Current Date

Search
Close this search box.
Search
Close this search box.

എന്താണ് പട്ടുറുമാൽ വിപ്ലവം?

“ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ് ലിംകളും” എന്ന ഗ്രന്ഥത്തിൽ (ഐ.പി.എച്ച്) കെ.ടി ഹുസൈൻ എഴുതുന്നു:

“ദാറുൽ ഉലൂം ദയൂബന്ദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് സംഭാവന ചെയ്ത വിപ്ലവകാരിയായ മതപണ്ഡിതനാണ് ശൈഖുൽ ഹിന്ദ് മഹ് മൂദുൽ ഹസൻ ദയൂബന്ദി. സമരവേദിയായ ഖിലാഫത്ത് പ്രസ്ഥാനത്തിലും പണ്ഡിത കൂട്ടായ്മയായ ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിലും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പ്രശസ്തനായത് ഒന്നാം ലോകയുദ്ധം നടക്കുന്നതിനിടയിൽ വിദേശ സഹായത്തോടെ ബ്രിട്ടീഷ് ഗവ: നെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയിലൂടെയായിരുന്നു. പട്ടുറുമാൽ വിപ്ലവം, അല്ലെങ്കിൽ പട്ടുറുമാൽ ഗൂഢാലോചന എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.

1851 ൽ ഉത്തർപ്രദേശിലെ ബറേലിയിൽ പണ്ഡിത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച മഹ് മൂദുൽ ഹസൻ 1866 ൽ ദയൂബന്ദ് ദാറുൽ ഉലൂം ആരംഭിച്ചപ്പോൾ അവിടെ വിദ്യാർത്ഥിയായിച്ചേർന്നു. “ദയൂബന്ദിലെ പ്രഥമ വിദ്യാർത്ഥി” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ദയൂബന്ദ് സ്ഥാപകൻ മുഹമ്മദ് ഖാസിം നാനൂതവിയായിരുന്നു ആദ്യ ഗുരുനാഥൻ. 1873 ൽ പഠനം പൂർത്തിയാക്കിയ മഹ് മൂദുൽ ഹസൻ അവിടെ തന്നെ അധ്യാപകനായി. കുറച്ചു കാലങ്ങൾക്കു ശേഷം ദാറുൽ ഉലൂമിലെ ശൈഖുൽ ഹദീസായി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിലും വൈജ്ഞാനിക രംഗത്തും തിളങ്ങിയ ഒട്ടേറെ പ്രമുഖർ മഹ് മൂദുൽ ഹസൻ്റെ ശിഷ്യന്മാരായിരുന്നു!

സാമ്രാജ്യത്വ വിരുദ്ധ നിലപാട് മഹ് മൂദുൽ ഹസനെ വിപ്ലവകാരിയായ രാഷ്ട്രീയക്കാരനാക്കി. എന്തു വില കൊടുത്തും ബ്രിട്ടനെ പുറത്താക്കി ഇന്ത്യയെ വിമോചിപ്പിച്ചേ തീരൂ എന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. അതിനായി ദയൂബന്ദിലെ ശിഷ്യന്മാരിൽ വിപ്ലവാവേശം ജ്വലിപ്പിച്ചു. ഇന്ത്യക്കുള്ളിൽ നിന്നും പുറത്തു നിന്നും കൊളോണിയൽ ഭരണകൂടത്തെ ആക്രമിച്ചു പുറത്താക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആശയം. തൻ്റെ ശിഷ്യന്മാരിൽ നിന്ന് അതിനായി വളണ്ടിയർമാരെ റിക്രൂട്ട് ചെയ്തു. മുസ് ലിംകളിൽ കൊളോണിയൽ വിരുദ്ധ വികാരം അണ പൊട്ടിയൊഴുകുന്ന കാലമായിരുന്നു അത്. തുർകിയുടെയും അഫ്ഗാനിസ്ഥാൻ്റെയും സഹായത്തോടെ ബ്രിട്ടനെ അട്ടിമറിക്കുകയായിരുന്നു പദ്ധതി. അട്ടിമറിക്ക് ജനപിന്തുണ സമാഹരിക്കാനും വളണ്ടിയർമാരെ സംഘടിപ്പിക്കാനും ഭരണകർത്താക്കളെ കാണാനുമായി തൻ്റെ ശിഷ്യനായ ഉബൈദുല്ല സിന്ധിയെ കാബൂളിലേക്കും മറ്റൊരു ശിഷ്യനായ മൗലാനാ മുഹമ്മദ് മിയാൻ മൻസൂർ അൻസാരിയെ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലേക്കും പറഞ്ഞയച്ചു…

തുർകിയുടെ പിന്തുണ തേടി മഹ് മൂദുൽ ഹസൻ ഹിജാസിലുമെത്തി. അവിടെ വെച്ച് തുർകി ഗവർണർ ഗാലിബ് പാഷയുമായി കൂടിക്കാഴ്ച നടത്തുകയും യുദ്ധാനന്തരം ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള എല്ലാ സഹായവും ചെയ്യാമെന്ന വാഗ്ദാനം അദ്ദേഹത്തിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു. അനന്തരം അദ്ദേഹം യുവതുർക്കികളിൽ പ്രധാനിയായ അൻവർ പാഷയെയും കണ്ട് സഹായ വാഗ്ദാനം സമ്പാദിച്ചു.

ഈ പിന്തുണ വാഗ്ദാനം അറബിയിലും പേർഷ്യനിലും തയ്യാറാക്കി അൻവർ പാഷയുടെ ഒപ്പോടുകൂടി അത് പെട്ടിയിലാക്കി പട്ടുറുമാലിൽ പൊതിഞ്ഞ് ഇന്ത്യയിലെത്തിക്കാൻ ഒരനുയായിയുടെ കൈവശം കൊടുത്തയച്ചു..

ഇങ്ങനെയൊരു സന്ദേശം രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടതായി ഭരണകൂടം അറിഞ്ഞെങ്കിലും അത് പിടികൂടാനായില്ല. സന്ദേശം അടക്കം ചെയ്യപ്പെട്ട പെട്ടി പട്ടുറുമാലിൽ പൊതിഞ്ഞതിനാൽ “സിൽക് കോൺസ്പിരസി” (പട്ടുറുമാൽ ഗൂഢാലോ ചാന) എന്നാണ് ബ്രിട്ടീഷ് രേഖകളിൽ ഈ സംഭവം പ്രതിപാദിക്കുന്നത്…

മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം ശൈഖ് മഹ് മൂദ് ഹസൻ 1920ൽ വിട്ടയക്കപ്പെടുമ്പോൾ ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. പ്രായവും ആരോഗ്യവും വകവെക്കാതെ അദ്ദേഹം വീണ്ടും സമരരംഗത്തിറങ്ങി… ഖിലാഫത്ത് പ്രസ്ഥാനമാണ് അദ്ദേഹത്തിന് “ശൈഖുൽ ഹിന്ദ് ” എന്ന ബഹുമതി നൽകിയത്. ഖുർആനിന്നും ഹദീസിനും മഹ്മൂദുൽ ഹസൻ വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.

ജാമിഅ മില്ലിയ്യ: ഇസ് ലാമിയ്യ: സ്ഥാപക പ്രമുഖരിൽ ഒരാൾ കൂടിയായ ശൈഖ് മഹ് മൂദുൽ ഹസൻ്റെ പേരിലാണ് അൽജാമിഅ യുടെ ഒരു പ്രധാന കവാടം ഇന്നും അറിയപ്പെടുന്നത്… ”

1921 നവംബർ 30 നായിരുന്നു സമരതീക്ഷ്ണമായ ആ പണ്ഡിത ജീവിതം അവസാനിച്ചത്. ദയൂബന്ദിൽ സംസ്കരിച്ചു.

Related Articles