Current Date

Search
Close this search box.
Search
Close this search box.

ഞാനെന്റെ ഉമ്മയുടെ മകനാണ്‌

നഗരത്തിലെ ഒരു ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താന്‍ സംസാരിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു കോളജ് വിദ്യാര്‍ഥിയുടെ കഥയായിരുന്നു സുല്‍ത്താന്‍ വിവരിച്ചത്.
”എന്റെ ഉമ്മയാണെനിക്കെല്ലാം. ഞാന്‍ എത്ര ഉയരത്തിലെത്തുമോ, അവിടെ വെച്ച് ഞാനെന്റെ ഉമ്മയുടെ പേര് ഉറക്കെ വിളിച്ചു പറയും. എന്റെ ലക്ഷ്യം ഒരു ചിപ്പിപോലെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാന്‍. റിസര്‍ച്ചും ട്രെയിനിങും കഴിഞ്ഞ്, ഒടുക്കം ഒരുനാള്‍ ഒരു സ്‌പെയ്‌സ് സയന്റിസ്റ്റായി ഞാന്‍ ആകാശത്തേക്കുയരും. അവിടെ വെച്ച് സൃഷ്ടാവായ നാഥന്‍ കേള്‍ക്കുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു പറയും. എന്റെ ഉമ്മയുടെ മകനാണ് ഞാനെന്ന്.” സംസാരത്തിനൊടുവില്‍ അവന്‍ തളര്‍ന്നു. വല്ലാത്തൊരു ശബ്ദത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്‍ നിര്‍ത്തി.
കാമ്പസിലെ സ്റ്റോണ്‍ ബെഞ്ചിലിരുന്നുകൊണ്ടാണ് ആ യുവാവ് സുല്‍ത്താനോട് സംസാരിച്ചത്. അവന്‍ പ്രീ സ്‌കൂളിലായിരിക്കുന്ന കാലത്ത് അവനെയും ഉമ്മയെയും വിട്ടേച്ചു പോയതാണ് ഉപ്പ. എങ്ങോട്ട്, എന്തിന്, എന്തുകൊണ്ട് എന്നിത്യാദി ചോദ്യങ്ങള്‍ക്കൊന്നും ഉമ്മ അവനുത്തരം നല്‍കിയില്ല. അങ്ങനെയൊന്ന് ചോദിക്കേണ്ടതും വിശദീകരിക്കേണ്ടതുമില്ലാത്ത വിധം ആ ഉമ്മ മകനെ വളര്‍ത്തി. ആ മാതാവിന്റെ അധ്വാനമായിരുന്നു അവന്‍ സാക്ഷ്യം വഹിച്ച ജീവിത മാതൃക. വിരഹമോ, പകയോ, പ്രതികാരമോ, പരിഭവമോ, അനാഥത്വമോ ഒന്നും തികട്ടിവരാത്ത രീതിയില്‍ അവര്‍ ജീവിച്ചു. ഉമ്മാക്കു മകനും മകന് ഉമ്മായും. സുല്‍ത്താന്‍ പറഞ്ഞു: ഞാനോര്‍ത്തുപോകുന്നു, സഫാ മര്‍വായ്ക്കിടലെ പൊള്ളുന്ന മണല്‍ തരികളില്‍ കിതച്ചോടുമ്പോള്‍ ഹാജറിന്റെ ഇടനെഞ്ചില്‍ സൃഷ്ടാവിലുള്ള പ്രതീക്ഷയായിരുന്നു തുടികൊട്ടിയിരുന്നത്; ഇബ്രാഹീമിലുള്ള പ്രതീക്ഷയായിരുന്നില്ല.

ആ യുവാവ് ഫിസിക്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥിയാണ്. ചിപ്പിപോലെ കൊണ്ടു നടക്കുന്ന ആ ലക്ഷ്യം ഒരു ആസ്ട്രനോട്ടിക്കല്‍ എഞ്ചിനിയര്‍ ആവുക എന്നതാണ്. ഹോസ്റ്റലില്‍ നിന്ന് ആഴ്ചതോറും അവന്‍ വീട്ടിലെത്താറുണ്ട്. ജീവിതത്തിന്റെ ചിട്ടാവട്ടങ്ങളില്‍ ഒരു പുഞ്ചിരിയായും കാവലായും ഉമ്മയെ മനസ്സില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്ന, അവന്‍. സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ റൂമില്‍ നടത്തുന്ന മദ്യപാന സദസ്സുകളില്‍ നേരത്തെ തന്നെ അവന്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. പക്ഷെ, അവന്‍ മദ്യപിക്കാതെ തിരിച്ചുപോരുകയായിരുന്നു, പതിവ്. മൂന്നാം സെമസ്റ്ററിന്റെ തുടക്കത്തില്‍. കുഴഞ്ഞുമറിഞ്ഞ ഒരു പാഠ്യവിഷയത്തിന്റെ സ്ട്രസ്സ് മാറ്റുവാനാണ് അന്ന് ആദ്യമായി ആ സദസ്സില്‍ ചേര്‍ന്നത്. തന്റെ ചിട്ടയ്‌ക്കോ പെരുമാറ്റത്തിനോ ഒരു പ്രശ്‌നവും സൃഷ്ടിച്ചില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അതിനെ ഒരു ഗൗരവമുള്ള കാര്യമായി അവന്‍ കണക്കിലെടുത്തില്ല. സ്ഥിരമായി അതില്‍ പങ്കുചേര്‍ന്ന് അഡിക്റ്റാവാതിരിക്കാന്‍ ശ്രദ്ധിക്കും എന്നവന്‍ ഉറപ്പിച്ചിരുന്നു. പിന്നീട് ഇടയ്‌ക്കൊക്കെ അങ്ങനെ സംഭവിച്ചു. ഉമ്മയ്ക്ക് തന്റെ മനസ്സിലും ജീവിതത്തിലും ഉള്ള സ്വാധീനത്തിനും സ്മരണയ്ക്കും ഒരു കോട്ടവും തട്ടുന്നില്ല എന്നും അവന്‍ ഉറപ്പിച്ചു. പക്ഷെ, രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ കൂട്ടുകാരുമായി ഇങ്ങനെ ഒത്തു ചേരുന്നതും യാത്രയുമെല്ലാം പതിവായി. ഉമ്മ അറിയാത്ത ഒരു കാര്യം ഞാന്‍ ജീവിതത്തില്‍ തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് അവനില്‍ പ്രയാസമുണ്ടാക്കി.

ഒരു വീക്കെന്റില്‍ വീട്ടിലെത്തിയ അവന്‍ രാത്രിയില്‍ ഉമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. മകന്‍ തന്നില്‍ നിന്നും ഇക്കാര്യം ഒളിച്ചുവച്ചില്ലല്ലോ എന്നതില്‍ ആ മാതാവ് ആശ്വാസം കൊണ്ടെങ്കിലും ആ വിവരം ഏതൊരു ഉമ്മയെപോലെ അവരിലും ആഘാതമുണ്ടാക്കി. അവര്‍ അന്ന് ആദ്യമായി അവന്റെ പിതാവിനെ കുറിച്ച് അവനെ ഓര്‍മിപ്പിച്ചു:
”മോനെ, ജന്മം കൊണ്ട് നീ ഉപ്പയുടെയും ഉമ്മയുടെയും മകനായിരിക്കാം. എന്നാലും, ഇത്രയും കാലം നീ ജീവിച്ചത് ഉപ്പയുടെ മകനായോ, ഈ ഉമ്മയുടെ മകനായോ?”.
”ഉമ്മയുടെ മകനായി.  ഇനിയും അങ്ങനെ തന്നെയായിരിക്കും” അവന്‍ പറഞ്ഞു.
”പിന്നെന്തേ, പൊന്നുമോനേ, നീ ഉപ്പയുടെ ശീലം തുടങ്ങിയത്?”
താന്‍ ആദ്യമായി ഉമ്മയെ തന്നില്‍ നിന്ന് അകറ്റിയിരിക്കുന്നു, ഉമ്മയ്ക്കു പകരം ഉപ്പയെ ജീവിതത്തിലെ മോഡലായി സ്വീകരിച്ചിരിക്കുന്നു എന്നൊക്കെയുള്ള തോന്നല്‍ അവനെ വല്ലാതെ ഉലച്ചുകളഞ്ഞു. ആ കുട്ടുകാരെ ഒഴിവാക്കണം, ഒരവസരത്തിലും ഇനി മദ്യം എന്റെ ചുണ്ടോടടുക്കില്ല, രുചിക്കില്ല. അവന്‍ ശപഥങ്ങള്‍ മനസ്സിലുറപ്പിച്ച് കോളജിലേക്ക് തിരിച്ചു. ഉമ്മയ്ക്ക് കുറെ മുത്തങ്ങള്‍ നല്‍കി, പൊരുത്തം വാങ്ങിയായിരുന്നു, ആ യാത്ര.

സുല്‍ത്താന്‍ തനിക്കുമുന്നിലിരിക്കുന്ന സ്‌കൂള്‍ കുട്ടികളോടും അധ്യാപകരോടും വിവരണം തുടര്‍ന്നു. ഈ സംഭവം നടന്നത് ഞാനും അവനും കണ്ടുമുട്ടുന്നതിന് രണ്ട് മാസം മുമ്പാണ്. ഹോസ്റ്റലില്‍ തിരിച്ചെത്തിയ അന്ന് രാത്രി, തന്റെ മുറിയിലുള്ളതെല്ലാം അവനെ മടുപ്പിച്ചു. പുതപ്പും വിരിപ്പും ചുവരിലെ ചാര്‍ട്ടുകളും അവനെ പരിഹസിക്കുന്നതുപോലെ. കണ്ണാടിയിലെ തന്റെ രൂപം പോലും ഏതോ അപരിചിതനെ പോലെ തന്നെ തുറിച്ചു നോക്കുന്നു. തൊട്ടടുത്ത മുറിയില്‍ പതിവു ക്ലബ് ആരംഭിക്കുന്ന നേരമായിരുന്നു, അത്. താന്‍ അവിടെ കൂടിയിരുന്ന സമയങ്ങളെ കുറിച്ച് അവനോര്‍ത്തു. ഉമ്മയുടെ കരയുന്ന മുഖവും. മദ്യത്തിന്റെയും ഗന്ധവും, കൂട്ടുകാരുടെ സംസാരവും അവനിലെത്തുന്നുണ്ടായിരുന്നു. അവന്‍ ചെറുത്തു നിന്നു. അതൊരു പോരാട്ടമായിരിക്കുന്നുവെന്ന് അവന്‍ അറിഞ്ഞു. അവന്‍ വല്ലാതെ വലിഞ്ഞു മുറുകി. സത്യത്തില്‍ അവന്‍ അറിഞ്ഞിരുന്നില്ല, ആ യുവാവ് ലഹരിക്ക് അഡിക്ടായിരിക്കുന്നു എന്ന സത്യം. തലച്ചോറിലെ അനേക ലക്ഷം സെല്ലുകളില്‍ ഏതോ കോണിലെ ഏതോ ഒരു ന്യൂറോണില്‍ മിന്നലായി വന്ന ഒരു തോന്നല്‍, ഒരു ചിന്തയായി, അത്യുച്ചത്തിലുള്ള ഒരു അട്ടഹാസമായി പരിണമിച്ച്, ആ മുറിയെ ആകെ കുലുക്കുമാറ് പുറത്തുവന്നു.
”എനിക്കെന്റെ ഉമ്മയെ കൊല്ലണം!. കൊന്ന് ഇല്ലാതാക്കണം…!!”

താന്‍ വിളിച്ചു പറഞ്ഞതിന്റെ ഭീകരത വീണ്ടും അവന്‍ ചിന്തയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അവന് സമനില നഷ്ടപ്പെട്ടു. കൂട്ടുകാര്‍ കൂടിയിരുന്ന റൂമിലേക്കവന്‍ ഓടി. ഒന്നും പറയാതെ അവിടെയുണ്ടായിരുന്ന വിഷം മുഴുവന്‍ അകത്താക്കിയപ്പോള്‍ തോന്നലുകളില്‍ നിന്നും ചിന്തകളില്‍ നിന്നും അവന്‍ മോചിതനായി.
സുല്‍ത്താന്‍ തുടര്‍ന്നു: ”ലഹരികള്‍ പലതും അവനിലേക്ക് പ്രവേശിച്ചു വന്നു. ഇനി അവന്‍ ഏതേത് അവസ്ഥകളില്‍ ജീവിതം നയിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ടതുണ്ടോ കൂട്ടുകാരെ. സുബോധമുള്ള സമയങ്ങളില്‍ താന്‍ ഒരു ബഹിരാകാശ യാത്രികനായി സ്‌പേസ് ഷട്ടിലില്‍ വെച്ച് ഉമ്മയുടെ മകനാണെന്ന് വിളിച്ചു പറയുന്നതോര്‍ത്ത് കരയും. ബോധമറ്റാല്‍ സ്വയം ആകാശത്തേക്കു ഉയര്‍ന്നിരിക്കുന്നു എന്ന അനുഭൂതിയില്‍ ഉറക്കെ ഞാനെന്റെ ഉമ്മയുടെ മകനാണെന്ന് വിളിച്ചുപറയും. ലഹരി കിട്ടാതിരിക്കുന്ന സമയമാകുമ്പോള്‍, എന്റെ ആകാശയാത്രയെ തടയുന്ന ശത്രുവാണെന്റെ ഉമ്മ എന്നോ, എന്റെ ഉമ്മയെ ഞാനാണ് വിട്ടേച്ചുപോയത് എന്നോ വിളിച്ചുപറഞ്ഞുകൊണ്ട് അത്തരം ചിന്തകളില്‍ നിന്ന് ലഹരിയിലേക്ക് ഓടിയൊളിക്കും.
”അവനെ നമുക്ക് വിദഗ്ദമായ ഒരു ചികിത്സയ്ക്കു വിടാം.” സുല്‍ത്താന്‍ അവിടെ കൂടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് കുറച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചിലത് മദ്യപാനം ശീലമാക്കിയ ശേഷം മോചനം ആഗ്രഹിക്കുന്നവര്‍ക്കുള്ളതായിരുന്നു. ചിലത് മദ്യപിച്ചു തുടങ്ങിയിട്ടില്ലാത്തവര്‍ക്കും മദ്യപാനികളെ മോചിപ്പിക്കാന്‍ ആഗ്രഹിക്കന്നവര്‍ക്കുമുള്ളതായിരുന്നു.
ഒന്ന്, അഡിക്ഷന്‍ എന്നത് ഒരു പ്രത്യേക തരം മദ്യപാനമല്ല. സാധാരണ പോലെ തുടങ്ങി അറിയാതെ, ഒട്ടും അറിയാതെ എത്തിച്ചേരുന്ന ഒരവസ്ഥയാണ്. ഏതു കടുത്ത മദ്യപാന സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന കൗമാരക്കാരനാണെങ്കിലും താന്‍ ഒന്നു രുചിച്ചുനോക്കട്ടെ എന്നല്ലാതെ മുഴുക്കുടിയനാവാന്‍ തുടങ്ങുകയാണ് എന്ന ഉദ്ദേശ്യത്തോടെയല്ല തുടങ്ങുന്നത്. തവണകളും സന്ദര്‍ഭങ്ങളും വ്യത്യസ്തമാകാം. നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ എന്നാണ് അഡിക്ഷന്‍ എന്നതിനര്‍ഥം. മദ്യപാനമൊരു ഇനവും അഡിക്ഷന്‍ വേറെതന്നെ ഒരിനവുമാണെന്നുള്ള തെറ്റിദ്ധാരണ നീക്കുക. അതുകൊണ്ട് തുടക്കം അനുവദിക്കാതിരിക്കുക.

രണ്ട്, മദ്യപാനത്തില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ നിര്‍ത്തുക എന്ന പ്രയോഗം മാറ്റി, തുടങ്ങുക എന്നാക്കുക. അഥവാ ലഹരിക്ക് പകരമായി ജീവിതത്തില്‍ മറ്റൊരു നല്ല കാര്യം തുടങ്ങുക. നല്ല മകന്‍, വിദ്യാര്‍ഥി, ഭര്‍ത്താവ് എന്നിങ്ങനെ നല്ലതൊന്നു തുടങ്ങാന്‍ പ്രതിജ്ഞ ചെയ്യുക. ഒരു കാര്യം തുടങ്ങുവാന്‍ ലോകത്ത് ഒരു വഴിയേ ഉള്ളൂ, അത് തുടങ്ങല്‍ മാത്രമാണ്.
ഒരു അനുബന്ധം പറഞ്ഞോട്ടെ, ഉത്തരവാദിത്തമേറിയ ഒരു ദൗത്യം സ്വബോധത്തോടെ ചെയ്യേണ്ട അവസ്ഥ സംജാതമായപ്പോള്‍, മദ്യത്തില്‍ മുങ്ങിയ അറബ് ജനത അതിനെ വര്‍ജിക്കുവാന്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ പാകമായ ചരിത്രം നാം കണ്ടുവല്ലോ. അന്നത് മദ്യം അന്തസ്സായിരുന്നു, ധീരതയായിരുന്നു. ആരോഗ്യ ദായകമായ ധാന്യങ്ങളില്‍ നിന്നും തേനില്‍ നിന്നും പഴങ്ങളില്‍ നിന്നുമായിരുന്നു അത് ഉണ്ടാക്കിയിരുന്നത്. മദ്യം, ലൈംഗികത, യുദ്ധം തുടങ്ങിയവയില്‍ കൂപ്പുകുത്തിയ ആ മനുഷ്യര്‍ക്ക് സുബോധത്തോടെ നിര്‍വഹിക്കാന്‍ ഒരു മഹാ ഉത്തരവാദിത്തം വന്നുചേര്‍ന്നപ്പോള്‍, സുബോധത്തെ ഇല്ലാതാക്കുന്ന മദ്യത്തെ അവര്‍ വെറുക്കാന്‍ തുടങ്ങി.

മൂന്ന്, നിങ്ങള്‍ തന്നെ കല്‍പിക്കുക. മറ്റൊരാള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്താന്‍ കഴിയില്ല. മറ്റൊരാളുടെ കല്‍പനയോ, ഇഷ്ടമോ, നിര്‍ദ്ദേശമോ ആണ് മദ്യത്തില്‍ നിന്ന് തന്നെ അകറ്റുന്നതെങ്കില്‍ ലഹരിയോടുള്ള അഭിനിവേശ ബോധം, ആ വ്യക്തിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു ശത്രുതയും പോരാട്ടവുമുണ്ടാക്കും. അവസാനം ലഹരിയോടുള്ള അഭിനിവേശ ബോധം ജയിക്കും. കാരണം നിങ്ങളുടെ തലച്ചോറിലും ശരീരത്തിലും കൂടുതല്‍ സ്വാധീനമുള്ളത് പുറത്തുള്ള ആ വ്യക്തിക്കല്ലല്ലോ.
നാല്,  ‘Idle hands devil’s workshop’ എന്നതെത്ര ശരി. മദ്യപാന സമയമാകുമ്പോഴേക്കും ഒഴിവാക്കാനാകാത്ത മറ്റൊരു എന്‍ഗേജ്‌മെന്റ് നിങ്ങള്‍ നേരത്തെ ഉറപ്പിക്കുക. പൊതു കളിസ്ഥലങ്ങള്‍ക്ക് നാട്ടുമ്പുറത്തെ വൈകിട്ടെന്താ പരിപാടി ശീലം ഒഴിവാക്കാന്‍ ഏറെക്കുറെ കഴിയും.
അഞ്ച്, കൂട്ടുകാരെ പെട്ടെന്നൊരുനാള്‍ പറിച്ചെറിയാന്‍ തുനിയരുത്, നിങ്ങള്‍ ഒറ്റപ്പെടും. വീണ്ടും നിങ്ങളാ വൃത്തത്തിലേക്കുതന്നെ എത്തിച്ചേരും. ഒഴിവാക്കേണ്ടത് മദ്യപാനസമയത്തെ കൂട്ടുകൂടല്‍ മാത്രമാണ്.

ആറ്, മദ്യപാന സദസ്സിലോ, കൂട്ടുകാരോടോ നിങ്ങള്‍ മദ്യം നിര്‍ത്തി എന്നു വെല്ലുവിളിക്കരുത്. നിങ്ങള്‍ക്കിടയില്‍ ഒരു വാദപ്രതിവാദമുണ്ടാകും, നിങ്ങള്‍ പരാജയപ്പെട്ടേക്കാം. കൂട്ടായ്മയിലേക്ക് വരാതിരിക്കുന്നതിന് മറ്റു വല്ല കാരണവും പറയുക.
ഏഴ്, അനുവദനീയമായതും നല്ലതുമായ കാര്യങ്ങള്‍ ചെയ്‌തേക്കുക. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കരുത്. ഭക്ഷണം കഴിക്കുക, ചിരിക്കുക, കളിക്കുക. മദ്യപിക്കാറുണ്ടായിരുന്ന സമയത്തിനു മുമ്പ് നന്നായി വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റ് ആക്കണമെന്ന് ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
എട്ട്, ന്യായങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തും. വെടിയാന്‍ ഉദ്ദേശിക്കുന്ന ശീലങ്ങള്‍ക്ക് അനുകൂലമായ ന്യായങ്ങളെ അംഗീകരിക്കാതിരിക്കുക (അവ ശരിയാവട്ടെ, തെറ്റാവട്ടെ). ന്യായങ്ങള്‍ രൂപീകരിക്കുക എന്നതിനര്‍ഥം നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടെന്നാണ്. ഒരുപാടു പേര്‍ ആരോഗ്യത്തോടെ ഇരിക്കുന്നല്ലോ, നിര്‍ത്താന്‍ ശ്രമിച്ചവരൊക്കെ പരാജയപ്പെടുന്നുണ്ട്, ഇനിയേതായാലും ഇത്രയായില്ലേ… ഇത്തരത്തിലുള്ള അഭിപ്രായങ്ങളെ ഒഴിവാക്കുക.
അറിയാം, സത്യത്തില്‍ കത്തിവെക്കേണ്ടത് തെരുവില്‍ മലര്‍ന്നുകിടക്കുന്ന പാവം മനുഷ്യന്റെ തലച്ചോറിലല്ല. കത്തിവെക്കേണ്ടത്, മനുഷ്യര്‍ കുടിച്ചു വീര്‍ത്ത് നിഷ്‌ക്രിയരാകണമെന്ന് ആഗ്രഹിക്കുന്ന ദുരാഗ്രഹികളായ വന്‍മരങ്ങളുടെ വേരുകളിലാണ്.
ആ കുട്ടികളില്‍ ചിലര്‍ സുല്‍ത്താനോട് ചോദിച്ചു, ആ യുവാവിന്റെ സ്ഥിതി എന്തായെന്ന്. സുല്‍ത്താന്‍ പറഞ്ഞു: നിങ്ങള്‍ക്കതേകുറിച്ചെന്തിന് സംശയം. തിന്മകള്‍ മാറ്റാന്‍ കഴിയുമോ എന്ന സന്ദേഹമാണ് തിന്മയുടെ കയ്യിലെ ഏറ്റവും വലിയ ആയുധം. അതരുത്. അവന്‍ ഏറെക്കുറെ അവന്റെ ലക്ഷ്യത്തിനരികിലാണിന്ന്. നിങ്ങള്‍ക്ക് ഒരുനാള്‍ കേള്‍ക്കാം. ആകാശപാളികള്‍ക്കിടയില്‍ ആ യുവപ്രതിഭയുടെ ശബ്ദം:”ഞാനെന്റെ ഉമ്മയുടെ മകനാണ്”
”തീര്‍ച്ചയായും പിശാച് നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങളെ ദൈവസ്മരണയില്‍ നിന്നും പ്രാര്‍ഥനയില്‍ നിന്നും തടയുകയും ചെയ്യുക എന്നതും.”

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Related Articles