏത് വിഭാഗത്തിൽ പെടുന്നു എന്ന് ഒരു ആത്മ
പരിശോധന നടത്തി നോക്കുക. ഒരേ ക്‌ളാസ്സിലെ കുട്ടികളിൽ ബുദ്ധിപരമായ വിത്യാസങ്ങൾക്ക് പുറമെ എന്ത് കൊണ്ട് പലരും പല തട്ടിലാകുന്നു എന്നതിന്റെ ഒരു കാരണം ആണ് മുകളിലുള്ളത്. പരിശുദ്ധ ഖുർആനിൽ  സ്രഷ്ടാവ് തന്നെ ഈ ശ്രദ്ധക്കുറവിനെ ക്കുറിച്ചു നമുക്ക് വാണിങ് തന്നിട്ടുണ്ട്. സൂറത്തുൽ അൻഫാലിൽ ഇരുപത്തി ഒന്നാം സൂക്തത്തിൽ പറയുന്നു. ” ഞങ്ങൾ എല്ലാം കേട്ടു എന്ന് പറയുന്നവരെ പോലെ നിങ്ങൾ ആകരുത്. സത്യത്തിൽ അവരൊന്നും കേൾക്കുന്നില്ല ”

അഅ്റാഫ് എന്ന അധ്യായത്തിൽ നൂറ്റി എഴുപത്തി ഒൻപതിൽ പറയുന്നു.. ” ജിന്ന് വർഗ്ഗത്തിൽ നിന്നും മനുഷ്യ വർഗ്ഗത്തിൽ നിന്നും നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ച ധാരാളം പേരുണ്ട്.. അവർക്ക് ഹ്രദയങ്ങളുണ്ട്.. അതു കൊണ്ടു അവർ ആലോചിക്കുന്നില്ല, അവർക്ക് ദൃഷ്‌ടികളുണ്ട്.. അതു കൊണ്ടു അവർ കാണുന്നില്ല, അവർക്ക് കാതുകളുണ്ട്.. പക്ഷെ അതു കൊണ്ടവർ കേൾക്കുന്നില്ല. അവർ കാലികളെ പോലെയാകുന്നു.. അല്ല അതിനേക്കാൾ വഴിപിഴച്ചവരാകുന്നു. അവർ അശ്രദ്ധയിൽ ലയിച്ചവരാകുന്നു.. ”

ആരാധനകളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തവരാണ് നമ്മിലധികവും. നമസ്കാരത്തിൽ നിൽക്കുന്ന പലരുടെയും ഭാവവും ഹാവവും കണ്ടാൽ അവർ അങ്ങേയറ്റത്തെ ശ്രദ്ധയിൽ ആണെന്ന് തോന്നും. എന്നാൽ മനസ്സിനെ പല സ്ഥലത്തും മേയാൻ വിട്ടിട്ടാണ് ഈ നിൽക്കുന്നത് എന്ന് കാണുന്നവർക്കു ഒരിക്കലും തോന്നില്ല. ചിലർ കച്ചവടത്തിലെ കിട്ടാകുറ്റി പോലും പരാതിയെടുക്കുന്നത് ഈ നമസ്ക്കാര വേളയിലാണ്. ശ്രദ്ധ തെറ്റി പോകാതിരിക്കത്തക്ക വിധമുള്ള സ്വരമാധുര്യമുള്ള ഖിറാഅത്തിന്റെ അഭാവത്തിലും ഓതുന്നതിന്റെ അർത്ഥം അറിഞ്ഞു ഉൾകൊള്ളാൻ മാത്രമുള്ള അറിവില്ലാത്ത സാധാരണ ജനങ്ങളെന്ന നിലയിലും ഈ അശ്രദ്ധ പലരും സമ്മതിക്കുന്നതാണ്.

ഇങ്ങനെ ശ്രദ്ധ തെറ്റി പ്പോകുന്ന ഞങ്ങൾ എന്ത് ചെയ്യണം എന്ന് ചോദിച്ചു വരുന്നവരുണ്ട്.. ഒരു സുപ്രഭാതത്തിൽ ഈ ശ്രദ്ധയുണ്ടാക്കുവാൻ കഴിയില്ല. നിരന്തര ശ്രമത്തിലൂടെ പരമാവധി അർത്ഥം പഠിച്ചും മനസ്സിലാക്കിയും  മാത്രമേ നമസ്കാരത്തിൽ ശ്രദ്ധ കൊണ്ടു വരാൻ പറ്റൂ. എന്നാൽ പോലും ഇമാമിന് വരെ മറന്നു പോകുന്നത് നാം കാണുന്നു. മറവിയുടെ സുജൂദും നമസ്കാര ശേഷമുള്ള പാപമോചന പ്രാർത്ഥനയും ഒരു പരിധി വരെ ഇതിനു പരിഹാരമാണ്.

ഇതോടൊപ്പം ശ്രദ്ധയെ തെറ്റിക്കുന്ന ഘടകങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ടായിരിക്കണം ഒരാൾ ആരാധനയിൽ പ്രവേശിക്കാൻ. മൊബൈൽ സൈലന്റ് മൂഡിൽ വെക്കുന്നതിനെക്കാൾ നല്ലത് ഓഫാക്കി ഇടുന്നതാണ്. അത്രയും നേരത്തെ സമയം പൂർണമായും അല്ലാഹുവിനു നൽകൽ ആയിരിക്കും അതിന്റെ ഫലം. അതു പോലെ അനക്കങ്ങളും ഇളക്കങ്ങളും പരമാവധി ഒഴിവാക്കുക.

Related Articles