Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥനയും കോവിഡ് പ്രതിരോധവും

കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാംസ്കാരിക പ്രവർത്തകരിലൊരാളാണ് കെ.ഇ .എൻ. താൻ ഒരു ദൈവവിശ്വാസിയല്ലെന്ന് തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത ഇടതുപക്ഷ ഇടപെടലിൻറെ ശക്തനായ വക്താവ്.

അദ്ദേഹം പറയുന്നു:”അന്ധനായ എൻറെ ഒരു വിദ്യാർത്ഥിയോട് സംസാരിച്ചപ്പോൾ, കടുത്ത നിരാശാബോധം അവനെ പിടികൂടിയതായി എനിക്ക് മനസ്സിലായി. മുസ്ലിമായ അവൻ പള്ളിയിൽ പോകാറില്ല എന്ന് പറഞ്ഞു.ഞാനവനോട് പള്ളിയിൽ പോയി കൃത്യമായി നമസ്കരിക്കണമെന്നാണ് ഉപദേശിച്ചത്. സ്വയം ബോധത്തിൻറെ ആഴത്തിൽ നിന്നുള്ള വിശ്വാസം ജീവിത നിരാശയിൽ പെട്ടവർക്ക് വലിയ ആശ്വാസം പകരും. അർത്ഥവത്തും ആത്മാർത്ഥവുമായിരിക്കണം അതെന്ന് മാത്രം. അത്തരത്തിൽ വ്യക്തിയെ സ്വാധീനിക്കാൻ വിശ്വാസത്തിന് സാധിക്കും. ഇത് തന്നെയായിരുന്നു മതത്തോടുള്ള മാർക്സിൻറെ സമീപനം. യുക്തിവാദിയായിരുന്ന ഭഗത് സിംഗ് തൂക്കുമരത്തിലെത്തുമ്പോൾ പറയുന്നുണ്ട് ;താനൊരു വിശ്വാസിയായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന്.”(ഉദ്ധരണം: ആത്മഹത്യ, ഭൗതികത, ഇസ്ലാം. പുറം: 45)

കോവിഡുൾപ്പെടെ ഏത് രോഗത്തെയും പ്രതിരോധിക്കുന്നതിലും രോഗശമനത്തിലും മനസ്സമാധാനത്തിനും ഇഛാ ശക്തിക്കുമുള്ള പങ്ക് അംഗീകരിക്കാത്ത ആരുമുണ്ടാവില്ല. മനസ്സമാധാനവും മനക്കരുത്തും നൽകുന്നതിൽ പ്രാർത്ഥനയുടെ പങ്കും സ്വാധീനവും ഇത്തിരിയെങ്കിലും സത്യസന്ധതയുള്ള മത നിഷേധികൾ പോലും അംഗീകരിക്കുന്നതാണ്.

താൻ കേൾക്കുന്നത് പ്രാർത്ഥനയാണെന്ന ധാരണ പോലും മത വിശ്വാസമില്ലാത്തവരെക്കൂടി എത്രമേൽ സ്വാധീനിക്കുമെന്ന്, തീവ്ര ഇടതുപക്ഷ പ്രവർത്തകൻ പൊന്ന്യത്തെ രാമകൃഷ്ണൻറെ ആത്മഹത്യയെക്കുറിച്ച് എഴുതവേ അത് നടന്നതിൻറെ പിറ്റേന്നാളത്തെ അനുഭവം മൃത ശരീരത്തിന് കാവൽ നിന്ന എ.സോമൻറെ വാക്കുകൾ വ്യക്തമാക്കുന്നു:”അല്ലാഹു അക്ബർ…
ഞാനുണർന്നു; അടുത്ത പള്ളിയിലെ ബാങ്ക് വിളി കേട്ടു കൊണ്ട്. ആ സ്വരത്തിലെ അഭൗമധാര പൊടുന്നനെ എന്നെ സ്വസ്ഥ ചിത്തനാക്കി. ആത്മഹത്യക്കും അതിജീവിതത്തിനുമിടയിൽ ആ ദൈവസ്തുതിയിടങ്ങിയ തരളത പിറന്നതും പിറക്കാനിരിക്കുന്നതുമായ മഹാ കാലത്തിൻറെ ഓർമ്മകൾ ചുരത്തി എന്നിൽ. പിന്നീട് ഏറെക്കാലം എന്നിൽ ഘനീഭൂതമായി കിടന്നു ആ ബാങ്കുവിളി. പല ആപദ്ഘട്ടങ്ങളിലും സ്വൈരം നശിക്കുമ്പോൾ എൻറെ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം.”(ഉദ്ധരണം: അതേ പുസ്തകം. പുറം: 47)

കോവിഡ് പ്രതിരോധിക്കാനുള്ള ഭൗതിക സംവിധാനത്തോടൊപ്പം ആത്മീയതക്കുള്ള പങ്ക് അംഗീകരിച്ച് നിയമങ്ങൾ പാലിച്ച് കൊണ്ടുതന്നെ പ്രാർത്ഥനകളും കീർത്തനങ്ങളും നടത്താൻ വിശ്വാസികൾക്ക് പരമാവധി സൗകര്യം ചെയ്തു കൊടുക്കുകയാണ് ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്.

Related Articles