Current Date

Search
Close this search box.
Search
Close this search box.

എളുപ്പത്തിനുമേൽ എളുപ്പം

സുഖദമായൊരു കാറ്റ് നമ്മെ തഴുകിത്തണുപ്പിച്ച് കടന്നു പോകുന്നു. അതിൻ്റെ  ഇളംതെന്നലിൽ നാം ആശ്വാസവും ആനന്ദവും കണ്ടെത്തുന്നു. നമ്മുടെ ശരീരത്തിലാണ് കാറ്റ് സ്പർശിച്ചതെങ്കിലും അത് കുളിർപ്പിക്കുന്നത് നമ്മുടെ മനസ്സിനെക്കൂടിയാണ്. സത്യവേദം സമർപ്പിക്കുന്ന ജീവിത ദർശനവും അങ്ങനെത്തന്നെ! ആത്മനിർവൃതിയുടെ ആകാശനീലിമയിലേക്കാണ് അത് നമ്മെ ആനയിക്കുന്നത്.

ഇടിമിന്നലും പ്രളയവുമായി, കൊടുങ്കാറ്റും ഭൂകമ്പവുമായി, കാർക്കശ്യവും ആക്രോശവമായി വേദദർശനം നമ്മെ വരിഞ്ഞുമുറുക്കുന്നില്ല. നമ്മുടെ ജീവിതം ദുസ്സഹമാക്കുകയല്ല, സുഗമവും സുതാര്യവുമാക്കുകയാണ് വേദഗ്രന്ഥം ചെയ്യുന്നത്. വേദവചനങ്ങളിൽ മനസ്സിരുത്തിയാലറിയാം മഞ്ഞുതുള്ളിയുടെ വിശുദ്ധിയും സൗന്ദര്യവുമാണ് ദൈവിക ദർശനത്തിൻ്റെ സവിശേഷതയെന്ന്. പ്രകൃതിയുടെ വിസ്മയങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച വേദഗ്രന്ഥം, പ്രകൃതിയുടെ സൗന്ദര്യങ്ങളെ ആശയങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യപ്രകൃതിയെ അളന്ന്, അറിഞ്ഞാണ് വേദദർശനം രൂപപ്പെടുത്തിയിരിക്കുന്നത് എന്നതത്രെ അതിൽ പ്രധാനം.

“ഒരു ശുക്ല കണത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചു. എന്നിട്ടവന്റെ ഭാഗധേയം നിര്‍ണയിച്ചു. പിന്നെ അവന്റെ ജീവിതസരണി സരളമാക്കിക്കൊടുത്തു”. സത്യവേദം എൺപതാം അധ്യായം പത്തൊൻപത്, ഇരുപത് വചനങ്ങൾ. സരളവും എളുപ്പവുമാണ് വേദഗ്രന്ഥത്തിൻ്റെ വഴി. ദർശന സത്യത്തിൽ, നിയമവിധികളിൽ, ആരാധനാ അനുഷ്ഠാനങ്ങളിൽ എന്തൊരു ലാളിത്യവും സുതാര്യതയുമായാണ് വേദദർശനം ദീക്ഷിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തത്വങ്ങൾ, സംസ്കാര സമ്പന്നതയിലേക്ക് നയിക്കുന്ന മൂല്യ വിചാരങ്ങൾ, സുഗമമായി അനുഷ്ഠിക്കാവുന്ന ആരാധനകൾ, സാമാധാന ജീവിതത്തിലേക്ക് വഴിയൊരുന്ന നിയമങ്ങൾ… ഇതാണ് വേദദർശനത്തിൻ്റെ സഹജഭാവം. ‘എളുപ്പവും ലാളിത്യവും’ അതിൻ്റെ സാരസൗന്ദര്യമാണ്. ഈ ആശയം കുറിക്കുന്ന ‘യുസ്ർ’ എന്ന അറബി പദം പതിനെട്ട് തവണയെങ്കിലും വേദഗ്രന്ഥത്തിൽ വന്നിട്ടുണ്ട്. ആ പദം പോലെ ലളിതവും ഭാരരഹിതവുമാണ് അതിൻ്റെ ആശയവും.

Also read: എല്ലാം അറിയുക

‘എളുപ്പത്തിലേക്ക് എളുപ്പമാക്കിത്തരുന്നു’ എന്ന് പദാനുപദ വിവർത്തനം ചെയ്യാവുന്ന ഒരു വേദവചനമുണ്ട്. തൊണ്ണൂറ്റിരണ്ടാം അധ്യായത്തിൽ ഏഴാമത്തേത്. എൺപത്തിയേഴാം അധ്യായം എട്ടാം വചനത്തിലും സമാന ആശയമുണ്ട്. ‘നാം നിനക്ക് സുഗമമായ വഴി ഒരുക്കിത്തരുന്നതാകുന്നു’ എന്ന് ആശയ വിവർത്തനം. ‘വെളിച്ചത്തിനു മേൽ വെളിച്ചം’ എന്ന വേദവചനം പോലെത്തന്നെ പ്രധാനമാണിത്. ദൈവത്തെക്കുറിച്ച ദാർശനിക വിചാരമാണ് ‘വെളിച്ചത്തിനു മേൽ വെളിച്ചം’! ആ ദൈവം തന്ന ജീവിതക്രമത്തെക്കുറിച്ച മനോഹരമായ വിവരണമാണ്, ‘എളുപ്പത്തിലേക്ക് എളുപ്പമാക്കിത്തരുന്നു’ എന്നത്. ‘എളുപ്പത്തിനു മേൽ എളുപ്പം’ ആയതുകൊണ്ടാണ്, പ്രയാസങ്ങളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചനം തേടി അസംഖ്യം മനുഷ്യർ വേദസത്യത്തിൻ്റെ തണലിലെത്തുന്നത്!

മനുഷ്യൻ്റെ സൃഷ്ടിപ്പിനോട് ചേർത്താണ്, ‘ജീവിത സരണി എളുപ്പമാക്കിക്കൊടുത്തു’ എന്ന് പറഞ്ഞത്. സൃഷ്ടിപ്രകൃതിയിലെ ദൗർബല്യങ്ങൾ നന്നായി മനസ്സിലാക്കിയാണ് ദൈവം ജീവിതക്രമം നിശ്ചയിച്ചിരിക്കുന്നത് എന്നർത്ഥം. നിയമവിധികളിൽ കൃത്യതയും കണിശതയും ഉള്ളതോടൊപ്പം തന്നെ, ഇളവുകളും ലഘൂകരണങ്ങളും നൽകി വേദദർശർനം കൂടുതൽ മനുഷ്യോന്മുഖമാകുന്നു. “ദൈവം നിങ്ങള്‍ക്ക് എളുപ്പമാണ് ആഗ്രഹിക്കുന്നത്, ഞെരുക്കം ഇച്ഛിക്കുന്നില്ല”. രണ്ടാം അധ്യായം നൂറ്റി എൺപത്തിയഞ്ചാം വചനം. രോഗവും യാത്രയും കാരണം വ്രതാനുഷ്ടാനത്തിൽ ഇളവ് നൽകിയാണ് ഈ പ്രസ്താവം. പാതിരാവിൻ്റെ നിശബ്ദതയിൽ ഏകാന്തരായി, ധ്യാനാത്മകമായി പ്രാർത്ഥനയിൽ മുഴുകവെ ചില പ്രയാസങ്ങൾ! അവ ലഘൂകരിച്ചുകൊണ്ട് വേദവചനങ്ങളിറങ്ങി; “ഇനി ഖുര്‍ആനില്‍നിന്ന് അനായാസം ഓതാന്‍ കഴിയുന്നതെത്രയാണോ അത്രയും ഓതിക്കൊള്ളുക. നിങ്ങളില്‍ രോഗികളും ദൈവത്തിന്റെ അനുഗ്രഹം തേടി ഭൂമിയില്‍ സഞ്ചരിക്കുന്ന ചിലരും ദൈവികസരണിയില്‍ സമരം ചെയ്യുന്ന വേറെ ചിലരും ഉണ്ടാകുമെന്ന് അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, ഖുര്‍ആനില്‍നിന്ന് എളുപ്പത്തില്‍ ഓതാവുന്നത് എത്രയാണോ അത്രയും പാരായണം ചെയ്യുക.” എഴുപത്തിമൂന്നാം അധ്യായം ഇരുപതാം വചനം.  ‘ദൈവീക ജീവിതവ്യവസ്ഥ ഏറെ എളുപ്പമാണ് ‘ എന്ന് പ്രവാചകഗുരു പഠിപ്പിച്ചതും പ്രധാനമാണ്. വേദവചനങ്ങളും പ്രവാചക ചര്യയും വായിച്ച് വ്യാഖ്യാനിക്കുമ്പോൾ ആധാരമാക്കേണ്ട തത്വങ്ങളിൽ ഒന്നാണിത്.

Also read: ഐക്യസര്‍ക്കാരും വെസ്റ്റ്ബാങ്ക് കൈയേറ്റവും

സ്ത്രീകളുടെ ശാരീരിക അവസ്ഥകൾ, ആർത്തവ പ്രയാസങ്ങൾ മനസ്സിലാക്കിയാണ്, അവർക്ക് ഇളവുകൾ നൽകി വേദഗ്രന്ഥം സംസാരിച്ചത്; “ദൈവ ഭക്തിയും ധാർമ്മി വിശുദ്ധിയും പുലര്‍ത്തുന്നവർക്ക്, കാര്യങ്ങൾ അവന്‍ എളുപ്പമാക്കിക്കൊടുക്കും.” അറുപത്തിയഞ്ചാം അധ്യായം നാലാം വചനം. “ലളിതമായ കല്‍പനകള്‍ നൽകി” നല്ല മനുഷ്യരെ കൂടുതൽ അനുഗ്രഹിക്കുമെന്നും സത്യവേദത്തിൻ്റെ സന്തോഷ വാർത്തയുണ്ട്. “നിങ്ങളുടെ കടക്കാരന്‍ ഞെരുക്കത്തിലാണെങ്കില്‍ അയാള്‍ക്കു ആശ്വാസമാകുന്നതുവരെ അവധി കൊടുക്കണം” എന്ന് വേദഗ്രന്ഥം നിർദ്ദേശിക്കുന്നു; രണ്ടാം അധ്യായം ഇരുന്നൂറ്റി എൺപതാം വചനം. പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, മനുഷ്യർ ദൈവികഗുണം ഉൾക്കൊള്ളണമെന്ന ഉൽബോധനമാണിത്.

മനുഷ്യാവസ്ഥകളെ മനസ്സിലാക്കാനുള്ള വിശാലതയാണ് ദൈവത്തിൻ്റെ സവിശേഷത. പ്രയാസപ്പെടുന്നവന് ഇളവുകളാൽ ആശ്വാസം നൽകുന്നതാണ് സത്യവേദം പഠിപ്പിക്കുന്ന ദൈവത്തിൻ്റെ സമീപനം. ഈ വിശാലതയാണ് മനുഷ്യരും കൈക്കൊള്ളേണ്ടത്. ചില വീഴ്ച്ചകളുടെ പേരിൽ രൗദ്രഭാവം പൂണ്ട് ശാസിക്കാനും തർക്കിക്കാനും നിൽക്കുന്ന കാർക്കശ്യമുള്ള മതോപദേശികളെ കാണാം. അവർ ദൈവം തന്ന എളുപ്പത്തെ ഞെരുക്കമാക്കി മാറ്റുകയാണ്. അവർക്ക് നാം മുഖം കൊടുക്കേണ്ടതില്ല. കാർക്കശ്യം കൈമുതലാക്കിയ മനുഷ്യർക്ക് ചിലപ്പോൾ നമ്മെ മനസിലാവില്ല. പക്ഷേ, കാരുണ്യവാനായ ദൈവത്തിന് നമ്മെ മനസ്സിലാകും, നമ്മുടെ പ്രയാസങ്ങൾ ഉൾക്കൊള്ളാനാകും. മനുഷ്യൻ്റെ അവസ്ഥാന്തരങ്ങളെ അറിഞ്ഞും മനസ്സിലാക്കിയും അവനെ സ്വീകരിക്കുന്നവനാണല്ലോ ദൈവം, ദയാലുവായ രക്ഷിതാവ്!

Related Articles