Current Date

Search
Close this search box.
Search
Close this search box.

അറുതിയില്ലാത്ത ആര്‍ത്തി

greedy-man.jpg

കിഴക്കേ ആഫ്രിക്കയിലെ പുരാതനനഗരമാണ് മൊമ്പാസ. പറങ്കികള്‍ അവിടം കയ്യേറി ആധിപത്യമുറപ്പിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച ശേഷമാണ് പറങ്കിപ്പട അവിടം കീഴ്‌പെടുത്തിയത്. അതിനാല്‍ അവരുടെ വംശം ധാരാളം രത്‌നങ്ങളും പവിഴങ്ങളുമുണ്ടായിരുന്നു. ഒമാന്‍ നിവാസികളാല്‍ മൊമ്പാസ ഉപരോധിക്കപ്പെട്ടു. പറങ്കിപ്പട പട്ടിണി കൊണ്ട് പൊറുതി മുട്ടി. കൊടിയ ദാഹവും വിശപ്പും കാരണം പലരും മരിച്ചു വീണു. ആഹാരത്തിന് വേണ്ടി അവര്‍ അന്വേനം കലഹിച്ചു. കരുത്തന്മാര്‍ ദുര്‍ബലരെ കൊള്ളയടിച്ചു. മരിക്കാതെ ബാക്കിയായവരും കടുത്ത ക്ഷീണം കാരണം വേച്ചു വേച്ചാണ് നടന്നത്. രോഗവും മരണവും അവരെ വേട്ടയാടി കൊണ്ടിരുന്നു. അപ്പോഴും പറങ്കിപ്പട പരസ്പരം പോരടിച്ചു കൊണ്ടിരുന്നത് രത്‌നങ്ങള്‍ കൈവശപ്പെടുത്താന്‍ വേണ്ടിയായിരുന്നു. ഓരോരുത്തരും മരിച്ചു വീഴുമ്പോള്‍ ബാക്കിയുള്ളവര്‍ അയാളുടെ വശമുള്ള രത്‌നങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്നവര്‍ പോലും രത്‌നക്കിഴികള്‍ കൈവിടാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു.

 

പലര്‍ക്കുമിന്ന് പരമപ്രധാനം പണമാണ്. അവരുടെ ദൈവം ധനമാണ്. പൂജാവസ്തു പണവും. അവരുടെ മതം വ്യാപാരമാണ്. ആരാധന ലോക കമ്പോളവും അവരുടെ മതം വ്യാപാരവുമാണ്. അനുവദനീയത ലാഭവും നിഷിദ്ധത നഷ്ടവുമാണ്. അതിനാല്‍ അവരെല്ലാറ്റിനെയും നോക്കിക്കാണുക സാമ്പത്തിക മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. സമ്പത്ത് സര്‍വപ്രധാനമാവുന്നതോടെ നന്മകളും മൂല്യങ്ങളും മണ്ണടിയുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ ഉണ്ടാവുന്നു. കള്ളവും ചതിയും തട്ടിപ്പും വെട്ടിപ്പും വഞ്ചനയും ചൂഷണവും കൊള്ളയും കൊലയും സാര്‍വര്‍ത്തികമായിത്തീരുന്നു. എങ്ങനെയും പണമുണ്ടാക്കുക എന്ന സ്ഥിതി രൂപപ്പെടുന്നു. സമ്പാദിക്കുന്നത് എത്ര ഹീനവും മനുഷ്യവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെയായാലും ധനികന്‍ എല്ലാവരാലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. സമ്പന്നര്‍ എത്ര വൃത്തികെട്ടവരും നീചരുമായാലും സമൂഹത്തിന്റെ നേതൃപദവിയിലെത്തുന്നു. സാമൂഹിക സാംസ്‌കാരിക വേദികളുടെയും കൂട്ടായ്മകളുടെയും മാത്രമല്ല മതസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങള്‍ വരെ അവര്‍ക്കായി നീക്കി വെക്കുന്നു. ഇങ്ങനെ സമ്പത്ത് മാന്യതയുടെയും ആദരവിന്റെയും അടിസ്ഥാനമായി മാറുന്നതോടെ ഏതു വിധേനയും പണമുണ്ടാക്കുകയെന്ന കാഴ്ചപ്പാട് സാര്‍വര്‍ത്രികവും സാര്‍വാംഗീകൃതവുമായിത്തീരുന്നു.

ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന് പോലും കാരണം ആര്‍ത്തിയാണ്. വിഭവങ്ങളുടെ അഭാവമല്ലല്ലോ ഇന്നത്തെ പ്രശ്‌നം. മറിച്ച് അതിന്റെ സന്തുലിതമായ വിതരണമാണ്. ഗാന്ധിജി പറയുന്നതു പോലെ ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ആവശ്യമായ വിഭവം ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെ ആര്‍ത്തി പോലും തീര്‍ക്കാന്‍ അത് മതിയാവുകയില്ല.

പലരുമിന്ന് പറങ്കികളെ പോലെ പണത്തിന് വേണ്ടി ജീവീക്കുകയാണ്. ജീവിക്കാനായി പണമുണ്ടാക്കുകയല്ല. അതിനാല്‍ അവര്‍ കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിക്കുന്നു. എങ്ങിനെയും അവ തട്ടിയെടുക്കുന്നു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടിവെക്കുന്നു. എന്നാലുമവര്‍ക്ക് മതിയാവുകയോ തൃപ്തിയാവുകയോ ഇല്ല. മനുഷ്യന്റെ ഈ ആര്‍ത്തിയെ അതിരൂക്ഷമായി ആക്ഷേപിച്ചു കൊണ്ട് പ്രവാചകന്‍ (സ) പറയുന്നു: മനുഷ്യന് സ്വര്‍ണ്ണത്തിന്റെ ഒരു താഴ്‌വാരം തന്നെ കിട്ടിയാല്‍ രണ്ടാമത്തേതവന്‍ കൊതിക്കും. രണ്ടെണ്ണം കിട്ടിയാല്‍ മൂന്നാമത്തേതവന്‍ കൊതിക്കും. മനുഷ്യന്റെ വയറു നിറക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. എന്നാല്‍ പശ്ചാത്തപിക്കുന്നവന് അല്ലാഹു പൊറുത്തു കൊടുക്കും.

Related Articles