Current Date

Search
Close this search box.
Search
Close this search box.

വിശ്വാസം ഒരു ലാഭക്കച്ചവടം

traing.jpg

സ്വന്തമായൊരു വാഹനം..! പണ്ട് സാധാരണക്കാരുടെ സ്വപ്നത്തില്‍ പെട്ടതായിരുന്നില്ല അത്. ഇന്നാവട്ടെ അവരെ സംബന്ധിച്ചിടത്തോളം അത് യാഥാര്‍ഥ്യമാണ്. അല്ലാഹു നല്‍കിയ ഈ അനുഗ്രഹം കൊണ്ട് പ്രയാസമില്ലാതെ പുണ്യം നേടാം. വാഹനത്തില്‍ ഒറ്റക്കായാണ് സഞ്ചരിക്കുന്നതെങ്കില്‍ റോഡരികില്‍ വാഹനം കാത്തു നില്‍ക്കുന്ന ഒരാളെയെങ്കിലും കയറ്റുന്നുവെങ്കില്‍ ഈ ഹദീസില്‍ പറഞ്ഞ ഒരു നന്മ നാം ചെയ്തു. നമുക്കതിനായി ഇരട്ടികളായി പ്രതിഫലം നല്‍കപ്പെടും.

ഇതിനേക്കാള്‍ എളുപ്പമുള്ള കാര്യമുണ്ട്. തീവണ്ടിയുടെയും ദീര്‍ഘദൂര ബസുകളുടെയും സമയം ഓര്‍ത്തു വെക്കുക. അപരിചിത മേഖലയിലേക്ക് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സമയവും വഴിയും പറഞ്ഞു കൊടുത്താല്‍ അത് അയാള്‍ക്ക് വലിയ ഉപകാരമാകും. നമുക്കൊരു ലാഭക്കച്ചടവും. മക്കളുടെ ഉപരിപഠനത്തെ കുറിച്ച ഒരറിവും കാഴ്ചപ്പാടുമില്ലാത്തവര്‍ക്ക് എവിടെ അപേക്ഷിക്കണം, എന്തിന്, എന്നെല്ലാം പഠിപ്പിച്ച് കൊടുത്താല്‍ ഒരു പക്ഷെ, അത് ഒരു കുടുംബത്തിന് വിജയത്തിന്റെ വാതില്‍ തുറന്നുകൊടുക്കകയാവും.

പെട്ടന്നലിയുന്ന രണ്ട് മിഠായികള്‍ ഏത് യാത്രയിലും ബാഗില്‍ വെക്കുക. നാം സഞ്ചരിക്കുന്ന വാഹനത്തില്‍ ഷുഗര്‍ പെട്ടെന്ന് കുറഞ്ഞു പോകുന്ന രോഗികളുണ്ടായേക്കാം. ആ ലക്ഷണം പ്രകടമായാല്‍ ഉടനെ ഒരു മിഠായി വായിലിട്ടു കൊടുക്കാം. പ്രശ്‌നം പരിഹൃതമാകും. നാം മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു നമ്മെ സഹായിച്ചു കൊണ്ടിരിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം)

അല്ലാഹുവിന്റെ ഏകത്വത്തിലും പരമാധികാരത്തിലുമുള്ള ദൃഢവിശ്വാസം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ലാഭക്കച്ചവടമാണ്. അത്തരക്കാര്‍ ചെയ്യുന്ന ചെറിയ നന്മകളെ പോലും അല്ലാഹു വലിയ പ്രതിഫലത്തിന് അര്‍ഹമാക്കുന്നു. ഒരു നന്മക്ക് ചുരുങ്ങിയത് പത്ത് മടങ്ങ് പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

‘വല്ലവനും ഒരു നന്മ കൊണ്ടു വന്നാല്‍ അതിന്റെ പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടു വന്നാല്‍ അതിന് തുല്യമായ ശിക്ഷയെ അവന് ലഭിക്കുകയുള്ളൂ. അവനോട് ഒരനീതിയും കാണിക്കപ്പെടുകയില്ല.'(ഖുര്‍ആന്‍ 6: 160) ഒരു മാസം ജോലി ചെയ്തവന് പത്ത് മാസം ശമ്പളം നല്‍കുന്ന ഒരു തൊഴിലുടമായോട് എത്ര വലിയ സ്‌നേഹമാണുണ്ടാവുക? അതിനേക്കാള്‍ എത്രയോ ഇരട്ടി സ്‌നേഹം സ്രഷ്ടാവായ പരമകാരുണ്യകനോട് നമുക്ക് ഉണ്ടാവണം. കാരണം അവന്‍ ചൊരിയുന്ന കാരുണ്യം നമുക്ക് എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല. നന്മകളെ പത്ത് കൊണ്ട് ഗുണിച്ച് പ്രതിഫലം നല്‍കുമ്പോള്‍ തിന്മകളെ ഗുണിക്കുന്നില്ല എന്നത് അല്ലാഹുവിന്റെ കാരണ്യത്തിന്റെ അതിവിശാലതയാണ്.

ഒരു ജോലിക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെടുന്നുവെങ്കില്‍ രണ്ട് കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്നതാണ് ഭൗതിക ജീവിതത്തില്‍ നാം കണ്ടു വരുന്നത്. ഒന്ന്, ആ ജോലി ഭാരമുള്ളതായിരിക്കും. രണ്ട്, അതിന് വലിയ വിദ്യാഭ്യാസയോഗ്യതയും പരിശീലനവും ഉദ്യോഗാര്‍ഥി നേടിയിരിക്കണം. പരലോക വിശ്വാസം ഭാരമുള്ളതായതു കൊണ്ടാണല്ലോ ജനങ്ങളിലധികവും അത് ഉള്‍ക്കൊള്ളാത്തത്. ആരു കണ്ടിട്ടില്ലാത്തതും, കണ്ടുവന്ന് ആരും വര്‍ണിച്ചു കൊടുക്കാത്തതുമായ ഒരു ലോകത്ത് വെച്ചാണ് ഇപ്പറഞ്ഞ പ്രതിഫലം ലഭിക്കുക എന്നത് ഭാരമേറിയ വിശ്വാസം തന്നെയാണ്. അത്തരക്കാര്‍ക്കു മാത്രമേ ഖുര്‍ആന്‍ വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിക്കുകയുമുള്ളൂ. അഥവാ കച്ചവടം ലാഭകരമാവുകയുള്ളൂ.
രണ്ട്, ആ കര്‍മത്തില്‍ നാം പ്രകടമാക്കുന്ന ആത്മാര്‍ഥതയാണ്. അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ സമീപത്തു തന്നെയുണ്ട് എന്ന ബോധത്തോടെ കര്‍മം നിഷ്‌കളങ്കമാക്കുക എന്നതാണുദ്ദേശം. വേദഗ്രന്ഥം പാരായണം ചെയ്യുക, നമസ്‌കാരത്തില്‍ നിഷ്ട പുലര്‍ത്തുക, ദാനദര്‍മ്മം നിര്‍വഹിക്കുക തുടങ്ങിയവയില്‍ വ്യാപൃതരായവരെ ഒരിക്കലും നഷ്ടംപറ്റാത്ത കച്ചവടം ആഗ്രഹിക്കുന്നവരായി ഖുര്‍ആന്‍(35 :29) പരിചയപ്പെടുത്തിയിട്ടുണ്ട്.

നന്മയുടെ മേഖല നിര്‍ണിതമായ ഇത്തരം ആരാധനാ കര്‍മങ്ങളില്‍ പരിമിതമല്ലെന്നും അതിവിശാലമാണ് അതെന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ‘മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിന്റെ പേരിലും ദിനംപ്രതി ചില ദാനധര്‍മങ്ങളുണ്ട്. രണ്ട് പേര്‍ക്കിടയില്‍ നീതിചെയ്യല്‍, ഒരാളെ വാഹനത്തില്‍ കയറ്റാന്‍ സഹായിക്കല്‍, അവന്റെ ചുമട് എടുക്കാന്‍ സഹായിക്കല്‍, നല്ലവാക്ക് പറയല്‍ എന്നിവ ദാനധര്‍മമാണ്. നമസ്‌കാരത്തിനായുള്ള ഓരോ കാല്‍വെപ്പും വഴിയില്‍ നിന്ന് തടസ്സം നീക്കലും ദാനധര്‍മമാണ്.’ (ബുഖാരി, മുസ്‌ലിം)

ചിന്തയിലെ വിശുദ്ധി വരെ ഒരു കര്‍മം ചെയ്താലെന്നോണം പ്രതിഫലമാകും. നബി (സ) പറഞ്ഞു: ‘വല്ലവനും ഒരു നന്മ ചെയ്യാന്‍ വിചാരിച്ചു. എന്നിട്ടത് ചെയ്തില്ല. എന്നാലും അവന് ഒരു പരിപൂര്‍ണ്ണ സല്‍കര്‍മ്മം അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തപ്പെടും. അത് ചെയ്താലാവട്ടെ പത്ത് മുതല്‍ എഴുനൂറ് ഇരട്ടിവരെയും. ഒരാള്‍ ഒരു ചീത്തകാര്യം ചെയ്യാന്‍ വിചാരിക്കുകയും എന്നിട്ടത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അതു ഒരു പരിപൂര്‍ണ സല്‍കര്‍മമായി രേഖപ്പെടുത്തപ്പെടും.’ (ബുഖാരി, മുസ്‌ലിം) ഉദ്ദേശ ശുദ്ധിയാണ് സത്യവിശ്വാസിയുടെ ഏറ്റവും വലിയ മൂലധനമെന്നാണ് ഈ ഹദീസിന്റെ പൊരുള്‍. അതിന്മേല്‍ നേടാവുന്ന ലാഭം നമുക്ക് കണക്കുകള്‍ കൂട്ടാന്‍ കഴിയാത്തവിധം അധികമാണ്.

Related Articles