Current Date

Search
Close this search box.
Search
Close this search box.

ഇമാം അഹ്മദുബ്നു ഹമ്പൽ(റ)

ഹി.164 റബീഉൽ ആഖിർ/ ക്രി.വ 780 നവംബർ മാസത്തിൽ ബഗ്ദാദിൽ സുമയ്യയുടെയും, മുഹമ്മദിന്റെയും മകനായാണ് ജനനം . ഇമാമുസ്സുന്ന എന്ന അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. വിധവയായ സ്വഫിയ്യയുടെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നു വലുതായത്. ഏറേ പ്രയാസങ്ങളും, പ്രതിസന്ധികളും തന്നെ നിരന്തം വലയം ചെയ്തിട്ടും പ്രപഞ്ച നാഥനെ മറക്കാതെ, മുഴുവൻ കാര്യങ്ങളും അവനിലേക്ക് ഭരമേൽപ്പിച്ചു കൊണ്ട് ഒരു മാതൃകാ ജീവിതം കെട്ടിപ്പൊക്കുകയായിരുന്നു ആ മഹാനുഭാവൻ. അങ്ങനെ പിൽക്കാലത്ത് പ്രശസ്തനായ ഹദീഥ് പണ്ഡിതനും, കർമശാസ്ത്ര വിശാരദനും, നാലു കർമശാസ്ത്ര മദ്ഹബിലൊന്നായ ഹമ്പലി മദ്ഹബിന്റെ സ്ഥാപകനുമായി ഇമാം അഹ്മദുബ്നു ഹമ്പൽ മാറുകയായിരുന്നു.

ജീവിതം ഏറേ ക്ലേശകരമായിട്ടു പോലും, മകനെ വിദ്യയഭ്യസിപ്പിക്കാൻ പ്രിയ മാതാവ് ഏറെ താൽപര്യപ്പെട്ടിരുന്നു. മകന്റെ വിദ്യാഭ്യാസത്തിനു വേണ്ടി കയ്യിലുള്ള രണ്ട് വൈരക്കല്ല് വിറ്റ സംഭവം വരെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് കാണാം. തന്റെ ജീവിതത്തിന് വേണ്ടി ഏറേ കഷ്ടപ്പാടുകളും മൗന നൊമ്പരങ്ങളും സഹിച്ച സ്വന്തം ഉമ്മയ്ക്ക് തിരിച്ച് പ്രത്യുപകാരം ചെയ്യണമെന്നുള്ളത് അദ്ധേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പഠനത്തിന്റെ കൂടെ ചെറിയ ജോലികളും അദ്ധേഹം ചെയ്തു തുടങ്ങിയിരുന്നു. അങ്ങനെയാണ് തന്റെ വാടക കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന നെയ്ത്തുകാരനിൽ നിന്ന് നെയ്ത്തു പഠിച്ച് അയാളുടെ സഹായിയായി ജോലി ചെയ്തു തുടങ്ങിയത്. ദൂരദിക്കുകളിൽ യുദ്ധത്തിനു പോയ പട്ടാളക്കാരുടെ ഭാര്യമാർക്ക് ഭർത്താക്കന്മാര് അയക്കുന്ന കത്തുകൾ വായിച്ചു കൊടുക്കാനും തങ്ങൾ പറഞ്ഞു കൊടുക്കുന്ന മറുപടി എഴുതി കൊടുക്കാനും വിശ്വസ്തനായ അഹ്മദിനെത്തന്നെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്. ഇതും അദ്ദേഹത്തിന് ഒരു വരുമാന മാർഗമായി.

നാഥനിൽ ഭരമേൽപ്പിച്ച് തന്റെ ജീവിതത്തിൽ ഒരു പിഴവ് പോലും സംഭവിക്കാതിരിക്കാൻ അത്രമേൽ സൂക്ഷിച്ച് കൊണ്ടുള്ള ജീവിതമായിരുന്നു ആ മഹാന്റേത്. എത്രത്തോളമെന്നാൽ, അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചിന്തിക്കുകയോ, സംസാരിക്കുകയോ, തിന്നുകയോ, കുടിക്കുകയോ ചെയ്തിരുന്നില്ല. തന്റെ റബ്ബിനെ സൂക്ഷിച്ചതുപോലെ, അവന്റെ റസൂലിന്റെ ജീവിതചര്യ പിൻപറ്റാനും അദ്ധേഹം ഒരു മടിയും കാണിച്ചില്ല. സൽസ്വഭാവം, അങ്ങേയറ്റത്തെ വിനയം, ഭയഭക്തി, മൂർച്ചയേറിയ ജ്ഞാനം എന്നതിലൂടെയൊക്കെ ജനങ്ങളുടെ ഇഷ്ട പ്രിയനായിമാറി.!

അറിവിന്റെ പ്രാധാന്യവും, അതിന്റെ മഹത്വവും, നമ്മുടെ ഇമാമുമാർ അറിവുകളെ രുചിച്ചറിഞ്ഞതിനെ കുറിച്ചുമൊക്കെ നമുക്ക് പരസ്പരം പറയുവാനും, പങ്കുവെക്കാനും വളരെ എളുപ്പമാണ്. ഭൗതിക സുഖവും പ്രതാപവും ആഗ്രഹിക്കാത്ത ഒരു പരമ സ്വാത്വികനായതു കൊണ്ടു തന്നെ ഭൗതികപഠനത്തെക്കാൾ മതപഠനങ്ങളെ കുറിച്ച് സംസാരിക്കുവാനും, പറഞ്ഞു കൊടുക്കുവാനും ചർച്ച ചെയ്യാനുമായിരുന്നു കൂടുതൽ അദ്ധേഹം താൽപര്യപ്പെട്ടിരുന്നത്.

ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും ,ഓത്തുപള്ളിയിൽ നിന്ന് ഭാഷ ,എഴുത്ത് എന്നതിലൊക്കെ പ്രാവീണ്യം നേടുകയും ചെയ്തു.ബഗ്ദാദിൽ വെച്ച് ശരീഅത്തും,ഹദീഥും പഠിക്കാൻ തുടങ്ങി. കുറേ പ്രശസ്തമായ ഗുരുക്കളുടെയൊക്കെ ശിഷ്യനാവാനുള്ള മഹാഭാഗ്യം അദ്ധേഹത്തിന് ഉണ്ടാവുകയും ചെയ്തു. പണ്ഡിതനായ ഹുശൈം,ഇമാം അബൂ യൂസുഫ്,അബദുല്ലാഹിബ്നു മുബാറക്, തുടങ്ങി ഇമാം ശാഫിഈ പോലുള്ള മഹാ പ്രഗത്ഭരായ ഗുരുക്കളടങ്ങുന്നു അതിൽ.!

ഹദീഥ് പ്രാവീണ്യം,ശേഖരണം,മന:പാഠം എന്നിവയിൽ അഗാത പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുപോലെ ,ഹദീഥ് നിവേദന രംഗത്ത് ഏറ്റവും നീതിമാനായിരുന്നു അഹ്മദ് എന്ന് ഇബ്നു സഅദിനെ പോലുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ‘ വിശ്വസ്തൻ നമ്മോടു പറഞ്ഞു’ വെന്നു ഇമാം ശാഫിയുടെ ഗ്രന്ഥത്തിൽ പറയുന്നതെല്ലാം പിതാവിനെ കുറിച്ചാണെന്ന് പുത്രൻ അബ്ദുല്ല പറയുന്നത് കാണാം.

ജനങ്ങളിൽ ചിലർ ‘ സംഗമം’ എന്നത് കൂടുതൽ താൽപര്യപ്പെടുന്നവരാണ്. എന്നാൽ ചിലർ ‘ ഏകാന്തത’ ഇഷ്ടപ്പെടുന്നവരും. ഏകാന്തത താൽപര്യപ്പെടുന്ന കൂട്ടത്തിലായിരുന്നു ഇമാം അഹ്മദ്. നിറഞ്ഞ സദസ്സുകളിലൊക്കെ പോകാൻ അദ്ധേഹത്തിന് വലിയ താൽപര്യമുണ്ടായിരുന്നില്ല. അദ്ധേഹം ഏകാന്തതയെ ചേർത്തുപിടിക്കാൻ പല കാരണങ്ങളുമുണ്ടായിരുന്നു. പ്രഥമമായി,ജനങ്ങളുമായി സംഗമിച്ച് ജീവിക്കുമ്പോൾ നാവും,ഹൃദയവും സുരക്ഷിതമായിരിക്കില്ല.അതുപോലെ, ദൈവിക ചിന്ത,ഇബാദത്ത്,ആത്മാർത്ഥത എന്നിവയിൽ ശ്രദ്ധ നഷ്ടപ്പെടാനും അത് കാരണമാകും- ഇതായിരുന്നു അദ്ദേഹത്തെ അലട്ടിയ കാര്യങ്ങൾ.

അറിവുകൾ പറഞ്ഞുകൊടുക്കൽ,മാർഗദർശനം നടത്തൽ,ജുമുഅ- ജമാഅത്ത് എന്നിവ പോലുള്ള സംഗമത്തിലൊക്കെ അദ്ധേഹത്തിന്റെ പങ്ക് സജീവമായിരുന്നു.

പുത്രൻ അബ്ദുല്ല പറയുന്നു:- ഏകാന്തതയിൽ ഏറ്റവും ക്ഷമ കൈകൊള്ളുന്നവനായിരുന്നു പിതാവ്. പള്ളി,ജനാസ,രോഗ സന്ദർശനം എന്നിവയിലല്ലാതെ ആരും അദ്ധേഹത്തെ പുറത്തു കണ്ടിരുന്നില്ല.ഏകാന്തതയാണ് എന്റെ മനസ്സിന് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതെന്ന് അദ്ധഹം പറയാറുമുണ്ടായിരുന്നു.

എഴുപത്തിയേഴാം വയസ്സിൽ പനിയും, മാരകമായ ചില രോഗങ്ങളും അദ്ധേഹത്തിന് പിടികൂടിയുരുന്നു. അങ്ങനെ ജ്ഞാനസമ്പാദനത്താൽ ധന്യമായ ആ ജീവിതം ഹി.241 റബീഉൽ അവ്വൽ 12 ന് വെള്ളിയാഴ്ച നാഥന്റെ വിളിക്ക് ഉത്തരം നൽകി.

Related Articles