Current Date

Search
Close this search box.
Search
Close this search box.

നൂറ്റാണ്ടുകളായി ഉത്തരമില്ലാത്ത ചോദ്യം

ആദി കാലത്തെ ഇസ്‌ലാമിക പണ്ഡിതന്മാർ നാസ്തികരുമായുള്ള സംവാദത്തിൽ പ്രപഞ്ചം അനാദിയാണെന്ന വാദത്തെ നേരിട്ടിരുന്നത് ഇങ്ങനെയാണ്:

“പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ചലനമുള്ളവയാണ്. ചലനമുള്ളവയെല്ലാം സമയബന്ധിതമാണ്. അതുകൊണ്ട് തന്നെ ചലനമുള്ള എല്ലാറ്റിനും തുടക്കമുണ്ടാകണം. പ്രപഞ്ചത്തിലുള്ള എല്ലാം മാറുന്നവയാണ്. മാറ്റമില്ലാത്ത ഒന്നും ഇവിടെയില്ല. മാറ്റം സമയബന്ധിതമാണ്. അതിനാൽ തന്നെ മാറ്റമുള്ള എല്ലാം ആരംഭമുള്ളവയാണ്.”

തത്വത്തിൽ നാസ്തികരും ഇത് അംഗീകരിക്കുന്നു.വൻ വിസ്ഫോടനത്തോടെയാണ് ചലിക്കുന്ന പ്രപഞ്ചം രൂപപ്പെട്ടത് എന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്. അപ്പോഴും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുണ്ട്. ഈ വൻ വിസ്ഫോടനം എന്നുണ്ടായി? എങ്ങനെയുണ്ടായി? അനാദിയായ പിണ്ഡത്തിൽ വിസ്ഫോടനത്തിന് ഹേതുവായ കണക്കാക്കാനാവാത്ത ഊഷ്മാവും സാന്ദ്രതയും ഉണ്ടായത് എങ്ങനെ? ആരുണ്ടാക്കി? അനാദിയിൽ ഇല്ലാത്ത ഊഷ്മാവും സാന്ദ്രതയും പിന്നീട് ഉണ്ടായത് എന്തുകൊണ്ട്?എങ്ങനെ? അത് എന്തുകൊണ്ട് പ്രത്യേക സന്ദർഭത്തിലായി? എന്തുകൊണ്ട് മുമ്പോ ശേഷമോ ആയില്ല? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ ഇന്നും നിലനിൽക്കുന്നു.

മുമ്പെന്നും എന്ന പോലെ ഇന്നും അരാജകവാദികളാണ് നാസ്തികതയുടെ പ്രചാരകന്മാർ. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ നല്ല മൂല്യങ്ങളും നിയമ നിർദ്ദേശങ്ങളും വിധിവിലക്കുകളും സാംസ്കാരിക സദാചാര പരിധികളും ദൈവ വിശ്വാസത്തിലധിഷ്ഠിതമാണെന്ന് അവർ മനസ്സിലാക്കുന്നു. അതിനെ നിരാകരിക്കാനും മറികടക്കാനും ഏറ്റവും എളുപ്പവും സുഗമവുമായ മാർഗം ദൈവനിഷേധവും മതനിരാസവുമാണല്ലോ. അരാജക ജീവിതത്തിന് ആദർശ പരിവേഷം ലഭിക്കുകയും ചെയ്യുമല്ലോ.

ഇക്കാരണത്താൽ തന്നെ നവ നാസ്തികർ അവരുടെ എല്ലാ എതിർപ്പുകളും വിമർശനങ്ങളും കേന്ദ്രീകരിച്ചത് ഇസ്ലാമിനെതിരെയാണ്. ധാർമിക, സദാചാര, സാംസ്കാരിക നിയമങ്ങളിലും മൂല്യങ്ങളിലും ഒട്ടും വിട്ടുവീഴ്ച കാണിക്കാതെ കണിശതയും കൃത്യതയും പുലർത്തുന്നത് ഇസ്‌ലാമും ഇസ്‌ലാമിക സമൂഹവുണെന്നതാണിതിന് കാരണം. ലോകത്തിൻറെ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും നവ നാസ്തികർ എല്ലാ എതിർപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്നത് ഇസ്ലാമിനെതിരെ തന്നെയാണെന്നത് വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. ഇവിടെ വർഗീയ ഫാസിസ്റ്റുകളും ലിബറലുകളും കുരിശ് യുദ്ധ മനസ്സുമായി കഴിയുന്ന ഒരു പറ്റം ക്രൈസ്തവരും അവർക്ക് സഹായികളായുണ്ട്.

Related Articles