Current Date

Search
Close this search box.
Search
Close this search box.

കളങ്കിതമാവാത്ത മാനസികാവസ്ഥയാണ് ‘ഇഖ്ലാസ്’

അല്ലാഹുവിനോടുള്ള സ്നേഹം, അനുസരണം,ഭയം എന്നിവയില്‍ നിന്നും മനസ്സില്‍ രൂപപ്പെടുന്ന ആന്തരിക പ്രചോദനമാണ് ഇഖ്ലാസ്. പരലോക വിചാരണ മനസ്സില്‍ ഊട്ടി ഉറപ്പിച്ച്, സ്വര്‍ഗ്ഗം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, കളങ്ക രഹിതമായ ലക്ഷ്യത്തോടെ സല്‍കര്‍മ്മം ചെയ്യലാണ് ഇഖ്ലാസ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എല്ലാ സല്‍കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും കളങ്കിതമാവാത്ത മാനസികാവസ്ഥ അഥവാ ഇഖ്ലാസ് ഉണ്ടായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അനേകം സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം, മറിച്ച് അത് സദ് വിചാരത്തോടെ മാത്രം ചെയ്യുക എന്നതാണ് പ്രധാനം. ഇസ്ലാമിനെ പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും മുന്നോട്ട് വരുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ട വിഷയമാണിത്. കാരണം മനുഷ്യ കര്‍മ്മങ്ങളെ അവയുടെ ആന്തരിക പ്രേരകങ്ങള്‍ കൂടി പരിഗണച്ചാണ് പരലോകത്ത് വിചാരണ ചെയ്യുക.

‘ഇഖ്ലാസ്’ എന്ന അറബി പദത്തിന് മലയാള ഭാഷയില്‍ ആത്മാര്‍ത്ഥത,നിഷ്കളങ്കത തുടങ്ങിയ അര്‍ത്ഥം പറഞ്ഞാലും കളങ്കിതമാവാത്ത മാനസികാവസ്ഥ എന്ന് വ്യവഹരിച്ചാലും അത് അപൂണ്ണമായ അര്‍ത്ഥവും ആശയപ്രകാശനവുമാണ്. മുസ്ലിംങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കേണ്ടത് അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ടായിരിക്കണം. ഭൗതികമായ പ്രതിഫലവും പ്രശംസയും പ്രകടനാത്മകതയും പ്രതീക്ഷിക്കുന്നത് സല്‍പ്രവര്‍ത്തനങ്ങള്‍ പാഴ് വേലയായിത്തീരും. ഒരു കോപ്പ ശുദ്ധമായ പാല്‍ മലിനപ്പെടുത്താന്‍ ഒരു തുള്ളി ആസിഡിന് സാധിക്കുന്നത് പോലെയാണിത്.

‘ഇഖ്ലാസ്’ ഖുര്‍ആനിലും ഹദീസിലും
ഖുര്‍ആനിലും ഹദീസിലും ഇഖ്ലാസിനെ കുറിച്ച് ധാരാളം വചനങ്ങളുണ്ട്. ‘നിഷ്കളങ്കമായി അനുസരണം അല്ലാഹുവിന് മാത്രമാക്കുവാനും നമസ്കാരം നിഷ്ഠയോടെ നിര്‍വ്വഹിക്കുവാനും സകാത് നല്‍കുവാനുമല്ലാതെ അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നില്ല. അതത്രെ ശരിയായ മതം (98:5). പ്രവാചകന്മാരുടെ സ്വഭാവമഹിമയായും ഇഖ്ലാസിനെ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു: “വേദഗ്രന്ഥത്തില്‍ നീ മൂസയെ അനുസ്മരിക്കുക. നിശ്ചയമായും അദ്ദേഹം നിഷ്കളങ്ക വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.” (19:51)

നബി (സ) അരുളി: ‘നിശ്ചയം അല്ലാഹു നിങ്ങളുടെ ആകാര സൗഷ്ടവത്തിലേക്കൊ സമ്പത്തിലേക്കൊ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് അവന്‍ നോക്കുന്നത്.’

അല്ലാഹുവിന്‍റെ മാത്രം ജഞാനത്തില്‍പ്പെട്ട അതിനിഗൂഡവും രഹസ്യവുമായ കാര്യമാണ് ഇഖ്ലാസ്. നമ്മുടെ സകല പ്രവര്‍ത്തനങ്ങളും എഴുതുന്ന മാലാകമാര്‍ക്ക് പോലും ഈ മാനസിക വിചാരം അജ്ഞാതമത്രെ. ഇഖ്ലാസുള്ളവരെ വഴിതെറ്റിക്കാന്‍ കഴിയില്ലെന്ന് പിശാച് പരിതപിക്കുന്നതായി ഖുര്‍ആനിലുണ്ട്. (38:82,83).

ലക്ഷണങ്ങള്‍
മനുഷ്യന്‍ കണ്ടുപിടിച്ച ഏതെങ്കിലും മാപിനി ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്താവുന്നതാണൊ ഇഖ്ലാസ്? ഒരിക്കലും സാധ്യമല്ല. സ്വന്തം ഇഖ്ലാസിനെ കുറിച്ച് ആലോചിക്കാതെ മറ്റുള്ളവരുടെ ഇഖ്ലാസിനെ കുറിച്ച് സംശയിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ധാരാളമുണ്ട്. ഗുരുതരമായ പാപമാണ് ഇതിലൂടെ ചുമക്കുന്നതെന്ന് അറിയാറുണ്ടൊ? ഇഖ്ലാസുണ്ടൊ എന്ന് നിരന്തരമായി ആത്മപരിശോധന ചെയ്യേണ്ട കാര്യമാണ്.

അതിനുളള വഴി വാക്കും പ്രവര്‍ത്തിയും പൂരകമാണൊ എന്ന് പരിശോധിക്കുകയാണ്. സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആന്തരിക പ്രചോദനവും ബാഹ്യപ്രചോദനവും ഒന്ന് തന്നെയാണൊ? അതിന് പിന്നിലുള്ള ചേതോവികാരം അല്ലാഹുവിന്‍റെ പ്രീതി മാത്രമാണോ? മറ്റു നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടൊ? അത് അല്ലാഹുവിന് മാത്രമാവുമ്പോഴാണ് കളങ്കിതമാവാത്ത മാനസികാവസ്ഥ അഥവാ ‘ഇഖ്ലാസ്’ കൈവരിക്കുന്നത്.

ഇസ്ലാമിന്‍റെ അനുഷ്ടാനങ്ങളായ നമസ്കാരം,സക്കാത്ത്,നോമ്പ് തുടങ്ങിയവയും അവയുടെ ഐഛിക കര്‍മ്മങ്ങളും അനുഷ്ടിക്കുന്നതിലെ പ്രതിബദ്ധത എത്രമാത്രം ആഴത്തിലുള്ളതാണ്? ജീവിത സംസ്കരണത്തില്‍ അതിന്‍റെ സ്വാധീനം എത്രത്തോളമുണ്ട്? നമ്മുടെ പെരുമാറ്റത്തെ അത് സ്വാധീനിക്കാറുണ്ടൊ? ഈമാനിന്‍റെ താല്‍പര്യങ്ങളും ഭൗതിക താല്‍പര്യങ്ങളും ഏറ്റുമുട്ടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍, ആദ്യത്തേതിന് മുന്‍ഗണന നല്‍കുന്നുണ്ടെ? ഇതൊക്കെയാണ് ലക്ഷണങ്ങള്‍.

വര്‍ധിപ്പിക്കാനുള്ള വഴികള്‍
1. സല്‍കര്‍മ്മം ചെയ്യാന്‍ പല പ്രേരണകള്‍ ഉണ്ടാവാം. എന്നാല്‍ ഇഖ്ലാസുള്ളവര്‍ക്ക് ഒരൊറ്റ പ്രേരണയെ ഉണ്ടാവു. അല്ലാഹുവും നാമൂം തമ്മിലുള്ള ബന്ധത്തില്‍ നിന്നും പ്രചോദിതമായിട്ടാണ് ഇഖ്ലാസുള്ളവര്‍ പ്രവര്‍ത്തിക്കുക. സല്‍കര്‍മ്മങ്ങള്‍ ധാരാളമായി ചെയ്യുമ്പോള്‍ മനസില്‍ അല്ലാഹുവിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും അവിശേഷിക്കുകയില്ല. അതോടെ മനസില്‍ നിന്ന് മറ്റു താല്‍പര്യങ്ങള്‍ ഇല്ലാതാവുന്നു.

2. ഇഖ്ലാസ് ഉണ്ടാവാനുള്ള മറ്റൊരു വഴിയാണ് പ്രാര്‍ത്ഥന. നമ്മുടെ ഏത് ആവിശ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ആദ്യമായി അവലംബിക്കേണ്ട മാര്‍ഗ്ഗം അതാണ്. അല്ലാഹുവേ നീ എനിക്ക് ഇഖ്ലാസ് വര്‍ധിപ്പിച്ച് തന്നാലും എന്ന് പ്രാര്‍ത്ഥിക്കുന്നത് മനസ്സില്‍ പൈശാചിക സ്വാധീനങ്ങള്‍ കടന്ന് വരുന്നത് തടയും.

3.ഇഖ്ലാസ് മനസ്സില്‍ രൂപപ്പെടാനുള്ള മറ്റൊരു വഴിയാണ് സ്വയം എപ്പോഴും നല്ല മാതൃകയായി നിലകൊള്ളുകയും ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്നത്. അത്തരം ആളുകളുടെ മനസ്സിലേക്ക് ദുശ്ചിന്തകള്‍ കടന്ന് വരിക വിദൂരമാണ്.

4. ഇഖ്ലാസ് വര്‍ധിപ്പിക്കാന്‍ സഹായകമായ മറ്റൊരു കാര്യമാണ് അല്ലാഹുവിൻെറ നാമ വിശേഷണങ്ങളെ കുറിച്ച അറിവ്. അല്ലാഹു സര്‍വ്വജഞനും എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ് എന്ന ബോധം ഇഖ്ലാസ് ഉണ്ടാക്കും.

5. സല്‍ പ്രവര്‍ത്തനങ്ങളില്‍ ഇഖ്ലാസ് വര്‍ധിക്കാന്‍ സഹായകരമായിതീരുന്ന മറ്റൊരു ഘടകമാണ് മരണ സ്മരണ നിലനിര്‍ത്തുക എന്നത്. ഈ ബോധത്തോട് കൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കാപട്യം ബാധിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

6. ഇഖ്ലാസ് സംബന്ധമായ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളം കാണാം. അത്തരം വചനങ്ങളുടെ വായനയും മനനവും മനസ്സില്‍ ഇഖ്ലാസ് ഉണ്ടാക്കാന്‍ സഹായിക്കും.

7. നബി (സ) യുടേയും പൂര്‍വ്വ പ്രവാചകന്മാരുടേയും ചരിത്രം പഠിക്കുകയും സഹാബികളുടെ ജീവിതത്തിലെ മാതൃകകള്‍ മനസ്സിലാക്കുന്നതും ഇഖ്ലാസ് ഉണ്ടാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര രഹസ്യമായി ചെയ്യുന്നത് ഇഖ്ലാസ് വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

നിസ്തുല മാതൃക
ഇഖ്ലാസുള്ള വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പ്രവാചകന്‍റെ പൗത്രന്‍ ഹസ്സന്‍ (റ) വിന്‍റെ പുത്രന്‍ സൈനുല്‍ ആബിദീന്‍. പത്ത് വര്‍ഷമായി മദീനയിലെ പാവപ്പെട്ട ജനതക്ക് തങ്ങളുടെ വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് ആര്‍ക്കും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് അക്കാര്യം മനസ്സിലായത്. അദ്ദേഹത്തിന്‍റെ മൃതശരീരത്തെ കുളിപ്പിച്ചപ്പോള്‍ പുറം ഭാഗത്ത് കറുത്ത തയമ്പ് കാണാനിടയായി. ഗോതമ്പ് മാവ് ചുമന്ന് കൊണ്ട് പോയതിന്‍റെ തയമ്പായിരുന്നു അത്.

ഇഖ്ലാസിന്‍റെ സല്‍ഫലങ്ങള്‍
മനസ്സില്‍ നിന്ന് ഇഖ്ലാസോട് കൂടി ഒരാള്‍ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന് ഉഛരിച്ചാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു എന്ന് നബി (സ) അരുളി. എത്ര നല്ല പ്രവര്‍ത്തനങ്ങളായാലും അതില്‍ ഇഖ്ലാസ് ഇല്ലെങ്കില്‍ ഫലം കായ്കാത്ത വൃക്ഷം പോലെയാണ്. ഖുര്‍ആന്‍ പറയുന്നു: ‘വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്. പരലോകത്തില്‍ അവന് യാതെരു ഓഹരിയും ഇല്ലതാനും’ (42:20)

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാനും പ്രവര്‍ത്തനങ്ങള്‍ തിരസ്കൃതമാവാതിരിക്കാനും ഇഖ്ലാസ് അഭിവാജ്യഘടകമാണെന്ന് നിരവധി ഹദീസുകളിലൂടെയും വ്യക്തമാക്കീട്ടുണ്ട്. ഇസ്ലാമിലെ വന്‍ പാപങ്ങളിലൊന്നായ ശിര്‍ക്കില്‍ അകപ്പെടാതിരിക്കാന്‍ ഇഖ്ലാസോട് പ്രവര്‍ത്തിക്കണമെന്ന് നബി (സ) പറഞ്ഞു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇഖ്ലാസുള്ളവരാവാന്‍ ശ്രമിക്കേണ്ടതാണ്. അത് ഇഹത്തിലും പരത്തിലൂം പ്രയോജനം ചെയ്യും. കളങ്കിതമാവാത്ത മാനസികാവസ്ഥയോടെ പെരുമാറുന്ന കുടുംബാംഗങ്ങള്‍, നേതാക്കള്‍, നീതര്‍, എല്ലാം ഒരു ഉത്തമ സമൂഹത്തിന് അനിവാര്യമാണ്.

പ്രകടനാത്മകത വര്‍ധിച്ച കാലത്താണ് നാം ജീവിക്കുന്നത്. പൊങ്ങച്ചവും പ്രകടനാത്മകതയും പരമ്യത പ്രാപിച്ച ആസുര കാലം. പര്‍വ്വത സമാനമായ പ്രവര്‍ത്തനങ്ങളുമായി അന്ത്യനാളില്‍ ചില ആളുകള്‍ വരുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കീട്ടുണ്ട്. പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചില്ലികാശിന്‍രെ മൂല്യം പോലും ഉണ്ടാവുകയില്ല. അവര്‍ക്ക് ഇഖ്ലാസ് ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. ഇഖ്ലാസുള്ളവരുടെ പ്രാര്‍ത്ഥന മാത്രമേ അല്ലാഹു സ്വീകരിക്കൂ. ഇതെല്ലാം ഇഖ്ലാസിന്‍റെ സല്‍ഫലങ്ങളാണ്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles