Current Date

Search
Close this search box.
Search
Close this search box.

ഡോ: അംബേദ്കറെ കുറിച്ച്…

രാജ്യം 71 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച സാഹചര്യത്തില്‍, മാധ്യമം പ്രഥമ പത്രാധിപരായിരുന്ന പി.കെ ബാലകൃഷ്ണന്റെ വരികള്‍ പുനര്‍വായനക്ക് വിധേയമാക്കുന്നത് സംഗതമായിരിക്കും.

” ….. ആലോചിച്ചാല്‍ എത്ര വിചിത്രമാണ്! ബ്രിട്ടീഷ് പാര്‍ലമെന്ററി മോഡലിലുള്ളതും ഫെഡറല്‍ വിധാനത്തിലുള്ളതുമായ ഒരു ജനാധിപത്യ ഭരണഘടന ഇന്ത്യക്ക് വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളായ മഹാന്മാര്‍ തീരുമാനിക്കുകയും ആയത് എഴുതിയുണ്ടാക്കുവാന്‍ ആവശ്യം വേണ്ട വിദഗ്ദനായി ഡോ: അംബേദ്കറെ നിശ്ചയിക്കേണ്ടി വരികയും ചെയ്തത്.

1947 ല്‍ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂവ്‌മെന്റ് അസംബ്ലിയിലേക്ക് സംസ്ഥാന നിയമസഭകളില്‍ നിന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മഹാരാഷ്ട്രക്കാരനായ (അന്ന് ബോംബെ) ഡോ: അംബേദ്കറുടെപേര് നിര്‍ദേശിക്കാനും പിന്താങ്ങാനും കോണ്‍ഗ്രസ്സിന്ന് വന്‍ഭൂരിപക്ഷമുള്ള ബോംബെ അസംബ്ലിയില്‍ ഒരുത്തനും ഉണ്ടായില്ല. പക്ഷേ ഭാഗ്യവശാല്‍ മുസ്‌ലിം ലീഗിന്ന് ഭൂരിപക്ഷ ശക്തിയുണ്ടായിരുന്ന ബംഗാള്‍ അസംബ്ലിയില്‍ കുറെ അധ:കൃത എം.എല്‍.എ മാരുണ്ടായിരുന്നു. അവര്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയംഗമായി അംബേദ്കറുടെ പേര്‍ നിര്‍ദേശിക്കുകയും മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ അദ്ദേഹം ബംഗാളില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റിയൂവ്‌മെന്റ് അസംബ്ലി തെരഞ്ഞെടുത്ത 17 പേരില്‍ കാലമാറ്റത്തിനൊപ്പം കാലുമാറ്റമറിയാത്ത ഉന്നതനായ ഈ അധ:കൃതന്‍ കൂടി ഉള്‍പ്പെട്ടതിന്റെ അന്തര്‍ഗൃഹ നാടകങ്ങള്‍ എന്തൊക്കെയെന്ന് ഇനിയും വെളിപ്പെടാനിരിക്കുന്നു. പക്ഷേ ആ പതിനേഴ് വിദഗ്ദന്മാരുള്ള ഗ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഡോ: അംബേദ്കറെ തെരഞ്ഞെടുത്തത് അവിതര്‍ക്കിതമായ കഴിവിനേയും നിയമം, ഭരണഘടനാ നിയമം, വിശ്വ ചരിത്രം തുടങ്ങിയവയില്‍ അദ്ദേഹത്തിനുള്ള നിരുപമ പാണ്ഡിത്യത്തെയും അതികഠിനമായി ബുദ്ധി വ്യായാമം ചെയ്യാനുള്ള കഴിവിനേയും ആര്‍ജ്ജവ ബുദ്ധിയേയും അംഗീകരിക്കാന്‍ വേണ്ടത്ര ഹൃദയ മാഹാത്മ്യം ആ കമ്മിററിയിലെ ഭൂരിപക്ഷം പേര്‍ക്കുമുണ്ടായിരുന്നതു കൊണ്ടാണ്…..”

”….. കോണ്‍സ്റ്റിറ്റിയൂവ്‌മെന്റ് അസംബ്ലിയില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളില്‍ പ്രമുഖനായ ശ്രീ: ടി.ടി കൃഷ്ണനാചാരി ഡോക്ടര്‍ക്ക് നന്ദി പറഞ്ഞത് പക്ഷേ പകര്‍ത്താതെ വയ്യ. കൃഷ്ണനാചാരി പറഞ്ഞു: സഭക്കു പക്ഷേ അറിയാമായിരിക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത 17 ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളില്‍ 7 പേര്‍ കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചൊഴിഞ്ഞു. ഒരാള്‍ മരിച്ചു. പകരം ആളെ വെച്ചില്ല. ഒരാള്‍ എന്നും അങ്ങകലെ അമേരിക്കയിലായിരുന്നു. ആ വിടവും നികത്തപ്പെട്ടില്ല. മറ്റൊരാള്‍ ഭരണ കാര്യ നിമഗ്നനാകയാല്‍ ആ പരിധി വരെ ഈ പ്രവര്‍ത്തനത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ല. ഒന്നുരണ്ടു പേര്‍ കമ്മിറ്റി യോഗങ്ങളില്‍ സംബന്ധിക്കാനാവാത്തത്രക്ക് ദല്‍ഹിയില്‍ നിന്നും അകലെ അനാരോഗ്യ നിലയിലായിരുന്നു. അങ്ങനെ ഈ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്ന മഹാഭാരം ഡോ: അംബേദ്കര്‍ ഒരുത്തന്റെ ചുമലില്‍ തങ്ങി നിന്നു. പരമാവധി പ്രശംസാര്‍ഹമായ രീതിയില്‍ ഈ ഭാരം തനിച്ച് നിറവേററിയതിന് നാമെല്ലാം അദ്ദേഹത്തോട് കൃതജ്ഞരാണെന്ന കാര്യത്തില്‍ എനിക്കശേഷം സംശയമില്ല.”

ഇങ്ങനെ കൃതജ്ഞത രേഖപ്പെടുത്തിയ സഭയിലെ സര്‍വ പ്രധാന കക്ഷിയും അതിന്റെ നേതാക്കളും അംബേദ്കറോട് എന്തു വരെ കൃതജ്ഞത കാട്ടി എന്നതു വളരെ സന്ദിഗ്ദമായ കാര്യമാണ്. സ്തുതി പാഠം പറയാനറിയാത്ത സ്വതന്ത്രനായ ഡോ: അംബേദ്കര്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രി സഭയില്‍ നിന്നും പ്രതിഷേധിച്ചു രാജി വെച്ച് പിരിഞ്ഞതും രാജി വിശദീകരിച്ചു പ്രസ്താവന ചെയ്യണമെങ്കില്‍ അതിന്റെ അഡ്വാന്‍സ് കോപ്പി സ്പീക്കറെ ഏല്‍പ്പിച്ചു അംഗീകാരം നേടണമെന്ന് വന്നതും അതിന് മനസ്സില്ലാതെ ഡോ: അംബേദ്കര്‍ സഭയില്‍ നിന്ന് കൊടുങ്കാററു പോലെ ക്ഷോഭിച്ച് വാക്കൗട്ട് നടത്തിയതും മിക്കവര്‍ക്കും ഇന്നറിയാത്തതെങ്കിലും സമീപകാല ചരിത്രം തന്നെയാണ്. 1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബോംബെയിലെ ഒരു നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സര്‍വശക്തിയും കുതന്ത്രവും കേന്ദ്രീകരിച്ചുള്ള എതിര്‍പ്പ് മൂലം ”ഇന്ത്യന്‍ ഭരണഘടനാ ശില്‍പി” സാമാന്യം ദയനീയമാംവണ്ണം വിധം പരാജയപ്പെട്ടതും നമ്മുടെ സമീപകാല ചരിത്രമാണ്. കമ്മ്യൂണിസ്‌ററ് നേതാവ് എസ്.എ ഡാങ്കെയുടെ വിശേഷ കുതന്ത്രങ്ങളാണ് തന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. അദ്ദേഹം പിന്നീട് പാര്‍ലമെന്റില്‍ ചെന്നത് ബോംബെ നിയമസഭയിലെ അധ: കൃത്യാദി എം.എല്‍.എ മാരുടെ പിന്‍ബലത്തോടെ രാജ്യസഭാംഗത്വം നേടിയാണ്…”

(വേറിട്ട ചിന്തകള്‍.. ഐ.പി.എച്ച് പ്രസിദ്ധീകരണം
പേജ്: 57-60)

Related Articles