Current Date

Search
Close this search box.
Search
Close this search box.

പൂജ്യം വരച്ചു തീര്‍ക്കുന്നവര്‍

ഒരു പണ്ഢിത സമ്മേളനത്തിലാണ് സുല്‍ത്താന്‍ ഈ കഥ പറയുന്നത്. അവരില്‍ അറിവും വിവേകവുമുള്ളവരെ തലകുനിച്ചിരുത്താന്‍ ആ കഥ നിര്‍ബന്ധിച്ചു.

നഗരത്തിലെ ഒരു ഓട്ടോറിക്ഷാക്കാരനെ കുറിച്ച് നിങ്ങള്‍ എന്തുകരുതുന്നു. ഏതൊക്കെയോ കോണുകളില്‍, രാവിലെ മുതല്‍ രാത്രിവരെ, ഏതൊക്കെയോ മനുഷ്യരെ എത്തിച്ചുകൊടുക്കുന്നവന്‍. ആ നഗരത്തില്‍ എത്ര വലയങ്ങളാണ് അവന്‍ വരക്കുന്നത്. മുച്ചക്രങ്ങളില്‍ തീര്‍ത്ത വലയങ്ങള്‍ ഓരോ മുക്കവലയിലും തൊട്ടുവരച്ച്, അവസാനം തുടങ്ങിയിടത്തു തന്നെയെത്തുമ്പോള്‍ തീര്‍ക്കുന്നത് ഒരു പൂജ്യം. അങ്ങനെ അനേകം പൂജ്യങ്ങള്‍ തീര്‍ത്ത് കുടുംബം പോറ്റുന്നവര്‍. ദൈവം തീരുമാനമെടുക്കാന്‍ ഒന്നുമേല്‍പിക്കാതിരുന്നതിനാല്‍ ചിന്താശൂന്യനായിത്തീര്‍ന്ന ഒരു പാവം സൃഷ്ടി! അങ്ങനെയല്ലേ നിങ്ങളുടെ ചിന്ത. പിറകിലിരിക്കുന്ന നിങ്ങളുടെ ഭാവമോ? ഞാന്‍ യാത്രചെയ്യാന്‍ തക്ക ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുള്ളവന്‍. പോകാനൊരിടമുള്ളവന്‍. ഇക്കൂട്ടര്‍ എന്റെ നിര്‍ദ്ദേശമനുസരിക്കുന്നവര്‍. സ്വന്തമായി ലക്ഷ്യമില്ലാത്തവര്‍, എന്റെ ലക്ഷ്യമാണിവന്റെ നിയോഗം. ഞാന്‍ കൊടുക്കുന്നവന്‍, ഇവന്‍ വാങ്ങുന്നവന്‍. എന്റെ നന്ദിവാചകം സ്വീകരിക്കേണ്ടവന്‍. ഞാനിത്രയും നീട്ടിപ്പറയുന്നതെന്തിനെന്നോ, തന്നെകുറിച്ചുള്ള വലിയ വിചാരം ചെറിയതോതിലെങ്കിലും നിങ്ങളില്‍ അവശേഷിക്കുന്നുവെങ്കില്‍, ചില യാത്രകള്‍ നിങ്ങളെ വലിയതു പഠിപ്പിക്കും. നമ്മുടെ കഥയിലെ പണ്ഢിതനെ അയാള്‍ ഉദ്ദേശിച്ചിടത്തു നിന്ന് മാറ്റി, എത്തേണ്ടിടത്ത് എത്തിച്ച ആ ഓട്ടോക്കാരനെ പോലെ.

നഗരത്തിലെ ഒരു പ്രസിദ്ധീകരണാലയത്തിലേക്കായിരുന്നു അയാള്‍ക്ക് പോകേണ്ടിയിരുന്നത്. കയ്യിലുള്ള രചന അവിടെയേല്‍പിക്കണം. ഇസ്‌ലാമിനു പുതുലോകത്ത് സമര്‍പ്പിക്കാനുള്ള സാമ്പത്തിക ശൈലികളെകുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധമോ മറ്റോ ആയിരുന്നു അത്. ഗ്രാമത്തില്‍ വസിക്കുന്ന ആ പണ്ഢിതന്‍ രാവിലെ തന്നെ നഗരത്തില്‍ ബസിറങ്ങി. നഗരചക്രങ്ങള്‍ മെല്ലെ മെല്ലെ മുരണ്ടുരുളാന്‍ തുടങ്ങിയിരിക്കുന്നു. നഗരയന്ത്രങ്ങളെല്ലാം ഒരേ ശബ്ദത്തില്‍, കാലത്തെ പടച്ചുണ്ടാക്കുന്ന ഫാക്ടറിപോലെ ചലിക്കാന്‍ തുടങ്ങിയിരിക്കുന്നു. അയാള്‍ അസ്വസ്ഥനായി. ‘നിസ്സാരരായ’ ഈ പരശ്ശതം മനുഷ്യരെ കുറിച്ച് അയാള്‍ ആകുലപ്പെട്ടു. ഇവരെങ്ങോട്ട് പോകുന്നാവോ? പുരട്ടിയ അത്തറിന്റെയും ധരിച്ച മാന്യവസ്ത്രത്തിന്റെയും പിന്‍ബലത്തില്‍ ഞാനീ നഗരത്തില്‍ പെട്ടവനല്ല എന്ന ഭാവത്തിലൊരു നടത്തം അയാള്‍ സ്വീകരിച്ചു. അങ്ങനെ തന്റെ വ്യതിരിക്തതയെ ദൈവത്തോടുള്ള ഭയഭക്തിയായി സ്വയം തൃപ്തിപ്പെട്ടുകൊണ്ടയാള്‍ ഓട്ടോറിക്ഷയ്ക്കരികിലെത്തി. ആ ഓട്ടോക്കാരന്‍ അന്നത്തെ വലയം തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു.
പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
‘ഒരു അരകിലോമീറ്ററില്ല, നടക്കാവുന്നതേയുള്ളൂ.’
‘അറിയാം. പോകാന്‍ പറ്റില്ലേ?’ സൗമ്യമായി പണ്ഢിതന്‍ ചോദിച്ചു.
‘ഹേയ്… പറഞ്ഞൂന്ന് മാത്രം. പോകാം’
തന്നോടെന്തിനയാളങ്ങനെ പറഞ്ഞു?!. രൂപത്തിലും ഭാവത്തിലും തന്നെ അയാള്‍ക്ക് മനസ്സിലാവേണ്ടതാണല്ലോ. ഒരു അപശ്ശകുനമായി കരുതപ്പെടേണ്ട ആളല്ലല്ലോ ഞാന്‍. പണ്ഢിതന്റെ മനസ്സില്‍ അയാള്‍ തന്നെയുണ്ടാക്കി മിനുക്കിയെടുത്ത അളവുകോലില്‍ ആ സാധാരണക്കാരനായ മനുഷ്യന്‍ കിടന്ന് ചെറുതായിത്തുടങ്ങി.
‘തുടക്കം തന്നെ ഒരു കുറഞ്ഞ കൂലിയുടെ ഓട്ടമായതിലുള്ള ലക്ഷണക്കേടു കൊണ്ടാണോ നിങ്ങളങ്ങനെ പറഞ്ഞത്?’ പണ്ഢിതന്‍ കാര്യം തുറന്നു ചോദിച്ചു.
‘ഹേയ്, ലക്ഷണക്കേടോ? ഞാനുമൊരു മുസ്‌ലിമാണ്. സ്ഥലം അടുത്താണെന്നുള്ള കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും എന്നു വിചാരിച്ചു പറഞ്ഞതാണ്’.

ഈ ഉത്തരത്തില്‍ തനിക്കു മാത്രമല്ല, അയാള്‍ക്കും ഒരു അളവുകോലുണ്ടല്ലോ എന്ന കാര്യം ഒരല്‍പം ആശ്ചര്യത്തോടെ പണ്ഢിതന്‍ മനസ്സിലാക്കി. ഒരുപാട് സാധാരണക്കാര്‍ ഇപ്പോള്‍ ഇസ്‌ലാമിനെകുറിച്ച് പഠിക്കുന്നുണ്ട്, നല്ലകാര്യം. എങ്കിലും തന്റെ മുഖത്തുനോക്കി, ചോദ്യത്തിന്റെ നേര്‍ക്കുനേരെയുള്ള മറുപടിയല്ലാതെ, ഞാനുമൊരു മുസ്‌ലിമാണെന്ന് പറഞ്ഞപ്പോള്‍ ഒരു വാഗ്വാദ- സ്വത്വത്തിന്റെ വലിഞ്ഞുമുറുകല്‍ പണ്ഢിതനിലുണ്ടായി. ആ ഓട്ടോറിക്ഷയുടെ കുടുസ്സു കാബിനില്‍ താന്‍ ചെറുതായിത്തീരുന്നുവോ? കുറച്ചുകൂടി ഹിദായത്ത് നല്‍കിക്കൊണ്ട് നിര്‍വൃതിയടയാം എന്ന തീരുമാനത്തില്‍ അയാള്‍ ചോദിച്ചു.
‘അല്ല, ഇതു നിങ്ങളുടെ വരുമാന മാര്‍ഗമല്ലേ. വരുന്നവരോട് നടന്നോളാന്‍ പറഞ്ഞാല്‍ പിന്നെങ്ങിനെ?’
പെട്ടെന്ന് കിട്ടിയ മറുപടിയില്‍ വണ്ടി നിന്നു. മറുപടി ഇത്രമാത്രം ലളിതമായിരുന്നു. ‘ഞാനാണെങ്കില്‍ ഇത്ര ദൂരം പോകാന്‍ വണ്ടിയെടുക്കില്ല. അതു ഞാന്‍ നിങ്ങളോടും പറഞ്ഞുവെന്ന് മാത്രം.’

അയാള്‍ വണ്ടി നിര്‍ത്തിയത് എത്തേണ്ടിടത്ത് എത്തിയത് കൊണ്ടാണ്. പണ്ഢിതന്‍ ഇറങ്ങി. ഇറങ്ങിയത് സ്ഥലമെത്തി എന്ന ബോധം കൊണ്ടല്ല. തന്റെ യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു എന്ന തരത്തില്‍ എന്തോ ഒരു തടസ്സം അയാള്‍ക്കനുഭവപ്പെട്ടു. ഒരു പൂജ്യം തീര്‍ത്ത യന്ത്രത്തെപ്പോലെ അയാളവിടെയിറങ്ങി. വിവേകത്തിന്റെ ഏതോ പിടികിട്ടാത്ത സമസ്യകള്‍ തീര്‍ത്ത് ആ വണ്ടി ഓടിച്ചുപോവുകയും ചെയ്തു. അതിനിടയ്ക്ക് പണം കൊടുക്കലും ബാക്കിവാങ്ങലും സലാം പറയലുമൊക്കെ നടന്നെങ്കിലും, കാഷ്വാലിറ്റിയിലേക്ക് തള്ളപ്പെടുന്ന രോഗിയുടെ അവസ്ഥപോലെ നമ്മുടെ പണ്ഢിതന്‍ ഇതൊന്നും അറിഞ്ഞില്ല. അത്രയ്ക്കു ഗുരുതരമായിരുന്നു അയാളുടെ അഹംബോധത്തിന്റെ തലയ്‌ക്കേറ്റ പരിക്ക്. തന്റെ കയ്യിലുള്ള മഹാപ്രബന്ധം അയാളൊന്നുകൂടി നോക്കി. ജീവിക്കുന്നതും ജീവിക്കാനായ് വരുന്നതുമായ മനുഷ്യസഞ്ചയത്തിന്റെ ക്ഷേമത്തിനായുള്ള കുത്തിക്കുറിക്കലുകള്‍ നടത്തിയ ആ കടലാസുകള്‍ നനഞ്ഞു കുതിര്‍ന്നു പോയിരുന്നു.

സുല്‍ത്താന്‍ കൂടിയിരുന്ന പണ്ഢിതരോടായി പറഞ്ഞു: അവനവന്‍ അന്യനു വേണ്ടി ചെറു കരുതിവെപ്പുകള്‍ നടത്താന്‍ ശ്രദ്ധിക്കുകയാണ് ലോക ക്ഷേമത്തിനുവേണ്ടിയുള്ള പ്രയത്‌നത്തില്‍ ഒരാളുടെ പ്രാഥമികമായ പങ്ക്. അതില്ലാത്തവന്റെ കയ്യിലെ കടലാസുകള്‍ വെറും ചാപിള്ളകളാണ്. ദൈവം ഭൂമിയില്‍ വിതാനിച്ച വിഭവങ്ങളുടെ നീതിമാന്മാരായ അളന്നുകൊടുപ്പുകാരായി നാം മാറണം. അതിനും സ്വന്തമായി ഒരളവു പാത്രം നാം അളന്നു ശീലിക്കണം. വെള്ളത്തെകുറിച്ചു മാത്രം ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ. മിതമായ വെള്ളം എന്ന നമ്മുടെ ആദര്‍ശത്തെ അനുസരിക്കാത്ത എത്രയെത്ര യന്ത്രസംവിധാനങ്ങളാണ് വീടുകളിലും ഓഫീസുകളിലും നിങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്? അതുമാറ്റാതെ വെള്ളം കുത്തകയാക്കി വെക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ മലിനജലം കണക്കെ ഒഴുകിപ്പോകുന്നു. മലിന ജലാശയങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതല്ല, അല്ലാഹുവിലേക്കെത്തുന്നുമില്ല.

നിങ്ങളെ കുറിച്ച് നിങ്ങള്‍ എന്തുകരുതുന്നു? പണ്ഢിതന്മാര്‍ നിലംതൊടാതെ ഭൂമിയില്‍ സഞ്ചരിക്കേണ്ടവരാണ്. അവര്‍ക്കൊരേയൊരു വ്യായാമമേ ഉള്ളൂ, അതധരവ്യായാമമാണ്?!. ഈ അലംഘനീയമായ നിയമം ബാക്കിയെല്ലാവരും തലയിലേറ്റി നടക്കണമെന്നോ? വിവേകമുള്ളവരില്‍ നിന്ന് നിങ്ങളതു പ്രതീക്ഷിക്കരുത്. നിങ്ങള്‍ വിവേകമുള്ളവരില്‍ നിന്നു പകര്‍ത്തുക. വിവരമുള്ളവരില്‍ നിന്ന് വായിക്കുക.

മറ്റുള്ളവരെ കുറിച്ച് നിങ്ങളെന്തു വിചാരിക്കുന്നു. നിങ്ങളെന്നോടു ചോദിച്ചേക്കാം, ഒരു അരക്കിലോമീറ്റര്‍ നടക്കാന്‍ പറഞ്ഞ ഓട്ടോക്കാരനെ നിങ്ങളെന്തിന് ഇങ്ങനെ മഹത്വപ്പെടുത്തണം. അയാള്‍ അങ്ങനെ പറയുന്നത് ഒരു ശീലമാക്കിയിരിക്കാം. വരാനിരിക്കുന്ന ഇന്ധനക്ഷാമത്തെ തന്റെ ആദര്‍ശവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വര്‍ത്തമാനമൊന്നുമല്ല അയാള്‍ നടത്തിയത്. നോക്കൂ, ഇവിടെ നിങ്ങള്‍ വീണ്ടും ആ പണ്ഢിതന്റെ ആദ്യ അവസ്ഥയിലേക്കു തന്നെ തിരിച്ചുപോകുന്നു. ആ ഓട്ടോക്കാരന്‍ ആദര്‍ശവും ദര്‍ശനവുമില്ലാത്ത വെറും ശീലക്കാരനും നിങ്ങള്‍ ആദര്‍ശ ഗവേഷകരെന്നും നിങ്ങളങ്ങു തീരുമാനിക്കുന്നു. ഞാന്‍ പറയുന്നു, അയാള്‍ മാനവരാശിയെ കുറിച്ച് ഉള്‍ക്കാഴ്ചയുള്ള, ദൈവിക പ്രാതിനിധ്യത്തില്‍ തന്റെ കടമയെന്തെന്ന് അറിയുന്ന ഒരു മനുഷ്യനാണ്.  അങ്ങനെ ചിന്തിക്കുന്നതിന് നിങ്ങള്‍ക്കെന്താണ് തടസ്സമാകുന്നത്? മനുഷ്യരുടെ ഔന്നത്യത്തെ അളക്കുന്ന പണി ദൈവം നിങ്ങളെ ഏല്‍പിച്ചിട്ടുണ്ടോ?

രണ്ടു മനോഭാവങ്ങളും മാറ്റാന്‍ ഞാനിതു പറഞ്ഞാല്‍ മതിയല്ലോ: ‘അല്ലാഹുവാണ് സര്‍വജ്ഞനും സൂക്ഷ്മജ്ഞനും. അല്ലാഹുവിന്റെയടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്.’

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Related Articles