Current Date

Search
Close this search box.
Search
Close this search box.

ദുഃഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്

ഇസ് ലാം ദുഃഖവും വിലാപവും വളർത്തുന്ന മതമല്ല. മനുഷ്യനെ ആദിപാപത്തിൻ്റെയും മുജ്ജന്മപാപത്തിൻ്റെയും ശാപക്കഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. മറിച്ച് ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും മാനസികവും ഭൗതികവുമായ അടിമത്വത്തിൽ നിന്ന് വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന ദൈവദത്തമായ ജീവിത പദ്ധതിയാണിസ് ലാം.

പ്രശസ്ത അറബ് ചിന്തകനും ആധുനിക ഇസ് ലാമിക പ്രബോധകനുമായ ആയിദുൽ ഖർനിയുടെ “ലാ തഹ്സൻ ഇന്നല്ലാഹ മഅന” എന്ന വിഖ്യാത രചന നമുക്ക് ഈദൃശമായ അകവെളിച്ചം യഥേഷ്ടം പകർന്നു നൽകുന്നു.

ജീവിതം എന്ന പരീക്ഷണ ലോകത്ത് ഇല്ലായ്മകളും വല്ലായ്മകളും വെല്ലുവിളികളും താൽക്കാലികമാണ്. വിജയകരമായ അന്തിമ ലക്ഷ്യത്തിലേക്കെത്തിച്ചേരേണ്ടതിനു മുമ്പത്തെ അനിവാര്യമായ കുതിപ്പിലെ സ്വാഭാവികമായ കിതപ്പായി മാത്രം അവയെ കാണുക. അപ്പോൾ എല്ലാ നഷ്ടങ്ങളും വേദനകളും അസ്വസ്ഥതകളും പൊടുന്നനെ പ്രതീക്ഷയും പ്രത്യാശയും ശുഭാപ്തിയുമായി മാറും!

ഇസ് ലാമിൻ്റെ ഈ “മെക്കാനിസം” വിശുദ്ധ ഖുർആനും തിരുസുന്നത്തും കൊണ്ട് സ്ഥാപിച്ചെടുത്ത് നമ്മുടെ മനസ്സുകളിൽ ദൃഢരൂഢമൂലമാക്കുന്നു ഈ ഗ്രന്ഥം. ഒപ്പം ചരിത്ര സംഭവങ്ങളും കൊച്ചു കഥകളും കവിതകളും കൂട്ടിനുണ്ട്.

ദുഃഖങ്ങളെ സന്തോഷങ്ങളാക്കി മാറ്റുക. വിഷാദ ഹേതുക്കളെ മാത്രം ഒപ്പിയെടുക്കുന്ന “ബ്ലോട്ടിംഗ് പേപ്പറാ”വരുത് നാം..!
നോക്കൂ… സന്തോഷിക്കുന്നവർക്കുള്ളതാണ് ജീവിത വിജയം. സന്തോഷത്തിലാണ് സമാധാനവും സംതൃപ്തിയും പണിയെടുക്കാനുള്ള ഊർജ്ജവും കുടികൊള്ളുന്നത്. അറിയുക..! “സത്യവിശ്വാസികളെ ഇരു ലോകത്തും കൈവിടില്ലാ” യെന്നത് അല്ലാഹുവിൻ്റെ വാക്കാണ്!

ആയിദുൽ ഖർനിയുടെ ഈ അതിജീവന പുസ്തകം “ദു:ഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട് ” എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്.

വിവർത്തനം: കെ.ടി ഹനീഫ്. പ്രസാധകർ: വിചാരം ബുക്സ്, തൃശൂർ.

Related Articles