Current Date

Search
Close this search box.
Search
Close this search box.

ജീവിതം ഇരട്ടിയാക്കാം

life123.jpg

സ്വന്തത്തിന് വേണ്ടി മാത്രമായി ജീവിക്കുമ്പോള്‍ വളരെ നേര്‍ത്ത് ചുരുങ്ങിയ ഒന്നായിരിക്കും ജീവിതം. നാം ജനിച്ചത് മുതല്‍ ആരംഭിക്കുന്ന അത് നമ്മുടെ നിര്‍ണിതമായ ആയുസ്സോടു അവസാനിക്കുന്നു. അതേസമയം നാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അഥവാ ഒരു ആശയത്തിന് വേണ്ടി ജീവിക്കുമ്പോള്‍ ജീവിതം ഏറെ ദൈര്‍ഘ്യമുള്ളതായി മാറുന്നു. മനുഷ്യകുലത്തോടൊപ്പം ആരംഭിച്ച് നാം ഈ ലോകത്തോട് വിടപറഞ്ഞതിന് ശേഷവും നീണ്ടു കിടക്കുന്ന ഒന്നായിട്ടത് മാറുന്നു.

ഈ അവസ്ഥയില്‍ നമ്മുടെ ആയുസ്സിന്റെ എത്രയോ ഇരട്ടി നേട്ടം നാം കൈവരിക്കുന്നു. ആ നേട്ടം വെറും തോന്നലല്ല, യാഥാര്‍ഥ്യമാണ്. ജീവിതത്തെ ഇങ്ങനെ കാണുമ്പോള്‍ നമ്മുടെ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും ഇരട്ടിയായി മാറുന്നു. വര്‍ഷങ്ങളുടെ എണ്ണമല്ല ജീവിതം. മറിച്ച് അതിനോടുള്ള മനോഭാവമാണ്. ‘യാഥാര്‍ഥ്യവാദികള്‍’ (Realists) ഈ അവസ്ഥയെ ‘മിഥ്യാബോധ’മെന്ന് വിളിക്കുന്നു. എന്നാല്‍ ശരിക്കും യാഥാര്‍ഥ്യം ഇതാണ്. എല്ലാ യാഥാര്‍ഥ്യങ്ങളേക്കാളും ശരിയായ യാഥാര്‍ഥ്യം! കാരണം ജീവിതം അതിനെ സംബന്ധിച്ച മനുഷ്യന്റെ മനോഭാവമല്ലാതെ മറ്റൊന്നുമല്ല. ഒരാളെ അയാളുടെ ജീവിതത്തോടുള്ള മനോഭാവത്തില്‍ നിന്ന് മോചിതനാക്കിയാല്‍ ജീവിതത്തില്‍ നിന്ന് തന്നെ അവനെ ഊരിയെടുത്തത് പോലെയായിരിക്കും. ഒരാള്‍ ജീവിതത്തെ ഇരട്ടിയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇരട്ടി ജീവിതം അവന്‍ ജീവിച്ചിട്ടുണ്ട്.

തെളിവുകളുടെ ആവശ്യമില്ലാതെ തന്നെ വ്യക്തതയുള്ള വിഷയമായിട്ടാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ നാം ഇരട്ടി ജീവിക്കുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നതിനനുസരിച്ച് നാം നമ്മുടെ ജീവിതത്തെയാണ് പരിഗണിക്കുന്നതും ഇരട്ടിപ്പിക്കുന്നതും.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

Related Articles