Current Date

Search
Close this search box.
Search
Close this search box.

മനുഷ്യർക്കു വേണ്ടി ദൈവത്തോട് തർക്കിച്ച ദൈവദൂതൻ

സദൂം സമൂഹം സാമാന്യ മര്യാദയോ സദാചാര നിർദ്ദേശങ്ങളോ ധാർമികാധ്യാപനങ്ങളോ ഒട്ടും പാലിച്ചിരുന്നില്ല. അതിനാൽ അവരുടെ സംസ്കരണത്തിനായി അല്ലാഹു ലൂത്വ് നബിയെ നിയോഗിച്ചു. അദ്ദേഹം അവരോട് സ്വവർഗ രതി ഉപേക്ഷിച്ച് വൈവാഹിക ജീവിതം നയിക്കാൻ ആവശ്യപ്പെട്ടു. നിരവധിതവണ നിരന്തരം അദ്ദേഹം അവരോട് സംസാരിച്ചുവെങ്കിലും അവരതംഗീകരിച്ചില്ല. അത്യന്തം മ്ലേഛമായ ഹീന വൃത്തി അവിരാമം തുടർന്നു. അതിനാൽ അല്ലാഹു അവരെ ശിക്ഷിക്കാൻ തീരുമാനിച്ചു. അപ്പോൾ അക്കാര്യത്തിൽ ഇടപെട്ടു കൊണ്ട് ഇബ്രാഹീം നബി അവർക്കു വേണ്ടി അല്ലാഹുവോട് തർക്കിച്ചു.

ബൈബിൾ ഉല്പത്തി പുസ്തകത്തിൽ അതിങ്ങനെ ഉദ്ധരിക്കുന്നു.:”എന്നാൽ അബ്രഹാം കർത്താവിൻറെ സന്നിധി വിട്ടുപോയില്ല. അയാൾ കർത്താവിൻറെ അടുത്തേക്ക് ചെന്ന് ചോദിച്ചു: നീ ദുഷ്ടന്മാരുടെ കൂടെ ധർമിഷ്ടരെയും നശിപ്പിക്കുമോ? ആ നഗരത്തിൽ അമ്പത് ധർമിഷ്ടരുണ്ടെന്ന് സങ്കൽപിക്കുക. അങ്ങനെയെങ്കിൽ നീ ആ നഗരത്തെ നശിപ്പിക്കുമോ? ആ അമ്പത് ധർമിഷ്ടർ നിമിത്തമെങ്കിലും നീ നഗരത്തെ രക്ഷിക്കയില്ലേ?ദുഷ്ടന്മാരോട് കൂടെ ശിഷ്ടന്മാരെയും സംഹരിക്കുന്നത്, ദുഷ്ടന്മാരുടെ അനുഭവം ശിഷ്ടന്മാർക്കും വരുത്തുന്നത് നിനക്കു ചേർന്നതല്ല. അത് നിനക്ക് തീരേ ചേർന്നതല്ല. ഭൂമിയൊക്കെയും വിധികർത്താവായവൻ നീതി ചെയ്യാതിരിക്കുമോ? കർത്താവ് അരുൾ ചെയ്തു:സദോമിൽ അമ്പത് ധർമിഷ്ടരെ നഗരത്തിനുള്ളിൽ കണ്ടെത്തുന്ന പക്ഷം അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും. അബ്രഹാം പ്രതിവചിച്ചു: നോക്കൂ! കേവലം പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കാൻ മുതിരുന്നു. പക്ഷേ അമ്പത് ധർമിഷ്ടർ വേണ്ടിടത്ത് അഞ്ചുപേർ കുറവുണ്ടെങ്കിൽ ആ അഞ്ചുപേർക്ക് വേണ്ടി നീ നഗരത്തെ നശിപ്പിക്കുമോ? കർത്താവ് അരുൾ ചെയ്തു: ഇല്ല. നാല്പത്തഞ്ച് പേരെ അവിടെ കാണുന്ന പക്ഷം ഞാൻ നഗരം നശിപ്പിക്കുകയില്ല. അബ്രഹാം വീണ്ടും ചോദിച്ചു: നാല്പത് പേരെ അവിടെ കാണുന്നുവെങ്കിലോ? അവൻ അരുൾ ചെയ്തു…. അവസാനം അബ്രഹാം വീണ്ടും അരുൾ ചെയ്തു. കർത്താവേ, എന്നോട് കോപിക്കരുതേ. ഞാൻ ഈ ഒരു പ്രാവശ്യം കൂടി മാത്രമേ സംസാരിക്കൂ. അവിടെ പത്ത് പേരെ കാണുന്നുവെങ്കിലോ? അവൻ അരുൾ ചെയ്തു: ആ പത്തുപേരെ കരുതി ഞാൻ അത് നശിപ്പിക്കുകയില്ല.”(18:23-32)

മനുഷ്യർക്കു വേണ്ടി അല്ലാഹുവോട് തർക്കിച്ച ഇബ്രാഹീം പ്രവാചകനെ അല്ലാഹു വളരെയേറെ പ്രശംസിക്കുകയാണുണ്ടായത്. അതേക്കുറിച്ച് അള്ളാഹു പറയുന്നു: ലൂത്വിൻറെ ജനതയുടെ കാര്യത്തിൽ അദ്ദേഹം നമ്മോട് തർക്കിച്ചു തുടങ്ങി. ഉറപ്പായും ഇബ്റാഹീം അങ്ങേയറ്റം ക്ഷമാശീലനും ഏറെ ദയാലുവുമാണ്.സദാ പശ്ചാത്തപിക്കുന്നവനും.(ഖുർആൻ.11:74,75)

തന്നെ ധിക്കരിക്കുന്നവർക്ക് വേണ്ടി ഇബ്രാഹീം പ്രവാചകൻ നടത്തിയ പ്രാർത്ഥനയും വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു:”ഇബ്രാഹീം പറഞ്ഞ സന്ദർഭം:എൻറെ നാഥാ! നീ ഈ നാടിനെ നിർഭയത്വമുള്ളതാക്കേണമേ! എന്നെയും മക്കളെയും വിഗ്രഹ പൂജയിൽ നിന്നകറ്റി നിർത്തേണമേ. ” എൻറെ നാഥാ! ഈ വിഗ്രഹങ്ങൾ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാൽ എന്നെ പിന്തുടരുന്നവൻ എൻറെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കിൽ, നാഥാ,നീ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”(14:35,36)

Related Articles