Current Date

Search
Close this search box.
Search
Close this search box.

അവസാനിക്കാത്ത ബാങ്കൊലി

വി.കെ. ജലീൽ എഴുതിയ “മദീനയുടെ ഏടുകളിൽനിന്ന്”എന്ന പുസ്തകത്തിൽ പാകിസ്ഥാൻ പത്രമായ ‘പുകാർ’ 1990 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം എടുത്തു ചേർത്തിട്ടുണ്ട്. അത് പരിഭാഷപ്പെടുത്താൻ ചുമതലപ്പെടുത്തിയത് പരേതനായ ജമാൽ മലപ്പുറമാണെന്ന് അതിൽ കാണിച്ചിട്ടുമുണ്ട്.

എങ്ങനെയാണ് ബാങ്കൊലി അവിരാമം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നതെന്ന് വിശദീകരിക്കുന്ന ലേഖനമാണത്.

പ്രഭാതത്തിൻറെ പിറവിയോടെ ഇന്തോനേഷ്യയുടെ പൂർവ്വ ഭാഗങ്ങളിൽ ബാങ്കൊലി മുഴങ്ങിക്കേൾക്കുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞാലേ ജക്കാർത്തയിൽ പ്രഭാതമാവുകയുള്ളൂ. ആ ഒന്നര മണിക്കൂറും ഇന്തോനേഷ്യയിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്രഭാത ബാങ്കിൻറെ ശബ്ദം മുഴങ്ങിക്കേൾക്കുന്നു. ജക്കാർത്തയിൽ അവസാനിക്കുന്നതിനുമുമ്പ് സുമാത്ര യുടെ പൂർവ ഭാഗങ്ങളിൽ ബാങ്ക് ആരംഭിക്കുന്നു. സുമാത്രയുടെ പടിഞ്ഞാറ് അതവസാനിക്കുന്നതിനുമുമ്പ് മലേഷ്യയിൽ അതാരംഭിക്കുന്നു. അവിടെ അതവസാനിക്കും മുമ്പേ മ്യാന്മറിൽ തുടങ്ങുന്നു. ജക്കാർത്തയിൽ പ്രഭാതമാരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടാണ് ബംഗ്ലാദേശിലെ ധാക്കയിൽ അതാരംഭിക്കുക. അതുവരെയും അവിടം വരെയുള്ള ഇടങ്ങളിൽ ബാങ്കോലി മുഴങ്ങിക്കൊണ്ടേയിരിക്കും. ബംഗ്ലാദേശിൽ പ്രഭാത ബാങ്കിൻറെ ശബ്ദം നിലയ്ക്കും മുൻപേ ശ്രീനഗറിൽ അതാരംഭിക്കുന്നു. തുടർന്ന് കൽക്കത്തയിലെയും മുംബൈയിലെയും പള്ളികളിൽ നിന്ന് പ്രഭാത ബാങ്കിൻറെ ശബ്ദം പുറത്തുവരും.

ശ്രീനഗറിലും പാകിസ്ഥാനിലെ സിയാൽ കോട്ടിലും ഒരേ സമയത്താണ് പ്രഭാത ബാങ്ക്. പാകിസ്ഥാൻറെ പടിഞ്ഞാറേ അറ്റത്ത് പ്രഭാതമാകുന്നവരെ നാല്പത്തിയാറ് മിനിറ്റ് ആ രാജ്യത്ത് ബാങ്കൊലി മുഴങ്ങിക്കൊണ്ടേയിരിക്കും. പാകിസ്ഥാനിൽ അതവസാനിക്കുന്നതിനുമുമ്പ് അഫ്ഗാനിസ്ഥാനിലും മസ്കറ്റിലും ആരംഭിക്കും.മസ്കതും ബഗ്ദാദും തമ്മിൽ ഒരു മണിക്കൂറിൻറെ ദൂരമുണ്ട്. ആ സമയത്തു തന്നെ സുഊദി അറേബ്യ, യമൻ,യു.എ.ഇ, കുവൈത്ത്, ഇറാഖ് തുടങ്ങിയ നാടുകളിൽ പ്രഭാത ബാങ്ക് മുഴങ്ങിക്കൊണ്ടിരിക്കും. ബഗ്ദാദും അലക്സാണ്ടറിയയും തമ്മിൽ ഒരു മണിക്കൂറിൻറെ അന്തരമുണ്ട്. ഇതിനിടയിൽ സിറിയ ഈജിപ്ത് സോമാലിയ സുഡാൻ എന്നീ രാജ്യങ്ങളിൽ പ്രഭാത ബാങ്ക് അവിരാമം നടന്നുകൊണ്ടിരിക്കും.

അലക്സാണ്ട്രിയയും ഇസ്തംബൂളും തമ്മിൽ സമയവ്യത്യാസമില്ല. എന്നാൽ തുർക്കിയുടെ കിഴക്കും പടിഞ്ഞാറും തമ്മിൽ ഒന്നരമണിക്കൂറിൻറെ വ്യത്യാസമുണ്ട്. ആ സമയമത്രയും തുർക്കിയുടെ അന്തരീക്ഷത്തിൽ ബാങ്കൊലി മുഴങ്ങിക്കൊണ്ടിരിക്കും. അലക്സാണ്ട്രിയയും ട്രിപ്പോളിയയും തമ്മിലുള്ള ഉള്ള സമയവ്യത്യാസം ഒരു മണിക്കൂറാണ്. ഇതേ സമയത്ത് ലിബിയയിലും തുനീഷ്യയിലും പ്രഭാത ബാങ്കിൻറെ സമയമായിരിക്കും. അതോടെ ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്ത് നിന്നാരംഭിച്ച ബാങ്കിൻറെ ശബ്ദം അവിരാമം ഒമ്പതര മണിക്കൂർ പിന്നിട്ടിരിക്കും. അപ്പോഴേക്കും ഇന്തോനേഷ്യൻ ദ്വീപുകളിൽ മദ്ധ്യാഹ്ന നമസ്കാരത്തിനുള്ള ബാങ്ക് ആരംഭിക്കും. ഇങ്ങനെ ഒരു നിമിഷം പോലും ഇടതടവില്ലാതെ ബാങ്ക് വിളിയുടെ ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടേയിരിക്കും. സെലിബസിൽ ഇശാ ബാങ്ക് കൊടുത്തു തുടങ്ങുമ്പോൾ പൂർവ്വ ആഫ്രിക്കയിൽ പുതിയ പ്രഭാതത്തിൻറെ പിറവി വിളംബരം ചെയ്യുന്ന ബാങ്കൊലി മുഴങ്ങുന്നുണ്ടായിരിക്കും. ബാങ്കിൻറെ ശബ്ദമുയരാത്ത ഒരു നിമിഷവുമില്ലെന്നർത്ഥം.

ഇത് എത്രമേൽ വിസ്മയകരവും മഹത്തരവും ആഹ്ലാദകരവുമാണെന്ന് പറയേണ്ടതില്ലല്ലോ. സൃഷ്ടാവിൻറെ ഏകത്വവും മഹത്വവും വിളംബരം ചെയ്യാത്തതോ മുഹമ്മദ് നബിയുടെ പ്രവാചകത്വം ഉദ്ഘോഷിക്കാത്തതോ ആയ ഒരു നിമിഷവും ഉണ്ടാവില്ലെന്ന് ബാങ്ക് വിളി ഉറപ്പ് വരുത്തുന്നു.

Related Articles