ജഅ്ഫര്‍ ബ്‌നു അബൂതാലിബ് , അബൂബക്കർ സിദ്ദിഖ് , അലി ബ്‌നു അബൂതാലിബ് (എല്ലാവരെയും അല്ലാഹു തൃപ്തിപ്പെടട്ടെ). ഇവർ മൂന്നുപേരും ഇസ്ലാമിക ചരിത്രത്തിലെ നെടും തൂണുകളാണ്. ഈ മൂന്ന് പേരുടെയും ഇണയായി ജീവിച്ച സ്വഹാബി വനിതയാണ് അസ്മാ ബിന്‍ത് ഉമൈസ്(റ). അവരുടെതും ഒരു ഒന്നൊന്നര ജീവിതമാണ്.
“അരികിലെത്തുന്ന സ്വർഗ്ഗത്തിന് എന്തൊരു സൗന്ദര്യമാണ്” എന്ന് പാടി കൊണ്ടാണ് മുഅത യുദ്ധം ജഅ്ഫര്‍ നയിച്ചത്. യുദ്ധത്തിൽ സൈദ് ഇബ്നു ഹാരിസ് (റ) ശഹീദായ ശേഷമാണ് ജഅ്ഫര്‍(റ) നായകത്വം ഏറ്റെടുത്തത്. സ്വർഗ്ഗത്തിലേക്ക് പോവുകേം ചെയ്തു. ഏതാണ്ട് 38 ആം വയസ്സിൽ തന്നെ. ആദ്യം കാലം മുതലേ സമാധാനത്തിനു വേണ്ടിയുള്ള ത്യാഗങ്ങളാൽ സമ്പന്നമായിരുന്നു ജഅ്ഫറിന്റെയും അസ്മയുടെ ജീവിതം. അബിസീനയിലേക്ക് ഹിജ്റ പോയ സംഘത്തിൽ ഉൾപെട്ടതും, നജ്ജാശി രാജാവിന്റെ കൊട്ടാരത്തിൽ ജഅ്ഫർ നടത്തിയ പ്രസംഗവും ഒക്കെ കേൾവി കേട്ടതാണ്. തുടർന്ന് മദീനയിലേക്കും ഈ ദമ്പതികൾ ഹിജ്‌റ ചെയ്‌തെത്തി.
ജഅ്ഫറിന്റെ മരണശേഷം അബൂബക്കർ അസ്മയെ വിവാഹം ചെയ്തു. തിരുനബിയുടെ പ്രസിദ്ധമായ ഹജ്ജത്തുൽ വിദാഅ്-ൽ നിറഗർഭിണിയായാണ് അബൂബക്കറിനോടൊപ്പം അസ്മ പങ്കെടുത്തത്. ഇടയിൽ പ്രസവം നടന്നിട്ടുപോലും അവർ തിരുനബിയോടൊപ്പം മഹത്തായ ഹജ്ജ് പൂർത്തിയാക്കുകയുണ്ടായി.
പിന്നീട് ഖലീഫ ആയിതീർന്ന അബൂബക്കറിന്റെ ഇണയായി ജീവിതം തുടർന്ന അസ്മ, അബൂബക്കറിന്റെ മരണശേഷം അലിയെ വിവാഹം ചെയ്തു. അബൂബക്കറും അലിയുമൊക്കെ സ്വർഗം സുവാർത്ത അറിയിക്കപ്പെട്ട സ്വഹാബികൾ ആണെന്ന് കൂടി ഓർക്കുക. അവരോടൊപ്പമുള്ള അസ്മയുടെ ജീവിതത്തിന് എന്തൊരു തെളിച്ചമായിരിക്കുമല്ലേ? അബൂബക്കറിന്റെ വസ്വിയത്ത് പ്രകാരം അദ്ദേഹത്തിന്റെ ജനാസ കുളിപ്പിച്ചത് പോലും അസ്മയായിരുന്നു!
ഒരു ദിവസം അസ്മയുടെ പുത്രന്മാരായ മുഹമ്മദ് ബ്‌നു ജഅ്ഫറും മുഹമ്മദ് ബ്‌നു അബൂബക്കറും തമ്മിലൊരു തര്‍ക്കം. ആരുടെ പിതാവാണ് കൂടുതല്‍ ഉത്തമന്‍? കുട്ടികളുടെ കുസൃതികളിൽ അതൊക്കെ പതിവാണല്ലോ? രണ്ടു പേരുടെയും സംരക്ഷണം നിർവഹിക്കുന്ന അലി(റ) ഈ കൗതുകമുള്ള ചോദ്യം കേട്ടെങ്കിലും “വഴക്ക് നീ തന്നെ തീര്‍പ്പാക്കുക” എന്ന് അസ്മയോട് പറഞ്ഞൊഴിയുന്നു.
തനിക്ക് ജഅ്ഫറില്‍ ഉണ്ടായ മകന്‍ മുഹമ്മദും അബൂബക്കറില്‍ ഉണ്ടായ മകന്‍ മുഹമ്മദും തമ്മിലാണല്ലോ തര്‍ക്കം. ഉമ്മയായ അസ്മയുടെ പ്രതികരണമിങ്ങനെ. ‘അറബ് യുവാക്കളില്‍ ഇത്ര മഹത്തരമായ സ്വഭാവമുള്ള ഒരാളെ ജഅ്ഫറിനെ (റ)പോലെ ഞാന്‍ കണ്ടിട്ടില്ല. വൃദ്ധന്മാരില്‍ ഇത്ര നല്ല മനുഷ്യനെ അബൂബക്കറി(റ)നെ പോലെ ഒരാളെ ഞാന്‍ അനുഭവിച്ചിട്ടില്ല.’ അസ്മയെ വിവാഹം ചെയ്യുമ്പോൾ രണ്ടുപേരുടെയും പ്രായം അങ്ങിനെയൊക്കെ ആയിരുന്നല്ലോ? ഇത് കേട്ട് ഹസ്രത്ത് അലി(റ), തന്റെ പ്രിയതമയോട് ചോദിക്കുകയാണ്.
‘നീ എനിക്ക് വേണ്ടി ഒന്നും ബാക്കി വെച്ചിട്ടില്ലേ അസ്മാ?’ ആ പ്രതികരണത്തിൽ തർക്കം തുടങ്ങിയ മക്കളും, ഉമ്മയും പുഞ്ചിരിക്കുന്നതോടെ മുത്തുനബിയുടെ ചാരത്ത് പൂത്തുതളിർത്ത ജീവിതങ്ങളുടെ ഒരേട് നമ്മളറിയുന്നു.
ആറാം നൂറ്റാണ്ടിലെ സാമൂഹിക ബന്ധങ്ങൾ, സ്ത്രീയുടെ നിർണ്ണയാവകാശം, വിവാഹങ്ങൾ, അതിലെ പ്രായ വ്യത്യാസങ്ങൾ ഒക്കെ പറഞ്ഞു തർക്കിക്കുന്നതിനേക്കാൾ നല്ലത് അവരുടെ സമാധാനങ്ങളിലെ സുഗന്ധങ്ങൾ കണ്ടെത്തുന്നതാണ് !
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU