Vazhivilakk

ഫുട്പാത്തിലെ സ്ത്രീയും കുട്ടിയും പറഞ്ഞത്..

ആധുനിക മനുഷ്യന്‍ സ്വയം പര്യാപ്തനാണെന്നാണ് അവന്‍ പറയുന്നത്. അല്ല, ഒട്ടുമല്ല. അവന് യന്ത്രത്തെ ആശ്രയിക്കാതെ സാധാരണ ജീവിതം നയിക്കാന്‍ പറ്റുന്നില്ല. ഒന്നല്ല, ഒരുപാട് യന്ത്രങ്ങളിലും കമ്പികളിലും കമ്പിയില്ലാക്കമ്പികളിലും കുരുങ്ങി, ഒഴുകി നീങ്ങുന്ന യന്ത്രമനുഷ്യനായിത്തീര്‍ന്നിരിക്കുന്നു നാമെല്ലാവരും. ഏതെങ്കിലുമൊന്ന് ഭാഗികമായെങ്കിലും നിലച്ചാല്‍ ശ്വാസം നിലക്കുന്നതുപോലെത്തന്നെയാണ് അനുഭവം. മൊബൈലിലെ ചാര്‍ജ് തീരുന്നതിനെകുറിച്ച് അത് ‘സകറത്തി’ലാണെന്ന് (Agony of Death) തമാശയ്ക്കാണ് പറയാറുള്ളതെങ്കിലും അത്തരമൊരു അനുഭവമാണതെന്ന് എല്ലാവരും സത്യപ്പെടുത്തും.

എന്റെ മകനെ വിജയപഥത്തിലേക്കെത്തിക്കാന്‍ എന്തെന്ത് സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് സുല്‍ത്താനോട് അഭിപ്രായം തേടി. ‘എല്ലാ സംവിധാനങ്ങളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം’, സുല്‍ത്താന്‍ പറഞ്ഞു, ‘പക്ഷെ, അവന്റെ അഞ്ച് ഇന്ദ്രിയങ്ങളും തലച്ചോറും എപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. ഏത് പ്രതിസന്ധികളിലും അവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. തലച്ചോറിന്റെ പണി ഇന്ദ്രിയങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും വിട്ടുകൊടുക്കരുത്. അവന്റെ ആവശ്യം നിര്‍ണയിക്കേണ്ടത് യന്ത്രമല്ല, അവന്റെ ബുദ്ധിയാണ്. തേടുന്നതിന്റെ ഉത്തരം റെക്കോര്‍ഡ് ചെയ്യേണ്ടത് അവന്റെ തലച്ചോറിലാണ്. മെമ്മറികാര്‍ഡിലല്ല. ഓര്‍മകളെല്ലാം തലച്ചോറില്‍ നിന്ന് മുറിച്ചെടുത്ത് (Cut) മൈക്രോ കാര്‍ഡുകളിലേക്ക് ഒട്ടിച്ചുവെച്ചതു (Paste) മുതല്‍ക്കാവാം മൂന്നാംതലമുറയിലെ തികഞ്ഞ അശ്രദ്ധകാരികളുടെ കൂട്ടമുണ്ടായത്. ധാര്‍മ്മിക രോഷങ്ങളും  സാമൂഹിക ജാഗ്രതകളും ആവശ്യമുള്ള നേരത്ത്, കൈപിടിയിലുള്ള യന്ത്രത്തിന്റെ തലച്ചോറിലെ അറകളില്‍ (Folder) നിന്ന് അവ തപ്പിയെടുത്ത് തന്റെ മുഖപുസ്തകത്തില്‍ ഒട്ടിച്ചുവെച്ച് ബാധ്യത തീര്‍ക്കുന്ന ഒരുകൂട്ടം. അവര്‍ക്കുള്ള അംഗീകാരങ്ങളും പ്രശംസകളും യന്ത്രം തന്നെ തിരികെ തരികയും ചെയ്യുന്നു.’

സുല്‍ത്താന്‍ എന്നോട് പറഞ്ഞു: ‘യന്ത്രങ്ങളോ സാങ്കേതിക വിദ്യകളോ ആശ്രയിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് നിങ്ങള്‍ കരുതരുത്. നിങ്ങളുടെ ശരീരവും മനസ്സിനും താമസിക്കാനൊരിടമായി അത് മാറരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. വലുപ്പം കുറഞ്ഞുവരിക എന്നതാണ് യന്ത്രത്തിന്റെ ഏറ്റവും ജനപ്രിയമായ പുരോഗതികളിലൊന്ന്. ടേബിളില്‍ വെക്കാന്‍ കഴിയുന്നു. മടിയില്‍ വെക്കാന്‍ കഴിയുന്നു, പോക്കറ്റില്‍ വെക്കാന്‍ കഴിയുന്നു, ചെവിയില്‍ തിരുകാന്‍ കഴിയുന്നു… ഇനി? ഇന്ദ്രിയങ്ങള്ുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ആഹ്വാനം..!!’

ഇന്ദ്രിയങ്ങളുടെ അത്ഭുത ശേഷികളെ കുറിച്ച് മനുഷ്യര്‍ മറന്നുപോയോ? അല്ല, ആ ശേഷികളെ തന്നെ അവന്‍ തളര്‍ത്തിക്കളഞ്ഞോ?.  കോഴിക്കോട് ബീച്ചില്‍ രാത്രിനേരം ചിലവഴിച്ച് മടങ്ങുമ്പോള്‍ ഉണ്ടായ അനുഭവം സുല്‍ത്താന്‍ വിവരിക്കുന്നു: ‘നഗരത്തിലെ ഫുട്പാത്തില്‍ അനേകം മനുഷ്യര്‍ തലങ്ങുംവിലങ്ങും ഓടുന്നു. എല്ലാവരും തനിച്ച് സംസാരിക്കുന്നതിന്റെ കോലാഹലങ്ങള്‍. വാഹനങ്ങളുടെ ഇരമ്പലുകള്‍. അപരനോട് വഴിമാറാനുള്ള ചുണ്ടിന്റെ പ്രാകലുകള്‍, യാന്ത്രിക ആക്രോശങ്ങളായി പുറത്തുവരുന്നു. ഒട്ടും താള-ലയമില്ലാത്ത യാത്രകള്‍ക്ക് അകമ്പടിയായി താളം തെറ്റിയ സംഗീത(?) കോലാഹലങ്ങള്‍. അനവധി വെളിച്ചങ്ങളുടെ ശബ്ദങ്ങള്‍. നക്ഷത്രങ്ങള്‍ പോലും കാണാനില്ലാത്ത നഗരത്തിലെ രാത്രി. നഗരത്തില്‍ ഭിക്ഷ തേടുന്ന ഒരു സ്ത്രീ അന്നത്തെ അധ്വാനം കഴിഞ്ഞ് മടങ്ങുകയാണ്. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മൊബൈലിലായിരിക്കുമോ? അല്ല. പിന്നാലെ നടന്നു. ശൈലിയും വാക്കുകളും അടുത്തുള്ള ആരോടോ സംസാരിക്കുകയാണവര്‍ എന്ന് ധ്വനിപ്പിക്കുന്നു. അടുത്ത് ആരുമില്ല. പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എന്നാല്‍ എനിക്കൊന്നും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരു ചെറിയ കുട്ടിയുടെ ശബ്ദം കോലാഹങ്ങള്‍ക്കിടയില്‍ കേള്‍ക്കുന്നു. ആ കുട്ടി പറയുന്നതിനുള്ള മറുപടിയാണ് ഈ സ്ത്രീ സംസാരിക്കുന്നത് എന്ന് ഒരത്ഭുതത്തോടെ ഞാനറിഞ്ഞു. എന്നാല്‍ ആ ശബ്ദത്തില്‍ ഒന്നും തന്നെ എനിക്ക് വ്യക്തമല്ല, അങ്ങനെയൊരു കുട്ടി അടുത്തൊന്നും കാഴ്ചയിലുമില്ല. സ്ത്രീയുടെ പക്കല്‍ ഭാണ്ഢങ്ങളൊന്നുമില്ല താനും. പെട്ടെന്ന്, ആ സ്ത്രീക്ക് മുന്നിലായി ഏതാണ്ട് എട്ടോളം ഫുട്പാത്ത് സ്ലാബുകള്‍ക്കകലെ, ഒരു ചെറിയ ആണ്‍കുട്ടി തുള്ളിച്ചാടിക്കൊണ്ട് ധൃതിയില്‍ നടന്നു നീങ്ങുന്നു. അവര്‍ക്കിടയില്‍ പലരും ധൃതിയില്‍ നടക്കുന്നുണ്ട്. അവന്‍ ഒരു കാലടി ഒരു സ്ലാബില്‍ എന്ന നിര്‍ബന്ധത്തെ ഒരു വിനോദമാക്കി ഉത്സാഹത്തോടെയാണ് നടത്തം. ഞാന്‍ നടത്തം വേഗത്തിലാക്കി അവനറിയാത്തരീതിയില്‍ അവനൊപ്പം എത്തി. ട്രൗസറും ഷര്‍ട്ടും വേഷം. ഓമനത്തമുള്ള മുഖം. അതെ..!! ആ സ്ത്രീയോട് സംസാരിക്കുന്നത് അവനാണ്. അവന്‍ പലതും ചോദിക്കുന്നു. അവര്‍ മറുപടി പറയുന്നു, ഈ കോലാഹലങ്ങള്‍ക്കിടയില്‍ അവനത് കേള്‍ക്കുന്നു, അവരും. ഞാനും കേള്‍ക്കുന്നുണ്ട്, പക്ഷെ, കഷ്ടം എനിക്കൊന്നും വ്യക്തമല്ല. ഞാനെന്റെ ചെവിയെ തടവിനോക്കി, അതവിടെ തന്നെയുണ്ട്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ദൈവാനുഗ്രഹങ്ങളായ കണ്ണും കാതും നിലനിര്‍ത്തിപ്പോരുന്ന ആ സ്ത്രീയുടെയും കുഞ്ഞിന്റെയും മുന്നില്‍ ഞാന്‍ എത്രയോ ചെറുതായിരിക്കുന്നു എന്നു ഞാനറിഞ്ഞു’

സൃഷ്ടാവ് സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: ‘തീര്‍ച്ചയായും ഇത് (ദൈവിക വചനങ്ങള്‍) സത്യമാണെന്ന് വ്യക്തമാകത്തക്കവണ്ണം വിവിധ ചക്രവാളങ്ങളില്‍ നിന്നും അവരില്‍ നിന്നുതന്നെയുമുള്ള നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്ക് കാണിച്ചുകൊടുക്കും.’ പക്ഷെ, രണ്ടു അടയാളങ്ങളെയും നാം അവഗണിച്ചുപോയി. സുല്‍ത്താന്‍ പറഞ്ഞു: ‘ ആ അത്ഭുതത്തില്‍ നിന്ന് മോചിതനാവാന്‍ ഞാന്‍ കുറെ നേരമെടുത്തു. അവര്‍ എന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞു. നേരത്തെ കടല്‍ക്കരയില്‍ സൂര്യഗോളം കടലിലെന്നോണം മറഞ്ഞ് പകലിനെ രാവ് പൊതിയുന്ന ദൃഷ്ടാന്തം കാണാന്‍ എന്റെ ചുറ്റുമുള്ള ജനം ചുമതലപ്പെടുത്തിയത് കയ്യിലുള്ള ചെറുയന്ത്രത്തെയാണ്, കണ്ണുകളെയല്ല. പാരാവാരം പകര്‍ന്നുകിടക്കുന്ന ആ വലിയ ചിത്രത്തെ, പിക്‌സലുകള്‍ നഷ്ടപ്പെടാതെ, പരിധിയില്ലാത്ത നമ്മുടെ ഇന്ദ്രിയത്തിന്റെ വൈഡ്‌ലെന്‍സുകളുപയോഗിച്ച് പകര്‍ത്താമായിരുന്നിട്ടും..!! അത് സൂക്ഷിച്ചുവെച്ചത് ഹൃദയത്തിലല്ല, യന്ത്രത്തില്‍ തന്നെ…!! കാഴ്ചകളുടെ ത്രിമാനം (3ഡി) മാത്രമല്ല, ലെന്‍സിന് പിന്നോട്ട് ഹൃദയത്തിലേക്കൊരു മാനം കൂടി ചേര്‍ത്ത് ചതുര്‍മാനമാക്കാന്‍ (4ഡി) ദൈവം ആവശ്യപ്പെടുന്നുവല്ലോ.’

സുല്‍ത്താന്‍ പിന്‍വാങ്ങി. ചിരിച്ചുകൊണ്ടയാള്‍ പറഞ്ഞു: ‘ നിങ്ങളുടെ കാലിലെ ചെരിപ്പിനോട് നിങ്ങളുടെ ബന്ധമെങ്ങനെയാണെന്ന് ചിന്തിച്ചു നോക്കൂ. നിത്യവും ചെരുപ്പ് നിര്‍ബന്ധമാക്കാന്‍ ശീലിച്ചപ്പോള്‍ നടക്കുന്നിടം മലിനമാകാന്‍ തുടങ്ങി. കാലില്‍ ചെളി പറ്റാതിരുന്നാല്‍ മതിയല്ലോ. പിന്നീടതാ നിങ്ങള്‍ ചെരുപ്പില്‍ മാലിന്യം പറ്റാതിരിക്കാന്‍ അതഴിച്ച് കയ്യില്‍ പിടിച്ച് മാലിന്യത്തിലൂടെ നടന്നുപോകുന്നു.’
നമുക്ക് നാഥന്‍ കേള്‍വിയും കാഴ്ചയും ഹൃദവും സംവിധാനിച്ചുതന്നിരിക്കുന്നു, നന്ദിയുള്ളവരാകുവാന്‍ വേണ്ടി. പക്ഷെ, തന്നിഷ്ടത്തെ ദൈവമാക്കിയവന്‍, അവന്റെ കാതും ഹൃദയവും അടച്ചുപൂട്ടപ്പെട്ടു, കണ്ണുകള്‍ക്കുമേല്‍ മറവീണുപോയി. 

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Facebook Comments
Related Articles

Check Also

Close
Close
Close