Current Date

Search
Close this search box.
Search
Close this search box.

മറ്റുള്ളവരുടെ സഹായം അംഗീകരിക്കല്‍

helping878.jpg

കഴിവുകളുടെ കാര്യത്തില്‍ നാം ഒരു നിര്‍ണിത തലത്തിലെത്തിയാല്‍ മറ്റുള്ളവരുടെ സഹായം തേടുന്നത് ഒരു ന്യൂനതയായി നമുക്കനുഭവപ്പെടില്ല, നമ്മെക്കാള്‍ കഴിവു കുറഞ്ഞവരുടെ സഹായമാണെങ്കില്‍ പോലും. നാം ഇന്നെത്തി നില്‍ക്കുന്ന സ്ഥാനത്തെത്താന്‍ മറ്റുള്ളവരില്‍ നിന്നും ലഭിച്ചിട്ടുള്ള സഹായം നമ്മുടെ വില കുറക്കുന്നില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനാണ് നാം ശ്രമിക്കാറുള്ളത്. മറ്റുള്ളവരുടെ സഹായം തേടാന്‍ നാം മടിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ പരിശ്രമത്തോടൊപ്പം അവരുടെ കൂടി പരിശ്രമം ചേര്‍ത്തുവെക്കാന്‍ നാം ഇഷ്ടപ്പെടുന്നില്ല. നമ്മുടെ ഉയര്‍ച്ചയില്‍ അങ്ങനെയൊരു സഹായം ഉള്ളത് ആളുകള്‍ അറിയുന്നത് നമുക്കൊരു ന്യൂനതയായി അനുഭവപ്പെടുന്നത് പോലെയാണ് നമ്മുടെ സമീപനം. എന്നാല്‍ നമ്മുടെ ആത്മവിശ്വാസത്തില്‍ വലിയ കുറവുണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ അനുഭവപ്പെടുക. അഥവാ ഏതെങ്കിലും തരത്തില്‍ നാം ദുര്‍ബലരാകുമ്പോള്‍. യഥാര്‍ഥത്തില്‍ നാം ശക്തരാണെങ്കില്‍ അതൊന്നും നമുക്കൊരു വിഷയമാവില്ല. നടക്കുന്നതിനിടെ വീഴാന്‍ പോകുന്ന കുട്ടിയെ താങ്ങാന്‍ എത്തുന്ന നിങ്ങളുടെ കൈ തട്ടിമാറ്റാനാണല്ലോ കുട്ടി ശ്രമിക്കുക.

നമുക്ക് നിര്‍ണിതമായ ഒരു ശേഷിയുണ്ടാകുന്ന ഘട്ടത്തില്‍ നന്ദിയോടെയും സന്തോഷത്തോടെയും മറ്റുള്ളവരുടെ സഹായം നാം സ്വീകരിക്കും. നമുക്ക് ചെയ്തു തന്നിട്ടുള്ള സഹായത്തിനാണ് നന്ദി. നാം വിശ്വസിക്കുന്ന ഒന്നില്‍ വിശ്വസിക്കുന്ന മറ്റൊരാള്‍ ഉണ്ടെന്നറിയുകയും അയാള്‍ നമ്മോടൊപ്പം ആ പരിശ്രമത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു എന്നതാണ് സന്തോഷം നല്‍കുന്നത്. വൈകാരിക പ്രതികരണമായി ഉണ്ടാകുന്ന സന്തോഷം പവിത്രമാണ്.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

മൊഴിമാറ്റം: നസീഫ്‌

Related Articles