Current Date

Search
Close this search box.
Search
Close this search box.

ദിക്റുല്ലാഹ് ഇസ് ലാമിക ജീവിതത്തിൻെറ ജീവൻ!

“നിശ്ചയം മുസ് ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ രഹസ്യ ഭാഗങ്ങൾ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ അധികമധികം സ്മരിക്കുന്നവരും ആയ സ്ത്രീ പുരുഷന്മാർക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കി വെച്ചിട്ടുണ്ട് ” (അൽ അഹ്സാബ്: 35 ) എന്ന സൂക്തത്തിലെ ദിക്റിനെ പറ്റി തഫ്ഹീമുൽ ഖുർആനിൽ ഇങ്ങനെ വായിക്കാം:

“മനുഷ്യൻ ഏതു ജീവിത വ്യവഹാരത്തിലേർപ്പെടുമ്പോഴും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവൻ്റെ നാവിൽ സദാ അല്ലാഹുവിൻ്റെ നാമം ഉണ്ടായിരിക്കുക എന്നാണ് അധികമധികം അല്ലാഹുവിനെ സ്മരിക്കുക എന്നതിൻ്റെ താൽപര്യം. മനസ്സിൽ അല്ലാഹുവിൻ്റെ നാമം രൂഢമൂലമായി കുടികൊള്ളുമ്പോഴല്ലാതെ ഇതൊരു സ്വഭാവമായിത്തീരുകയില്ല. അല്ലാഹുവിനെ കുറിച്ച വിചാരം മനുഷ്യൻ്റെ ബോധമണ്ഡലം കടന്ന് ഉപബോധത്തിലേക്കും അബോധതലത്തിലേക്കും ആഴ്ന്നിറങ്ങുമ്പോഴേ അവനിൽ / അവളിൽ എന്തു ചെയ്യുമ്പോഴും പറയുമ്പോഴും അനിവാര്യമായും അല്ലാഹുവിൻ്റെ നാമം സ്മരിക്കുന്ന അവസ്ഥയുണ്ടാകൂ. അത്തരക്കാർ തിന്നുമ്പോൾ ബിസ്മി ചൊല്ലി തിന്നുന്നു. ഭക്ഷണത്തിൽ നിന്ന് വിരമിക്കുമ്പോൾ അൽഹംദുലില്ലാഹ് എന്നു പറയുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നു. സംസാരത്തിൽ അവരുടെ നാക്കിൽ നിന്ന് ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്, ഇൻശാ അല്ലാഹ്, മാശാ അല്ലാഹ് എന്നിങ്ങനെയുള്ള വാക്കുകൾ പലവട്ടം ഉതിർന്നുവീണു കൊണ്ടേയിരിക്കും. അവർ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻ്റെ സഹായം തേടുന്നു. ഏത് ഗുണം ഭവിച്ചാലും അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നു. ഏതാപത്തിലും അല്ലാഹുവോട് തുണ തേടുന്നു. എന്തു വിഷമസന്ധിയില്യം അല്ലാഹുവിങ്കൽ അഭയം പ്രാപിക്കുന്നു. തിന്മകൾ മുന്നിൽ വരുമ്പോൾ അല്ലാഹുവിനെ ഭയപ്പെടുന്നു.തെറ്റുകൾ വരുമ്പോർ അവനോട് മാപ്പിരക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ അവനോട് പ്രാർത്ഥിക്കുന്നു. ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും എന്നു വേണ്ട ഐഹികമായ എന്തു കർമവും അവർ നിർവ്വഹിക്കുക അല്ലാഹുവിനെ സ്മരിച്ചു കൊണ്ടായിരിക്കും. ഈ സ്വഭാവം യഥാർഥത്തിൽ ഇസ് ലാമിക ജീവിതത്തിൻ്റെ ജീവനാണ്. മറ്റെന്തെല്ലാം ആരാധന കളുണ്ടെങ്കിലും അവയെല്ലാം നിർവ്വഹിക്കേണ്ട പ്രത്യേക സമയങ്ങളുണ്ട്. എന്നാൽ ദിക്റുല്ലാഹ് എന്ന ആരാധന സദാ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെയും അവൻ്റെ ദാസൻ്റെ ജീവിതത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥിരമായ കണ്ണി. ആരാധനകളും മറ്റെല്ലാ കാര്യങ്ങളും ചൈതന്യവത്താകുന്നത്, ദാസൻ്റെ ഹൃദയത്തിൽ സദാ അല്ലാഹുവെക്കുറിച്ച ബോധവും നാവിൽ സദാ അല്ലാഹുവിൻ്റെ നാമവും ഉള്ള അവസ്ഥയിലാണ്. അല്ലാതെ ആരാധനകൾ നിർവ്വഹിക്കുമ്പോൾ മാത്രം അല്ലാഹുവിൻ്റെ നാമം ഉരുവിടുന്ന അവസ്ഥയിലല്ല. മനുഷ്യൻ ഈ നിലയിലാവുമ്പോൾ അവൻ്റെ ജീവിതത്തിലെ ആരാധനകൾ ഒരു ചെടി അതിൻ്റെ പ്രകൃതിക്ക് യോജിച്ച വെള്ളവും വായുവും ലഭിക്കുമ്പോൾ എപ്രകാരം പ്രസരിപ്പോടെ വളർന്നു വലുതാകുന്നുവോ അപ്രകാരം വളരുകയും വികസിക്കുകയും ഉന്മിഷത്താവു കയും ചെയ്യുന്നു.
ഒരാൾ നബി(സ)യോട് ചോദിച്ചു: ജിഹാദ് ചെയ്യുന്നവരിൽ ഏറ്റവും മഹത്തായ പ്രതിഫലം നേടുന്നതാരാണ് തിരുദൂതരേ? അവിടന്നു പറഞ്ഞു: അവരിൽ ഏറ്റവുമധികം അല്ലാഹുവിനെ സ്മരിക്കുന്നവർ. അയാൾ ചോദിച്ചു: നോമ്പുകാരിൽ ഏറ്റവും പ്രതിഫലം നേടുന്നതാരാണ്? തിരുദൂതർ പറഞ്ഞു: മഹോന്നതനായ അല്ലാഹുവിനെ ഏറ്റവും സ്മരിക്കുന്നവർ. പിന്നീടയാൾ നമസ്കാരത്തെയും സകാത്തിനെയും ഹജ്ജിനെയും ദാനത്തെയും കുറിച്ചു ചോദിച്ചു. എല്ലാത്തിനും നബി(സ) പറഞ്ഞത് അവരിൽ ഏറ്റവുമധികം അല്ലാഹുവിനെ സ്മരിക്കുന്നവർ എന്നു തന്നെയായിരുന്നു” (സയ്യിദ് മൗദൂദിയുടെ തഫ്ഹീം: 4:87-89)

Related Articles