ഹാറൂൺ റഷീദിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. പ്രഗൽഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രശസ്ത ചിന്തകനും സാഹിതീ തൽപരനുമായിരുന്നു . കലാ സാംസ്കാരിക മേഖലകളിൽ അതീവ താത്പര്യം പ്രകടിപ്പിച്ചു. ലോകപ്രശസ്തമായ ആയിരത്തൊന്നു രാവുകൾ രചിക്കപ്പെട്ടത് അദ്ദേഹത്തിൻറെ കാലത്തും മേൽനോട്ടത്തിലുമാണ്. അക്കാലത്ത് അദ്ദേഹത്തിൻറെ ഭരണ സിരാ കേന്ദ്രമായിരുന്ന ബഗ്ദാദ് ലോകത്തിലെ ഏറ്റവും പ്രഭാവമുള്ള പട്ടണമായിരുന്നു.
ഹാറൂൺ റഷീദിന് അധികാരവും സമ്പത്തും സുഖ സൗകര്യങ്ങളുമുൾപ്പെടെ സകല ജീവിത സൗകര്യങ്ങളുമുണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം തന്റെ മന്ത്രിയോട് ചോദിച്ചു:”ഇവിടെ എല്ലാ ആഴ്ചയും വരാറുള്ള ബാർബർക്ക് നാം നൽകാറുള്ളത് ഒരു ദിർഹമാണ്. എന്നിട്ടും അദ്ദേഹം അതീവ സംതൃപ്തനായാണ് കാണപ്പെടുന്നത്. എനിക്ക് ഇവിടെ സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും എല്ലാമുണ്ട്. എന്നിട്ടും അയാളെപ്പോലെ സന്തോഷം കിട്ടാത്തതെന്താണ്?
ഇത് കേട്ട മന്ത്രി പറഞ്ഞു: “അദ്ദേഹത്തിൻറെ സന്തോഷം പെട്ടെന്ന് തന്നെ ഞാൻ കെടുത്തിക്കളയാം.” അങ്ങനെ അടുത്തദിവസം അവിടെയെത്തിയ ബാർബർക്ക് 99 ദിർഹമിന്റെ ഒരു കിഴി കൊടുത്തു. അയാൾ അത് വീട്ടിൽ കൊണ്ടുപോയി എണ്ണി നോക്കി. 99 ദിർഹമേ ഉണ്ടായിരുന്നുള്ളൂ. 100 ദിർഹം ഉണ്ടാകുമെന്ന് കരുതി വീണ്ടും വീണ്ടും എണ്ണി. അതില്ലെന്നുറപ്പായപ്പോൾ 100 തികക്കാനുള്ള ശ്രമത്തിലായി. എന്നാൽ അയാൾക്കതിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം കൊട്ടാരത്തിൽ വന്നപ്പോൾ അതീവ ദുഃഖിതനായിരുന്നു. അയാളുടെ സന്തോഷം താൻ കെടുത്തിക്കളഞ്ഞില്ലേയെന്ന് മന്ത്രി ഹാറൂൺ റഷീദിനോട് ചോദിക്കുകയും ചെയ്തു.
മനുഷ്യ മനസ്സ് തിരയടങ്ങാത്ത കടൽ പോലെയാണ്. അതെപ്പോഴും പ്രക്ഷുബ്ധമായിരിക്കും. തിരയടങ്ങിയ സമയമുണ്ടാവില്ല. ഓരോ തിരയും തീരം തല്ലി തകരുമ്പോൾ പുതിയവ പിറവിയെടുക്കും. മനുഷ്യമനസ്സും അങ്ങനെത്തന്നെ. മോഹമടങ്ങിയ നേരമുണ്ടാവില്ല. ഓരോ മോഹവും സാക്ഷാത്കരിക്കപ്പെടുന്നതോടെ പുതിയവ ജന്മമെടുക്കും. അത് കൊണ്ട് തന്നെ മനസ്സ് തിരയടങ്ങാത്ത കടൽ പോലെ അശാന്തമായിരിക്കും. എന്നാൽ ആത്മപ്രഭാവമാർജിച്ചവർ മോഹങ്ങളെ മെരുക്കിയെടുക്കുന്നു. ശരീരേഛകളെ നിയന്ത്രിക്കുന്നതിലൂടെയാണ് ആത്മീയോൽക്കർഷമുണ്ടാവുക. ആത്മീയ പ്രഭാവം ലഭിക്കുക. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി ശാരീരികേഛകളെ നിയന്ത്രിക്കാനും മോഹങ്ങളെ മെരുക്കിയെടുക്കാനും ശീലിക്കുന്നു. അതോടെ മനസ്സ് തിരയടങ്ങിയ കടല് പോലെ ശാന്തമാകുന്നു. ആത്മാവ് സ്വസ്ഥത നേടുന്നു.അത്തരം മനസ്സുകൾക്കും ആത്മാക്കൾക്കുമാണ് സ്വർഗ്ഗത്തിലേക്കുള്ള പ്രപഞ്ചനാഥന്റെ സ്നേഹപൂർവ്വമായ ക്ഷണം ലഭിക്കുക.”അല്ലയോ ശാന്തി നേടിയ ആത്മാവേ. നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക. അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക”. ( ഖുർആൻ
89 : 27- 30)
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1