Current Date

Search
Close this search box.
Search
Close this search box.

കഅബക്കകത്തിറങ്ങിയ ഒരേ ഒരു ആയത്ത്

إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا ﴿٥٨﴾
അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

ഹിജ്‌റ എട്ടാംവര്‍ഷം റമദാൻ മാസം, നബി (സ) അനുയായികളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. രക്തച്ചൊരിച്ചിലില്ലാതെ മക്കയും പ്രാന്ത പ്രദേശങ്ങളും കീഴടക്കി. വിജയശ്രീലാളിതനായി നബി (സ) മക്കയില്‍ പ്രവേശിച്ചു. കഅബക്കരികിലെത്തിയ നബി (സ)ക്ക് അതിനകത്ത് പ്രവേശിക്കണമായിരുന്നു. പക്ഷെ അതിന്റെ കവാടങ്ങൾ പൂട്ടിക്കിടക്കുകയാണ്. താക്കോൽ കഅബയുടെ മുകളിൽ ഒളിച്ചിരിക്കുന്ന ഉസ്മാൻ ബിൻ ത്വൽഹയുടെ കൈവശമുണ്ടെന്ന് ജനക്കൂട്ടത്തിൽ നിന്ന് ആരോ നബി (സ) യോട് പറഞ്ഞു. അങ്ങനെ പ്രവാചകൻ അത്‌ കൈപ്പറ്റാൻ വേണ്ടി അലി (റ) നെ അയച്ചു. അലി (റ) ഉസ്മാൻ ബിൻ ത്വൽഹയോട് താക്കോൽ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതിന് വിസമ്മതിച്ചതിന്റെ കാരണത്താൽ അലി (റ) അദ്ദേഹത്തിൽ നിന്ന് താക്കോൽ തട്ടിയെടുത്ത് കഅബയുടെ കവാടം തുറന്നു. നബി (സ) അതിൽ പ്രവേശിക്കുകയും നമസ്കരിക്കുകയും ചെയ്തു. കഅബയുടെ അകത്ത് ഇരിക്കുകയായിരുന്ന നബിയോട് അമ്മാവന്‍ അബ്ബാസ് (റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, കഅബയുടെ താക്കോല്‍ എനിക്ക് നൽകിയാലും, അത് നമ്മുടെ കുടുംബത്തിന് ഒരു ബഹുമതി കൂടിയാണ്.” നബി (സ) ഒന്നും ഉരുവിട്ടില്ല. പെട്ടന്ന് നബിയുടെ ശബ്ദം മാറി, നെറ്റി വിയർത്തു. വഹിയ് ഇറങ്ങുന്നതിന്റെ അടയാളമാണിത്. വഹിയ് ഇറങ്ങുമ്പോൾ നബി (സ) ക്ക് ഇങ്ങനെ ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. ശേഷം നബി (സ) ഇപ്രകാരം അർതഥം വരുന്ന ആയത് ഓതി:

വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. [വിശുദ്ധ ഖുർആൻ 04:58]

എന്നിട്ട് ഉസ്മാൻ ബ്നു ത്വൽഹയെ അന്വേഷിക്കുകയും അലി (റ) ന്റെ കയ്യിൽ താക്കോൽ ഏല്പിച്ച്‌ അത്‌ ഉസ്മാൻ ബ്നു ത്വൽഹക്ക് തിരിച്ചേൽപ്പിക്കാൻ കൽപ്പിച്ചു. അലി (റ) അദ്ദേഹത്തിനടുത്ത് ചെന്ന് താക്കോൽ നൽകിയിട്ട് പറഞ്ഞു: “ഞങ്ങൾക്ക് തെറ്റ് പറ്റിയതാണ്. ഞങ്ങളോട് ക്ഷമിക്കണം.” ഉസ്മാൻ ബ്നു ത്വൽഹ തെല്ലൊന്നത്ഭുതോടെ അലി (റ) ചോദിച്ചു: “അലി, ഏതാനും സമയത്തിനും മുമ്പ് താങ്കളല്ലേ എന്നോട് പരുഷമായി പെരുമാറുകയും താക്കോൽ തട്ടിയെടുക്കുകയും ചെയ്തത്, ഇപ്പൊ എന്ത് കൊണ്ടിങ്ങനെ സൗമ്യതയിൽ പെരുമാറുന്നു?” അലി (റ) പറഞ്ഞു: “ഉസ്മാനെ അല്ലാഹുവിൽ സത്യം, നിങ്ങൾക്ക് വേണ്ടി (നിങ്ങളുടെ അവകാശത്തിന്) അല്ലാഹു ഖുർആൻ ഇറക്കിയിരിക്കുന്നു. കഅബയുടെ താക്കോൽ അതിന്റെ അവകാശികൾക്ക് തിരിച്ചേൽപ്പിക്കാൻ അല്ലാഹു മുഹമ്മദ് നബി (സ) യോട് നിർദേശിക്കുകയുണ്ടായി. അത്‌ കാരണത്താലാണ് ഞാൻ നിങ്ങൾക്ക് ഇത് തിരിച്ചേൽപ്പിച്ചത്.” ഇത് കേൾക്കണ്ട താമസം ശഹാദത്ത് കലിമ ചൊല്ലി ഉസ്മാൻ ഇസ്‌ലാം സ്വീകരിച്ചു. അങ്ങനെ ജിബ്‌രീൽ (അ) വീണ്ടും ഇറങ്ങി, ഖുർആൻ ആയത്ത് ആയിട്ടല്ല മറിച്ച് നബി (സ)ക്കുള്ള നിർദ്ദേശമായിട്ടാണ്. എന്നിട്ട് പറഞ്ഞു: “മുഹമ്മദേ, എണീക്കുക. എന്നിട്ട് ഉസ്മാനെ അറിയിക്കുക കഅബയുടെ താക്കോൽ അന്ത്യ നാൾ വരേക്കും താങ്കളുടെ തലമുറകളുടെ കയ്യിൽ സുരക്ഷിതവുമായിരിക്കുമെന്ന്.” ഇതാണ് ഇസ്‌ലാം.

ഉസ്മാൻ ബ്‌നു ത്വൽഹക്കും കുടുംബത്തിനും അതൊരു മഹത്തായ പദവിതന്നെയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ പദവി തലമുറകളായി ഇപ്പോഴും തുടർന്നു വരുകയാണ്. അദ്ദേഹത്തിന്റെ 108മത്തെ പൗത്രൻ ശെയ്ഖ് സലാഹ് അൽ ശൈബയുടെ കൈവശമാണ് ഇന്ന് കഅബയുടെ താക്കോൽ‌. കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരനെ ‘സാദിൻ’ എന്ന് പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്.

ഇതാണ് ഇസ്‌ലാമിലെ നീതി, മറ്റെന്തിനാണ് ഇതിനോട് കിടപിടിക്കാനാകുക?

Related Articles