“താങ്കൾ, താങ്കളുടെ മക്കൾ, കുടുംബക്കാർ കൂട്ടാളികൾ, ഉദ്യോഗസ്ഥന്മാർ; തുടങ്ങി എല്ലാവരുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളിലും നീതി നടപ്പാക്കാൻ കഴിയുന്ന പ്രാപ്തനായ വ്യക്തിയാണ് ന്യായാധിപനാകേണ്ടത്. എനിക്ക് അതിനുള്ള യോഗ്യതയില്ല. താങ്കൾ വിളിക്കുമ്പോൾ തിരിഞ്ഞു നടക്കാനാണ് എനിക്കിഷ്ടം.”ഇമാം അബൂഹനീഫ പറഞ്ഞു. അബ്ബാസീ ഖലീഫാ അബൂ ജഅഫറുൽ മൻസൂർ ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാൻ അബൂഹനീഫയെ നിർബന്ധിച്ചുകൊണ്ടിരുന്നു.
സമ്മർദ്ദം അതിൻറെ പാരമ്യത്തിലെത്തിയപ്പോൾ അബൂ ഹനീഫ ഇത്രകൂടി പറഞ്ഞു:”അല്ലാഹുവാണ! ഞാൻ സംതൃപ്തിയോടെ ഈ സ്ഥാനം സ്വീകരിച്ചാൽ താങ്കൾക്ക് എന്നെ വിശ്വസിക്കാനാവില്ല. ഏതെങ്കിലും വിഷയത്തിൽ എൻറെ വിധി താങ്കളുടെ താൽപര്യത്തിന് എതിരാണെന്ന് സങ്കൽപ്പിക്കുക; അപ്പോൾ താങ്കൾ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു:”താങ്കൾ വിധി തിരുത്തിയില്ലെങ്കിൽ താങ്കളെ ഞാൻ യൂഫ്രട്ടീസിൽ മുക്കിക്കൊല്ലും”അങ്ങനെ സംഭവിച്ചാൽ ഞാൻ ഇഷ്ടപ്പെടുക താങ്കളെന്നെ യൂഫ്രട്ടീസിൽ മുക്കിക്കൊല്ലുന്നതാണ്. കൂടാതെ താങ്കളുടെ കൊട്ടാരത്തിൽ നിരവധി പരിചാരകരും പരിവാരങ്ങളുണ്ട്. അവരും പ്രത്യേക പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതു നൽകാൻ തയ്യാറുള്ള ന്യായാധിപന്മാരെയാണ് അവരിഷ്ടപ്പെടുന്നത്.”
അബൂഹനീഫയുടെ ഈ പ്രതികരണം മൻസൂറിനെ അത്യധികം പ്രകോപിതനാക്കി. അയാൾ അദ്ദേഹത്തെ ജയിലിലടച്ചു. തടവറയിൽ വെള്ളം പോലും കൊടുത്തില്ല. കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. അങ്ങനെ തടവറയിലായിരിക്കെ തന്നെ പ്രഗല്ഭ പണ്ഡിതനും പരിഷ്കർത്താവും വിപ്ലവകാരിയുമായ അബൂഹനീഫ അന്ത്യശ്വാസം വലിച്ചു.