മദീനയിലെ ജനങ്ങൾ അലി ഇബ്നു അബീത്വാലിബിനെ (റ) സമീപിച്ചു ഈ ദുസ്സഹ ദിനങ്ങൾക്ക് ഒരറുതി വേണമെന്നും, നേതൃത്വം ഏറ്റെടുക്കണമെന്നും അവരഭ്യർത്ഥിച്ചു.
അലി(റ) ക്ക് ഉത്തരം എളുപ്പമായിരുന്നു.”അത് ഞാൻ തീരുമാനിക്കേണ്ട സംഗതിയല്ല. ബദ്റിലെ പോരാളികളുടെ കയ്യിലാണ് അത് കുടി കൊള്ളുന്നത്. ആരെയാണോ അവർ തീരുമാനിക്കുന്നത് അവർ ഖിലാഫത്ത് ഏറ്റെടുക്കട്ടെ”
അത്തരം കൂടിച്ചേരലുകൾക്ക് സമയമില്ലാത്ത രീതിയിൽ പ്രശ്നം മൂർച്ഛിച്ചു കൊണ്ടിരുന്നു. ഖലീഫയുടെ കൊലക്ക് ഉത്തരവാദികൾ മുസ്ലിങ്ങളിൽപെട്ടവർ തന്നെയാണെന്നത് വലിയ ചർച്ചകളിലേക്ക് നയിച്ചു. സാഹചര്യങ്ങളുടെ കാലുഷ്യം നേതൃത്വം ഏറ്റെടുക്കാതിരിക്കാനാവില്ലെന്ന അവസ്ഥ സൃഷ്ടിച്ചു. മനസ്സില്ലാ മനസ്സോടെയാണ് ആ സാഹചര്യത്തിൽ അലി നേതൃത്വം ഏറ്റെടുത്തതെന്ന് കരുതുന്നവർ ഏറെയാണ്. മുൻഗാമികളായ മൂന്ന് ഖലീഫമാരുടെ കാലത്തും നിയമജ്ഞൻ എന്ന നിലയിൽ അലിയുടെ സ്തുത്യർഹമായ സേവനം കേൾവി കേട്ടതാണ്. ആ അർത്ഥത്തിൽ ജനങ്ങൾ അലി(റ)യിൽ പ്രതീക്ഷ അർപ്പിക്കുക തികച്ചും സ്വാഭാവികമായിരുന്നു.
ജനങ്ങളിൽ വ്യക്തമായ ചേരി തിരിവുകൾ സംഭവിച്ചു കഴിഞ്ഞു. ഉസ്മാന്റെ രക്തം പുരണ്ട കുപ്പായം ഡമാസ്കസിലെ പള്ളിയിൽ തൂങ്ങിക്കിടന്നു. അദ്ദേഹത്തിന്റെ ഘാതകരെ ശിക്ഷിക്കണമെന്ന അഭിപ്രായമുള്ളവരും അനിവാര്യമായ ചരിത്ര സംഭവമെന്ന നിലയിൽ വീക്ഷിച്ചവരും അലിയുടെ ഉത്തരവാദിത്ത നിർവ്വഹണത്തെ പ്രയാസമേറിയാതാക്കി കൊണ്ടേയിരുന്നു. തീരുമാനം വൈകിയതോടെ ഖവാരിജ് എന്ന പേരിൽ തീവ്ര സ്വഭാവമുള്ള ചിലർ ഉടലെടുത്തു.
ഉസ്മാൻ(റ)ന്റെ ചോരക്ക് പകരം ചോദിക്കാനായി ചിലർ നേതൃത്വത്തോട് യുദ്ധത്തിനിറങ്ങി. ഇരുപക്ഷത്തുമുള്ള പ്രഗത്ഭരായ സ്വഹാബിമാരെ അറിയുമ്പോൾ അധികാരത്തിനും, അധികാരമുപയോഗിച്ചുള്ള നീതി നിർവഹണത്തിനും വേണ്ടിയുള്ള അഭിപ്രായാന്തരങ്ങളിൽ ഈ ഉമ്മത്തിന് നഷ്ടപ്പെട്ടു പോയ ഐക്യവും, സമാധാനവും വിശ്വാസികളെ സങ്കടപ്പെടുത്താതിരിക്കില്ല. തുടർന്ന് അലി(റ) കൊല്ലപ്പെടുന്നു.
ആദ്യത്തെ നാല് ഖലീഫമാരാണ് റാഷിദൂൻ എന്ന് വിളിക്കപ്പെടുന്ന റാഷിദൂൻ ഖലീഫമാർ(ശരിയായി മാർഗദർശനം ചെയ്യപ്പെട്ടവർ). നീതി യഥാവിധി നിർവഹിക്കപ്പെട്ടു എന്നതാണ് ആ കാലത്തെ മനോഹരമാക്കുന്നത്. നീതിയുണ്ടെങ്കിൽ സമാധാനം ഇല്ലാതിരിക്കില്ലല്ലോ? പ്രവാചകൻ വിടവാങ്ങിയതിനു ശേഷം 29 വർഷം നീണ്ടു നിന്ന സുവർണ്ണ കാലഘട്ടം. അതിൽ അവസാന വർഷങ്ങളിൽ സമാധാനം അതിന്റെ മാളങ്ങളിലേക്ക് പിൻവലിഞ്ഞിരുന്നതായി തോന്നാം.
ഖലീഫ ആയിരിക്കേ തന്റെ നഷ്ടപ്പെട്ട പടയങ്കി ജൂത മതസ്ഥന്റെ അടുക്കൽ കണ്ടെത്തിയപ്പോൾ, അത് തിരിച്ചു കിട്ടാൻ അലി(റ) കോടതിയെ സമീപിക്കുന്നുണ്ട്. മതിയായ തെളിവുകളുടെ അഭാവത്തിൽ ഖലീഫക്കെതിരെ ജഡ്ജിയുടെ വിധി! ഇസ്ലാമിക വ്യവസ്ഥിതിയുടെ നീതിബോധത്തിന്റെ തെളിച്ചം യഹൂദനിൽ പകരാൻ ആ സംഭവം കാരണമാവുകയും ചെയ്തു.
അധികാര തർക്കങ്ങളാൽ കളങ്കിതമായപ്പോൾ ഖിലാഫത്ത് എന്ന ഉത്തരവാദിത്തം ദുരധികാരപ്രവണതയിലേക്ക് വഴിമാറി. പിന്നീടുളളത് ഉമവീ കാലഘട്ടത്തിലെ ഭരണാധികാരികളാണ്. അവർ രാജാക്കന്മാർ എന്നും വിളിക്കപ്പെട്ടു. അലി(റ) വിൽ നിന്ന് മുആവിയ(റ) ലേക്കുള്ള അധികാര മാറ്റവും പ്രശ്നകലുഷിതമായിരുന്നെങ്കിലും തുടർന്നുള്ള ഭരണം മകൻ യസീദ് ഏറ്റെടുത്തതോടെ കുടുംബാധിപത്യത്തിലേക്കു വഴിമാറി. യസീദ്, മുആവിയ രണ്ടാമൻ, മർവാൻ, അബ്ദിൽ മലിക്,അൽ വലീദ് ,സുലൈമാൻ തുടങ്ങി പിതാവിൽ നിന്ന് മക്കളിലേക്ക് അധികാരം കൈമാറ്റചെയ്യപ്പെടുന്ന പുത്തൻ രീതി സ്ഥാപിക്കപ്പെട്ടു. അത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ച പ്രവാചക പൗത്രൻ ഹുസൈൻ(റ) ദാരുണമായ വധം ഉൾപ്പെടെ ഒരുപാട് ദുരന്തങ്ങൾ ഇസ്ലാമിക സമൂഹം ഏറ്റുവാങ്ങിയത് ഈ കാലഘട്ടത്തിന്റെ ശോഭ കെടുത്തി.
ഒടുവിൽ അധികാര കൈമാറ്റത്തിൽ സുലൈമാൻ ഇബ്നു അബ്ദിൽ മലിക്ക് രാജാവ് ചെറിയ ഒരു വിത്യാസം വരുത്തി. മരണത്തിനുമുമ്പേ അദ്ദേഹത്തിന്റെ ഒരു രഹസ്യ വസ്വിയത്ത് ഉണ്ടായിരുന്നു. സഹോദരിയുടെ ഇണയായിരുന്ന ഉമർ ഇബ്നു അബ്ദുൽ അസീസ് ആയിരിക്കണം പുതിയ ഭരണാധികാരിയെന്ന്. ആൾ ഉമർ ഇബ്നു ഖത്താബിന്റെ കൊച്ചുമകനായി വരും. പാലിൽ വെള്ളം ചേർക്കുന്നതിൽ ഉമ്മയോട് തർക്കിച്ച ആ പഴയ പാൽക്കാരി പെണ്ണിന്റെ പരമ്പര. അനിവാര്യമായ നിയോഗം.
വിവരം അറിഞ്ഞതോടെ അന്ധാളിച്ചു പോയ ഉമർ ഇബ്നു അബ്ദുൽ അസീസ് ഡമാസ്കസിലെ പള്ളിയിലെത്തി ജനങ്ങളോടായി പറഞ്ഞു. ‘ ഞാൻ ആഗ്രഹിച്ചിട്ടല്ല ഈ ഉത്തവാദിത്തം എന്നിലേക്കെത്തിയത്. ഇതാ ഇത് നിങ്ങൾക്ക് തന്നെ തിരിച്ചേൽപ്പിക്കുന്നു”
നഷ്ടപ്പെട്ടുപോയ ഖിലാഫത്ത് എങ്ങിനെ പുനസ്ഥാപിക്കാമെന്ന ജീവിതഗാഥയുമായി ഉമർ ഇബ്നു അബ്ദുൽ അസീസ്(റ) ചരിത്രമെഴുതുകയായി . അതൊരു കിടിലൻ ജീവിതമാണ്. ഓരോ മനുഷ്യനും അറിയേണ്ടുന്ന ജീവിതം!
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp