പരീക്ഷാ കാലമാണ്. ഇക്കാലം നമ്മുടെ മക്കളെ സംബന്ധിച്ചേടത്തോളം പലപ്പോഴും പരീക്ഷണ കാലം കൂടിയാണ്. പുറത്ത് അന്തരീക്ഷം ചൂട്. അകത്ത് പരീക്ഷാ ചൂട്. ഈ പരീക്ഷാ കാലത്ത് തന്നെയാണ് ഇക്കൊല്ലത്തെ നോമ്പും വരുന്നത്. ഈ ഘട്ടത്തിൽ അവർക്ക് നോമ്പ് മുറിക്കാമോ എന്ന ചോദ്യം പല രക്ഷാകർത്താക്കളും ചോദിക്കുന്നു. അവരോട് മൊത്തത്തിൽ പറയാനുള്ളത് ചുരുക്കി പറയാം :
അതെ , പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ അനുസരിച്ച് പരീക്ഷാ സമയത്ത്
റമദാൻ മാസത്തിൽ നോമ്പ് മുറിക്കുന്നത് താഴെ പറയുന്ന ഉപാധികൾ വെച്ച് അനുവദനീയമാണ്.
1- നോമ്പ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് നോമ്പിന്റെ സമയത്ത് ശാരീരികമോ മാനസികമോ ആയ ക്ഷീണമുണ്ടാവുകയും അത് അവരുടെ മാനസിക സമ്മർദ്ദത്തിന് നിമിത്തമാവുകയും ചെയ്താൽ അവർക്ക് നോമ്പ് മുറിക്കൽ അനുവദനീയമാണ്.
വിശിഷ്യാ നോമ്പ് അവരുടെ അകാദമിക പരാജയത്തിനോ മോശം പഠന നിലവാരത്തിനോ നിമിത്തമാവുമെന്ന് മക്കളോ അവരുടെ സത്യസന്ധരായ അധ്യാപകരോ രക്ഷാകർത്താക്കളോ ഭയക്കുന്നുവെങ്കിൽ അവർക്ക് നോമ്പ് പിടിക്കേണ്ടതില്ല.
2- വിദ്യാർഥികൾക്ക് ഉണർവോടെ റിവിഷൻ ചെയ്യേണ്ടുന്ന /പരീക്ഷ എഴുതുകയോ ചെയ്യേണ്ടി വരുന്ന ദിവസങ്ങളിൽ നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്. പരീക്ഷ കഴിഞ്ഞാൽ നഷ്ടപ്പെട്ടു പോയ നോമ്പുകൾ പിടിച്ചു വീട്ടണമെന്ന് മാത്രം. ചിലപ്പോൾ നിർജലീകരണം ബോധക്ഷയം, തളർച്ച , മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ് എന്ന് ബോധ്യപ്പെടുന്ന സന്ദർഭങ്ങളിൽ ക്ഷീണം വരാൻ സാധ്യതയുള്ള വിദ്യാർഥികൾ നോമ്പെടുക്കാതിരിക്കുകയാണ് വേണ്ടത്.
3 – പരീക്ഷ എഴുതാൻ പോവുന്ന ശാരീരിക മാനസിക സമ്മർദ്ദമുള്ള വിദ്യാർഥികൾക്ക് നോമ്പ് മുറിക്കാനുള്ള ഇളവ് (റുഖ്സ്വ)യുണ്ട്. തനിക്ക് എത്രത്തോളമത് ബാധകമാണെന്ന് ബോധ്യപ്പെട്ട മതബോധമുള്ള ഏത് വിദ്യാർഥിക്കും മനസ്സാക്ഷി കുത്തില്ലാതെ ആ ദിവസങ്ങളിൽ നോമ്പ് മുറിക്കാം. ഇത് പക്ഷേ ആപേക്ഷികമാണ്. അതായത് തനിക്ക് നോമ്പ് യാതൊരു ക്ഷീണവും ഉണ്ടാക്കില്ല എന്ന് ഉറപ്പുള്ള വിദ്യാർഥികൾ നോമ്പ് മുറിക്കരുതെന്നർഥം.
നോമ്പ് പിടിച്ച് കൊണ്ട് ക്ലേശം സഹിക്കാൻ പറ്റാത്ത രീതിയിൽ ക്ഷീണമുണ്ടാകുന്ന പ്രകൃതത്തിലുള്ള ജോലിക്കാർക്ക് അത്തരം സന്ദർഭങ്ങളിൽ നോമ്പ് മുറിക്കാനും മറ്റു സന്ദർഭങ്ങളിൽ അവരത് എടുത്തുവീട്ടുകയും ചെയ്യുക എന്നതിനോടാണ് മാനസികമായ ക്ലേശം / ടെൻഷൻ അനുഭവിക്കുന്ന വിദ്യാർഥികളെ പണ്ഡിതന്മാർ സമീകരിച്ചിട്ടുള്ളത്. നോമ്പ് അവരുടെ പഠനത്തിനും വായനക്കും പരീക്ഷക്കും ക്ഷീണമേകുന്നതാണെങ്കിൽ المشقة تجلب التيسير ( പ്രയാസം എളുപ്പത്തെ കൊണ്ടുവരും ) എന്ന പൊതു തത്വത്തിൽ നിന്നുകൊണ്ട് നോമ്പ് ഒഴിവാക്കാവുന്നതാണ് എന്നും റമദാനും പരീക്ഷയും കഴിഞ്ഞ് അവ പിടിച്ചു വീട്ടുകയും വേണം എന്നാണ് ഈജിപ്റ്റിലെ മുഫ്തി ശൈഖ് ശൗഖി അല്ലാം , യൂറോപ്യൻ യൂണിയൻ ഫത്‌വാ കമ്മിറ്റി ചെയർമാൻ Dr. ഖാലിദ് ഹനഫി എന്നിവരുടെ ഫത്‌വ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1