Current Date

Search
Close this search box.
Search
Close this search box.

സാരഥ്യം അബൂബക്കർ സിദ്ദിഖിലേക്ക്

abubaker sidheeq

ജനങ്ങളുടെ സാരഥ്യം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സല്ലമയിൽ നിന്നും അബൂബക്കർ സിദ്ദിക്കി(റ)ലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് നിർണ്ണായകമായ ഒരു ചരിത്ര മുഹൂർത്തത്തിലായിരുന്നു. ഉമർ(റ) നടത്തിയ സന്ദർഭോചിതമായ ആ കരം ഗ്രഹിക്കലിലൂടെ സംഭവിച്ചത് എന്താണെന്ന് പലരും തിരിച്ചറിയും മുൻപ് തന്നെ നേതൃത്വം സുഗമമായി കൈമാറ്റം ചെയ്യപ്പെട്ടു.

രാഷ്ടത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട ദിനം തന്നെ ചന്തയിലേക്ക് കച്ചവടത്തിന് ഇറങ്ങി പുറപ്പെട്ട അബൂബക്കറിനെ ഉമറാണ് തടഞ്ഞത്. “എന്റെ കുടുംബത്തിന്റെ അന്നത്തിനുള്ള വക എങ്ങിനെ ഉണ്ടാകും?” എന്നായിരുന്നു അബൂബക്കറിന്റെ ന്യായമായ ചോദ്യം. രാഷ്ട്രസാരഥ്യം പ്രവാചക മാതൃക നിലനിർത്താനുള്ള ഉപാധി മാത്രമായി അദ്ദേഹം കണ്ടു. ചുമതലാ ബോധത്തിന്റെ തെളിമ ആയിരുന്നു അബൂബക്കർ(റ). ആ വിഹ്വലതയിൽ ‘അല്ലാഹുവിന്റെ വിചാരണയില്ലാത്ത ഒരു മരമായിരുന്നു ഞാനെങ്കിൽ’ എന്നദ്ദേഹം ആത്മഗതം ചെയ്തു പോയിട്ടുണ്ട്. രാജ്യ പരിപാലനത്തിന്റെ തിരക്കിലും അനാഥയായ ഒരു വൃദ്ധയുടെ വീട്ടിൽ രഹസ്യമായി സേവനത്തിനെത്തുന്ന അബൂബക്കറിനെ കണ്ട് ഉമർ അന്ധാളിച്ചു നിന്ന് പോയിട്ടുണ്ട്. ദൈവികവും മാനവികവുമായ ഒരു ജീവിതക്രമത്തിന്റെ സൃഷ്ടിപ്പിനായി ജീവിതം സമർപ്പിച്ച ഈ രണ്ടു പേരും അല്ലാഹുവിന്റെ പ്രവാചകന്റെ ആദ്യ രണ്ടു ഉത്തരാധികാരികളായി തീർന്നു എന്നതും അല്ലാഹുവിന്റെ പ്രത്യേക തീരുമാനം തന്നെയായിരിക്കാം.

കടുത്ത പനി കാരണം മരണാസന്നനായപ്പോൾ നല്ലൊരു ഭിഷഗ്വരനെ വരുത്തിയാലോ എന്ന സുഹൃത്തുക്കളുടെ ആഗ്രഹം തടയിട്ടു കൊണ്ട് അബൂബക്കർ മൊഴിഞ്ഞത് “ഏറ്റവും വലിയ ഭിഷഗ്വരൻ സമീപിച്ചു കഴിഞ്ഞു” എന്നാണ്. എന്നെയോർത്തുളള ദുഃഖം ഇസ്‍ലാമിക സേവനത്തിൽ നിന്നും നിങ്ങളുടെ നാഥനോടുളള കർമ്മത്തിലും വീഴ്ച വരുത്താതിരിക്കട്ടെ എന്ന മുന്നറിയിപ്പോടെ അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങി.
വിശുദ്ധമായാണ് അബൂബക്കർ(റ) ജനങ്ങളെ നയിച്ചിരുന്നത്. പിൻഗാമിയായി ഉമറിനെ നാമനിർദേശം ചെയ്‍തതിലടക്കം ആ സൂക്ഷ്മത കാണാവുന്നതാണ്. ഖലീഫ ഉപയോഗിച്ച തുച്ഛമായ സാധനങ്ങൾ, ശമ്പളമൊക്കെ പുതിയ നേതാവായ ഉമറിന് കൈമാറ്റം ചെയ്തപ്പോൾ ഉമർ(റ) പറഞ്ഞു പോയതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്-

“അബൂബക്കറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഈ മാതൃക പിൻഗാമികൾക്ക് ഒരു ഭാരം തന്നെയായിരിക്കും”

രാഷ്ട്രസാരഥ്യം ദുഷിപ്പിക്കാത്ത മനുഷ്യരെ കാണേണ്ടതുണ്ടെങ്കിൽ, ഭരണം ജനസേവനമായി പരിവർത്തിപ്പിച്ച മാതൃക കണ്ടെത്തേണ്ടതുണ്ടെങ്കിൽ തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയുടെയും സച്ചരിതരായ ഖലീഫമാരെയും വായിക്കേണ്ടതുണ്ട് !

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles