Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാൻ നോമ്പിന്റെ അടിസ്ഥാനവും മഹത്വവും

ആരാധനകളിൽ എന്തുകൊണ്ടും വർധനവ് വരുത്തുകയും സജീവത പാലിക്കുകയും ചെയ്യേണ്ടുന്ന മാസമാണ് വിശുദ്ധ ശഅ്ബാൻ മാസം. മുൻഗാമികൾ ചെയ്തതു പോലെ ഈ മാസത്തെ എല്ലാവിധത്തിലും ഉപയോഗപ്പെടുത്തുകയും വിശുദ്ധ റമദാനെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ഇബ്‌നു റജബ് തന്റെ ‘ലത്വാഇഫുൽ മആരിഫി’ൽ ശഅ്ബാൻ മാസത്തെ പറയുന്നിടത്ത് മൂന്നു ഘട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതിൽ, റമദാനൊഴിച്ചുള്ള മറ്റു മാസങ്ങളിൽ ഏറ്റവും ശ്രേഷ്ഠം വിശുദ്ധ ശഅ്ബാനിനാണെന്ന് രണ്ടു ഹദീസുകൾ കൊണ്ട് സ്ഥിരപ്പെടുത്തുകയാണദ്ദേഹം. റമദാൻ മാസത്തിൽ മാത്രമേ മുഴുവൻ നോമ്പും അനുഷ്ഠിച്ചതായി നബി തങ്ങളെ ഞാൻ കണ്ടുള്ളൂ എന്നും വിശുദ്ധ ശഅ്ബാനിലേതു പോലെ ഒരു മാസത്തിലും നബി തങ്ങൾ നോമ്പനുഷ്ഠിച്ചതായി കണ്ടതുമില്ല എന്ന ആഇശാ ബീവിയുടെ ഹദീസാണ് ഇതിലെ ആദ്യത്തെ ഹദീസ്. ‘റമദാനിന് ശേഷം ഏറ്റവും നോമ്പനുഷ്ഠിക്കൽ പുണ്യമുള്ളത് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലാണ്’ എന്ന ഹദീസ് ഇതിന് വിരുദ്ധമല്ലേ എന്ന സ്വയംനിർമിത ചോദ്യത്തിന് അദ്ദേഹം തന്നെ തെളിവും യുക്തിയുമുപയോഗിച്ച് മറുപടി പറയുന്നുണ്ട്.

തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നത് ഇബ്‌നു മാജയിലുള്ള ഒരു ഹദീസാണ്. ഉസാമ(റ) യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. ഒരിക്കൽ നബി തങ്ങൾ അദ്ദേഹത്തോട് ‘നിങ്ങൾ ശവ്വാൽ മാസത്തിൽ നോമ്പനുഷ്ഠിക്കൂ’ എന്ന് പറഞ്ഞതോടെ അദ്ദേഹം മറ്റു മാസങ്ങളിലുള്ള നോമ്പ് ഉപേക്ഷിക്കുകയും മരണംവരെയും ശവ്വാൽ മാസത്തിൽ മാത്രം നോമ്പനുഷ്ഠിക്കുകയും ചെയ്തു. ഈ ഹദീസ് ശവ്വാലിലെ നോമ്പിന് മറ്റു യുദ്ധം ഹറാമായ മാസങ്ങളിലെ നോമ്പിനെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് കാണിക്കുന്നു. യുക്തിപരമായി നോക്കുമ്പോൾ, ശവ്വാലിന് പറയപ്പെട്ട ഇതേ ശ്രേഷ്ഠത ശഅ്ബാനിനുമുണ്ട്. കാരണം, ശവ്വാൽ റമദാനിനു തൊട്ടുശേഷമാണെന്ന പോലെ അതിനു തൊട്ടുമുമ്പുള്ള മാസമാണ് ശഅ്ബാൻ. കൂട്ടത്തിൽ ശ്രേഷ്ഠം ശഅ്ബാൻ തന്നെയാണ്. കാരണം, നബി തങ്ങൾ നോമ്പനുഷ്ഠിച്ചു കാണിച്ചുതന്നത് അതിൽ മാത്രമാണ്. ശവ്വാൽ മാസത്തിലെ നോമ്പ് പവിത്രമായ മാസങ്ങളിലേതിനേക്കാൾ ശ്രേഷ്ഠമാണെങ്കിൽ ശഅ്ബാനിലെ നോമ്പ് എന്തുകൊണ്ടും അതിലേറെ ശ്രേഷ്ഠമാണ്. സുന്നത്ത് നോമ്പുകളിൽ ശ്രേഷ്ഠം റമദാനിന് മുമ്പും ശേഷവുമുള്ളതാണെന്ന് ഇതിലൂടെ വ്യക്തമായി. ഫർള് നിസ്‌കാരങ്ങൾക്ക് മുൻപും പിൻപുമുള്ള റവാത്തിബ് സുന്നത്ത് നിസ്‌കാരങ്ങൾ പോലെയാണിവ.

രണ്ടാമത്തെ ഹദീസ്, ഉസാമ(റ)യുടെ ഹദീസ് തന്നെയാണ്. ‘ശഅ്ബാനിലേതു പോലെ മറ്റേതു മാസവും അങ്ങ് നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടില്ലല്ലോ’ എന്ന് അദ്ദേഹം തിരക്കിയപ്പോൾ നബി തങ്ങൾ ‘റജബിന്റെയും റമദാനിന്റെയുമിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. അല്ലാഹുവിങ്കലേക്ക് നമ്മുടെ കർമങ്ങൾ ഉയർത്തപ്പെടുന്ന മാസവുമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ ഉയർത്തപ്പെടാൻ ഞാനാഗ്രഹിക്കുന്നു’ എന്ന് മറുപടി പറഞ്ഞ ഹദീസ്. ഈ ഹദീസ് അടിസ്ഥാനമാക്കി ഹാഫിള് ഇബ്‌നു റജബ് ഒരുപാട് കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ റമദാനിന്റെയും റജബിന്റെയുമിടയിൽ കൂടുതലാരും ശ്രദ്ധിക്കാതെ പോവുന്ന മാസമാണ് ശഅ്ബാൻ, ചിലകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ അതിലും മഹത്തരമായ പലതും മനുഷ്യൻ ശ്രദ്ധിക്കാതെപോവുന്നു, ജനങ്ങൾ അശ്രദ്ധരാവുന്ന സമയങ്ങളെ ആരാധനകളാൽ ധന്യമാക്കുകയെന്നത് അത്യധികം പുണ്യമുള്ള കാര്യമാണ് എന്നിങ്ങനെ മൂന്നുകാര്യങ്ങൾ ഈ ഹദീസിനെ ആധാരമാക്കി അദ്ദേഹം വിശദീകരിക്കുന്നു.

അശ്രദ്ധസമയങ്ങളെ സജീവമാക്കുന്നതിലെ ഉപകാരങ്ങൾ
1- അശ്രദ്ധസമയങ്ങളെ സജീവമാക്കുകയെന്നത് ഒരു രഹസ്യപ്രക്രിയയാണ്. സുന്നത്തായ അമലുകളെ, വിശേഷിച്ച് നോമ്പുകളെ രഹസ്യമായി നിർവഹിക്കലാണ് ഏറ്റവും ശ്രേഷ്ഠവും. കാരണം, അടിമയുടെയും ഉടമയുടെയും ഇടയിലുള്ള രഹസ്യമാണല്ലോ അത്. അതുകൊണ്ട് തന്നെയാണ് നോമ്പിൽ ലോകമാന്യത്തിന്റെ സാധ്യതയില്ലെന്നു പറയപ്പെടുന്നത്. ഒരാൾ പോലുമറിയാതെ നാൽപതോളം വർഷമൊക്കെ തുടർച്ചയായി നോമ്പനുഷ്ഠിച്ചവർ മുൻഗാമികളുടെ കൂട്ടത്തിലുണ്ടായിരുന്നു.

2- അമലുകളിൽ ഏറ്റവും ശ്രേഷ്ഠമായത് ശരീരത്തിന് ഏറ്റവും പ്രയാസമേറിയ അമലുകളാണ്. കാരണം, കൂടുതലും ജനങ്ങളുടെ അവസ്ഥകൾ കണ്ട് അത് പിന്തുടരാനാണ് ശരീരം ആഗ്രഹിക്കുക. ജനങ്ങളിലധികവും ഉണരുകയും നന്മകൾ വർധിപ്പിക്കുകയും ചെയ്താൽ നന്മയുടെ വാക്താക്കൾ സ്വാഭാവികമായി വർധിക്കുകയും സുകൃതങ്ങൾ ചെയ്യാൻ എളുപ്പമാവുകയും ചെയ്യും. ഇനി അശ്രദ്ധയുടെ വാക്താക്കളാണ് കൂടുതലെങ്കിൽ ജനങ്ങളും അതേവഴിയാവും. സ്വാഭാവികമായും പിന്തുടരാൻ ആൾക്കാർ ഇല്ലാതെ വരുമ്പോൾ സത്യത്തിന്റെ ആൾക്കാർക്ക് മനഃപ്രയാസമുണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ‘അവരിൽ നിന്ന് സുകൃതം ചെയ്യുന്നവർക്ക് അൻപത് പേർ നന്മ ചെയ്ത പ്രതിഫലമുണ്ടെന്ന്’ നബി തങ്ങൾ പറഞ്ഞത്.

3- തിന്മയുടെയും അശ്രദ്ധയുടെയും വക്താക്കളായ ഒരുപറ്റം ജനങ്ങൾക്കിടയിൽ നന്മയെ സജീവമാക്കുന്നവൻ ഒരുപക്ഷെ മുഴുവൻ ജനങ്ങളെയും തൊട്ട് പരീക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയും ചെറുക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ്. മുൻഗാമികളിൽ ചിലർ പറയുന്നു:’അശ്രദ്ധരുടെ കൂട്ടത്തിൽ അല്ലാഹുവിനെ സ്മരിക്കുന്നവൻ പരാജിതരായ സംഘത്തെ സംരക്ഷിക്കുന്നവനെപ്പോലെയാണ്. അങ്ങനെ അല്ലാഹുവിനെ ഓർക്കുന്ന ഒരാളുമില്ലെങ്കിൽ ജനങ്ങൾ മുഴുവൻ നശിക്കാനും അതുമതി.’

നഷ്ടമായ നോമ്പ് വീട്ടാനുള്ള അവസരം
സുന്നത്ത് നിസ്‌കാരങ്ങളോ രാത്രിനിസ്‌കാരങ്ങളോ നഷ്ടമായാൽ നബി തങ്ങൾ പിന്നീട് നോറ്റുവീട്ടിയിരുന്ന പോലെ സുന്നത്തായ നോമ്പുകൾ നഷ്ടമായാലും ശഅ്ബാനിൽ നോറ്റുവീട്ടി റമദാനിന് മുമ്പായി മുഴുവൻ സുന്നത്ത് നോമ്പുകളും പൂർത്തിയാക്കാറുണ്ടായിരുന്നു. അതേസമയം ആഇശാ ബീവി റമദാനിലെ നഷ്ടമായ ഫർള് നോമ്പുകളും നോറ്റുവീട്ടുമായിരുന്നു. മറ്റുമാസങ്ങളിൽ നബി തങ്ങളോടൊപ്പം ചെലവഴിക്കലായിരുന്നു മഹതിയുടെ രീതി. ഭർത്താവ് ഹാജരായിരിക്കെ സമ്മതമില്ലാതെ നോമ്പനുഷ്ഠിക്കൽ സ്ത്രീക്ക് അനുദിക്കപ്പെടാത്ത കാര്യമാണല്ലോ. ആയതിനാൽ സുന്നത്ത് നോമ്പുകൾ വല്ലതും ബാക്കിയുണ്ടെങ്കിൽ റമദാനിന് മുമ്പായി ശഅ്ബാനിൽ തന്നെ അവ നോറ്റുവീട്ടി രണ്ടു റമദാനുകൾക്കിടയിലുള്ള സുന്നത്തുകൾ പൂർത്തിയാക്കി വീട്ടൽ പ്രത്യേകം സുന്നത്താണ്.

ഇനി റമദാനിലെ നോമ്പ് വല്ലവർക്കും ഖദാ വീട്ടാനുണ്ടെങ്കിൽ അടുത്ത റമദാനിന് മുമ്പായി കാരണമൊന്നുമില്ലാതെ പിന്തിപ്പിക്കരുത്. കാരണമുണ്ടെങ്കിൽ അതാവാം. കാരണമില്ലാതെ അങ്ങനെ ചെയ്യുന്നപക്ഷം ഓരോ ദിവസത്തിനും ഓരോ പാവപ്പെട്ടവനും ഭക്ഷണം നൽകുന്നതോടൊപ്പം ഖദാ വീട്ടലും നിർബന്ധമാണ്. ഖദാ മാത്രം മതിയെന്നാണ് അബൂ ഹനീഫ ഇമാമിന്റെ പക്ഷം.

റമദാനിലേക്കുള്ള പരിശീലമാണ് ശഅ്ബാനിലെ നോമ്പ്
ഇബ്‌നു റജബ് വിശദീകരിച്ച കാര്യങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേതാണിത്. റമദാൻ മാസത്തിലെ നോമ്പിൽ പ്രയാസമോ ബുദ്ധിമുട്ടുകളോ അനുഭവിക്കാതിരിക്കാൻ ശഅ്ബാനിൽ തന്നെ നോമ്പനുഷ്ഠിച്ചു തുടങ്ങണം. ശഅ്ബാനിൽ തന്നെ നോമ്പനുഷ്ഠിച്ച് റമദാനിനു വേണ്ടി സമ്പൂർണമായി ഒരുങ്ങിയാൽ റമദാനിന്റെ മാധുര്യം പരിപൂർണമാവും. റമദാനിന്റെ മുന്നൊരുക്കമായതു കൊണ്ടുതന്നെ റമദാനിലേതു പോലെ ഖുർആൻ പാരായണവും ഇതിൽ വിശേഷ സുന്നത്താണ്. ശ്അ്ബാൻ ഖാരിഉകളുടെ മാസമാണെന്ന് സലമത്തുബിൻ കഹീൽ പറയുന്നു. ഹബീബ് ബിൻ അബീസാബിത്തും അതേപ്രകാരം പറയുന്നു. അംറുബിൻ ഖൈസ് അൽമലാഈ വിശുദ്ധ ശഅ്ബാൻ ആഗതമായാൽ തന്റെ കടയടച്ച് ഖുർആൻ പാരായണത്തിനു വേണ്ടി ഒഴിഞ്ഞിരിക്കുമായിരുന്നു.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles