Current Date

Search
Close this search box.
Search
Close this search box.

പ്രേതപ്പേടി:പുരോഗമനവാദികളിലും മതവിശ്വാസികളിലും

കേരളത്തിലെ പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റും ദൈവ വിശ്വാസിയല്ലെന്ന് തുറന്നു പറയുകയും ചെയ്യുന്ന കെ.ഇ.എൻ. എഴുതുന്നു:”പതിറ്റാണ്ടുകൾക്ക് മുമ്പ് പെരുമണ്ണയിലെ ചെങ്കതിർ കലാവേദിയുടെ സജീവ പ്രവർത്തകനായി ‘കഷ്ടി പിഷ്ടി’ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്ന കാലത്ത്, ഒരു ദിവസം രാത്രി ഒരു പ്രശസ്ത അഭിനയ പ്രതിഭയും പുരോഗമനവാദിയുമായ സുഹൃത്ത് റിഹേഴ്സൽ കഴിഞ്ഞ് എന്നോടൊപ്പം രാത്രി വീട്ടിലാണ് കഴിഞ്ഞത്. സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കും. കിടന്ന് കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരൊച്ച കേട്ടു. ഞാൻ തമാശയായി വല്ല പ്രേതമോ ചെകുത്താനോ മറ്റോ ആയിരിക്കുമെന്ന് പറഞ്ഞു. എന്നെ അമ്പരപ്പിച്ചുകൊണ്ട് സുഹൃത്ത് എഴുനേറ്റിരുന്ന് എൻറെ കൈപിടിച്ച് പറഞ്ഞു: ഞാൻ ഇക്കാര്യം കെഇഎന്നിനോട് എങ്ങനെ പറയുമെന്ന് വിചാരിച്ചിട്ടാണ്. സത്യത്തിൽ ഇതൊക്കെ ഉണ്ട്. പക്ഷേ നമ്മൾ പുരോഗമന വാദികൾക്ക് ഇതൊന്നും പുറത്ത് പരസ്യമായി പറയാൻ പാടില്ലല്ലോ! പ്രേതത്തെ കുറിച്ച് ഒരു തമാശ പറയുമ്പോഴും വളരെ സൂക്ഷിക്കണമെന്ന് അങ്ങനെയാണ് ഞാൻ പഠിച്ചത്.

എന്തിന് കഴിഞ്ഞദിവസം മലയാളത്തിൻറെ അഭിമാനമായ ഖാദർഭായിയുടെ(യു.എ.ഖാദർ)പു.ക.സ., സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണത്തിൽ ഒരു സംഗീതപ്രതിഭ ഖാദർ ഭായിയുമായുള്ള സൗഹൃദം അടയാളപ്പെടുത്താൻ സ്വാഭാവികമായെന്നോണം ഏതോ മുജ്ജന്മത്തെയോർത്തു. അതിലിത്ര പ്രശ്നമൊന്നുമില്ല.എന്നാൽ നമ്മൾ പുരോഗമന വാദികൾക്ക് അങ്ങനെയൊന്നും പറയാൻ പാടില്ലല്ലോ എന്നുകൂടി അവർ അതോടൊപ്പം പറഞ്ഞു!”(മാധ്യമം ആഴ്ചപ്പതിപ്പ്. 2021 ജനുവരി 11- 18.)

അഭൗതികമായ അറിവ് ദൈവത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും അഭൗതിക മാർഗത്തിലൂടെ ഗുണമോ ദോഷമോ ചെയ്യാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നുമുള്ള ഏകദൈവവിശ്വാസം യഥാവിധി കൊള്ളുന്നവർ കുട്ടിച്ചാത്തനെയോ ഭൂതപ്രേതങ്ങളെയോ ജിന്ന് ബാധയെയോ അതു പോലുള്ളവയെയോ ഒട്ടും ഭയപ്പെടുകയില്ല. ഏതെങ്കിലും നക്ഷത്രമോ രാശിയോ ചൊവ്വ ദോഷമോ പതിമൂന്നിൻറെ ദുശ്ശകുനമോ ജീവിതത്തെ ബാധിക്കുമെന്ന് സംശയിക്കുകയോ പേടിക്കുകയോ ഇല്ല. ഒരുവിധ അന്ധവിശ്വാസങ്ങൾക്കും അടിപ്പെടുകയില്ലെന്നർത്ഥം.

Related Articles