ജലാലുദ്ദീൻ റൂമിയുടെ വിശ്രുതമായ ഒരു കവിതാ ശകലം ഇങ്ങനെ:
മധുര ഗാനം ആസ്വദിക്കാൻ /
എല്ലാവരും യോഗ്യരല്ല /
അത്തിമരത്തിലൊരിക്കലും /
പരുന്തിനുള്ള ഭക്ഷണമില്ലല്ലോ! /
ഈശ്വരൻ മനുഷ്യന്റെ സമീപസ്ഥനാണ് എന്ന് വേദ ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ “ഈശ്വരാനുഭവം ” എല്ലാവർക്കും ഒരു പോലെയല്ല. പഞ്ചേന്ദ്രിയങ്ങൾ ഭൗതിക ലോകത്തിന്റെ അടയാളങ്ങളാണ്. വിശിഷ്യ കാഴ്ചയും കേൾവിയും നമ്മെ ക്ഷണിക്കുന്നത് പരമാവധി ആസ്വദിക്കാനാണ്!
ദൈവം, ദൈവത്തിന്റെ ഏകത്വം, മരണാനന്തര ജീവിതം പോലുള്ളവ അഭൗതിക യാഥാർത്ഥ്യങ്ങളത്രെ. ബാഹ്യേന്ദ്രിയങ്ങൾക്കപ്പുറത്തുള്ള ആത്മീയേന്ദ്രിയങ്ങൾകൊണ്ടേ ഈശ്വരനെ അനുഭവിക്കാനൊക്കൂ.
“ദൈവത്തെ കാണാൻ ദൈവത്തെ കാണാനുള്ള കണ്ണ് വേണം ” എന്ന് റൂമി പറഞ്ഞതും അതുകൊണ്ടാണ്.
ജലാലുദ്ദീൻ റൂമി തുടരുന്നു: ” ഈശ്വരൻ അവന്റെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ മനോജ്ഞ പുഷ്പങ്ങളുടെ ഉദ്യാനം തീർക്കുന്നു. നറുമണം പരത്തുന്ന ഓരോ പനിനീർ പൂവും ഈശ്വരന്റെ
രഹസ്യങ്ങളാണ് ” ( റൂമിയുടെ അനശ്വര കഥകൾ)
മറ്റൊരു ഗുരുവിന്റെ ആത്മഗതം ഇങ്ങനെ:
“ഈശ്വരാ..! ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവീചികളിൽ.. കിളികളുടെ കളകളാരവങ്ങളിൽ.. കാറ്റിന്റെ മർമരങ്ങളിൽ.. ഇടി മുഴക്കത്തിന്റെ ഗാംഭീര്യത്തിൽ.. മരങ്ങളുടെ ശീൽക്കാരങ്ങളിൽ… ഞാൻ നിന്റെ ഏകത്വത്തിന്റെ തെളിവുകൾ
ദർശിക്കുന്നു..! ”
യുക്തിയും ബുദ്ധിയും ഋജു മാർഗത്തിലൂടെ ചരിപ്പിക്കുന്നവർക്കേ ഈശ്വര സാന്നിധ്യം അനുഭവഭേദ്യമാകൂ. മുക്കുവൻ കടലിനെ സദാ കാണുന്നുണ്ട്. പക്ഷെ കടലിനെ കുറിച്ച് ഒരു സർവ്വജ്ഞനൊന്നുമല്ല അയാൾ. പവിഴപ്പുറ്റുകളും അദ്ഭുത സസ്യങ്ങളും അമ്പരപ്പിക്കുന്ന ജീവിവർഗങ്ങളും അഗ്നിപർവ്വതങ്ങളുമുള്ള കടൽ വിസ്മയങ്ങളെക്കുറിച്ച് മുക്കുവൻ അജ്ഞനാണ്!
ദൂരെ കാണുന്ന കുന്നിൻ നെറുകയിലെത്തിയാൽ ആകാശം തൊടാനാവുമെന്നാണ് ബാല്യ കൗമാരങ്ങളിൽ നാം ധരിച്ചത്. വലുതായപ്പോൾ ബോധ്യമായി , ഹിമാലയത്തിന്റെ ഉച്ചിയിൽ കയറിയാലും ആകാശം പഴയപടി വിദൂരത്ത് തന്നെ..!
കവി പാടിയതാണ് ശരി :
അനന്തമജ്ഞാതമവർണനീയം/
ഈ ലോകഗോളം തിരിയുന്ന മാർഗം /
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് /
നോക്കുന്ന മർത്ത്യൻ പൊരുളെന്തറിഞ്ഞു?! /
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0