Current Date

Search
Close this search box.
Search
Close this search box.

ഉപദേശക്കമ്മിറ്റിക്കാരോട്

തീരെ അധ്വാനം വേണ്ടതില്ലാത്തത് കൊണ്ട് നമ്മിൽ പലരും ആസ്വദിച്ചു ചെയ്യുന്ന മഹാകാര്യമാണ് ഉപദേശം. പണിയോ കുറവ് ; പ്രതിഫലമോ മെച്ചം എന്നാണ് പലരുടെയും വിശ്വാസം. അദ്ദീനുന്നസ്വീഹ : ( മതം ഗുണകാംക്ഷയാണ് )എന്ന ഹദീസിനെ തെറ്റുധരിച്ചത് കൊണ്ടാണോ എന്നറിയില്ല ഏതു ഗ്രാമത്തിലും ചില ഉപദേശക കമ്മിറ്റികൾ എക്കാലത്തും ആ ശൂന്യത ഭംഗിയായി നികത്താൻ ശ്രമിക്കാറുണ്ട്. കുറിപ്പുകാരനറിയാവുന്ന ഒരു യുക്തിവാദി മൗലവിയും ഒരു വനിതാ ആക്റ്റിവിസ്റ്റും ഇത്തരം ഓൺലൈൻ ഉപദേശകരുടെ സൗജന്യ സേവനം കാരണം മതാധ്യാപനങ്ങളിൽ നിന്നകന്നവരാണ്. പറയുന്ന സംഗതികളിൽ ആത്മാർഥതയില്ലാത്തവരായ ഉപദേശകർ നിർവഹിക്കേണ്ടതല്ല സമൂഹത്തിലെ ഗുണകാംക്ഷ / നസ്വീഹത്. അഥവാ അമീനല്ലാത്ത നാസ്വിഹിന് ഉപദേശിക്കപ്പെടുന്നവന്റെ കറകളെ ശുദ്ധീകരിക്കാനുള്ള ചോദനയാവില്ല , പ്രത്യുത ബാധ്യതാ നിർവ്വഹണമാവുമവരുടെ ലക്ഷ്യം.

ന്യൂനതകളിൽ നിന്ന് ശുദ്ധീകരിച്ച്, ഉപദേശിക്കുന്നവന് ഗുണം കാംക്ഷിമ്പോഴാണ് ആ കർമം ശരിയായ നസ്വീഹത് ആവൂ. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് നബി (സ) പ്രബോധകരെ അയക്കുമ്പോൾ പറയാറുണ്ടായിരുന്ന നിങ്ങൾ എളുപ്പമുണ്ടാക്കൂ , പ്രയാസമാക്കല്ലേ ; സന്തോഷ വാർത്ത നല്കൂ , വെറുപ്പിക്കല്ലേ എന്നാണ്. തഹജ്ജുദ് നമസ്കരിക്കാതിരുന്ന സ്വഹാബിയെ അതിൽ ശുഷ്കാന്തി കാണിച്ചിരുന്നവനാക്കിയതും നമസ്കാരത്തിൽ സംസാരിച്ചയാളെ അതിൽ നിന്നും തടഞ്ഞതും പള്ളിയിൽ കയറി മൂത്രമൊഴിച്ചയാളെ കൈകാര്യം ചെയ്തതും തന്റെ കർമ്മങ്ങളെ അളക്കാൻ വന്ന സംഘത്തെ ഉണർത്തിയതുമൊക്കെ വളരെ വിശദമായി ഹദീസുകളിൽ കാണാം. ഉപദേശിക്കുന്നവന്റെ വ്യക്തിപരമായ അവസ്ഥാന്തരങ്ങൾ മനസ്സിലാക്കാതെയുള്ള റെഡിമെയ്ഡ് ഉപദേശങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. സൂറ: ത്വാഹ ( 44 ) യിൽ തനി പോക്കിരിയായ ഫിർഔനോട് പോലും താഴ്മയുള്ള ഭാഷയിൽ സംസാരിക്കാനാണ് മൂസാ നബി (അ)യോട് റബ്ബ് കല്പിക്കുന്നത്.

ഹദീസ് നിദാന ശാസ്ത്ര പണ്ഡിതനായ യഹ്‌യ ബ്നു മഈൻ (റഹ്) പറയുന്നു: “ഒരു മനുഷ്യന്റെ തെറ്റ് തിരുത്താൻ നേർക്കുനേരെ സന്ദർഭം കിട്ടിയാലേ ഞാൻ അങ്ങിനെ ചെയ്യാറുള്ളൂ. അത് മറ്റാരുമറിയാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും ,എന്നിട്ടും അയാൾ തെറ്റിൽ തുടർന്നാൽ ആ പരിപാടി തന്നെ നിർത്തും.” (سير أعلام النبلاء ١١/٨٣)

ഇമാം മുസ്നി തന്റെ ഗുരു ഇമാം ശാഫിഈ (റഹ്) പറഞ്ഞ ഒരു വാചകം ഇങ്ങിനെ ഉദ്ധരിക്കുന്നു : ആരെങ്കിലും തന്റെ സഹോദരനോട് രഹസ്യമായി ഉപദേശിച്ചാൽ അവനെ നന്നാക്കി , അവനോട് പരസ്യമായാണ് ഉപദേശിക്കുന്നതെങ്കിൽ അവനെ അപമാനിച്ചു. (الإحياء ٢/١٨٢ )

ഇമാം ശാഫിഈയുടെ പ്രസിദ്ധമായ കവിത ഈ വിഷയത്തിൽ ഇതേയർഥത്തിൽ അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിലുണ്ട്. ഇമാം ഇബ്നു റജബിന്റെതായും ഇതിനു സമാനമായ ഒരു വാചകമുണ്ട്.

ഒരു ശൈഖ് ഗ്രാമീണനായ തന്റെ ശിഷ്യനോട്: “നിന്റെ കുറവുകളെക്കുറിച്ച് ആരെങ്കിലും നിന്നോട് പറയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
ശിഷ്യൻ : “എനിക്കും അവനുമിടയിലുള്ള കാര്യം മാത്രമായി അവൻ എന്നെ ഉപദേശിച്ചാൽ, അതെ, അതെനിക്ക് വേണം. അയാൾ എന്നെ പരസ്യമായി ഉപദേശിക്കാനാണ് ഭാവമെങ്കിൽ ക്ഷമിക്കണം, അത്തരം വഅ്ളുകൾ ഇവിടെ വേണ്ട ”

രഹസ്യമായുള്ള ഉപദേശത്തിന് സ്നേഹത്തിന്റെയും ഗുണകാംക്ഷയുടെയും സുഗന്ധമുണ്ടാവും;പരസ്യമായ ഉപദേശം മിക്കവാറും അപകീർത്തികരമാണ് എന്ന് സാരം.

ഒരിക്കൽ ഒരു മനുഷ്യൻ അലിയ്യു ബിൻ അബീ ത്വാലിബി(റ)നോട് ആളുകളുടെ മുന്നിൽ വെച്ച് പറഞ്ഞു:”നിങ്ങൾ ഒരു തെറ്റ് ചെയ്തിരിക്കുന്നു. അത്തരം കാര്യങ്ങളിൽ താങ്കളെ ഉപദേശിക്കുവാനാഗ്രഹിക്കുന്നു.” ഇതു കേട്ട അലി (റ): “നിങ്ങൾ എന്നെ ഉപദേശിക്കുകയാണെങ്കിൽ മുഖാമുഖം മാത്രം ഉപദേശിക്കുക. പരസ്യമായി ആളുകൾക്കിടയിൽ ഉപദേശിക്കുമ്പോൾ ഞാൻ നിങ്ങളെയോ നിങ്ങളെന്നെയോ വിശ്വസിക്കുന്നില്ല എന്നാണർഥം”

ഫുദൈലു ബിൻ ഇയാദ് (റഹ്)പറഞ്ഞു: “നമ്മിൽ പലരും നമസ്കാരത്തിന്റെയും നോമ്പിന്റെയും സമൃദ്ധിമൂലമല്ല; പ്രത്യുത
ആത്മ വിശാലത , ഔദാര്യം, സമൂഹത്തോടുള്ള പ്രതിബദ്ധത / നസ്വീഹത് എന്നിവകൊണ്ടാവും ലക്ഷ്യസ്ഥാനം പ്രാപിക്കുക.” അദ്ദേഹം തുടരുന്നു: (വിശ്വാസി രഹസ്യമായി ഉപദേശിക്കുന്നു, അധർമി പരസ്യമായി അപമാനിക്കുന്നു) جامع العلوم و الحكم (ص٧٧).

ഇമാം അബു ഹാതിം ഇബ്നു ഹിബ്ബാൻ (റഹ്) പറയുന്നു: ( എല്ലാ ആളുകൾക്കും ഗുണദോഷിക്കൽ നിർബന്ധമാണ്;പക്ഷേ അത് രഹസ്യമായാവണം. മറ്റുള്ളവനോട് പരസ്യമായി ഗുണദോഷിക്കുന്നവൻ അവനെ അപമാനിച്ചിരിക്കുന്നു. روضة العقلاء (ص١٩٦)

ഇമാം ഇബ്‌നു ഹസ്ം (റഹ്) പറയുന്നു: ((നിങ്ങൾ ഉപദേശിക്കുകയാണെങ്കിൽ, രഹസ്യമായി ഉപദേശിക്കുക, പരസ്യമായിട്ടല്ല; പരസ്യമായി ഉപദേശിക്കുമ്പോൾ വ്യംഗ്യഭാഷ ഉപയോഗിക്കുക, നിങ്ങൾ ഗുണദോഷിക്കാൻ ലക്ഷ്യം വെക്കുന്നയാൾക്കേ അത് വ്യക്തമാകാവൂ )

“നിങ്ങളിൽ നിന്നുള്ള ഉപദേശം അവർ സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥ വെച്ച് ഉപദേശിക്കരുത്, അപ്പോൾ നിങ്ങൾ
ഗുണകാംക്ഷയുള്ളവനല്ല, അനുസരണം തേടുന്നവനോ രാജാവോ ആണ്, വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും അവകാശം പൂർണമായും നിറവേറ്റുന്നയാളായിട്ടില്ല.” الأخلاق والسير (ص٧٧,٤٤)

അബ്ദുൽ അസീസ് ബിൻ അബീ ദാവൂദ് (റഹ്) പറയുന്നു: ( മുൻഗാമികളിൽ ഒരാൾ തന്റെ സഹോദരനിൽ നിന്ന് എന്തെങ്കിലും വീഴ്ച കണ്ടാൽ, അവനോട് ദയാവായ്പോടെ ഗുണദോഷിക്കും, തദ്വാരാ അവന്റെ കൽപ്പനയ്ക്കും വിലക്കലിനും അയാൾക്ക് നാഥങ്കൽ പ്രതിഫലം ലഭിക്കും, അവരിൽ ഒരാൾ തന്റെ കൂട്ടുകാരനെ നിന്ദിക്കുന്ന രീതിയിൽ ദേഷ്യപ്പെട്ട് പരസ്യമായി ഉപദേശിക്കലുണ്ടായിരുന്നില്ല ) جامع العلوم و الحكم (ص٧٧)

ഉമറു ബിൻ അബ്ദുൽ അസീസ് (റഹ്)പറയുന്നു. (ആരെങ്കിലും തന്റെ സഹോദരനെ അവന്റെ ദീനിന്റെ കാര്യത്തിൽ ഉപദേശിച്ചുകൊണ്ട് അവനെ ബന്ധപ്പെടുകയും അവന്റെ നന്മ മാത്രം കാംക്ഷിക്കുകയും ചെയ്താൽ, അവൻ തന്റെ ബന്ധം നിലനിർത്തുകയും അവന്റെ കടമ നിറവേറ്റുകയും ചെയ്തിരിക്കുന്നു…) تاريخ الطبري (٦/٥٧٢)

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles