Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു എവിടെ ?

സമകാലീന മുസ്ലിംലോകം അകപ്പെട്ട ചിന്താ വൈകല്യത്തെയും അന്വേഷണ വൈകൃതത്തെയും സംബന്ധിച്ച തൻറെ വ്യഥകൾ വിവരിക്കവെ ശൈഖ് മുഹമ്മദുൽ ഗസാലി എഴുതി:
“ഒരു ചെറുപ്പക്കാരൻ വാതിലിൽ മുട്ടി. അയാളുടെ കണ്ണുകളിൽ ബുദ്ധിശക്തിയുടെയും ധീരതയുടെയും തിളക്കമുണ്ട്. അയാൾ പറഞ്ഞു:”ഞാൻ താങ്കളുടെ ചില ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ മനസ്സിലാക്കണമെന്നുണ്ട്.ചില കാര്യങ്ങൾ ചോദിക്കട്ടെ?”
“ഒറ്റ ചോദ്യം വളരെ തിരക്കിലാണ്.” ഞാൻ പറഞ്ഞു.
“അല്ലാഹു ആകാശത്തിലാണെന്ന വാദത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?”
ഇത്തരത്തിലുള്ള പല ചെറുപ്പക്കാരെയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ചോദ്യം അപ്രതീക്ഷിതമായിരുന്നു. അല്പം ആലോചിച്ചതിനു ശേഷം ഞാൻ പറഞ്ഞു:”എങ്ങനെയാണ് താങ്കൾക്ക് മറുപടി തരേണ്ടതെന്ന് എനിക്കറിയില്ല. ഞാൻ മുസ്ലിംകളിൽ പെട്ടവനാണ്. അത്യുന്നതനായ എൻറെ രക്ഷിതാവിനെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവിൻറെ മഹത്വത്തെയും ഔന്നത്യത്തെയും പറ്റി ഞാൻ സദാ ആലോചിക്കുന്നു. ‘അവർ തങ്ങളുടെ മുകളിലുള്ള നാഥനെ ഭയപ്പെടുകയും അവനാൽ നൽകപ്പെടുന്ന ശാസനകളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു’വെന്ന് വിശേഷിപ്പിക്കപ്പെട്ടവരിൽ ഒരാളായി മാത്രമേ ഞാൻ എന്നെ ഗണിക്കുന്നുള്ളൂ. താങ്കൾ എന്നോട് ‘മുകൾ വാദ’ത്തെപ്പറ്റി ചോദിക്കുന്നു. എനിക്കറിയില്ല!

ആകാശം നമുക്ക് മുകളിലും ഭൂമി നമുക്ക് താഴെയുമാണ് എന്ന് പറയുന്ന ബുദ്ധിയുള്ളവരുടെ ഗണത്തിലാണ് ഞാൻ. എൻറെ വൈജ്ഞാനിക ചക്രവാളം വികസിച്ചപ്പോൾ ഞാൻ മനസ്സിലാക്കി, ഞാൻ അധിവസിക്കുന്ന ഭൂമി സഞ്ചരിക്കുന്ന ഗോളമാണെന്ന്. അതും സഹോദര ഗ്രഹങ്ങളും മാതാവായ സൂര്യനോടൊത്ത് അവയുടെ ഭ്രമണ പഫങ്ങളിലൂടെ വ്യവസ്ഥാപിതമായി കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നും.

ആകാശഗംഗയെപ്പോലെ നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞ നിരവധി താര സമൂഹങ്ങൾ വാന ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നിരന്തര ഗവേഷണത്തിനും പരീക്ഷണത്തിനും പര്യവേക്ഷണത്തിനു ശേഷം പ്രപഞ്ചത്തിൻറെ അതിരുകൾ കണ്ടെത്തിയിരിക്കുന്നു എന്നവർ ധരിച്ചുവശായി. എന്നാൽ കോടാനുകോടി പ്രകാശവർഷങ്ങളുടെ ദൂരത്തിൽ കൂടുതൽ ദീപ്തമായ, കത്തിജ്വലിക്കുന്ന വേറെയും താരങ്ങളും ക്ഷീരപഥങ്ങളുമുണ്ടെന്ന് പിന്നീടവർ നിരീക്ഷിച്ചറിഞ്ഞു. പ്രപഞ്ചം തങ്ങൾ കാണുന്നതിനേക്കാളും വിശാലമാണെന്ന് അവർ മനസ്സിലാക്കി.

ഈ കണ്ടെത്തലുകൾ എന്നെ ആശ്ചര്യപ്പെടുത്തിയില്ല. എൻറെ രക്ഷിതാവിനോടുള്ള ആദരവ് വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. അവൻ നിർമ്മിക്കുകയും വിശാലമാക്കുകയും ചെയ്തവൻ. സൃഷ്ടിക്കുകയും മനോജ്ഞമാക്കുകയും ചെയ്തവൻ.”(പ്രബോധകൻറെ മനോവ്യഥകൾ.പുറം:26,27)

അല്ലാഹു ആരുടെയും ഒന്നിൻറെയും ആശയം ആവശ്യമില്ലാത്തവനാണ്. അവൻ പദാർത്ഥാതീതനാണ്. അതിനാൽ ഇടം ആവശ്യമില്ലാത്തവനും. അതുകൊണ്ടുതന്നെ അവനെ സംബന്ധിച്ച് എവിടെ എന്ന ചോദ്യം തീർത്തും അപ്രസക്തമാണ്.

എന്നാൽ “അല്ലാഹു എവിടെ” എന്ന ഒരു വൃദ്ധയുടെ ചോദ്യത്തിന് “ആകാശത്ത്” എന്ന പ്രവാചകൻറെ മറുപടി അക്ഷരത്തിലെടുത്ത് അങ്ങനെ ഒരാൾ വിശ്വസിച്ചാൽ അക്കാരണത്താൽ അയാൾ അവിശ്വാസിയോ നരകാവകാശിയോ ആവുകയില്ല. ആകാശത്ത് എന്നതിൻറെ ഉദ്ദേശ്യം മുകളിൽ എന്നാണെന്നും അഥവാ മനുഷ്യമനസ്സുകൾക്ക് ആലോചിച്ച് കണ്ടെത്താവുന്നതിനെക്കാളുപരിയും മഹാനുമാണെന്നുമാണ് പ്രവാചകൻ പറഞ്ഞതിനെ ഉദ്ദേശ്യമെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അതിൻറെ പേരിലും അവിശ്വാസിയോ നരകാവകാശിയോ ആവുകയില്ല.

അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിൻറെ ചിന്തയും പഠനവും അന്വേഷണവും ഇത്തരം അനാവശ്യ കാര്യങ്ങൾക്ക് പാഴാക്കാതെ പ്രയോജനപ്രദമായ വിഷയങ്ങൾക്ക് വിനിയോഗിക്കേണ്ടതാണ്.

അടിസ്ഥാന വിശ്വാസ കാര്യങ്ങളുമായോ ആരാധനാകർമങ്ങളുമായോ ജീവിത വ്യവഹാരങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത പ്രവാചക വചനങ്ങളും കർമ്മശാസ്ത്ര പ്രശ്നങ്ങളും ചർച്ചക്കെടുത്ത് വാദ വിവാദങ്ങൾ നടത്തുന്നതും ഇവ്വിധം തന്നെ തീർത്തും പാഴ് വേലയാണ്. പലപ്പോഴും വളരെയേറെ അപകടകരവും.

Related Articles