Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ ഫത്‌വ സമാഹാരം

ഡോ. മസ്ഊദ് സ്വബിരി രചിച്ച ‘ഫതാവല്‍‌ ഉലമാ ഹൗല ഫൈറൂസി കുറൂന'(കൊറോണ കാലത്തെ പണ്ഡിത ഫത്‌വകൾ) ഈയടുത്താണ് കൈറോയിലെ ദാറുൽ ബഷീർ പബ്ലിക്കേഷൻ പുറത്തിറക്കിയത്.
ഗ്രന്ഥത്തിന്റെ ലക്ഷ്യവും പ്രാധാന്യവും പറഞ്ഞു തന്നെയാണ് ഗ്രന്ഥകാരൻ ഈ സമാഹാരം ആരംഭിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്ന് ഫത്‌വകളുടെ ചരിത്രപരമായ ഡോക്യുമെന്റേഷൻ ആണ്. അതുപോലെത്തന്നെ മഹാമാരികളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ആധുനിക പണ്ഡിതന്മാർ സ്വീകരിച്ച നിലപാടുകളും മസ്ഊദ് സ്വബിരി ചർച്ചക്കെടുക്കുന്നുണ്ട്. പ്രാമാണികവൽകരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്ത ഫത്‌വകളിൽ ഗവേഷണം നടത്തുന്ന ഗവേഷകർക്ക് വലിയ മുതൽക്കൂട്ട് കൂടിയായി മാറുന്നുണ്ട് ഈ ഗ്രന്ഥം.

ഉത്തരവാദിത്വപ്പെട്ട മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളും തീരുമാനങ്ങളും പാലിക്കുന്നതിനിടയിലും പ്രതിസന്ധികളിൽ ഫത്‌വകൾ പോലെത്തന്നെ കർമശാസ്ത്ര മെക്കാനിസവും എങ്ങനെ ഭംഗിയായും സുധാര്യമായും പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാനുള്ള ശ്രമം കൂടിയാണ് സ്വബിരിയുടെ ഫത്‌വ സമാഹാരം. പ്രതിസന്ധി ഘട്ടങ്ങളിലെ കർമശാസ്ത്ര സമീപനങ്ങൾ മൂന്നു രീതിയിലാണ് ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്:

1- ഇസ്ലാമിന്റെ വിശുദ്ധ അടയാളങ്ങളിൽ ഒന്നായ ബാങ്ക് കൊടുക്കാൻ അനുവാദം നൽകുന്നതോടൊപ്പം തന്നെ പള്ളികളിലെ ജുമുഅ, ജമാഅത്തുകൾ ഒഴിവാക്കൽ അനുവദനീയമാണെന്ന പ്രസ്താവനയാണ് അതിൽ ആദ്യത്തേത്. ആധുനിക പണ്ഡിതന്മാരിൽ വലിയൊരു പക്ഷം ഈയൊരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുപോലെത്തന്നെ അൽ- അസ്‌ഹറിലെ സീനിയർ പണ്ഡിത സഭ, സഊദി പണ്ഡിത സഭ, വേൾഡ് ഫെഡറേഷൻ ഓഫ് മുസ്ലിം സ്കോളേഴ്‌സ്‌, യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച്, മൊറോക്കോയിലെ സുപ്രീം സ്കോളേർസ് കൗൺസിൽ, അൾജീരിയൻ പണ്ഡിത സഭ, കുവൈത്തിലെ ഫത്‌വ അതോറിറ്റി, അറബ് എമിറേറ്റ്സിലെ ഫത്‌വ കൗൺസിൽ, ഇറാഖിലെ ഫീഖ്ഹ് കൗൺസിൽ, ജോർദാൻ ഫത്‌വ കമ്മിറ്റി, ഫലസ്തീനിലെ ഇസ്ലാമിക് കൗൺസിൽ ഓഫ് ഫത്‌വ, ഖത്തർ യൂനിവേഴ്സിറ്റിയിലെ പ്രോഫസേഴ്സ്‌ ഓഫ് ശരീഅ അടക്കമുള്ള ഫത്‌വ ബോഡികളും വീട്ടിൽ വെച്ച് നിസ്കരിക്കാൻ തന്നെയാണ് ജനങ്ങളോട് പറഞ്ഞത്.

Also read: ‘റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും’

വേൾഡ് ഫെഡറേഷൻ ഓഫ് മുസ്ലിം സ്കോളേഴ്‌സിന്റെ സെക്രട്ടറി ജനറലായ ഡോ. അലി മുഹ്‌യുദ്ദീൻ അൽ ഖുറദാഗി, യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ചിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ ഡോ. ഖാലിദ് ഹനഫി, ഖത്തർ യൂണിവേഴ്സിറ്റിയിലെ ഡോ. സഅദ് അൽ കുബൈസി, ഡോ. മുറാദ് ഫദൽ തുടങ്ങിയവർ വ്യക്തിപരമായും ഇതിൽ ഫത്‌വ നൽകിയിട്ടുണ്ട്.

2- പള്ളികളിലെ ജുമുഅ, ജമാഅത്തുകളിൽ നിന്ന് രോഗികളെ വിലക്കാം. അതുപോലെതന്നെ രോഗം വരുമെന്ന് ഭയപ്പെടുന്നവരും വരേണ്ടതില്ല എന്നതാണ് രണ്ടാമത്തെ ഫത്‌വ. ജുമുഅ, ജമാഅത്തുകൾ അനിവാര്യമായ രീതിയിൽ മാത്രം ചെയ്യുക. നിസ്കാരങ്ങളില്ലാതെ പള്ളി ശൂന്യമാക്കുന്നതിന് പകരം ജുമുഅ, ജമാഅത്തുകൾ സാധുവാകാൻ അനിവാര്യമായും വേണ്ട ആളുകൾ മാത്രം പങ്കെടുക്കുക.
ഫത്‌വ കൗൺസിൽ ഓഫ് നോർത്ത് അമേരിക്കൻ സ്‌കോളേഴ്‌സ്, യൂറോപ്യൻ കൗൺസിലിലെ ശൈഖ് മുഹമ്മദ് അൽ ഹസൻ, ശൈഖ് സാലിം എന്നിവർ അത്തരത്തിലാണ് ഫത്‌വ നൽകിയത്.

3- പള്ളികളിൽ ജുമുഅ, ജമാഅത്തുകൾ നിർബന്ധമായും നടത്തപ്പെടണം. നിസ്കാരം മുടങ്ങി പള്ളികൾ ഒരിക്കലും ശൂന്യമായി പോകരുത്. ചില കർമശാസ്ത്ര പണ്ഡിതന്മാർ ഈ അഭിപ്രായം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അതിന്റെ കൃത്യമായ കാരണങ്ങൾ അവർ വ്യക്തമാക്കുന്നില്ല. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ഡോ. ഹാകിം അൽ മത്വീരി, മൗറിത്താനിയൻ കർമശാസ്ത്ര പണ്ഡിതനായ മുഹമ്മദ് സാലിം, അതുപോലെ ഡോ. ജദിയ്യ്‌ അബ്ദുൽ ഖാദിർ എന്നിവരുടെതാണ് അതിൽ പ്രധാനപ്പെട്ട ഫത്‌വകൾ.

Also read: ലോക്ക്ഡൗണ്‍ ജീവിതം നിങ്ങളെ വിഷമിപ്പിക്കുന്നുവോ?

സ്വബിരി തന്റെ ഗ്രന്ഥത്തിൽ ചർച്ചക്കെടുക്കുന്ന മറ്റ് കാര്യങ്ങളിങ്ങനയാണ്:
1- വിപത്തുകളെ തടയാൻ എല്ലാ നിസ്കാരങ്ങളിലും നടത്തുന്ന നാസിലത് ഖുനൂത്ത്. ഭൂരിപക്ഷം പണ്ഡിതന്മാർ അത് അനുവദനീയമാണെന്ന് നിരീക്ഷിക്കുന്നു. ചിലരത്‌ സുന്നത്ത് തന്നെയാണെന്നും പറയുന്നുണ്ട്.
2- ഹജ്ജ്, ഉംറ തീർഥാടന യാത്ര. അധിക പണ്ഡിതന്മാരും അത് അനുവദനീയമല്ലെന്ന പക്ഷക്കാരാണ്.
3- കൊറോണ കാരണമായി മരിച്ചവരെ കുളിപ്പിക്കുകയും കഫൻ ചെയ്യേണ്ടിടത്ത് കഴിയുമെങ്കിൽ വെള്ളം കുടഞ്ഞിട്ടാണെങ്കിലും നിർബന്ധമായും കുളിപ്പിക്കണമെന്നും അതിനു സാധ്യമല്ലെങ്കിൽ തയമ്മും ചെയ്യണമെന്നും പണ്ഡിതന്മാർ ഫത്‌വ നൽകുന്നു. അതിനും സാധ്യമല്ലെങ്കിൽ കുളിയുടെ നിർബന്ധമാകില്ലെന്നും കഫൻ മാത്രം ചെയ്ത് മറവ് ചെയ്യാനും പണ്ഡിതന്മാർ പറയുന്നു.
4- നിസ്കാരത്തിൽ സ്വഫുകൾ തമ്മിൽ അകലം പാലിക്കൽ. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ അത് അനുവദനീയം ആണെന്നാണ് പ്രബലാഭിപ്രായം. ചില പണ്ഡിതന്മാർ എല്ലാ സമയത്തും സ്വഫ്‌ സമമായി നിൽക്കൽ സുന്നത്താണെന്ന് പറയുമ്പോൾ തന്നെ ചിലർ അത് നിർബന്ധമാണെന്നും വീക്ഷിക്കുന്നുണ്ട്.
5- ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും പുറത്തിറങ്ങി നടക്കാതിരിക്കുകയും ചെയ്യുക. ശരീഅത്ത് പ്രകാരം ഇന്നത് അനുസരിക്കൽ നിർബന്ധമാണ്.
6- പ്രതിസന്ധി ഘട്ടങ്ങളിൽ അവശ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുകയും അമിത വില ഈടാക്കുകയും ചെയ്യുക. ശരീഅത്ത് പ്രകാരം അതെല്ലാ കാലത്തും നിഷിദ്ധം തന്നെയാണ്.
ഫത്‌വ ബോഡികൾ, സഭകൾ, വ്യക്തികൾ എന്ന രീതിയിലാണ് ഗ്രന്ഥകാരൻ ഫത്‌വകൾ വിശദീകരിക്കാൻ ശ്രമിക്കുന്നത്. അതിൽത്തന്നെ യൂണിവേഴ്സിറ്റികൾ, മുതിർന്ന പണ്ഡിത സഭകൾ, ഓരോ നാടുകളിലെയും ഫത്‌വ കൗൺസിലുകൾ, പിന്നെ വ്യക്തികൾ എന്നതാണ് ഗ്രന്ഥത്തിന്റെ രീതിശാസ്ത്രം.

അവലംബം- mugtama.com

Related Articles