Current Date

Search
Close this search box.
Search
Close this search box.

മുര്‍ത്തദിനെ കൊല്ലണം എന്നാണോ ഇസ്ലാം പറയുന്നത്

ഇസ്ലാമിക വീക്ഷണത്തില്‍ മുര്‍തദ്ദ് നിരുപാധികം വധിക്കപ്പെടേണ്ടവനാണ് എന്ന് പറയുക വയ്യ. അതിനാല്‍ തന്നെ തദ്‌സംബന്ധമായ ഇസ്ലാമിക വിധി മതസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്യത്തിനും എതിരാകുന്ന പ്രശ്‌നവുമില്ല.
മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവ അനുവദിച്ചുകൊടുക്കുക എന്നത് ദൈവിക ജീവിത ദര്‍ശനമായ ഇസ്ലാമിന്റെ പ്രകൃതിയും സവിശേഷതയുമാണ്. ഇസ്ലാമിക വീക്ഷണത്തില്‍ ജീവിതം പരീക്ഷണാലയമാണ്. പരലോകമാണ് യഥാര്‍ഥ പ്രതിഫല വേദി. ഇവ്വിധമൊക്കെ പഠിപ്പിക്കുന്ന ഇസ്ലാം എങ്ങനെ അതുപേക്ഷിച്ചവര്‍ക്ക് വധശിക്ഷ വിധിക്കും? സത്യവും അസത്യവും വ്യക്തമാണ് അതിനാല്‍ ഇഷ്ടമുള്ളവന് ഇഷ്ടമുള്ളത് സ്വീകരിക്കാം, ദീനില്‍ ബലപ്രയോഗമില്ല എന്ന് ആവര്‍ത്തിച്ച് ഉദ്ഘോഷിക്കുന്ന ഖുര്‍ആന്‍ എങ്ങനെ ആദര്‍ശ വിയോജിപ്പുകള്‍ക്ക് ശിക്ഷ നടപ്പിലാക്കണം എന്ന് പറയും?!

അടിസ്ഥാനപരമായി ഇസ്ലാമിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്തവരോട് ബലപ്രയോഗം നടത്തുക അതിന്റെ രീതിയല്ലാത്തതുപോലെ, ഇസ്ലാമിന്റെ മാധുര്യം ഒരാള്‍ ആസ്വദിക്കുകയും പിന്നീട് ദൗര്‍ഭാഗ്യം അവനെ അതിജയിക്കുകയും, അങ്ങനെ ബിംബാരാധനയിലേക്കോ ജൂതായിസത്തിലേക്കോ ക്രൈസ്തവതയിലേക്കോ അഗ്നിയാരാധനയിലേക്കോ നാസ്തികതയിലേക്കോ മറ്റു അനിസ്ലാമിക മാര്‍ഗങ്ങളിലേക്കോ തിരിച്ചുപോവുകയുമാണെങ്കില്‍, അവന്റെ കാര്യത്തിലും ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം ഉണ്ടാവാനുള്ള സാധ്യതയില്ല; അയാളൊരു കുഴപ്പക്കാരനോ ഗൂഡാലോചനക്കാരനോ അല്ലാതിരിക്കുകയും പരിത്യാഗം കേവലം ആദര്‍ശ മാറ്റത്തില്‍ ഒതുങ്ങുകയും ചെയ്യുകയാണെങ്കില്‍.

ഇനി, ‘ഇസ്ലാമിലേക്ക് മാര്‍ഗദര്‍ശനം നല്‍കപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബ്ബിനെ നിഷേധിച്ചവന്‍’ എന്ന, മുര്‍തദ്ദിന് പൊതുവേ നല്‍കപ്പെടാറുള്ള വിശദീകരണപ്രകാരമാണെങ്കില്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇസ്ലാം പ്രാക്ടീസ് ചെയ്യാത്ത, അതേസമയം പരമ്പരാഗതമായി മുസ്ലിംകളായി അറിയപ്പെടുന്ന, ഇസ്ലാമിന്റെ ബാലപാഠം പോലുമറിയാത്ത ആളുകളെ ആ ഗണത്തില്‍ ഉള്‍പെടുത്താനുമാവില്ല. ഇസ്ലാമിന്റെ ശത്രുക്കളുമായി ചേര്‍ന്ന് ഗൂഢാലോചനയിലേര്‍പ്പെടുകയോ കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയോ ചെയ്യാത്ത, ‘ഫിത്‌ന’കളില്‍ പങ്കാളികളാകാത്ത, സംശയാസ്പദമായ പിന്നാമ്പുറങ്ങളില്ലാത്ത, തീര്‍ത്തും വ്യക്തിപരമായ മതപരിത്യാഗമാണെങ്കില്‍ അവരെ വധിക്കാന്‍ ന്യായം കാണുന്നില്ല. അതേസമയം, ഇസ്ലാമിനും ഇസ്ലാമിക രാഷ്ട്രത്തിനുമെതിരിലുള്ള ഗൂഢാലോചനയുടെയും തന്ത്രപരമായ നീക്കത്തിന്റെയും ഭാഗമായിട്ടാണ് ഒരാളുടെ മത പരിത്യാഗമെങ്കില്‍ അത് കേവല രിദ്ദത്ത് അല്ല മറിച്ച്, ചതിയും വഞ്ചനയും ഗൂഢാലോചനയും അല്ലാഹുവിനോടും റസൂലിനോടുമുള്ള പോരാട്ടവും രാജ്യദ്രോഹവും വിഘടനവാദവുമാണ്. അവര്‍ വധിക്കപ്പെടേണ്ടവരാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തരം ‘മുര്‍തദ്ദു’കളെ വധിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം അത് നടപ്പാക്കപ്പെടേണ്ടുന്ന രാജ്യത്തിന്റെ അവസ്ഥയുമായും സാമൂഹ്യ-രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ശിക്ഷ നടപ്പാക്കേണ്ടത് ഗവണ്മെന്റും, അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അഥവാ, കുറ്റം ആരോപിക്കപ്പെട്ടയാളുടെ വാദവും മറുവാദവും കേട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി നടത്തേണ്ടത് വ്യവസ്ഥാപിതമായ കോടതികളും ആണ്.

മതപരിത്യാഗികള്‍ക്ക് ഇസ്ലാമില്‍ വധശിക്ഷയാണുള്ളത് എന്ന് വാദിക്കുന്നവര്‍ അതിന് തെളിവായി വിശുദ്ധ ഖുര്‍ആനില്‍നിന്ന് കൊണ്ടുവരാറുള്ള ഒരു ഡസനില്‍ പരം സൂക്തങ്ങളുണ്ട്. എന്നാല്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയാല്‍, അവയില്‍ ഒന്നില്‍ പോലും മതപരിത്യാഗി നിരുപാധികം കൊല്ലപ്പെടേണ്ടവനാണ് എന്നതിന് വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ- ഖണ്ഡിതമായ തെളിവ് കണ്ടെത്തുക സാധ്യമല്ലെന്നതാണ് വസ്തുത.

പ്രവാചക കാലഘട്ടത്തില്‍ ചില മതപരിത്യാഗികള്‍ക്ക് അവരുടെ ‘രാജ്യദ്രോഹ കുറ്റ’ത്തിന് ഇസ്ലാമിക ഭരണകൂടം വധശിക്ഷ നടപ്പാക്കിയെന്ന് പറയുന്ന ഹദീസുകളെ സന്ദര്‍ഭം മനസ്സിലാക്കാതെ വായിക്കുന്നവരാണ് മുസ്ലിംകളില്‍ തന്നെയുള്ള പലരും. ചില ഇസ്ലാം വിമര്‍ശകര്‍ കേവല മതപരിത്യാഗത്തിനുള്ള ശിക്ഷയായി അത്തരം സംഭവങ്ങളെ ദുര്‍വ്യാഖ്യാനിക്കാറുണ്ട്.

പ്രവാചകന്റെയും (ഒരു പരിധിവരെ) സ്വഹാബത്തിന്റെയും കാലത്ത് മുസ്ലിം സമൂഹത്തിലെ/ ഇസ്ലാമിക രാഷ്ട്രത്തിലെ മുഴുവന്‍ അംഗങ്ങളും രാഷ്ട്രത്തിന്റെ സംരക്ഷകരും, സൈനികരും, യുദ്ധ നയതന്ത്രജ്ഞരും, രാഷ്ട്ര നിര്‍മിതിയില്‍ പങ്കാളിത്തമുള്ളവരുമായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിനു കീഴില്‍ ജീവിക്കുന്ന ജിസ്യ നല്‍കുന്ന അമുസ്ലിംകളുടെ സംരക്ഷണ ഉത്തരവാദിത്വം പോലും ഓരോ മുസ്ലിമിന്റെയും ബാധ്യതയായിരുന്ന അവസ്ഥയാണ് അന്നുണ്ടായിരുന്നത്.

അക്കാലത്തെ യുദ്ധങ്ങളില്‍, കപട വിശ്വാസികള്‍, സ്ത്രീകള്‍, ദുര്‍ബലര്‍, ഇസ്ലാമിക രാഷ്ട്രത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്ലിംകള്‍, പ്രത്യേക ദൗത്യം ഏല്‍പിക്കപ്പെട്ട സംഘങ്ങള്‍ തുടങ്ങിയവര്‍ അല്ലാത്ത മുഴുവന്‍ മുസ്ലിംകളും പങ്കെടുത്തിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിന് സ്വയം സന്നദ്ധരായ മുസ്ലിംകളല്ലാതെ, ശമ്പളം പറ്റുന്ന പട്ടാളമോ പോലീസോ വേറെ ഉണ്ടായിരുന്നില്ല. ഇത്തരമൊരു സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍, രാഷ്ട്ര-രാഷ്ട്രീയ-സൈനിക ഭരണ കാര്യങ്ങളുടെയെല്ലാം കാവലാളുകളും സൂക്ഷിപ്പുകാരുമായ മുസ്ലിംകളില്‍ ഒരാള്‍ ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു ആദര്‍ശത്തിലേക്ക് മാറുമ്പോള്‍ സാധാരണഗതിയില്‍ നടക്കുന്നത് കേവല മതംമാറ്റമോ മതപരിത്യാഗമോ അല്ല. മറിച്ച്, ഒരു രാഷ്ട്രത്തിന്റെ നയതന്ത്ര രഹസ്യങ്ങളെല്ലാം അറിയുന്ന ഒരാള്‍ മറ്റൊരു രാഷ്ട്രത്തിലേക്ക് കൂറും കൂടും മാറുന്നത് പോലെയാണത്. അഥവാ, അക്കാലഘട്ടത്തിലെ സവിശേഷ സാമൂഹിക-രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഒരു മതപരിത്യാഗി സാധാരണഗതിയില്‍ കേവല ആദര്‍ശ മാറ്റക്കാരനല്ല, സാമൂഹിക വഞ്ചകനും രാജ്യദ്രോഹിയുമായി മാറുകയാണ് പതിവ്. അയാള്‍ മുഖേന രാഷ്ട്രത്തിന്റെ പല രഹസ്യങ്ങളും ചോരുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ അത്തരക്കാര്‍ വധിക്കപ്പെടേണ്ടത് രാഷ്ട്ര സുരക്ഷക്ക് അനിവാര്യമായി മാറും. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് വധിക്കപ്പെട്ട മുര്‍തദ്ദുകളുടെ അവസ്ഥയെടുത്ത് പരിശോധിച്ചാല്‍ അവര്‍ ഈ ഗണത്തില്‍ പെട്ടവരായിരുന്നുവെന്ന് ബോധ്യമാവും.

ഇതിന് അപവാദമായി കേവല ആദര്‍ശമാറ്റക്കാരും അന്ന് ഉണ്ടായിട്ടുണ്ടെന്നും അവര്‍ക്കാര്‍ക്കും പ്രവാചകന്‍ (സ) വധശിക്ഷ വിധിച്ചിട്ടില്ലെന്നും കാണാവുന്നതാണ്. മുര്‍തതദ്ദ് വധശിക്ഷക്കു അര്‍ഹനാന് എന്ന് പറയുന്ന ഹദീസില്‍ അല്‍ജമാഅത്തുമായി വിഘടിക്കുകയും ചെയ്തവന്‍ എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കേവല മതംമാറ്റക്കാരന് വധശിക്ഷ നല്‍കണമെന്ന് ഇസ്ലാം പറയുന്നില്ല, മതംമാറ്റത്തോടൊപ്പം സമൂഹത്തിനും രാഷ്ട്രത്തിനും ദ്രോഹം ചെയ്യുക എന്നതുകൂടി സംഭവിക്കുന്നുവെങ്കില്‍ മാത്രമേ ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ വധശിക്ഷക്ക് അയാള്‍ അര്‍ഹനായിത്തീരുന്നുള്ളൂ. രാജ്യദ്രോഹപരമായ അപരാധങ്ങള്‍ക്കോ യുദ്ധ-കലാപ കുറ്റങ്ങള്‍ക്കോ രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരപ്പണികള്‍ക്കോ വധശിക്ഷ നല്‍കുക എന്നുള്ളത് സാമൂഹിക നൈതികതയുടെ ഭാഗമാണല്ലോ.

Related Articles