‘ നിങ്ങൾ ഭാവിയില്‍ എന്താകാനാണ് ആഗ്രഹിക്കുന്നത്?!’ ക്ലാസിലെ വിദ്യാര്‍ഥികളോട് അധ്യാപകന്‍ അന്നേദിവസം എഴുതാന്‍ നിര്‍ദേശിച്ച വിഷയം അതായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ മോന്‍ഡി എന്നു പേരുള്ളൊരു പാവം പയ്യനുണ്ടായിരുന്നു. ‘ഞാന്‍ വലുതാവുമ്പോള്‍ ആയിരക്കണക്കിന് കുതിരകളും നാല്‍ക്കാലികളുമുള്ളൊരു വലിയൊരു ഫാമിന്റെ ഉടമയാകും’ എന്നായിരുന്നു ആ കുട്ടി അധ്യാപകന് എഴുതിനല്‍കിയത്. നിന്നെപോലൊരു പാവം കുട്ടിക്ക് അപ്രാപ്യമായൊരു സ്വപ്‌നമാണിതെന്നും പറഞ്ഞ് വളരെ കുറഞ്ഞ മാര്‍ക്കു മാത്രമേ അധ്യാപകന്‍ അവനു നല്‍കിയുള്ളൂ. സ്വപ്‌നം മാറ്റിയെഴുതാനും മാര്‍ക്ക് കൂട്ടിക്കിട്ടാനും നിനക്കൊരവസരം കൂടി തരാമെന്നായി അധ്യാപകന്‍. കുട്ടിയുടെ മറുപടി ഇതായിരുന്നു: മാര്‍ക്ക് നിങ്ങള്‍ തന്നെ വെച്ചോളൂ, ഞാനെന്റെ സ്വപ്‌നം എന്റെതു സ്വന്തമായി കൊണ്ടുനടന്നോളാം! അപ്രകാരം അധ്യാപകന്‍ ആ കുറഞ്ഞ മാര്‍ക്കും കുട്ടി ആ മനോഹരമായ സ്വപ്‌നവുമായി മുന്നോട്ടുപോയി! ഇന്ന് കാലിഫോര്‍ണിയയിലെ ആയിരക്കണക്കിന് കുതിരകളും കാലികളുമുള്ള ഫാമിന്റെ ഉടമയാണാ കുട്ടി!
ഗുണപാഠം 1
ഞാന്‍ സെക്കന്‍ഡറി മൂന്നാം വര്‍ഷവിദ്യാര്‍ഥിയായ സമയം. ‘തെറ്റില്ലാതെ ഒരു പൂര്‍ണവാചകം എഴുതുംമുമ്പേ നീ മരിച്ചുപോവു’മെന്ന് പറഞ്ഞ് അറബിക് അധ്യാപകന്‍ എന്റെ മുഖത്തേക്ക് നോട്ടുപുസ്തകം വലിച്ചെറിഞ്ഞ വര്‍ഷം. എന്റെ ജീവിതകാലത്ത് ഞാന്‍ വാങ്ങിക്കൂട്ടിയ അടികള്‍ പള്ളിക്കവാടത്തിലെ ചെരുപ്പുകള്ളന്‍ വാങ്ങിയതിലേറെ ഉണ്ടാകുമെന്നതിന് അല്ലാഹു സാക്ഷി! പക്ഷെ, അതെല്ലാം ഞാനിന്ന് മറന്നിരിക്കുന്നു. എന്നല്ല, ഞാനിന്ന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു! കാരണം, എല്ലായ്‌പ്പോഴും എന്നെ തിരുത്തുകയായിരുന്നു അദ്ദേഹം. എന്നെ അടിക്കുമ്പോഴൊക്കെ, കൈകകളെക്കാളേറെ ഹൃദയം കൊണ്ടായിരുന്നു എന്നെ അവരൊക്കെ അടിച്ചത്. പക്ഷെ, ആ അടികളെക്കാളൊക്കെ എന്നെ വേദനിപ്പിച്ചത് അധ്യാപകന്റെ വാക്കായിരുന്നു. ശരീരത്തിലെ മുറിവുകള്‍ മാറിപ്പോകുന്നതും ഹൃദയത്തിലെ മുറിവുകള്‍ എന്നും ബാക്കിയാവുന്നതുമാണല്ലോ!
ആ മുറിവ് കാലാകാലം എന്റെ ഹൃദയത്തില്‍ അങ്ങനെ ഇന്നത്തേതെന്ന പോലെ കിടന്നു. അതുകൊണ്ടുതന്നെ, എന്റെ പ്രഥമഗ്രന്ഥത്തിന്റെ സമര്‍പ്പണം പേജില്‍ ഞാനെഴുതി: എന്റെ മുഖത്തേക്ക് നോട്ടുപുസ്തകമെറിഞ്ഞ് ‘തെറ്റില്ലാതെ ഒരു പൂര്‍ണവാചകം എഴുതുംമുമ്പേ നീ മരിച്ചുപോവു’മെന്ന് പറഞ്ഞ അറബിക് അധ്യാപകന്!. പക്ഷെ, ഇപ്പോഴും ഞാനാ അധ്യാപകനോട് മനസ്സില്‍ സ്‌നേഹം മാത്രമേ വെക്കുന്നുള്ളൂ എന്നതിന് അല്ലാഹുവാണ് സാക്ഷി!. പലകാര്യങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചു. ചുരുങ്ങിയത്, ഞാനറിയാതെ എന്നില്‍ അദ്ദേഹം പലതും ഇട്ടേച്ചുപോയി.
ഗുണപാഠം 2
ആള്‍ക്കൂട്ടത്തില്‍ വ്യതിരിക്തനാവാനുള്ള കഴിവും ശേഷിയും എല്ലാ മനുഷ്യരിലുമുണ്ട്. നമ്മള്‍ തന്നെയാണ് അതിനെ പുറത്തുകാണിക്കാനും കുഴിച്ചുമൂടാനുമുള്ള വഴിയൊരുക്കുന്നത്. നല്ല കഴിവുള്ളൊരു കുട്ടിയെ കണ്ടാല്‍ ഒരിക്കലും പരിഹസിക്കരുത്. മഹാന്മാരൊന്നും മഹാന്മാരായി പിറന്നവരല്ല, അവരങ്ങനെ രൂപപ്പെടുത്തപ്പെടുന്നതാണ്! അവരുടെ നിര്‍മാണത്തില്‍ പങ്കുചേരുക. നീ പിതാവോ മാതാവോ അധ്യാപകനോ സഹോദരനോ അമ്മാവനോ വല്ലിപ്പയോ ആരായാലും അതില്‍ പങ്കുചേരുന്നതില്‍ പിശുക്കു കാണിക്കരുത്!
നീ അല്‍പംപോലും കാര്യമാക്കാത്ത ഒരു വാക്ക് ചിലപ്പോള്‍ കത്തിയെക്കാള്‍ മൂര്‍ച്ചയുള്ളതായി വല്ലവരുടെയും മനഃസാക്ഷിയെ സ്വാധീനിച്ചേക്കാം, അതിനു ജീവന്‍ പകര്‍ന്നേക്കാം. അതേവാക്കുതന്നെ, ചില ശേഷികളെ തകര്‍ത്തു കളഞ്ഞ് ഒരു മനുഷ്യനെ തന്നെ നശിപ്പിക്കുകയും ചെയ്‌തേക്കാം.
ഗുണപാഠം 3
ഒരാളുടെയും സ്വപ്‌നങ്ങളെ പരിഹസിക്കരുത്. കുന്നുകൂടിയ സ്വപ്‌നങ്ങള്‍ കൊണ്ടുനടന്നുവെന്ന കാരണം ആരുമിതുവരെ മരിച്ചിട്ടില്ല. അല്‍പം പോലും സ്വപ്‌നം കൂട്ടിനില്ലാത്തവര്‍ പക്ഷെ ജീവിച്ചിരിക്കെത്തന്നെ മരിച്ചിട്ടുണ്ട്! ഇന്ന് നീ അസാധ്യമെന്നു കരുതുന്ന കാര്യം സാധ്യമാവുന്നൊരു ദിവസം വരും. മനുഷ്യന് പറക്കുകയെന്നത് വെറുമൊരു സ്വപ്‌നമായിരുന്നൊരു കാലമുണ്ടായിരുന്നു. ഇബ്‌നു ഫിര്‍നാസ് അതിന്റെ സഫലീകരണത്തിന്റെ വഴിയില്‍ ജീവന്‍ ബലികൊടുത്തവരാണ്. ചന്ദ്രനില്‍ പോവുകയെന്നതും ഒരുകാലത്ത് സ്വപ്‌നമായിരുന്നു. കല്‍ക്കരി തീവണ്ടികളുടെ കാലത്ത് ഇതിനപ്പുറം ഇനിയൊന്നും സാധ്യമല്ലെന്നു പറഞ്ഞവരൊക്കെയും മരിച്ചുപോയി, അതിവേഗ മെട്രോ ട്രെയിനുകള്‍ കാണാന്‍ അവര്‍ ബാക്കിയായില്ല! ദിഗന്ദങ്ങള്‍ മുറിച്ചുകടക്കുന്ന റോക്കറ്റുകളും ഇന്റര്‍നെറ്റും ബഹിരാകാശപേടകങ്ങളും ഒന്നുമവര്‍ കണ്ടില്ല!
ഒരിക്കല്‍ സ്വപ്നം പോലുമായിരുന്നിട്ടില്ലാത്ത കാര്യം പിന്നീട് യാഥാര്‍ഥ്യമാക്കുക സാധ്യമല്ല. ആയതിനാല്‍ വേണ്ടത് സ്വപ്‌നംകാണുക. ആരുടെയും സ്വപ്‌നങ്ങളെ പരിഹസിക്കുകയുമരുത്. കാരണം, സ്വപ്‌നങ്ങളില്ലാത്ത ജീവിതം നരകമാണ്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW