Current Date

Search
Close this search box.
Search
Close this search box.

അബൂബക്കർ സൃഷ്ടിച്ചെടുത്ത നിശബ്ദതയിൽ കരുത്തനായി ഉമർ

നബിയുടെ ബോധം മറഞ്ഞു. എല്ലാറ്റിന്റെയും ഒടുക്കമെന്നു ആയിശ(റ)ക്കു തോന്നി. കുറെ കഴിഞ്ഞപ്പോൾ അദ്ദേഹം കണ്ണ് തുറന്നു.
“സ്വർഗ്ഗത്തിലെ പരമമായ സംഗമത്തോടൊപ്പം’ അതോ ‘കൂട്ടുകാരോടൊപ്പം’ എന്നോ?
റസൂൽ കൊതിച്ചിരുന്ന ആ യാത്ര തുടങ്ങി എന്നുറപ്പിച്ചപ്പോൾ ആയിശ(റ) മടിയിലുണ്ടായിരുന്ന ആ ശിരസ്സ് പതുക്കെ താഴെ ഇറക്കി വച്ചു.
തന്റെ ദുഖവും ജനങ്ങളുടെ ദുഖവും മരണത്തിന്റെ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ലോകത്തിന്റെ അതിരുകളിലേക്കു വ്യാപിക്കാൻ തുടങ്ങേണ്ടതുണ്ടെന്ന് അവർക്കു തോന്നി. ചിറകറ്റ പക്ഷിയെ പോലെ ഒരു നിലവിളിയോടെ പുറത്തേക്കു വന്ന ആയിശ(റ) ഇങ്ങിനെയാണ് പറഞ്ഞു പോയത് കേട്ടോ.

‘അദ്ദേഹത്തിന് വേണ്ടിയല്ല ഞാൻ കരയുന്നത്. ഇതിനേക്കാൾ മെച്ചമുള്ള ഒരു ലോകത്തേക്കാണ് അദ്ദേഹം പോയിരിക്കുന്നത് എന്നെനിക്കുറപ്പാണ്. ഞാൻ വിലപിക്കുന്നത് ഞങ്ങളിൽ നിന്ന് സ്വർഗത്തിന്റെ ബന്ധനം അറ്റു പോയല്ലോ എന്നോർത്താണ്’

ജനങ്ങൾ സ്തബ്ധരായി. ഇസ്ലാം ആശ്ലേഷിച്ചശേഷം ആദ്യമായി കരുത്തനായ ഉമർ ഫാറൂഖ് (റ) വിന്റെ വിവേകം നഷ്ടപ്പെട്ടു. ഉമർ ഈ വാർത്ത വിശ്വസിക്കാൻ വിസമ്മതിക്കുക മാത്രമല്ല അങ്ങിനെ ആരെങ്കിലും പറഞ്ഞാൽ എന്റെ വാൾ സംസാരിക്കും എന്ന് ഭീഷണി മുഴക്കുക കൂടി ചെയ്തു. ആയിശ പിതാവായ അബൂബക്കർ സിദ്ദിഖിനോട്(റ) കാര്യമറിയ്ക്കുന്നു. പാഞ്ഞെത്തി സ്വന്തം ചങ്ങാതിയുടെ അനക്കമറ്റ മുഖത്ത് ചുംബനമർപ്പിച്ച ശേഷം അദ്ദേഹം ജനങ്ങളുടെ നേരെ തിരിഞ്ഞു. അവർ വിലാപത്തിലും, ആശങ്കയിലുമൊക്കെ ആയിരുന്നു.

“മുഹമ്മദിനെയാണ് നിങ്ങൾ ആരാധിച്ചിരുന്നതെങ്കിൽ നിങ്ങൾ അറിയുക. മുഹമ്മദ് മരിച്ചു കഴിഞ്ഞു. അതല്ല അല്ലാഹുവിനെയാണ് നിങ്ങൾ ആരാധിച്ചിരുന്നുവെങ്കിൽ നിങ്ങളറിയുക അല്ലാഹു എല്ലാ കാലത്തും ജീവിച്ചിരിക്കും അവൻ മരിക്കുകയില്ല”
പിന്നീടദ്ദേഹം വിശുദ്ധ ഖുറാനിൽ നിന്നുള്ള ഒരു സൂക്തം ഓതി “മുഹമ്മദ് ഒരു ദൈവദൂതൻ മാത്രമാണ്. അദ്ദേഹത്തിന് മുൻപും ദൈവദൂതർ ഉണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞു പോകുമോ”? (3 : 144
വിശുദ്ധ ഖുർആന്റെ വചനങ്ങൾ കേട്ടമാത്രയിൽ നഷ്ടപ്പെട്ട വിവേകം ഉമറിൽ തിരിച്ചെത്തുന്നു. അബൂബക്കർ സൃഷ്ടിച്ചെടുത്ത നിശബ്ദതയിൽ കരുത്തനായ ഉമർ, മൃദു സ്വാഭാവിയായ അബൂബക്കറിന്റെ കരം പിടിച്ചു കൊണ്ട് അനുസരണം പ്രഖ്യാപിക്കുന്നു. ആദ്യ ഖലീഫ.

ജനങ്ങൾക്ക് വേണ്ടത് വേണ്ട സമയത്ത് നല്കുന്ന അവരുടെ സേവകനെന്ന ഉത്തരവാദിത്തം നിർവഹിച്ചു എന്നത് തന്നെയാണ് അബൂബക്കറിനെ ആ സ്ഥാനത്തിനർഹനാക്കിയത്. വ്യക്തിക്കപ്പുറത്തേക്കും സന്ദേശം നിലനിൽക്കേണ്ടതുണ്ട് എന്ന് ആ നിമിഷത്തിൽ തിരിച്ചറിഞ്ഞത് അബൂബക്കർ(റ) മാത്രമായിരുന്നു.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles