Current Date

Search
Close this search box.
Search
Close this search box.

വേദസാരത്തിന് വിരാമം, സർവ്വാധിനാഥന് സ്തുതി!

വേദഗ്രന്ഥത്തിലെ ഏതു വചനമാണ് നിങ്ങളെ ഏറെ ആലോചനയിലാഴ്ത്തിയത്? ഏതു സൂക്തസാരത്തിനു മുമ്പിലാണ് നിങ്ങൾ അദ്ബുധസ്തംബ്ധരായി നിന്നുപോയത്? ഏതു സന്തോഷ വാർത്തയാണ് നിങ്ങളെ പുളകമണിയിച്ചത്? ഏതു താക്കീതാണ് നിങ്ങളിൽ കിടിലംകൊള്ളിച്ചത്? ഏതു ചരിത്രവിവരണമാണ് നിങ്ങളെ ഏറ്റവുമധികം ചിന്തിപ്പിച്ചത്? ഏതു പ്രാപഞ്ചിക ദൃഷ്ടാന്തത്തിലാണ് നിങ്ങൾ ദൈവത്തെ കണ്ടത്? ഏത് ആത്മീയ പാഠത്തിലാണ് നിങ്ങൾ നിങ്ങളെ അറിഞ്ഞത്? ഏതു പ്രവചനമാണ് നിങ്ങളിൽ പ്രതീക്ഷകൾ നിറച്ചത്? ഏതു സൂക്തസാരത്തിലാണ് നിങ്ങൾ സമകാലിക ലോകത്തിൻ്റെ വേദനകൾക്ക് ശമനം കണ്ടത്? ഏതു ആദർശ വാക്യത്തിലാണ് നിങ്ങൾ പുതുലോകത്തിൻ്റെ പിറവി ദർശിച്ചത്?

വേദമാസം വിടപറയുമ്പോൾ ഉത്തരം തേടേണ്ട ചോദ്യങ്ങളാണിവ. കാരണം, വേദമാസം ആയതുകൊണ്ടാണ് വ്രതമാസം ഉണ്ടായത്. “മുഴുവൻ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍, നിങ്ങളില്‍ ആര്‍ ഈ മാസം ദര്‍ശിക്കുന്നുവോ അവന്‍ ഈ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കട്ടെ”. സത്യവേദം രണ്ടാം അധ്യായം നൂറ്റിഎൺപത്തിയഞ്ചാം വചനം. അതെ, അതാണ് പ്രധാനം. അതിനാൽ, വേദസാരം തേടിയുള്ള യാത്രയാണ് വിശുദ്ധമാസത്തിൻ്റെ ഹൃദയത്തുടിപ്പ്. വേദമാസത്തിൽ നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരമെഴുതിയിട്ടുണ്ട്. ആ ഉത്തരങ്ങളേറെയും വിവരങ്ങളായിരുന്നു, അല്ലേ? വിവരവിനിമയത്തിൽ നിന്ന്, വിചാരവിശാലതയിലേക്ക് പറന്നുയരുമ്പോഴാണ് നാം സത്യവേദത്തിൻ്റെ അകംതൊടുന്നത്.

Also read: റമദാന് ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

“അവര്‍ ഖുര്‍ആനെക്കുറിച്ചു ചിന്തിക്കുന്നില്ലേ; അതോ, അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകൾ ഇട്ടിരിക്കുകയാണോ”? നാൽപ്പത്തിയേഴാം അധ്യായത്തിലെ ഇരുപത്തിനാലാം വചനം. ഈ സൂക്തത്തിനു മുമ്പിൽ എത്രയോ തവണ ചിന്താനിമഗ്നനായിട്ടുണ്ട്. ഇതിലെ പ്രയോഗങ്ങളെപ്പറ്റി പിന്നെയും പിന്നെയും ആലോചനയിലാണ്ടിട്ടുണ്ട്. നോക്കൂ, ഈ വചനത്തിലെ ഓരോ വാക്കും അനേകം ആശയങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. ചുണ്ട്, നാവ്, വായന എന്നീ പദങ്ങളൊന്നും ഈ വചനത്തിലില്ല! ‘ചിന്ത, ഹൃദയം’ ഈ വാക്കുകളുടെ തെരഞ്ഞെടുപ്പ് തന്നെ അർത്ഥഗംഭീരമാണ്. ‘അവർ ഖുർആൻ വായിക്കുന്നില്ലേ, അവരുടെ നാവിനും ചുണ്ടുകൾക്കും താഴിട്ടിരിക്കുകയാണോ’ എന്നല്ല ചോദ്യം! “അവർ ചിന്തിക്കുന്നില്ലേ, അവരുടെ ഹൃദയങ്ങൾക്ക് പൂട്ടിട്ടിരിക്കുകയാണോ”? ഈ ചോദ്യം തന്നെ മതി, ചിന്തയുടെ ആകാശ വാതിലുകൾ തുറക്കാൻ! ഈ വചനമെവിടെയോ മുങ്ങിപ്പോവുകയും മറന്നുവെക്കുകയും ചെയ്തപ്പോഴാണ്, വേദപഠനത്തിൻ്റെ ആത്മാവ് ചോർന്നുപോയത്.

ചിന്തയുടെ അകമ്പടിയുണ്ടോ! ഒരേ അധ്യായവും വചനവും തന്നെ ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയപ്രപഞ്ചം തുറന്നുതരും. എപ്പോഴെങ്കിലും നാമത് അനുഭവിച്ചിട്ടുണ്ടോ? ആശയങ്ങളുടെ ആകാശം തൊട്ട് ദൈവത്തെ സ്തുതിച്ചിട്ടുണ്ടോ? യാസീൻ എന്ന ലളിത നാമത്തിൽ, മനോഹരമായ ഒരധ്യായമുണ്ടല്ലോ. ഓരോ തവണ പഠനപാരായണം ചെയ്യുമ്പോഴും പുതിയ അർത്ഥതലങ്ങളിലേക്ക് അത് നമ്മെ ആനയിക്കുന്നു. അപ്പോൾ, സത്യവേദത്തിൻ്റെ, അക്ഷരങ്ങളിൽ നിന്ന് ആശയങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു. വിശുദ്ധവേദത്തിൻ്റെ നൂറ്റിപ്പതിനാല് അധ്യായങ്ങളിലും ഈ അൽഭുതമുണ്ട്. അതുകൊണ്ടാണത് കാലാതിവർത്തിയായി തലയുയർത്തി നിൽക്കുന്നത്. ആശയഗരിമയോടെ അജയ്യദർശനത്തിൻ്റെ ആധാരവും അകക്കാമ്പുമായി വർത്തിക്കുന്നത്.

Also read: പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ

തൊണ്ടക്കുഴിക്കപ്പുറം കടക്കാത്ത അധരവായനക്ക് പക്ഷേ, സത്യവേദത്തിൻ്റെ അകംതൊടാൻ കഴിയില്ല. വേദവചനങ്ങളിലൂടെ നമ്മുടെ കണ്ണുകൾ എത്ര തവണ കടന്നുപോയി എന്നല്ല എണ്ണേണ്ടത്. വേദസാരം നമ്മുടെ അകത്ത് എന്ത് മാറ്റമുണ്ടാക്കി എന്നതാണ് പ്രധാനം. വേദമാസം വിട പറയുന്നു. മുപ്പതുനാൾ കൊണ്ട് മനസ്സിൽ വേദസാരത്തിൻ്റെ വിത്തിറക്കിയിട്ടുണ്ടോ? എങ്കിലാ വിത്ത് ഇനിയീ മണ്ണിൽ മുളക്കട്ടെ! വേരുകളാഴ്ത്തി, ചില്ലകൾ വിടർത്തി, വേദനിക്കുന്ന ലോകത്തിന് നീതിയുടെ തണലായി വളരട്ടെ!

വേദസാരത്തിന് ഈ വർഷം വിരാമം. സർവ്വാധിനാഥന് സ്തുതി കീർത്തനങ്ങൾ!

Related Articles