Vazhivilakk

വിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍

ഭൂമിയിലെ ഏറ്റവും ചൂടേറിയ അഗ്‌നിയാണ് നംറൂദ് ഇബ്രാഹിം(അ)ക്കു വേണ്ടി ഒരുക്കിയത്. എന്നാല്‍ അത് തണുപ്പായിട്ടാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ജനങ്ങള്‍ ഒന്നടങ്കം മുങ്ങിത്താണ ജലപ്രളയത്തിലൂടെ കപ്പലോട്ടിയാണ് നൂഹ്(അ)യും സംഘവും സുരക്ഷിതമായി കരപറ്റിയത്. ഫിര്‍ഔനും കൂട്ടരും ചത്തുമലച്ച കടല്‍ തിരമാലകള്‍ വകഞ്ഞു മാറ്റിയാണ് മൂസ(അ)യും അനുയായികളും അക്കരെയെത്തിയത്. യൂസുഫ്(അ)ക്ക് പൊട്ടക്കിണറും യൂനുസ്(അ)ക്ക് മത്സ്യോദരവും സുരക്ഷിത താവളങ്ങളായി. മക്കയില്‍ നിന്നുള്ള പലായനം മുഹമ്മദ് (സ)ക്ക് മദീനയുടെ നേതൃസ്ഥാനം നല്‍കി.

അവിശ്വാസികളെ സൗറിലേക്ക് വഴി നടത്താന്‍ പിശാച് അധ്വാനങ്ങളത്രയും നടത്തിയിട്ടും മുഹമ്മദ് നബിയെയും അബൂബകര്‍(റ)യെയും ശത്രുക്കള്‍ക്ക് കണ്ടെത്താനായില്ല. ഭരണാധികാരികളുടെ വിഷക്കോപ്പക്കു മുമ്പില്‍ ഇമാം അബൂഹനീഫ ജനകോടികളുടെ നേതാവായി. മര്‍ദ്ദന പീഢനങ്ങള്‍ ഇമാം ഇബ്‌നു ഹമ്പലിനെ സുന്നത്തിന്റെ ഇമാമാക്കി. തടവറ ഇബ്‌നുതൈമിയയുടെ പാണ്ഡിത്യത്തെ രാകിക്കൂര്‍പ്പിച്ചു. ബഗ്ദാദില്‍ നിന്ന് നാടുകടത്തിയതു കൊണ്ടാണ് ഇബ്‌നുല്‍ജൗസി വിശുദ്ധ ഖുര്‍ആന്റെ ഏഴു പാരായണങ്ങളിലും പ്രഗത്ഭനായത്. ആഫ്രിക്കന്‍ പാരുഷ്യം ബദീഉസ്സമാന്‍ സഈദ് നൂര്‍സിയെ അമരനാക്കി. ഇറ്റാലിയന്‍പടക്കു മുമ്പില്‍ ഉമര്‍ മുക്താര്‍ അനശ്വര വിപ്ലവകാരിയായി.

അഹ്‌ലുസുന്നഃയുടെ പ്രിയപ്പെട്ട പണ്ഡിത സുഹൃത്തുക്കളോട് ക്ഷമ ചോദിച്ചു കൊണ്ടായാലും പറയാതെ വയ്യ, സി.ഐ.എ യും സവാക്കും ഒരുപോലെ വേട്ടയാടിയിട്ടും, 18 മാസക്കാലം ജയിലിലടച്ചിട്ടും തളരാത്ത മനസ്സോടെ അലി ശരീഅത്തി ശഹാദത്ത് തെരഞ്ഞെടുത്തു കൊണ്ട് തലമുറകള്‍ക്ക് ധീരത പഠിപ്പിച്ചു. ഫാറൂഖ് രാജാവ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടപ്പോള്‍ ശഹീദ് ഹസനുല്‍ ബന്ന ജനകോടികളുടെ ഹൃദയത്തിലെ രാജകുമാരനായി. തൂക്കുമരത്തില്‍ നിന്ന് സയ്യിദ് ഖുതുബ് പുഞ്ചിരി തൂകി. പാകിസ്ഥാന്‍ തടവറയില്‍ തനിക്കൊരു കൊലമരം ഒരുങ്ങിയിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ സൗമ്യമായ മുഖത്തോടെ ‘വിധി നടക്കുന്നത് ആകാശത്താണ് ‘ എന്ന് മൊഴിഞ്ഞു സയ്യിദ് അബുല്‍ അഅലാ മൗദൂദി.

അതിനാല്‍ ഹതാശരാവേണ്ടതില്ല. പ്രതിസന്ധിയുടെ കരിമ്പാറക്കെട്ടുകളെ നമുക്ക് തീര്‍ച്ചയായും കുളിര്‍മയുടെ മഞ്ഞലകളാക്കി മാറ്റാന്‍ കഴിയും. പക്ഷെ, ഒരൊറ്റ ഉപാധി മാത്രം. നാം കറകളഞ്ഞ മുഅ്മിനുകളാവുക. അതെ, ‘നിങ്ങള്‍ തന്നെയാണ് ഉന്നതര്‍, നിങ്ങള്‍ വിശ്വാസികളെങ്കില്‍.’ (ഖുര്‍ആന്‍: 3: 139)

Facebook Comments
Related Articles
Close
Close