Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാനില്‍ പ്രാവര്‍ത്തികമാക്കാന്‍ 20 നിര്‍ദേശങ്ങള്‍

റമദാന്‍ ആഗതമാവാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? വിശുദ്ധ റമദാന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി പ്രാവര്‍ത്തികമാക്കേണ്ട 20 ഉപദേശനിര്‍ദേശങ്ങളാണിവ. പുണ്യ റമദാന്റെ വരവറിയിച്ച് ദിവസങ്ങളിങ്ങനെ കടന്നുപോവുന്നു. റമദാനിന്റെ അനുഗ്രഹങ്ങളും പവിത്രതയും നരകമോചനവാഗ്ദാനങ്ങളും നമ്മെ കാത്തിരിക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സഹായമനസ്‌കതയുടെയും വിശേഷഗുണങ്ങള്‍ മനുഷ്യമനസ്സുകളില്‍ പരക്കുന്നു.
ഹസനുല്‍ ബസ്വരി(റ) പറയുന്നു:’അല്ലാഹു വിശുദ്ധ റമദാന്‍ മാസത്തെ ഒരുക്കിയിട്ടുള്ളത് സുകൃതങ്ങളിലൂടെ അവന്റെ തൃപ്തി കരസ്ഥമാക്കാനുള്ള ഒരവസരമായിട്ടാണ്. അതിലേക്ക് ആവേശപൂര്‍വം മുന്നിട്ടുവന്നവര്‍ വിജയിക്കുകയും പിന്തിരിഞ്ഞവര്‍ പരാജയപ്പെടുകയും ചെയ്തു. നന്മയുടെ വാക്താക്കള്‍ വിജയിക്കുകയും തിന്മയുടെ ആള്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുന്ന ദിവസത്തില്‍ കളിച്ചുചിരിക്കുകന്നവരുടെ കാര്യം അത്ഭുതം തന്നെ!’.

വിശുദ്ധ റമദാന്‍ ആഗതമാവുന്നതിനു മുമ്പേ ഞാന്‍ എന്നോടും നിങ്ങളോടുമായി ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തട്ടെ.

1- റമദാന്‍ മാസം വരെ ആയുസ്സ് നീട്ടിക്കിട്ടാന്‍ അല്ലാഹുവോട് ദുആ ചെയ്യുക. റജബ് മാസം ആരംഭിച്ചാല്‍ തന്നെ ‘അല്ലാഹുവേ, റജബിലും ശഅ്ബാനിലും നമുക്ക് നീ ബറകത്ത് ചെയ്യണേ. റമദാനിനെ നമ്മിലേക്ക് എത്തിക്കണേ’ എന്ന് നബിതങ്ങള്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നെന്ന് അനസ് ബിന്‍ മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു.(അഹ്‌മദ്, ത്വബ്‌റാനി). തഖ്‌വയുള്ളവരുടെ ഹൃദയങ്ങള്‍ ഈ മാസത്തിലേക്ക് അതിയായി ആഗ്രഹിക്കുകയും അതിന്റെ വേര്‍പാടിന്റെ വേദനയാല്‍ നോവുകയും ചെയ്യുമെന്ന് ഇബ്‌നു റജബ് പറഞ്ഞതിന്റെ താത്പര്യവും അതാണ്.

2- റമദാന്‍ ആഗതമായതിന്റെ പേരില്‍ അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുക. നബി തങ്ങള്‍ പറയുന്നു:’പരിശുദ്ധമായ റമദാന്‍ നിങ്ങളിലേക്ക് ആഗതമായിരിക്കുന്നു. ഈ മാസത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി. ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധനസ്ഥരാവുകയും ചെയ്യും. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയുണ്ടതില്‍. അതിന്റെ പുണ്യം നഷ്ടപ്പെട്ടവന്‍ എല്ലാം നഷ്ടപ്പെട്ടവനാണ്.'(നസാഈ, ബൈഹഖി). ഇബ്‌നു റജബ് പറയുന്നു:’റമദാന്‍ മാസം ആഗതമായതിന്റെ പേരില്‍ പരസ്പരം അഭിവാദ്യം ചെയ്യാമെന്നതിന്റെ തെളിവാണീ ഹദീസ്. സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാച് ചങ്ങലക്കിടപ്പെടുകയും ചെയ്യുന്ന നേരത്ത് വിശ്വാസി എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക!’ വ്യക്തമായ ഒരനുഗ്രഹം ലഭിക്കുകയോ പ്രയാസം തടുക്കപ്പെടുകയോ ചെയ്തവന് നന്ദി പ്രകാശനാര്‍ഥം സുജൂദ് ചെയ്യലും അപദാനം പറയലും സുന്നത്താണെന്ന് ഇമാം നവവി(റ) കിതാബുല്‍ അദ്കാറില്‍ പറയുന്നു.

3- വിശുദ്ധമാസത്തിന്റെ മഹത്വമറിഞ്ഞ് സന്തോഷിക്കുക റമദാന്‍ ആഗതമാവുന്നതിനു മുമ്പുതന്നെ, സ്വര്‍ഗം തുറക്കുക, നരകവാതിലുകള്‍ അടക്കുക, പാപങ്ങള്‍ പൊറുക്കപ്പെടുക, നരകമോചനം ലഭിക്കുക, അനുഗ്രഹങ്ങള്‍ വര്‍ഷിക്കുക തുടങ്ങിയ മഹത്വങ്ങളെക്കുറിച്ച് ആലോചിച്ച് റമദാനിന് മുമ്പുതന്നെ സന്തോഷിക്കുക.

അത്ഭുതകരമായൊരു സംഭവം ഇവിടെ വിവരിക്കാം. ത്വല്‍ഹതുബിന്‍ ഉബൈദില്ലാ(റ) നിവേദനം ചെയ്യുന്നു. ബലിയ് എന്ന പ്രദേശത്തുനിന്നുള്ള രണ്ടുപേര്‍ നബിതങ്ങളെ കാണാന്‍ വന്നു. കൂട്ടത്തിലൊരാള്‍ നല്ല അധ്വാനിയും യോദ്ധാവുമായിരുന്നു. അയാളൊരു യുദ്ധത്തില്‍ ശഹീദാവുകയും ചെയ്തു. അയാളുടെ വഫാത്തിനു ശേഷം ഒരു വര്‍ഷം പിന്നെയും മറ്റെയാള്‍ ജീവിച്ചു. പിന്നീട് ഞാന്‍ സ്വപ്‌നത്തില്‍ അവരിരുവരെയും കണ്ടു. അവസാനമായി മരണപ്പെടയാള്‍ക്ക് ആദ്യം സ്വര്‍ഗപ്രവേശം നല്‍കി. ശഹീദിന് രണ്ടാമതും. ഇതുകേട്ട ജനങ്ങള്‍ അത്ഭുതത്തോടെ നബി തങ്ങളെ സമീപിച്ചു. നബിയുടെ മറുപടി ഇപ്രകാരമായിരുന്നു:’ഇതിലെന്താണ് അത്ഭുതപ്പെടാനുള്ളത്! അയാള്‍ ശഹീദായ ശേഷവും മറ്റെയാള്‍ ഒരു വര്‍ഷം ജീവിച്ചില്ലേ. അയാള്‍ റമദാനിന് സാക്ഷ്യംവഹിക്കുകയും നോമ്പും നിസ്‌കാരവും നിര്‍വഹിക്കുകയും ചെയ്തു. ആയതിനാല്‍ അവര്‍ രണ്ടുപേര്‍ക്കുമിടയിലുള്ള വ്യത്യാസം ആകാശഭൂമികള്‍ക്കിടയിലുള്ളതിനു തുല്യമാണ്'(മുന്‍ദിരി, ഇബ്‌നു ഹിബ്ബാന്‍).

4- പാപങ്ങള്‍ ഉപേക്ഷിക്കാനും തൗബ ചെയ്യാനും ദൃഢനിശ്ചയം ചെയ്യുക. റമദാനിനു മുമ്പുതന്നെ തൗബ ചെയ്യാനുള്ള തീരുമാനമെടുക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍, വിശ്വാസികളുടെ ഒരു വര്‍ഷത്തിന്റെ മുഴുവനും അമലുകള്‍ ശഅ്ബാനില്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷമുള്ള പുതുവര്‍ഷത്തിന്റെ തുടക്കമായാണ് വിശുദ്ധ റമദാന്‍ പരിഗണിക്കപ്പെടുന്നത്. ആയതിനാല്‍ റമദാനില്‍ ജീവിതത്തിലെ വിശുദ്ധമായ പുതിയൊരു അധ്യായം നാം തുറക്കേണ്ടതുണ്ട്. അതിനുമുമ്പായി തൗബ ചെയ്ത് പാപങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി മുക്തിനേടലും അനിവാര്യമാണ്. തൗബയുടെ മാസമാണല്ലോ റമദാന്‍. അതില്‍ തൗബ ചെയ്തില്ലെങ്കില്‍ പിന്നെയെപ്പോള്‍ ചെയ്യാനാണ്?! അല്ലാഹു പറയുന്നു:’വിശ്വാസികളെ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക. എന്നാല്‍ നിങ്ങള്‍ വിജയികളായേക്കാം'(സൂറത്തുന്നൂര്‍- 31). ‘വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിലേക്ക് കൃത്യമായിട്ടുള്ള തൗബ ചെയ്തു മടങ്ങുക'(സൂറത്തു തഹ്‌രീം-8).

5- റമദാനെ ഫലപ്രദമായി ഉപയോഗിക്കാന്‍ മുമ്പുതന്നെ പ്ലാന്‍ ചെയ്യുക. ദുനിയാവിന്റെ വിഷയങ്ങളില്‍ സൂക്ഷ്മമായ പ്ലാനുകള്‍ നടത്തുന്ന ജനങ്ങള്‍ മിക്കതും പരലോകത്തിന്റെ വിഷയത്തില്‍ ആസൂത്രണം നടത്തുന്നതേയില്ല. പരലോകത്തിനു വേണ്ടിയുള്ള ആസൂത്രണങ്ങളുടെ കൂട്ടത്തില്‍ പ്രധാനമാണ് ആരാധനകള്‍ കൊണ്ട് റമദാന്റെ ദിനരാത്രങ്ങളെ ധന്യമാക്കുന്നതിനെ കുറിച്ചുള്ള പ്ലാനുകള്‍. റമദാനിലെ ഓരോ ദിവസത്തെയും സമയത്തെ കുടുംബം, ഖുര്‍ആന്‍ പാരായണം, ഉറക്കം, നിസ്‌കാരങ്ങള്‍, സിയാറത്തുകള്‍ എന്നിവയ്ക്കിടയിലായി വീതിച്ച് കൃത്യമായി ഉപയോഗിക്കുക.

6- ദുആ ദിക്‌റുകള്‍ക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുക. ദിക്‌റുകളും ദുആകളും എഴുതിവെച്ച് എപ്പോഴൊക്കെ ചൊല്ലണമെന്ന് കൃത്യമായി കരുതിവെക്കുക. ഇത്തരത്തില്‍ നിസ്‌കാരങ്ങളുടെ ശേഷം, ഉറങ്ങുന്നതിനു മുമ്പും ശേഷവും, ജീവിതകാര്യങ്ങള്‍ക്കിടയില്‍, വീട്ടില്‍ നിന്ന് പോവുമ്പോഴും വരുമ്പോഴും, ജോലികള്‍ക്കിടയില്‍, യാത്രക്കിടയില്‍ എന്നീ സമയങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ബോധ്യമുണ്ടായിരിക്കണം. അതിലുമേറ്റവും പ്രധാനം തങ്ങളുടെ ഓരോ ചലനങ്ങളിലും അല്ലാഹുവിനെ സ്മരിക്കുകയെന്നതാണ്.

7- ഓരോ സമയവും കൃതമായി ഉപയോഗിക്കാന്‍ ദൃഢപ്രതിജ്ഞ ചെയ്യുക. അല്ലാഹു പറയുന്നു:’പുണ്യസമരം അനുശാസിതമായിക്കഴിഞ്ഞാല്‍ അല്ലാഹുവിനോട് സത്യസന്ധത കാണിച്ചിരുന്നുവെങ്കില്‍ അതാണവര്‍ക്ക് ഏറ്റവും ശ്രേഷ്ഠം'(സൂറത്തു മുഹമ്മദ്-21). ഇമാം ഇബ്‌നു റജബ് പറയുന്നു:’ശരീരം ഒരുകാര്യം ശക്തമായി ഇച്ഛിക്കുകയും അതിനു സൗകര്യമുണ്ടാവുകയും ചെയ്തിട്ടും അല്ലാഹുവിനെയോര്‍ത്ത് അല്ലാഹുമാത്രമറിയുന്ന രീതിയില്‍ അതുപേക്ഷിച്ചാല്‍ ഈമാന്‍ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണത്.’

8- ആവേശത്തോടെയും ദൃഢതയോടെയും കാര്യങ്ങള്‍ ചെയ്തുതുടങ്ങുക. കാരണം, ശക്തമായ തുടക്കങ്ങളാണ് കാര്യങ്ങളെ അങ്ങേയറ്റത്തെത്തിക്കുന്നത്. ‘ഓ യഹ്‌യാ, വിശുദ്ധഗ്രന്ഥം ശക്തിയോടെ പിടിക്കുക’ എന്ന് അല്ലാഹു നബിയോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇനി തുടക്കം ബലഹീനമാണെങ്കില്‍ ഏതുചെറിയ വീഴ്ചയും കാര്യത്തെ പരാജയത്തോടടുപ്പിക്കും. ‘തുടക്കം ആരുടെയൊക്കെ ഭംഗിയാവുന്നുവോ, അവരുടെ ഒടുക്കവും ഭംഗിയാവു’മെന്ന് ഇബ്‌നു അത്വാഇല്ലാഹിസ്സിക്കന്ദരി(റ) പറയുന്നു.

9- അല്ലാഹുവോട് സഹായം തേടുക, അശക്തനായിരിക്കരുത്. വിശ്വാസിയായ മനുഷ്യന്‍ എല്ലായ്‌പ്പോഴും അല്ലാഹുവിന്റെ സഹായം ആവശ്യമുളളവനാണ്. സഹായം തേടുകയും വേണം. അല്ലാഹുവിന്റെ സഹായം ലഭിക്കാത്ത മനുഷ്യന്‍ നിന്ദ്യനായിത്തീരുകയും ചെയ്യും.

10- സ്വഹാബികളുടെയും മുന്‍ഗാമികളുടെയും ത്യാഗങ്ങള്‍ മനസ്സിലാക്കുക. സുഫ്‌യാനുസ്സൗരി(റ) റമദാന്‍ ആഗതമായാല്‍ എല്ലാ ജോലികളും ഉപേക്ഷിച്ച് ഖുര്‍ആന്‍ പാരായണത്തിലായി ഇരിക്കുമായിരുന്നു. വലീദുബ്‌നു അബ്ദില്‍ മലിക് എല്ലാ മൂന്നുദിവസവും ഒരു ഖത്മ് തീര്‍ക്കും. ആകെ റമദാനില്‍ 17 ഖത്മുകള്‍ തീര്‍ക്കുമായിരുന്നു അദ്ദേഹം. ഇമാം ശാഫിഈ(റ) സാധാരണഗതിയില്‍ ഒരു മാസത്തില്‍ മുപ്പതു ഖത്മുകളും വിശുദ്ധ റമദാനായാല്‍ അറുപത് ഖത്മുകളും തീര്‍ക്കാറുണ്ടായിരുന്നുവെന്ന് റബീഅ്ബിന്‍ സുലൈമാന്‍ പറയുന്നു. ഇമാം ബുഖാരിയും റമദാന്റെ പകലില്‍ ഓരോ ഖത്മും തറാവീഹ് നമസ്‌കാരത്തിന് ശേഷം ഓരോ മൂന്ന് രാത്രിയിലും ഓരോ ഖത്മും തീര്‍ത്തിരുന്നു.

11- ശാരീരികമായും ആത്മീയമായും ഒരുങ്ങുക. റമദാനെക്കുറിച്ച് വായിച്ചും ഗ്രന്ഥങ്ങള്‍ നോക്കിയും വൈജ്ഞാനിക സദസ്സുകള്‍ കേട്ടും എല്ലാ നിലക്കും റമദാനിന് വേണ്ടി ഒരുങ്ങുക. നബി തങ്ങള്‍ തന്റെ വാക്കുകളിലൂടെ സ്വഹാബികളെ വിശുദ്ധ മാസത്തിന് വേണ്ടി ഒരുക്കി തയ്യാറാക്കുക പതിവായിരുന്നു.

12- സ്വന്തത്തോട് പോരാടുക, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക. രാത്രി വെറുതെ ഉണര്‍ന്നിരിക്കല്‍, ദീര്‍ഘമായി ഉറങ്ങല്‍, ധാരാളമായി ഭക്ഷിക്കല്‍, അങ്ങാടിയില്‍ വെറുതെ കറങ്ങിനടക്കല്‍ തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ക്ക് തടസ്സമാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ദൂരം പാലിക്കേണ്ടതുണ്ട്.

13- അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കാന്‍ സ്വന്തത്തെ തയ്യാറാക്കുക. ഹൃദയങ്ങളൊക്കെ തുറക്കപ്പെടുകയും പിശാചുക്കളൊക്കെയും ബന്ധിക്കപ്പെടുകയും ചെയ്യപ്പെടുന്ന സമയത്ത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയെന്നതാണ് ഏറ്റവും മഹത്തായ കര്‍മങ്ങളിലൊന്ന്. ‘അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങള്‍ ചെയ്യുകയും ഞാന്‍ മുസ്‌ലിമാണെന്ന് അഭിമാനത്തോടെ പറയുകയും ചെയ്യുന്നവനില്‍ കവിഞ്ഞ് നല്ലവാക്ക് പറഞ്ഞവനാരുണ്ട്!’ എന്ന ഖുര്‍ആനിക വചനം ഇവിടെ പ്രസക്തമാണ്. റമദാനിനു വേണ്ടി പ്രത്യേക സമ്മാനങ്ങള്‍ ഒരുക്കിവെക്കലും മാസം കടന്നുവരുന്ന സമയത്ത് ഗ്രാമത്തിലെ നിസ്‌കരിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കുമൊക്കെ കൊടുക്കുന്നതും അതുവഴി സ്വദഖ വര്‍ധിപ്പിക്കലും പ്രത്യേക പ്രതിഫലാര്‍ഹമാണ്.

14- ജീവിതത്തിലെ, തിളക്കമാര്‍ന്ന പുതിയൊരധ്യായം തുറക്കുക. അല്ലാഹുവിനും റസൂലിനും മാതാപിതാക്കള്‍ക്കും സമൂഹത്തോടുമൊപ്പമുള്ള ഇടപെടലുകളുടെ വിഷയത്തില്‍ സംശുദ്ധമായ പുതിയൊരധ്യായം ആരംഭിക്കുക. ജാബിന്‍ ബിന്‍ അബ്ദില്ലാ(റ) പറയുന്നു:’നീ നോമ്പനുഷ്ഠിക്കുന്നതോടൊപ്പം നിന്റെ കാതും കാഴ്ചയും നാവും കളവില്‍ നിന്നും ഹറാമുകളില്‍ നിന്നും വിട്ടുനില്‍ക്കുക. അയല്‍വാസിയെ ബുദ്ധിമുട്ടിക്കുന്നത് ഉപേക്ഷിക്കുക, നോമ്പനുഷ്ഠിക്കുന്ന ദിവസം നിന്നില്‍ നോമ്പിന്റെ ശാന്തതയും ഗാംഭീര്യവും ഉണ്ടാവുക, നിന്റെ നോമ്പുള്ള ദിവസവും അല്ലാത്ത ദിവസവും ഒരുപോലെ ആവരുത്’.

15- റമദാനില്‍ തന്നെ രണ്ടുവട്ടം നോമ്പനുഷ്ഠിക്കുക! എങ്ങനെയാണ് ഒരുദിവസം തന്നെ രണ്ടുവട്ടം നോമ്പനുഷ്ഠിക്കുകയെന്നല്ലേ. ചെറിയ രീതിയിലെങ്കിലും വല്ലവരെയും എല്ലാദിവസവും നോമ്പുതുറപ്പിക്കുകയാണ് ഇതിനു വേണ്ടത്. ‘വല്ലവരും നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍, അവന്റെ പ്രതിഫലത്തില്‍ നിന്ന് അല്‍പംപോലും കുറയാതെ നോമ്പുതുറപ്പിച്ചവനും പ്രതിഫലം ലഭിക്കുന്നതാണ്’ എന്ന ഹദീസ് പ്രസിദ്ധമാണല്ലോ.

16- എല്ലാ ദിവസവും സ്വന്തത്തെ വിചാരണ ചെയ്യാന്‍ സമയം കണ്ടെത്തുക. ആ വിഷയത്തില്‍ അല്‍പംപോലും കുറവുവരുത്തരുത്. കാരണം, ശരീരം സദ്പ്രവര്‍ത്തനങ്ങളുമായി കഴിയാത്തപ്പോഴൊക്കെ ദുശ്ശീലങ്ങളില്‍ മുഴുകേണ്ടിവരും. ഇതേ വിചാരണ റമദാനിന് ശേഷവും നീ നടത്തുകയാണെങ്കില്‍ എത്ര സുന്ദരമാണത്!

17- നല്ല സൗഹൃദം പതിവാക്കുക. തന്റെ നന്മകളെ പ്രോത്സാഹിപ്പിക്കുകയും അതിന്മേല്‍ സഹായിക്കുകയും തിന്മയില്‍ നിന്ന് അകറ്റിനിറുത്തുകയും ചെയ്യുന്ന സൗഹൃദങ്ങള്‍ റമദാനിനു മുമ്പുതന്നെ സൂക്ഷിക്കേണ്ടതുണ്ട്. എഴുന്നേല്‍ക്കുമ്പോള്‍ കൈപിടിക്കുകയും മടിക്കുമ്പോള്‍ സഹായിക്കുകയും ചെയ്യുന്ന സൗഹൃദം. അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ അതിനായി സഹായിക്കുകയും അല്ലാഹുവിനെ മറക്കുമ്പോള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നവനെ സുഹൃത്താക്കുക എന്നാണല്ലോ ഹദീസ്. ദുനിയാവിനെ ത്യജിക്കുകയും ആഖിറത്തിനെക്കുറിച്ച് ഓര്‍ക്കുകയും ചെയ്യുന്നവരാവണം സുഹൃത്തെന്ന് സുഫ്‌യാനുസ്സൗരി(റ) പറയുന്നു.

18- സ്വയം മാറാനുള്ള നിയ്യത്ത് എപ്പോഴും ഉണ്ടായിരിക്കുക. സ്വന്തത്തെയും ജീവിതത്തെയും ജീവിതലക്ഷ്യങ്ങളെയും മാറ്റാനുള്ള തീരുമാനമെടുക്കാന്‍ എന്തുകൊണ്ടും ഉചിതമായ മാസം റമദാന്‍ തന്നെയാണല്ലോ. ഇത്തരമൊരു തീരുമാനത്തിന് ഏറ്റവും സഹായമാവുക സ്വന്തത്തോട് എപ്പോഴും സത്യസന്ധമായിരിക്കുക എന്നതാണ്, സ്വശരീരത്തെ ഒരിക്കലും വഞ്ചിക്കരുത്. ന്യൂനതകള്‍ സ്വന്തത്തെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുക, ശേഷം മാറാനും നന്നാവാനും തയ്യാറാവുക. കൃത്യമായ കാലഘടന മുന്നില്‍ കണ്ട് ഘട്ടംഘട്ടമായി ഇക്കാര്യം ചെയ്യാം. ധൃതിയരുത്. കാരണം, സമയവും ഈയൊരു ചികിത്സയുടെ പ്രധാന ഭാഗമാണ്. ഒരിക്കലും നിരാശപ്പെടുകയുമരുത്. നിരാശ വിശ്വാസിയുടെ സ്വഭാവമല്ലതന്നെ. കാരണം, ഇന്നലത്തെ സ്വപ്‌നങ്ങളാണ് ഇന്നത്തെ പുലര്‍ച്ചകളാവുന്നത്. ഇന്നത്തെ സ്വപ്‌നങ്ങളാണ് നാളെയുടെ പുലര്‍ച്ചകളാവുന്നത്. ഒരു ദുശ്ശീലമെങ്കിലും മാറ്റാനും അല്‍പമെങ്കിലും സ്വഭാവം മെച്ചപ്പെടുത്താനും സാധിച്ചുവെങ്കില്‍ എത്രനന്ന്.

19- സ്വഭാവം കൊണ്ടും കര്‍മം കൊണ്ടും അല്ലാഹുവിന് വിധേയപ്പെടുക. ആരാധനകളെന്നത് വിശുദ്ധ ഇസ്‌ലാമില്‍ അല്ലാഹുവിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം മാത്രമാണ്, അടിസ്ഥാന ലക്ഷ്യം ആരാധനകളല്ല. നോമ്പും ഈ ആരാധനകളുടെ കൂട്ടത്തിലൊന്നാണ്. ആയതിനാല്‍, അതില്‍ വെറും ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടുമാത്രം ഫലമില്ല, മറിച്ച്, കളവ്, പരദൂഷണം, ആക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ നിന്നൊക്കെ സ്വന്തത്തെ പരിശുദ്ധമാക്കലും അനിവാര്യമാണ്. തന്റെ നാവിനെയും നോമ്പില്‍ ഉള്‍പ്പെടുത്തലും ഏഷണി പോലോത്ത സ്വഭാവങ്ങളില്‍ നിന്നു വിട്ടുനില്‍ക്കലും നോമ്പുകാര്യന്റെ ബാധ്യതയാണെന്ന് അഹ്‌മദ്(റ) പറയുന്നു. ‘കള്ളംപറച്ചിലും കള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നത് അല്ലാഹുവിന് ആവശ്യമില്ലെന്ന’ ഹദീസ്(ബുഖാരി, മുസ്്‌ലിം) പ്രസിദ്ധമാണല്ലോ. തെറ്റുകാര്‍ക്ക് എന്തുകൊണ്ടും ഒരു സുവര്‍ണാവസരമാണ് വിശുദ്ധ റമദാന്‍. എല്ലാ വിധത്തിലുള്ള സ്വഭാവശുദ്ധീകരണങ്ങള്‍ക്കും ഒരവസരം.

20- നന്മയിലേക്ക് ക്ഷണിക്കുന്നവനാവുക. ജനങ്ങളുടെ ആവശ്യങ്ങള്‍ തീര്‍ക്കാനും അവര്‍ക്ക് നന്മചെയ്യാനും മുന്നില്‍ നില്‍ക്കുക. ‘തന്റെ സഹോദരനോടൊപ്പം അവന്റെ ആവശ്യനിര്‍വഹണത്തിനായി നടക്കുന്നതാണ് രണ്ടുമാസം എന്റെയീ പള്ളയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിലും ശ്രേഷ്ഠമെന്ന്’ നബി തങ്ങള്‍ പറയുന്നു. ആയതിനാല്‍, അശരണര്‍ക്ക് ആശ്രയമാവാന്‍ ശ്രമിക്കുക. ദുനിയാവില്‍ തന്റെ സഹോദരന്റെ പ്രയാസങ്ങള്‍ നീക്കുന്നവന്റെ പ്രയാസങ്ങള്‍ പരലോകത്ത് അല്ലാഹു നീക്കുമെന്നയര്‍ഥത്തിലുള്ള ഒരുപാട് ഹദീസുകള്‍ കാണാം.
ആയതിനാല്‍, സ്വര്‍ഗത്തില്‍ ഏറ്റവുമാദ്യം കടക്കേണ്ടത് ഞാനാണെന്ന ഭാവത്തില്‍ കര്‍മങ്ങളില്‍ വ്യാപൃതരാവാന്‍ എല്ലാവരും സദാബദ്ധശ്രദ്ധരാവുക.

അവലംബം- islamonline.net

Related Articles