Current Date

Search
Close this search box.
Search
Close this search box.

കാതോര്‍ക്കുക ഇത് അന്തിമ കാഹളം

കേരളം എന്ന ചായക്കോപ്പയിലല്ല ഈ കൊടുങ്കാറ്റ് വീശുന്നത്, അത് രാജ്യത്തിന്റെ അടിസ്ഥാന ആഴങ്ങളെ പോലും ചൂഴ്ന്ന് ചുഴറ്റുകയാണ്. നാളെ ഈ ഇന്ത്യ, അതിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളോടെ ഭൂമുഖത്ത് അവശേഷിക്കുകയില്ല എന്ന് നിറഞ്ഞ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്നത് സാക്ഷിമഹാരാജ് മാരാണ്. ശുഷ്‌ക്കമായിക്കൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ അവബോധങ്ങളെ അണഞ്ഞു പോവുന്ന അവയുടെ നെരിപ്പോടുകളില്‍ നിന്ന് ഊതി ജ്വലിപ്പിക്കേണ്ട അവസാന അവസരത്തിന്റെ മുന്നിലാണ് നാം. ഇവിടെ പകച്ചു പോയാല്‍ പിന്നെ ഇന്ത്യയില്ല! നമ്മളില്ല, രാജ്യം കാത്തു വെച്ച മൂല്യങ്ങളില്ല!

സന്ദര്‍ഭങ്ങളെ തിരിച്ചറിഞ്ഞാണ് നാം ലക്ഷ്യങ്ങളെ നിര്‍ണയിക്കേണ്ടത്. നമ്മുടെ ആവനാഴിയില്‍ അസ്ത്രങ്ങളുണ്ട്. രാജ്യത്തെ ശിഥിലമാക്കാന്‍ പ്രയത്‌ന സജ്ജരായ ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഒരേ ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഇനിയും നാം അമാന്തിച്ചുകൂട. ജനകോടികളുടെ വിരല്‍ തുമ്പാവുന്ന അസ്ത്രം ഫാഷിസത്തിന്റെ സിരാസന്ധികളില്‍ ആഴ്ന്നു തറക്കണം! രാജ്യം അതിന്റെ അപമാനത്തില്‍ നിന്ന് രക്ഷിതയായി ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കണം. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ബാക്കിയെല്ലാ വിഴുപ്പും അങ്ങോട്ടുമിങ്ങോട്ടും അലക്കാന്‍ കാലമാകുന്ന പുഴ നീണ്ടൊഴുകുന്നുണ്ട്…, ആ ഭാണ്ഡളൊക്കെയും അങ്ങോട്ട് മാറ്റി വെച്ചേക്കുക. ഈ തീരത്ത് ഇന്ത്യയെന്ന മഹാരാജ്യം അതിന്റെ നാനാവര്‍ണ്ണ ശോഭയോടെ എന്നുമുണ്ടാവണം, ഗാന്ധിജിയുടെ, ടാഗോറിന്റെ, അബുല്‍ കലാമിന്റെ, അബേദ്കറുടെ … ഇന്ത്യ. സവര്‍ക്കറുടെയും ഗോഥ്‌സയുടേയും … വംശീയ ഇന്ത്യ നമുക്കു വേണ്ട. അതിനോടുള്ള മതേതര ജനാധിപത്യ ഇന്ത്യയുടെ വിസമ്മതമാവട്ടെ ഈ തെരഞ്ഞെടുപ്പ്!

അറിയുക, ഫാഷിസത്തിന്റെ കാഠാര രാഷ്ട്ര ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അത് തകര്‍ത്തു കളയുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല, ഇന്ത്യയെന്ന രാഷ്ട്ര ഗാത്രത്തെ മുഴുവനായാണ്. തിരിച്ചറിവാണ് മഹത്തായ രാഷ്ട്രീയം എന്നു മാത്രം നാം ഓര്‍ത്തുവെയ്ക്കുക. കാതോര്‍ക്കുക, ഇത് അന്തിമ കാഹളമാണ് !

Related Articles