മകൾ ഏതാണ്ട് പത്തൊൻമ്പതാം വയസ്സിൽ തന്നെ വിധവയാകുന്നത് ഏതൊരു പിതാവിനെയാണ് ആശങ്കപ്പെടുത്താതിരിക്കുക. മകൾ ഹഫ്സ(റ) ആ പ്രായത്തിൽ വിധവയായപ്പോൾ ഫാറൂഖ് ഉമർ(റ)ന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല.
വിരഹ കാലം കഴിഞ്ഞ ഉടനെ ഉമർ(റ) കൂട്ടുകാരനായ ഉസ്മാൻ ഇബ്നു അഫ്ഫാൻ(റ) വിനോട് മകളെ വിവാഹം ചെയ്യാമോ എന്നാവശ്യപ്പെടുന്നു. ശ്രദ്ദിക്കുക ഉസ്മാന് ഉമറിനേക്കാൾ 10 വയസ്സ് കൂടുതലാണ്! മകൾക്ക് കൂട്ടുകാരുടെ മകനെയല്ല അന്വേഷിച്ചത് എന്ന് തന്നെ!
പക്ഷെ ഉസ്മാൻ വിസമ്മതിച്ചു. അത് ഉമറിൽ വല്ലാത്ത പ്രയാസം ഉണ്ടാക്കി. സ്വന്തം മകളുടെ വിവാഹാലോചന കൂട്ടുകാരൻ നിരസിക്കുന്നതൊക്കെ അപമാനകരമായി തോന്നുന്ന കാലം. ഈ സങ്കടത്തോടെ ഉമർ പിന്നീട് സമീപിക്കുന്നത് ഉസ്മാന്റെ അതേ പ്രായത്തിലുള്ള അബൂബക്കർ സിദ്ദിഖിനെയാണ്. അബൂബക്കറും വിസമ്മതിച്ചു. ഹഫ്സയുടെ കാര്യത്തിൽ പ്രവാചകൻ എന്തോ തീരുമാനിച്ചിട്ടുണ്ടന്ന സൂചന അബൂബക്കർ നൽകി. എന്തായാലും ഉസ്മാന്റെ സമീപനമാണ് ഉമറിനെ ഏറെ വിഷമിപ്പിച്ചത്. അത് പരാതിയായി മുത്തുനബിയുടെ ചാരത്ത് എത്തുക തന്നെ ചെയ്തു.
ഉമർ ഇബ്നു ഖത്താബ് , ഉസ്മാൻ ഇബ്നു അഫ്ഫാൻ , അബൂബക്കർ സിദ്ദിഖ് ( എല്ലാവരെയും അല്ലാഹു തൃപ്തിപ്പെടട്ടെ) ഇവരൊക്കെയാണ് കക്ഷികൾ. മുത്തുനബിക്ക് ഏറെ പ്രിയപ്പെട്ടവർ. എങ്ങനെയാവും പ്രശ്നപരിഹാരം?
“ഹഫ്സക്ക് ഉസ്മാനേക്കാൾ നല്ലൊരു ഇണയെ കിട്ടും, ഉസ്മാന് ഹഫ്‌സയെക്കാൾ നല്ലൊരു ഇണയെയും”
പ്രവാചകന്റെ വാക്കുകൾ.
പ്രവാചകൻ തന്നെ ഹഫ്‌സയെ നിക്കാഹ് ചെയ്ത് കൊണ്ട് ഉമറിന്റെ മനം കുളിർപ്പിച്ചു. വിശ്വാസികളുടെ മാതാവായി ഹഫ്‌സ(റ) ചരിത്രത്തിൽ ഇടം നേടി. നബി പുത്രി റുഖയ്യ(റ) ആയിരുന്നു ഉസ്മാന്റെ ആദ്യ ഇണ. അകാലത്തിൽ മരിച്ച റുഖയ്യയുടെ സ്ഥാനത്ത് വീണ്ടും മകളായ ഉമ്മുഖുൽസൂമിനെ നിക്കാഹ് ചെയ്തു കൊടുത്ത് കൊണ്ട് തിരുനബി ഉസ്മാനെ സന്തോഷിപ്പിച്ചു.
മുഹമ്മദ്-ഖദീജ ദമ്പതികളുടെ രണ്ടു പ്രകാശങ്ങളെയും സ്വന്തമാക്കിയ ഉസ്മാനും ഉമറിന്റെ മകളെ സ്വന്തമാക്കി പ്രവാചകനുമൊക്കെ ജീവിതം സമാധാനത്തിലാക്കി.
ഉത്തമമായി ജീവിതം നയിച്ചവരുടെ വിവാഹപ്രായം തപ്പി ജീവിക്കുന്നവർക്ക് ഇതൊക്കെ ഗവേഷിക്കാവുന്നതാണ്. സൗഹൃദങ്ങളെ കുടുംബബന്ധങ്ങളായി പരിവർത്തിപ്പിക്കാൻ അത്രമേൽ കൊതിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭൂമികയിലും നൂറ്റാണ്ടിലുമാണ് അവരുടെ വിവാഹങ്ങൾ നടന്നിരുന്നത് എന്ന് തിരിച്ചറിയാത്തവർ നട്ടം തിരിഞ്ഞുകൊണ്ടേയിരിക്കും.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp