Current Date

Search
Close this search box.
Search
Close this search box.

കോടതി വിധിയും വിശ്വാസവും

ഒരു മതേതര സമൂഹത്തില്‍ മതത്തിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് ഇന്ന് പരമോന്നത കോടതിക്കും മനസ്സിലായി. മതചാരവും വ്യക്തി സ്വാതന്ത്രവും എങ്ങിനെ ഒത്തു പോകാം എന്നത് നമ്മുടേത്‌ പോലുള്ള ഒരു രാജ്യത്ത് വലിയ ചോദ്യമാണ്. ഇന്ത്യന്‍ ഭരണ ഘടനയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലുത്. അതിനു താഴെ മാത്രമേ മറ്റു പ്രമാണങ്ങള്‍ നില്‍ക്കൂ എന്ന് വരികലും അതിനെ ആ അര്‍ത്ഥത്തില്‍ വിശദീകരിക്കാന്‍ കോടതികളും വിഷമം നെടിരുന്നു എന്നതാണ് ശബരിമല വിഷയത്തില്‍ ഇന്നുണ്ടായ അഞ്ചംഗ ബഞ്ചിന്റെ വിധി ബോധ്യപ്പെടുത്തുന്നത്.

ഇന്ത്യന്‍ ഭരണ ഘടനയുടെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യമാണ്. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 , 25 എന്നീ വകുപ്പുകളാണ് അന്ന് എതിര്‍ക്കുന്നവരും യോജിക്കുന്നവരും പൊക്കിപ്പിടിച്ചത്. “വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (25–1) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല” എന്നതാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരുടെ നിലപാട്. “ വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല” എന്നതും സ്ത്രീ പ്രവേശനം അനുകൂലിക്കുന്നവരുടെ നിലപാടിന്റെ ഭാഗമാണ്.

അതെ സമയം എതിര്‍ത്ത് പറഞ്ഞവര്‍ ഉന്നയിച്ച മുഖ്യ കാരണം ഇങ്ങിനെയാണ്‌ “മതാനുഷ്ഠാനങ്ങൾ തുല്യത സംബന്ധിച്ച ഭരണഘടനാ വകുപ്പിന്റെയും (14) അതിലടങ്ങുന്ന യുക്തിയുടെയും മാത്രം അടിസ്ഥാനത്തിലല്ല പരിശോധിക്കേണ്ടത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിലെ തുല്യതയ്ക്ക് ഏതു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ബാധകമാണ്.” അതായത് വിശ്വാസവും ഭരണ ഘടനയും തമ്മില്‍ സംഘട്ടനം വരുന്ന സമയത്ത് ഏകപക്ഷീയമായി ഭരണ ഘടനയെ മുന്നില്‍ കൊണ്ട് വരിക എന്നത് കൂടുതല്‍ ചര്‍ച്ച ആവശ്യമാണ് എന്നിടത്താണ് ഏഴംഗ ഭരണഘടന ബെഞ്ചിനു വിട്ടു കൊണ്ട് കോടതി നടത്തിയ നിരീക്ഷണം. ഏക സിവില്‍ കോഡ് എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് കൂടിയുള്ള ഒരു താക്കീതാണ് ഇന്നത്തെ കോടതിയുടെ കണ്ടെത്തല്‍. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ അത് കൊണ്ട് തന്നെ വിവ്യൂ ഹരജി എന്നത് പ്രസക്തമായി തീരുന്നു. അഞ്ചംഗ ബഞ്ചിന്റെ വിധി അവസാനമാണ് എന്ന നിലപാട് ഇന്ത്യന്‍ ഭരണഘടനക്ക് പോലുമില്ല എന്നിരിക്കെ കൂടുതല്‍ നല്ല വിധിയിലേക്ക് കൊണ്ട് പോകാനുള്ള അവകാശം ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ബാബറി മസ്ജിദ് വിധിക്ക് കോടതി ആധാരമാക്കിയത് തെളിവുകളേക്കാള്‍ വിശ്വാസത്തെയാണ്. അവിടെ വിഷയം വിശ്വാസമായിരുന്നില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഭൂമിയുടെ അവകാശമായിരുന്നു അവിടുത്തെ നിയമ പ്രശ്നം. അതെ സമയം ഇന്ന് അഞ്ചംഗ കോടതി മുകളിലേക്ക് വിട്ട മൂന്നു വിഷയങ്ങളും പൂര്‍ണ മത വിഷയങ്ങള്‍ മാത്രമാണ്. മതത്തിന്റെ നിലപാടുകള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് അവിടെ കോടതിക്ക് പറയാന്‍ കഴിയുക. അതെ സമയം മത വിശ്വാസം സമൂഹത്തെ ബാധിക്കുമ്പോള്‍ അതിനെതിരെ ഇടപെടാനുള്ള അവകാശവും ഭരണ കൂടത്തിനും കോടതിക്കുമുണ്ട്.

മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഒരു തര്‍ക്ക വിഷയമല്ല. അത് ഇസ്ലാമില്‍ അംഗീകരിക്കപ്പെട്ടതാണ്. പള്ളിയില്‍ പോകാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു ഒരു മുസ്ലിം സ്ത്രീയും കോടതിയെ സമീപിച്ചിട്ടില്ല. ഇസ്ലാമില്‍ പള്ളിയില്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവളെ തടയാനോ നിര്‍ബന്ധിക്കാനോ പാടില്ല എന്നതാണ് മതം പറയുന്നതും. പാര്‍സികളുടെ കാര്യം അവരുടെ മതം നോക്കിയാണ് തീരുമാനിക്കേണ്ടതും. കോടതി ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രമിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.

മതത്തിന് പ്രാധാന്യമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ കാര്യങ്ങളെ വിശദീകരിക്കുക അത്ര എളുപ്പമാവില്ല. ബാബറി വിധിയുടെ പേരില്‍ മുസ്ലിം സമുദായം പുലര്‍ത്തിയ വിവേകവും സമാധാനവും ശബരിമല വിധിയില്‍ ഉണ്ടാകില്ല എന്ന നിരീക്ഷണവും ഒരു പക്ഷെ കോടതിയെ കൊണ്ട് ചിന്തിപ്പിചിരിക്കാം. കേരളം കൂടുതല്‍ കലുഷിതമായ അവസ്ഥയിലേക്ക് നീങ്ങിയില്ല എന്നതാണ് ഇന്നത്തെ വിധി നല്‍കുന്ന സമാധാനം. ബാബറി മസ്ജിദ് വിധിയെ ചോദ്യം ചെയ്തത് മാന്യമായ രീതിയിലായിരുന്നു. അതെ സമയം ശബരിമല വിഷയത്തില്‍ മൂന്നംഗ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത രീതി കൂടി നാം കാണാതെ പോകരുത്.

Related Articles