Current Date

Search
Close this search box.
Search
Close this search box.

മരണത്തെയും ജീവിതത്തെയും കുറിച്ച്

green-life.jpg

പ്രിയ സോദരീ, ഇതാ നിന്നിലേക്കായി ചില ചിന്തകള്‍
നിന്നില്‍ എപ്പോഴും മരണത്തെ കുറിച്ച ചിന്തയാണ്. എല്ലായിടത്തും എല്ലാറ്റിന് പിന്നിലും നീയതിനെ കാണുന്നു. ജീവനും ജീവിതത്തിനും തണലേകുന്ന ഒരു ധിക്കാരിയായ സ്വച്ഛാധിപതിയായിട്ടാണ് നീയതിനെ കരുതുന്നത്. അതിനരികില്‍ ജീവിതത്തെ നേര്‍ത്തതായി ഭീതിയോടെ നീ കാണുന്നു. ഞാന്‍ നോക്കുമ്പോള്‍ ശോഭിക്കുന്ന കരുത്തുറ്റ ജീവിതത്തിനരികെ നേര്‍ത്തതും ദുര്‍ബലവുമായ ഒന്നായിട്ടേ മരണത്തെ കാണാനാവുന്നുള്ളൂ. നിലനില്‍ക്കുന്നതിനായി ജീവിതത്തിന്റെ ഭക്ഷണത്തളികയില്‍ നിന്നും താഴെ വീഴുന്ന ചെറുകഷ്ണങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യുക മാത്രമാണത് ചെയ്യുന്നത്.

പ്രശോഭിക്കുന്ന ജീവിതത്തിന്റെ വ്യാപ്തിയാണ് എനിക്ക് ചുറ്റും. എല്ലാം വളരുകയും വികസിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യരിലെയും ജന്തുക്കളിലെയും ഉമ്മമാര്‍ പ്രസവിക്കുന്നു. പക്ഷികളും മത്സ്യങ്ങളും പ്രാണികളും മുട്ടയിടുകയും അതില്‍ നിന്ന് പുതുജീവന്‍ ഉണ്ടാവുകയും ചെയ്യുന്നു. പൂക്കളുടെയും ഫലങ്ങളുടെയും വിത്തുകളില്‍ നിന്ന് ഭൂമിയെ പിളര്‍ത്തി സസ്യങ്ങളുണ്ടാവുന്നു. ആകാശം മഴ വര്‍ഷിക്കുന്നു. സമുദ്രത്തിലെ തിര നിലക്കുന്നില്ല. ഈ ഭൂമിയില്‍ എല്ലാം വളരുകയും അധികരിക്കുകയുമാണ്. ഇടക്കിടെ മരണം കടന്നു വന്ന് കടിച്ചു പറിച്ച് തിരിച്ചു പോകുന്നു. അല്ലെങ്കില്‍ വിശപ്പടക്കാന്‍ ജീവിതത്തിന്റെ ഭക്ഷണത്തളികയില്‍ നിന്നും വീഴുന്ന ചെറുകഷ്ണങ്ങള്‍ക്കായി പതിയിരിക്കുന്നു. ജീവിതം അതിന്റെ പാതയില്‍ ചടുലമായി മുന്നോട്ടു പോവുകയാണ്. അത് മരണത്തെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.

അതിന്റെ (ജീവിതം) ശരീരത്തില്‍ നിന്നും മരണം ഒന്നു കടിച്ചു വലിച്ചപ്പോള്‍ ഉറക്കെ നിലവിളിച്ചിട്ടുണ്ട്. എന്നാല്‍ ആ മുറിവ് വേഗം സുഖപ്പെടുന്നു. വേദനയുടെ നിലവിളി സന്തോഷത്തിന്റെ ശബ്ദമായി മാറുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും പുഴുക്കളും പ്രാണികളും പുല്ലും മരങ്ങളും ഭൂമുഖം ഒന്നടങ്കവും ജീവനും ജീവിതങ്ങളുമാണ്. മരണം പതിയിരിക്കുന്നുണ്ട്. അത് വന്ന് ഒരു കടി കടിച്ച് മറയും. അല്ലെങ്കില്‍ ജീവിതത്തിന്റെ ഭക്ഷണത്തളികയില്‍ നിന്നും വീഴുന്നത് പെറുക്കിയെടുക്കാന്‍ അത് കാത്തിരിക്കുന്നുണ്ട്.

സൂര്യന്‍ ഉദിക്കുന്നു അസ്തമിക്കുന്നു. ഭൂമി അതിനെ വലയം വെക്കുന്നു. എല്ലായിടത്തു നിന്നും ജീവിതമാണ് നിര്‍ഗളിക്കുന്നത്. എല്ലാം വളരുകയാണ്. പല രൂപത്തിലും വിധത്തിലും വളരുന്നു. മരണത്തിന് എന്തെങ്കിലും ചെയ്യാനാകുമായിരുന്നെങ്കില്‍ ജീവിതത്തിന്റെ വ്യാപനം തടയുമായിരുന്നു. എന്നാല്‍ ശക്തവും പ്രശോഭിതവുമായ ജീവിതത്തോടൊപ്പം വെക്കുമ്പോള്‍ നേര്‍ത്ത ദുര്‍ബലമായ ഒന്നാണത്. എന്നെന്നും ജീവിക്കുന്ന അല്ലാഹുവിന്റെ ശക്തിയാല്‍ ജീവിതം നിര്‍ഗളിക്കുകയാണ്.

സയ്യിദ് ഖുതുബ് തന്റെ സഹോദരി അമീനക്ക് അയച്ച കത്താണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ സഹോദരി ഹമീദക്ക് അയച്ച കത്താവാനുള്ള സാധ്യതയാണ് കൂടുതല്‍. കാരണം, മറ്റു സഹോദരങ്ങളേക്കാളെല്ലാം എപ്പോഴും മരണത്തെ കുറിച്ച് ഹമീദ ചിന്തിച്ചിരുന്നു. ‘അല്‍അത്വ്‌യാഫുല്‍ അര്‍ബഅഃ’ എന്ന പുസ്തകത്തില്‍ സയ്യിദ് ഖുതുബ് തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

വിവ: നസീഫ്‌

Related Articles