Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാൻ പകുതിയിലെ നോമ്പും രാത്രി ഉണർന്നിരിക്കലും

ശഅ്ബാൻ പകുതിയിലെ നോമ്പിനെയും രാത്രിയിലെ ആരാധനകളെയും കുറിച്ചുപറയുന്ന ഹദീസ് പണ്ഡിതർക്കിടയിൽ കാലങ്ങളായി ചർച്ചാവിഷയമാണ്. നോമ്പ് അനുവദിക്കുന്നവരും നിഷിദ്ധമാക്കുന്നവരും അക്കൂട്ടത്തിൽ കാണാം. ഹദീസിന്റെ സ്വീകാര്യത നോക്കിയും മറ്റുമൊക്കെയാണ് ഇങ്ങനെ പലവിധം അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ഇതിൽ ഇമാം ഇബ്‌നു റജബ് എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങൾ നോക്കാം.

ശഅ്ബാൻ പകുതിയായാൽ റമദാൻ വരെ നോമ്പനുഷ്ഠിക്കരുതെന്ന ഹദീസിനെക്കുറിച്ച്
ആദ്യമായി, ഈ ഹദീസിന്റെ സ്വീകാര്യത പരിശോധിക്കുമ്പോൾ മുൻകറായ ഹദീസാണെന്ന് വ്യക്തമാവും. പ്രമുഖ പണ്ഡിതരൊക്കെ അതാണ് അഭിപ്രായപ്പെട്ടത്. ഇനിയീ ഹദീസിന്റെ അർഥവും പ്രായോഗികതയുമായി ബന്ധപ്പെട്ടും പണ്ഡിതർക്ക് ഭിന്നാഭിപ്രായങ്ങൾ കാണാം. ഇമാം ത്വഹാവിയുടെ അഭിപ്രായപ്രകാരം ഈ ഹദീസ് നസ്ഖ് ചെയ്യപ്പെട്ടതാണെന്നും അതുവെച്ച് അമൽ ചെയ്യരുതെന്നുമാണ്. ശാഫിഈ ഇമാമടക്കമുള്ള ചില പണ്ഡിതർ ശഅ്ബാൻ നോമ്പ് പതിവില്ലാത്തവർ പകുതിക്ക് ശേഷം പുതുതായി ആരംഭിക്കുന്നത് പാടില്ലെന്നും പതിവുള്ളവർക്ക് ആകാമെന്നും പറഞ്ഞവരാണ്. നോമ്പ് നിരോധിക്കപ്പെടാനുള്ള കാരണത്തിന്റെ വിഷയത്തിലും ഭിന്നസ്വരങ്ങൾ കാണാം. റമദാനിൽ അതിലില്ലാത്ത കാര്യങ്ങൾ കടന്നുകൂടാതിരിക്കാനാണെന്ന് എന്നാണൊരു പക്ഷം. പക്ഷെ, ഈ വിഷയം റമദാനിന് ഒന്നോ രണ്ടോ ദിവസങ്ങൾ മുമ്പു മാത്രമേ വരുന്നുള്ളൂ. റമദാൻ നോമ്പിനു മുമ്പായി നോമ്പനുഷ്ഠിക്കുന്നതോടെ റമദാനിൽ ക്ഷീണമുണ്ടാവുന്നതു കാരണമാണെന്ന് മറ്റൊരു പക്ഷം. പക്ഷെ, നബി തങ്ങൾ ശഅ്ബാൻ മിക്ക ദിവസവും നോമ്പനുഷ്ഠിച്ചിരുന്നുവെന്നത് ഇതിനെ നിരാകരിക്കുന്നുണ്ട്. ശഅ്ബാൻ പകുതിയിലെ നോമ്പിന് പ്രത്യേക നിരോധനമില്ലെന്നും എല്ലാ മാസങ്ങളിലെയും അയ്യാമുൽ ബീളിൽ സുന്നത്തുള്ള നോമ്പ് ശഅ്ബാനിലും സുന്നത്തുണ്ടെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

ശഅ്ബാൻ പകുതിയിലെ നോമ്പിന്റെ ശ്രേഷ്ഠത
ശഅ്ബാൻ പകുതിയിലെ രാത്രിയുടെ മഹത്വം വിളിച്ചോതുന്ന ഒരുപാട് ഹദീസുകൾ കാണാം. ആ ഹദീസുകളുടെ സ്വീകാര്യതയുടെ വിഷയത്തിലും പല ഭിന്നതകളും കാണാം. സ്വീകാര്യയോഗ്യമല്ലെ(ളഈഫ്) ന്ന് പറഞ്ഞവരാണ് അവരിലധികവും. അബൂമൂസൽ അശ്അരി(റ)യുടെ ഹദീസ് കൂട്ടത്തിലൊന്നാണ്. ‘ശഅ്ബാൻ പകുതിയിലെ രാത്രിയിൽ അല്ലാഹു വെളിപ്പെടുകയും മുശ്രികിനും മനസ്സിൽ പകയുള്ളവനുമല്ലാതെ പൊറുത്തുകൊടുക്കുകയും ചെയ്യു’മെന്ന ഹദീസ്. നേരിയ വ്യത്യാസത്തോടെ അബ്ദുല്ലാഹിബൻ അംറി(റ)ന്റെ റിപ്പോർട്ടും കാണാം. എല്ലാദോഷികൾക്കും (കൊലപാതകി, വ്യഭിചാരി ഒഴികെ) അല്ലാഹു പൊറുത്തുകൊടുക്കുമെന്നതാണ് വ്യത്യസ്ത റിപ്പോർട്ടുകളനുസരിച്ചുള്ള ഹദീസുകളുടെ ആകെപ്പൊരുൾ.

ശഅ്ബാൻ പകുതിയെ ആരാധനകൾ കൊണ്ട് പ്രത്യേകമാക്കുന്ന രീതി താബിഉകളുടെ കാലത്ത് ആരംഭിച്ചതാണെന്നു കാണാം. ശാമിലെ താബിഉകളായ ഖാലിദ് ബിൻ മഅ്ദാൻ, മക്ഹൂൽ, ലുഖ്മാൻ ബിൻ ആമിർ എന്നിവർ ശഅ്ബാൻ പതിനഞ്ചിന് പ്രത്യേക പരിഗണന നൽകുകയും ആരാധനകളാൽ നിരതമാക്കുകയും ചെയ്തവരായിരുന്നു. അവരിൽ നിന്നാണ് ഈ രീതി വ്യാപകമാവുന്നത്. ഇസ്‌റാഈലിയ്യാത്തുകളുടെ കൂട്ടത്തിൽ പെട്ട ആചാരമാണെന്നും ചില അഭിപ്രായങ്ങൾ കാണാം. പിൽക്കാലത്ത് ഇതിനെ അനുകൂലിച്ചും എതിർത്തും പണ്ഡിതന്മാർ രംഗത്തു വന്നിട്ടുണ്ട്. ബസ്വറക്കാർ പലരും അനുകൂലിച്ചവരും ഹിജാസിലെ പണ്ഡിതർ ഇതിനെ എതിർത്തവരുമാണ്. ഇമാം മാലികി(റ)ന്റെ പിൻഗാമികളായ മദീനയിലെ പണ്ഡിതന്മാരും ഇതിനെ നിരാകരിക്കുന്നവരാണ്.

ശഅ്ബാൻ 15ന്റെ രാത്രിയെ എങ്ങനെ സജീവമാക്കാം
ശഅ്ബാൻ പകുതിയിലെ രാത്രിയെ ആരാധനകളാൽ ധന്യമാക്കണമെന്നു പറയുമ്പോൾ തന്നെ, എന്തുതരത്തിലുള്ള ആരാധനകളാണ് ഉണ്ടാവേണ്ടത് എന്നതിനെക്കുറിച്ച് പണ്ഡിതർ വ്യത്യസ്താഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. പള്ളിയിൽ സംഘമായിരുന്നാണ് ആരാധനകൾ ചെയ്യേണ്ടതെന്നാണ് ഒരുപക്ഷം. ഖാലിദ് ബിൻ മഅ്ദാൻ, ലുഖ്മാൻ ബിൻ ആമിർ എന്നിവരും മറ്റും നല്ലവസ്ത്രം ധരിച്ച് സുഗന്ധം പുകപ്പിച്ച് സുറുമയിട്ടായിരുന്നു രാത്രി പള്ളിയിൽ താമസിച്ചിരുന്നത്. ഇസ്ഹാഖ് ബിൻ റാഹവൈഹിയും ഇതേരീതി തുടർന്നു. അത് ബിദ്അത്തല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നിസ്‌കാരത്തിനോ ദുആഇനോ കഥകൾ പറയാനോ വേണ്ടി ആ രാത്രിയിൽ പള്ളിയിൽ ഒത്തുകൂടൽ കറാഹത്താണെന്നാണ് മറ്റൊരഭിപ്രായം. പുരുഷന് തനിച്ച് നിസ്‌കരിക്കുന്നതിൽ കുഴപ്പമില്ല. ഔസാഈ ഇമാമിന്റെ അഭിപ്രായം ഇതാണ്. വെള്ളിയാഴ്ച രാത്രി, രണ്ടു പെരുന്നാൾ രാത്രികൾ, റജബിലെ ആദ്യരാത്രി, ശഅ്ബാൻ പകുതിയിലെ രാത്രി എന്നീ രാത്രികളിൽ പ്രാർഥനക്ക് ഉത്തരംലഭിക്കുമെന്നും ഈ രാത്രികളിൽ പ്രത്യേകമായി ആരാധനകൾ ചെയ്യൽ സുന്നത്താണെന്നും ഇമാം ശാഫി(റ) പറയുന്നുണ്ട്. ആയതിനാൽ, വിശ്വാസികളെല്ലാം തങ്ങളുടെ ദോഷങ്ങളിൽ നിന്ന് പൊറുക്കൽ തേടിയും മറ്റും തൗബ ചെയ്യാൻ തയ്യാറാവേണ്ടതുണ്ട്. കാരണം, എന്തുകൊണ്ടും അല്ലാഹു ആ ദിവസം തൗബ സ്വീകരിക്കുന്നതാണ്.

ശഅ്ബാനിലെ മഗ്ഫിറത്തിന് തടസ്സമാവുന്ന ദോഷങ്ങൾ
ചില ദോഷങ്ങൾ ശഅ്ബാനിലെ അല്ലാഹുവിന്റെ വിശിഷ്ടമായ പൊറുത്തുകൊടുക്കലിന് തടസ്സമാവുമെന്ന് പല ഹദീസുകളിലായി വന്നതുകാണാം. ഈ ദോഷങ്ങളിൽ നിന്ന് എന്തുവിലകൊടുത്തും വിശ്വാസി വിട്ടുനിൽക്കേണ്ടതുണ്ട്. ശിർക്ക്, കൊലപാതകം, വ്യഭിചാരം, പക എന്നിവയാണത്. ഇതിൽ ശിർക്ക്, കൊലപാതകം, വ്യഭിചാരം എന്നിവ ഖുർആനിലൂടെയും ഹദീസിലൂടെയും ശക്തമായ പാതകങ്ങളെന്നു വിധിയെഴുതപ്പെട്ടവയാണ്. വൻദോഷങ്ങളുടെ കൂട്ടത്തിൽ പെട്ടവയാണവ. പക്ഷെ, നാലാമത്തെ ദോഷമായ വെറുപ്പ്, പക എന്നവയെ തൊട്ടാണ് വിശ്വാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതും സൂക്ഷിക്കേണ്ടതും. ദൗർഭാഗ്യകരമെന്നോണം നമുക്കിടയിൽ സർവത്ര വ്യാപകമായതും നിസ്സാരമായി കാണപ്പെടുന്നതുമാണീ ദോഷം. പക്ഷെ, അല്ലാഹുവിന്റെ അപാരമായ കരുണാകടാക്ഷത്തിന് തടയിടാൻ മാത്രം പോന്നതാണീ ദോഷമെന്നതാണ് സത്യം.

ശഹ്‌നാഅ്(വെറുപ്പ്, പക) എന്നിവ കൊണ്ട് കൃത്യമായി ഉദ്ദ്യേശിക്കപ്പെടുന്നത് ഒരു വിശ്വാസിയായ മനുഷ്യൻ തന്റെ മറ്റൊരു സഹോദരനു മേൽ ഉണ്ടാവുന്ന പകയാണ്. പലപ്പോഴും അല്ലാഹുവിന്റെ റഹ്‌മത്തിനെ തടയാൻ ഇത് കാരണമാവും. എല്ലാ വ്യാഴ്യാഴ്ചയും തിങ്കളാഴ്ചയും സ്വർഗകവാടങ്ങൾ തുറക്കപ്പെടുമെന്നും അല്ലാഹുവിന് പങ്കുചേർക്കാത്ത, തന്റെ സഹോദരനോട് മനസ്സിൽ പക സൂക്ഷിക്കാത്ത എല്ലാവരുടെയും ദോഷങ്ങൾ പൊറുക്കപ്പെടുമെന്നും സ്വഹീഹു മുസ്‌ലിമിലെ അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.

ഹദീസിൽ പറഞ്ഞ പക കൊണ്ട് ലക്ഷീകരിക്കപ്പെടുന്ന റസൂലിന്റെ സ്വഹാബികളോടുള്ള പകയാണെന്ന് ഇമാം ഔസാഈ വിശദീകരിക്കുന്നു. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടും ഭീകരമാണിതെന്നു പറയാം. ബിദ്അത്തുകൾ ആരംഭിക്കുന്നതും സുന്നത്തിൽ നിന്ന് വ്യതിചലിക്കുന്നതും സമൂഹത്തിന്റെ രക്തം ചിന്തുന്നതുമാണ് ഇവിടെ ശഹ്‌നാഅ് കൊണ്ട് അർഥമെന്നും അഭിപ്രായങ്ങൾ കാണാം.

കർമങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പവിത്രമായത് പകയിൽ നിന്ന് വിട്ടുനിൽക്കുന്നതും എല്ലാവിധ ബിദ്അത്തിൽ നിന്നും വിട്ടുനിൽക്കുന്നതുമായ ആരാധനകളാണ്. പിന്നെ എല്ലാ മുസ്‌ലിം സഹോദരങ്ങളോടുമുള്ള പൊതുവായ പക ഇല്ലാതിരിക്കുകയും അവർക്ക് നന്മ ഉദ്ദ്യേശിക്കുകയും വേണം. ചുരുക്കത്തിൽ, ശഅ്ബാൻ പകുതിയിലെ രാത്രിയുടെ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും, ആ രാത്രിയുടെ മഹത്വം കണിക്കിലെടുത്ത് സ്വന്തമായി ആരാധനകളിൽ നിരതമാവുകയാണ് അഭികാമ്യം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles