Current Date

Search
Close this search box.
Search
Close this search box.

സത്രത്തിലെ താമസക്കാരും പായക്കപ്പലുകളും

മലയടിവാരത്തെ ചെറുഗ്രാമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സുല്‍ത്താന്‍ കണ്ട കാഴ്ചകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തെ ഗ്രാമീണര്‍ ആഘോഷപൂര്‍വം സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. സ്ത്രീകളും വൃദ്ധരും അദ്ദേഹത്തിന്റെ മുമ്പില്‍ ആവലാതികളുടെയും പരാതികളുടെയും ഭാണ്ഢങ്ങള്‍ അഴിച്ചുകുടഞ്ഞു. ഒരു മതകലാലയത്തില്‍ നിന്നും തന്നെ കാണാന്‍ വന്ന കുട്ടികളോട് സുല്‍ത്താന്‍ ആ ഗ്രാമത്തെകുറിച്ച് പറഞ്ഞുകൊടുത്തു.

കൃഷിയിടങ്ങളില്‍ വിളയുന്നവയൊക്കെയും ചുരം കയറി പട്ടണത്തില്‍ കൊണ്ടുപോയി വിറ്റാല്‍ തുച്ഛമായ വിലയാണ് ഗ്രാമീണര്‍ക്ക് കിട്ടുന്നത്. നാല്‍പതു മൈല്‍ ചുരം കയറിവേണം പട്ടണത്തിലെത്താന്‍.  കുട്ടികള്‍ക്കും വൃദ്ധര്‍ക്കും അസുഖം പിടിപെട്ടാല്‍ ചുരവഴിയില്‍ ഏറെ കാത്തുനിന്നാല്‍ പട്ടണത്തിലേക്കു പോകുന്ന വാഹനങ്ങളിലേതെങ്കിലുമൊന്ന് അവരെ ചുരം കടത്തി ആശുപത്രിയിലെത്തിക്കും. ചിലര്‍ രോഗികളെയുമെടുത്ത് നടക്കും. കുട്ടികളധികവും പട്ടണത്തില്‍ പല കഠിന ജോലികളിലായതിനാല്‍ ആകെയുള്ളൊരു പള്ളിക്കൂടം ഒഴിഞ്ഞുകിടക്കുന്നു. ഇടയ്ക്ക് ചുരമിറങ്ങി ചില നേരമ്പോക്കിക്കൂട്ടങ്ങള്‍ വരും. അവര്‍ വീടുകളില്‍ കയറി അതിക്രമം കാണിക്കുകയും പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ വളരെ നല്ലവരാണെന്ന് പറയുന്നവരും ഉണ്ട്. ചില പുരുഷന്‍മാരെയൊക്കെ പട്ടണത്തില്‍ കൊണ്ടുപോയി നല്ല ജോലികള്‍ കൊടുത്തിട്ടുണ്ട്. അവരോടൊപ്പം ഒളിച്ചോടിയ രണ്ടുപെണ്‍ക്കുട്ടികളുടെ മാതാക്കള്‍ പക്ഷെ, അവര്‍ക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് എന്നോട് ആവലാതിപ്പെട്ടിരുന്നു.

ഗ്രാമത്തില്‍ ഒരു സത്രമുണ്ട്. അവിടെ ദൈവവിശ്വാസികളും പണ്ഢിതരുമായ കുറെ നല്ല മനുഷ്യര്‍ പാര്‍ക്കുന്നുണ്ട്. പ്രാര്‍ഥനാ സമയത്ത് ആ സത്രത്തില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ ഞാന്‍ അവിടേക്കു ചെന്നു. അതുതന്നെയാണ് അവിടുത്തെ പള്ളിയും. ആ ധ്യാനനിരതരായ മനുഷ്യരില്‍ അവിടുത്തുകാര്‍ അധികമില്ല. ചുരം കയറി പട്ടണത്തിലേക്ക് പോകേണ്ടിയിരുന്ന ഒരു കച്ചവടക്കൂട്ടത്തില്‍ നിന്ന് യാത്ര മതിയാക്കി സത്രത്തില്‍ കൂടിയവരായിരുന്നു അവരിലെ പ്രായമേറിയ മനുഷ്യര്‍. നിസ്‌കാര ശേഷം ഞാനവരെ പരിചയപ്പെട്ടു. ഗ്രാമത്തിന്റെ അവസ്ഥ എന്തേ ഇങ്ങനെ എന്നവരോട് ആരാഞ്ഞു. അവരിലെ സംസാരിക്കന്ന ആള്‍ പറഞ്ഞു:

‘എന്തു ചെയ്യാന്‍. അവര്‍ പടച്ചവനില്‍ വിശ്വസിക്കാന്‍ തയ്യാറല്ല. അവര്‍ മറ്റുപലതിന്റെയും പിന്നാലെ പോവുകയാണ്. പലതരം പിശാചുകളോടാണ് അവര്‍ സഹായമഭ്യര്‍ഥിക്കുന്നത്. ചില പുരോഹിതന്‍മാരാണവരെ വഴിതെറ്റിക്കുന്നത്. പല മന്ത്രങ്ങളും തന്ത്രങ്ങളും കാണിച്ച്, ചെറിയ സഹായങ്ങളൊക്കെ ചെയ്ത് അവരെ വലയിലാക്കുന്നു. ഈ പാവം മനുഷ്യര്‍ അവരെ ദൈവങ്ങളെപോലെ കൊണ്ടുനടക്കുന്നു.’ അന്നം കൊടുക്കുന്നവന്‍ ദൈവമാണെന്നു മനസ്സിലാക്കുന്ന ഒരു തലച്ചോര്‍ അവരുടെ വിശപ്പിലും അവര്‍ കൊണ്ടുനടക്കുന്നുവല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. ആ പണ്ഢിതന്‍ തുടര്‍ന്നു: ‘ഞങ്ങളും അവര്‍ക്ക് ആഹാരസാധനങ്ങള്‍ എത്തിക്കാറുണ്ട്. രോഗികളെ സഹായിക്കാറുണ്ട്. പക്ഷെ, അന്നന്നത്തെ കാര്യം സുഖമായി കഴിഞ്ഞാല്‍ പിന്നെങ്ങിനെ അവര്‍ അല്ലാഹുവിലേക്ക് തിരിയും? അതുകൊണ്ട് അതൊരു സ്ഥിരം പരിപാടിയാക്കിയിട്ടില്ല. കാരുണ്യങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് നല്ല ഉത്സാഹമാണ്. പക്ഷെ,  അല്ലാഹുവിലേക്ക് വരൂ വിജയമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളവരെ വിളിക്കാറുണ്ട്. ചുരുക്കം ചിലര്‍ മാത്രമേ ഞങ്ങളുടെ കൂടെ വരാറുള്ളൂ. പലരും ഞങ്ങളെ അകറ്റാറാണ് പതിവ്. അല്ലാഹുവിനെ ആരാധിക്കൂ എന്നുപറഞ്ഞപ്പോള്‍, ഭൗതിക പ്രമത്തതയില്‍ ആണ്ടുപോയ സമുദായങ്ങള്‍ പ്രവാചകന്മാരെപോലും ആട്ടിയോടിച്ചിട്ടുണ്ടല്ലോ. അതേ അനുഭവം തന്നെ ഞങ്ങള്‍ക്കും’

ദൈവിക ദീന്‍ എന്നാല്‍ വിശപ്പിന്റെ പ്രത്യയശാസ്ത്ര വിശദീകരണമാണുപോലും. ഭൗതിക പ്രമത്തരാവാന്‍ എന്തു ഭൗതിക വിഭവങ്ങളാണവര്‍ക്കിപ്പോഴുള്ളതെന്ന് ഞാന്‍ ചോദിച്ചു.  ഈ നാടിന് ഒരു മോചനമില്ലേ? നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ? ഞാനവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഉണ്ട്. ആ മോചനത്തിനു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഇഹലോകമോചനവും പരലോകമോചനവും. അവര്‍ അല്ലാഹുവില്‍ അഭയം കണ്ടെത്തിയാല്‍ ഇഹലോകത്തെ ഒരു പ്രശ്‌നങ്ങളിലും അവര്‍ വ്യസനിക്കേണ്ടതില്ല. സര്‍വ അസ്വസ്ഥതകളില്‍ നി്ന്നും അവര്‍ മോചിതരാകും. പരലോകത്ത് ഒരിക്കലും തീരാത്ത മോക്ഷവും. പരലോകമാണല്ലോ ശാശ്വത ഭവനം. ഇത് ക്ഷണികമായതല്ലേ. രണ്ടാമത്തേത് ഇവിടുത്തെ അധികാരികളെയും നമ്മള്‍ ഈ മാര്‍ഗത്തിലേക്ക് ക്ഷണിക്കണം. അവര്‍ നന്മയുള്ളവരായാല്‍ അവര്‍ക്കും നാടിനും നല്ല ഫലം. അവര്‍ പ്രബോധനം വിശ്വസിക്കുകയെങ്കില്‍ അവര്‍ക്കും പരലോകത്തും മോക്ഷം.’ സര്‍വ മനുഷ്യരും മുസ്‌ലിമായിട്ടേ ഭൂമിയില്‍ ഇസ്‌ലാമിന്റെ ഫലമുണ്ടാകാവൂ എന്നവര്‍ ഉറച്ചങ്ങ് വിശ്വസിച്ചുകളഞ്ഞിരിക്കുന്നു. സുല്‍ത്താന്‍ ആ ഗ്രാമത്തില്‍ തന്റെ ശിഷ്യന്മാരില്‍ ചിലരെ നിര്‍ത്തി. അവര്‍ ആ ഗ്രാമത്തില്‍ സേവനങ്ങളിലേര്‍പ്പെട്ടു. അവരുടെ അവകാശങ്ങള്‍ നേടിക്കൊടുത്തും പള്ളിക്കൂടങ്ങളില്‍ പഠിപ്പിച്ചും അവര്‍ ഇപ്പോഴും ഗ്രാമത്തിലുണ്ട്.

മതകലാലയത്തിലെ കുട്ടികളോട് സുല്‍ത്താന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ആരാധനയിലേക്കും ദീനിലേക്കും മടങ്ങിവരിക എന്നാലെന്താണ്? കേവലം ഒരു ദിശാമാറ്റമാണോ അത്? പലതിനോടും പലയിടങ്ങളിലം ഭക്തിയോടെയും പ്രതീക്ഷാ നിര്‍ഭരമായും നടത്തുന്ന പ്രാര്‍ഥനകള്‍, അതേ മനസ്സോടെ അല്ലാഹുവിനോട് മാത്രമാക്കിയാല്‍ പൂര്‍ത്തിയാകുന്ന ഒരു അഡ്ജസ്റ്റിങ്?!. പല ദിക്കുകളിലായി തിരിയുന്ന ഘടികാരത്തിന്റെ സൂചികള്‍ പാതിരായ്‌ക്കൊരുനാള്‍ 12 മണിയില്‍ പിടിച്ചു നിര്‍ത്തുന്നത് പോലെയാണോ അത്. ആ ഘടികാരത്തിനുണ്ടോ പിന്നെ ചലനം?  ചലിച്ചാല്‍ ദിശാവ്യതിയാനവും. അതില്‍ നോക്കുന്നവന് എന്നും പുറത്ത് ഇരുട്ട് തന്നെയാകും. എന്നെങ്കിലും നേരം വെളുക്കുമോ?

പവിഴങ്ങളുടെ ദ്വീപിലേക്കു തിരിച്ച ഒരുകൂട്ടം പായക്കപ്പലുകളുടെ കഥയറിയില്ലേ? കുറെ കാലമായുള്ള യാത്രയായിരുന്നു. ഒരു നാള്‍ കാറ്റിന്റെ ഗതി മാറിയപ്പോള്‍ പായക്കപ്പലുകള്‍ കൂട്ടമായി മറ്റൊരു ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങി. ആ വഴിയില്‍ കടല്‍കൊള്ളക്കാര്‍ തങ്ങുന്ന ഒരു ദ്വീപുണ്ടായിരുന്നു. ആ ദ്വീപ് ഏറെക്കുറെ അടുത്തായതിനാല്‍ ദൂരദര്‍ശിനിയിലൂടെ യാത്രക്കാര്‍ക്ക് കാണാനായി. പകലുകളില്‍ പച്ചപ്പും രാത്രിയില്‍ വെളിച്ചവും കാണപ്പെട്ട തുരുത്തിലേക്ക് എല്ലാവരും തിരിഞ്ഞിരുന്നു. കയ്യിലുള്ള ദൂരദര്‍ശിനിയിലൂടെ അവരങ്ങോട്ടു നോക്കി ആഹ്ലാദവും ആരവവും കൂട്ടിയപ്പോള്‍ ചിലര്‍ പറഞ്ഞു: ‘ഹേയ്, കൂട്ടരെ നിങ്ങള്‍ വടക്കുനോക്കിയന്ത്രം നോക്കൂ. നമ്മുടെ പവിഴദ്വീപുകള്‍ ഇതാ പിന്നിലാണ്.’ അവരതനുസരിച്ചു. എല്ലാവരും അവര്‍ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് തിരിഞ്ഞിരുന്നു. ദൂരദര്‍ശിനിയിലൂടെ നോട്ടവും അങ്ങോട്ടേക്കു മാറ്റി. ഇപ്പോള്‍ കയ്യിലുള്ള വടക്കു നോക്കിയന്ത്രവും ശരിയായ ദിശകാണിക്കുന്നു!.  എന്നിട്ടും കപ്പലുകള്‍ കൊള്ളക്കാരുടെ ദ്വീപിന്റെ ദിശയിലേക്കു നീങ്ങിയപ്പോള്‍ അവര്‍ യാത്രക്കാരോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞു: ‘നിങ്ങള്‍ തിരിഞ്ഞിരിക്കുന്നത് ലക്ഷ്യത്തിലേക്കാണല്ലോ. അതുകൊണ്ട് ദൈവം പ്രാര്‍ഥന കേള്‍ക്കും, ഒരിക്കലും കൊള്ളക്കാരുടെ പിടിയില്‍ പെടില്ല!’

അവരില്‍ ആദ്യകാല കപ്പിത്താന്മാരുടെ പിന്‍മുറക്കാരായ കുറച്ചുപേരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ‘കൂട്ടരേ, നിങ്ങള്‍ തിരിഞ്ഞിരുന്നതു കൊണ്ടുമാത്രം യാത്രയുടെ ലക്ഷ്യം ശരിയാകുമോ? കപ്പല്‍ പായകള്‍ അഴിച്ചു ചുരുട്ടിവെക്കൂ. പിറകിലെ പായകള്‍ നിവര്‍ത്തൂ. എന്നിട്ടു കപ്പലിനെ തന്നെ ലക്ഷ്യത്തിലേക്ക് പിടിച്ചു നിര്‍ത്തൂ. അങ്ങിനെയെങ്കില്‍ തെറ്റായ ദിശയിലേക്കു നീങ്ങാതെ സുരക്ഷിതരാകാം’. അവര്‍ അപ്പോഴേക്കും പ്രാര്‍ഥനകളുടെ ബഹളത്തില്‍ ഉന്മുഖരായിത്തീര്‍ന്നിരുന്നു. കയ്യിലുള്ള ഉപകരണങ്ങളെല്ലാമുപയോഗിച്ച് പാമരങ്ങള്‍ തിരിച്ചു പായകള്‍ വലിച്ചു കെട്ടുന്ന യുവാക്കളോട് അവര്‍ ചോദിച്ചു: ‘നിങ്ങളിതാണോ ഇപ്പോള്‍ ചെയ്യേണ്ടത്? അതിന്റെ ആവശ്യമില്ല. കപ്പലുണ്ടാക്കിയപ്പോള്‍ തന്നെ അതിന്റെ പായയും പാമരവും ഘടിപ്പിച്ചിട്ടുണ്ടല്ലോ. യാത്രക്കാരെയെല്ലാവരെയും ലക്ഷ്യത്തിലേക്ക് തിരിഞ്ഞിരിക്കുന്നവരാക്കാന്‍ നിങ്ങള്‍ പ്രയത്‌നിക്കാത്തതെന്ത്? ഈ ഉപകരണങ്ങളെ നിങ്ങള്‍ വിശ്വസിക്കുന്നുവോ?’ പായകള്‍ വലിച്ചു കെട്ടിയ കപ്പലുകള്‍ കാറ്റിനെതിരെ പിടിച്ചുനിന്നു. ആ ശ്രമത്തില്‍ ചിലര്‍ കടലില്‍ വീണുമരിച്ചു. അപ്പോഴും മറ്റുള്ള കപ്പലുകള്‍ കാറ്റിനനുകൂലമായി സ്വച്ഛന്ദം നീങ്ങുകയായിരുന്നു. പിന്തിരിഞ്ഞിരിന്ന് സസുഖം യാത്രചെയ്യുന്നവര്‍ ആ മരിച്ചവരെ കളിയാക്കി: ‘കപ്പല്‍ മുഴുവന്‍ തിരിക്കാന്‍ ശ്രമിച്ച വിഡ്ഢികള്‍!’

നോക്കൂ, ആ സംഘത്തെകുറിച്ച് കൊള്ളക്കാര്‍ അറിഞ്ഞിരിക്കുന്നു. കൊള്ളരുതാത്തവരെ കൊള്ളക്കാര്‍ കൂടെകൊണ്ടുപോയിരിക്കുന്നു. പായയും പാമരവും തിരിച്ച യുവാക്കളെ അവര്‍ അക്രമിക്കുന്നു. യാത്രക്കാരിലെ സുഖഭോഗികളായ കിളവന്‍മാര്‍ കൊള്ളക്കാരുടെ താവളങ്ങളില്‍ സുഖമഞ്ചത്തിലിരിക്കുന്നു. മറ്റുള്ളവരില്‍ ചിലര്‍ ഇപ്പോഴും ലക്ഷ്യത്തിലേക്ക് നോക്കിയിരിക്കുന്നുണ്ട്. കയ്യില്‍ ദുരദര്‍ശിനിയും പോക്കറ്റില്‍ വടക്കുനോക്കിയന്ത്രവും. സമയം പാതിരാപ്പന്ത്രണ്ടുമണിതന്നെ.
സുല്‍ത്താന്‍ കുട്ടികളോട് പറഞ്ഞു: ഞാന്‍ വീട്ടിലേക്കു മടങ്ങുന്നു. അല്ലാഹു ആ വീടൊന്നു തന്നെയല്ലോ മനുഷ്യര്‍ക്കുള്ള ഏകകേന്ദ്രവും അഭയസ്ഥാനവുമാക്കിയത്.

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Related Articles